Connect with us

Video Stories

കുറ്റ്യാടി പൊലീസിന്റെ സദാചാര ബോധം

Published

on

കോഴിക്കോട്ട് കഴിഞ്ഞ ദിവസം ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലെ അപൂര്‍വവും ഞെട്ടിപ്പിക്കുന്നതുമാണ്. രാത്രി രണ്ടുമണിയോടെ റോഡില്‍ സ്‌കൂട്ടര്‍ ഓടിച്ചുപഠിക്കുന്നതിനിടെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതാണ് മരണത്തിന് കാരണമെന്നാണ് പരാതി. ചങ്ങനാശേരി സ്വദേശിനി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകള്‍ ആതിര( 19) യാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥന്‍ രാത്രി കസ്റ്റഡിയിലെടുത്ത യുവതി രണ്ടര മണിക്കൂര്‍ സ്‌റ്റേഷനില്‍ കഴിഞ്ഞ ശേഷം വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് മൊഴി. കുറ്റ്യാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ ജീവനക്കാരിയായിരുന്നു ആതിര. വെള്ളിയാഴ്ച രാത്രി ആസ്പത്രി പരിസരത്ത് ആതിരയും കൂട്ടുകാരികളും ഡ്രൈവിങ് പഠിക്കുകയായിരുന്നുവത്രെ. രാത്രി ഡ്രൈവിങ് പഠിക്കുന്നതിനെ തെറ്റായി കാണാനാവില്ലെന്നിരിക്കെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്തിനെന്നത് പരിശോധിക്കപ്പെടണം. നാദാപുരം ഡിവൈ.എസ്.പി കെ. ഇസ്മയിലാണ് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ മനോവീര്യം ഉയര്‍ത്തുന്നതാണ് സംഭവമെന്ന് സര്‍ക്കാര്‍ ഇക്കാര്യത്തിലും പറയുമോ.

സത്യത്തില്‍ പൊലീസ് കാട്ടിയത് പൊറുക്കാനാവാത്ത അപരാധമാണ്. പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങുന്നതിന് എതിരു നില്‍ക്കുന്ന സമൂഹമാണ് പൊതുവെ സാക്ഷര കേരളമിപ്പോഴും. ജോലിത്തിരക്കുകള്‍ കാരണമാണ് പെണ്‍കുട്ടികള്‍ പലപ്പോഴും രാത്രി റോഡില്‍ തിരക്കൊഴിഞ്ഞ നേരം നോക്കി ഡ്രൈവിങ് പരിശീലിക്കുന്നത്. ഇതിനെ പ്രോല്‍സാഹിപ്പിച്ചില്ലെങ്കില്‍ കൂടി ശിക്ഷിക്കപ്പെടാവുന്ന കുറ്റമായി പൊലീസ് കരുതിയത് ശരിയായില്ല. ഒരു തരത്തില്‍ സദാചാര ഗുണ്ടായിസമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുള്ളത്. 19 വയസ്സുകാരിയായ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും പാലിക്കേണ്ട മര്യാദകളും നടപടിക്രമങ്ങളും പൊലീസ് പാലിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാരും ആഭ്യന്തര വകുപ്പും ഇക്കാര്യത്തില്‍ കാട്ടുന്ന മൗനം ദുരൂഹമാണ്. കേരളത്തെ പോലുള്ള ഒരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇടുക്കി അടിമാലിയില്‍ ആദിവാസികളുടെ വീടിന് തീയിട്ട സംഭവവുമുണ്ടായി. കൂട്ടത്തോടേ ഇവരെ പുറത്താക്കിയ ശേഷം സ്ഥലത്ത് മരച്ചീനി നടുകയായിരുന്നുവത്രെ. ഇതെല്ലാം വെളിച്ചത്താക്കുന്നത് കേരളവും രാജ്യത്തെ ഇതര സംസ്ഥാനങ്ങളുടെ നിലവാരത്തിലേക്ക് പോകുന്നുവെന്നാണ്. ദലിതുകള്‍ക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹീനമായ ക്രൂരതകള്‍ സംഘ്പരിവാറിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇവര്‍ക്കെതിരെ വാതോരാതെ പ്രസംഗിക്കാറുള്ള ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. പിണറായി വിജയന്‍ എന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമാണ് മുഖ്യമന്ത്രി. ഈ സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണെങ്കിലും ഉണ്ടായ വീഴ്ച സര്‍ക്കാരിന് ലളിതമായി കാണാനാവില്ല. കുട്ടികളെ കസ്റ്റഡിയിലെടുത്തതിന് പൊലീസ് പറയുന്ന കാരണം, ആതിര ഉപയോഗിച്ച സ്‌കൂട്ടര്‍ കൂട്ടുകാരിയുടേതാണെന്നതാണ്. കൂട്ടുകാരിയുടെ ഭര്‍ത്താവാകട്ടെ രാഷ്ട്രീയക്കേസ് പ്രതിയും. എന്നാല്‍ തന്നെയും പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ ഇതിന്റെ പേരില്‍ വിളിച്ചുവരുത്തിയത് എന്തിനായിരുന്നു.

കോഴിക്കോട്ട് തന്നെ മുമ്പ് സദാചാര പൊലീസ് ചമഞ്ഞ് ഗുണ്ടകള്‍ യുവാക്കളെ മര്‍ദിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. അന്നൊന്നും പക്ഷേ മരണത്തിന്റെ അവസ്ഥയിലേക്ക് അത് മാറിപ്പോയിരുന്നില്ല. പൊലീസ് സ്റ്റേഷന്‍ എന്നത് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സാധാരണ ജനങ്ങള്‍ക്ക് പേടി സ്വപ്‌നമാണ്. ജനമൈത്രി പൊലീസ് എന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ കൊട്ടിഘോഷിച്ച ആശയമാണ്. പൊലീസിനെയും പൊലീസ് സ്റ്റേഷനുകളെയും ജനകീയമാക്കുക എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാലിപ്പോഴും പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡി മരണങ്ങള്‍ പതിവാണ്. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് രണ്ടുമാസം മുമ്പ് കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തും തൃശൂരില്‍ പൊലീസിനെ കണ്ട് ഭയന്നോടി ആളുകള്‍ മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. അടുത്തിടെയാണ് പൊലീസ് ഏകപക്ഷീയമായി വെടിവെച്ചുകൊന്നെന്നാരോപിച്ച് മാവോ തീവ്രവാദികളും പൗരാവകാശപ്രവര്‍ത്തകരും ഇടതു സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. സമൂഹത്തിലെ നിര്‍ധനരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ദലിതുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സമയത്തുപോലും രക്ഷക്കായി ഓടിയൊളിക്കേണ്ട അവസ്ഥ ഉണ്ടാകുന്നത് ആ പാര്‍ട്ടികള്‍ക്കുമാത്രമല്ല, കേരളത്തിന്റെ മഹിതമായ സാംസ്‌കാരിക പാരമ്പര്യത്തിനും പുരോഗതിക്കും യോജിച്ചതല്ല. ദലിത് സംഘടനകളും ആദിവാസികളും ഏറെക്കാലമായി വിവിധ ആവശ്യങ്ങളുന്നയിച്ച് സമര പാതയിലുമാണ്. ഈ അവസരത്തിലാണ് ഒരു ദലിത് യുവതിക്ക് പൊലീസ് പീഡനം കാരണം ജീവന്‍ വെടിയേണ്ടിവന്നിരിക്കുന്നത്. സ്വന്തമായി സ്‌കൂട്ടര്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നിരിക്കണം കൂട്ടുകാരിയുടെ വാഹനം ഉപയോഗിക്കാന്‍ ആതിര നിര്‍ബന്ധിക്കപ്പെട്ടിരിക്കുക. ജോലിയും സ്വന്തമായ വാഹനവും ഡ്രൈവിങും ഇന്ന് കേരളത്തിലെ മാത്രമല്ല ലോകത്തെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗങ്ങളാണ്. ആതിരയും സ്വപ്‌നം കണ്ടത് ഇതിലപ്പുറമൊന്നുമല്ല.

ഏതായാലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ആതിരയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കുകയും വേണം. കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതും ദലിത് പീഡനം ചുമത്തുകയും വേണം. മാത്രമല്ല, സമാനമായ ഒരു സംഭവവും കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയിലും നടക്കില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എല്ലാ അതിക്രമങ്ങളും അത് നടത്തുന്നവരുടെ സൗകര്യത്തിനും ഇരകളുടെ പീഡനത്തിനുമാണ്. ഇരകള്‍ ഇന്നല്ലെങ്കില്‍ നാളെ ഇതിനെതിരെ പ്രതികരിക്കുകയും ഈ സുഖസൗകര്യങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തതായാണ് ചരിത്രത്തിലുടനീളമുള്ളത്. ഇക്കാര്യം ദുര്‍ബലരുടെ ഉന്നമനം പറയുന്ന കമ്യൂണിസ്റ്റ് കക്ഷികള്‍ക്ക് അറിയില്ലെന്നുണ്ടോ ഇപ്പോള്‍. രാജ്യത്ത് പ്രത്യേകിച്ചും ഗുജറാത്തിലെ ഉനയില്‍ നടന്ന ദലിത് പീഡനം ഉണ്ടാക്കിയ ചരിത്ര റാലിയും സമ്മേളനവും ദലിത് ഉയിര്‍ത്തെഴുന്നേല്‍പും ചുരുങ്ങിയത് കേരളത്തിനെങ്കിലും പാഠമാകേണ്ടതാണ് എന്ന് ഓര്‍മിപ്പിക്കട്ടെ. മറ്റു വിഷയങ്ങളേക്കാള്‍ ദലിത്, ന്യൂനപക്ഷ വിഷയങ്ങള്‍ വരുമ്പോള്‍ പൊതു സമൂഹവും മുഖ്യധാരാ മീഡിയയും കാണിക്കുന്ന ആലസ്യം ഇവരെവിടെ നില്‍ക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ്. ഏതാണ്ട് ഒരേ സമയം സംഭവിച്ച കുറ്റ്യാടിയിലെയും അടിമാലിയിലെയും സംഭവങ്ങള്‍ കേരളത്തിന്റെ പൊതുമനസ്സ് എങ്ങോട്ട് ചലിക്കുന്നു എന്നുകൂടിയാണ് ഓര്‍മിപ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending