Connect with us

Video Stories

ജന്മനാട്ടില്‍ കരിഞ്ഞുണങ്ങുന്ന പ്രവാസി സ്വപ്നങ്ങള്‍

Published

on

മഞ്ഞളാംകുഴി അലി എം.എല്‍.എ
ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് സര്‍ക്കാരിന്റെ ന്യായീകരണങ്ങള്‍ നിയമസഭയില്‍ കേട്ടു. പാര്‍ട്ടിയുടെ മുഖം രക്ഷിക്കുന്ന മറുപടിയിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയില്‍ രേഖയുണ്ടാക്കിയതല്ലാതെ ആത്മാര്‍ത്ഥമായ പ്രതികരണങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഈ നിസ്സംഗത എത്ര ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ജീവിതത്തിന്റെ സമ്പാദ്യം മുഴുവന്‍ ചിലവഴിച്ച് നാട്ടില്‍ പദ്ധതികള്‍ തുടങ്ങാന്‍ സന്നദ്ധരായി വരുന്ന പ്രവാസികളോടുള്ള സമീപനം എന്തായിരിക്കുമെന്നാണ് ആന്തൂരിലെ സാജന്റെ മരണം സമൂഹത്തോട് പറയുന്നത്.
യു.ഡി.എഫ് നിര്‍ദേശപ്രകാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ആന്തൂരിലെ സാജന്റെ വീടും ഓഡിറ്റോറിയവും സന്ദര്‍ശിക്കുകയുണ്ടായി. വേദനാജനകമായിരുന്നു അവിടുത്തെ കാഴ്ചകള്‍. നാഥന്‍ നഷ്ടപ്പെട്ട ആ കുടുംബത്തിന് ഒരുപാട് കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ബാധ്യത ഭരണവര്‍ഗത്തിനും സമൂഹത്തിനുണ്ട്. നാടിനെ സ്‌നേഹിച്ച ആ മനുഷ്യന് ഈ നാട് തിരിച്ചുനല്‍കിയത് എന്താണ്. വലിയ സ്വപ്‌നങ്ങളുമായി നാളെ മറ്റൊരാള്‍ വന്നാല്‍ അവരേയും ഇതുപോലെ കൊലക്കു കൊടുക്കുമോ. അനുഭവങ്ങളുടെ വെളിച്ചത്തില്‍, ഇതുവരെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം പ്രവാസികള്‍ക്ക് നിരാശ മാത്രം നല്‍കുന്നതാണ്.
സാധാരണ കുടുംബത്തിന്റെ അല്ലലും അലട്ടലും അറിഞ്ഞു വളര്‍ന്നതാണ് സാജന്‍. തൊഴിലാളികളായിരുന്നു അച്ഛനും അമ്മയും. 14 വര്‍ഷം നാടുവിട്ടു താമസിച്ചാണ് അയാള്‍ വളര്‍ന്നത്. കഴിവും ബുദ്ധിയും ആരോഗ്യവും കഠിനാധ്വാനത്തിനുള്ള മനസ്സുമാണ് ഏതൊരു പ്രവാസിയുടെയും വിജയത്തിനു പിന്നിലുള്ളത്. ഭാഷയില്‍നിന്നു തുടങ്ങി എത്രയോ കടമ്പകള്‍ കടന്നാണ് പുറംരാജ്യങ്ങളില്‍ അവര്‍ ഒരു നിലയിലെത്തുന്നത്. വിദേശങ്ങളില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി ലഭിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. സത്യസന്ധമായി സമീപിച്ചാല്‍ അനുമതി ലഭിക്കും. പിഴവൊന്നുമില്ലെങ്കില്‍ പ്രശംസയും കിട്ടും. പുതിയ ആശയവും മാതൃകാപരവുമാണെങ്കില്‍ ചില രാജ്യങ്ങളിലെങ്കിലും അവിടുത്തെ ഭരണാധികാരികള്‍ നേരിട്ടെത്തി അഭിനന്ദിക്കും. അവിടെ, മികച്ച വിജയം നേടിയവരാണ്, ഇവിടെ, സ്വന്തം നാട്ടില്‍ തോറ്റുപോവുന്നത്. നാം തോല്‍പ്പിച്ചു കൊലപ്പെടുത്തുന്നത്. അങ്ങനെ വിജയിച്ച ഒരാളാണ് നമുക്കിടയില്‍ മനസ്സുരുകി ജീവിതം അവസാനിപ്പിച്ചത്.
തൊഴില്‍തേടി രാജ്യം വിടുമ്പോള്‍ ഏതൊരാളുടെയും സ്വപ്‌നങ്ങളില്‍ ഒന്നാമത്തേത് നാട്ടിലൊരു സംരംഭം തുടങ്ങുക എന്നതാണ്. കടങ്ങള്‍ തീര്‍ത്ത്, വീടുണ്ടാക്കി കഴിഞ്ഞാല്‍ പദ്ധതികള്‍ ആലോചിക്കും. ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ പ്രവാസം നയിച്ച് നാട്ടില്‍ സംരംഭത്തിന് സന്നദ്ധരായി വരുമ്പോള്‍ ഇവിടെ അനീതിയുടെ മുട്ടുന്യായങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ലോകത്തൊ രിടത്തും കാണാത്ത നിയമങ്ങളാണ് മുന്നിലേക്കിട്ടു കൊടുക്കുക. അന്യദേശങ്ങളില്‍നിന്ന് കിട്ടിയ സ്വീകാര്യത സ്വന്തം മണ്ണില്‍ നിഷേധിക്കപ്പെടുകയാണ്. പ്രവാസികളെക്കുറിച്ചുള്ള മുന്‍വിധികളുടെ പേരിലാണ് പലപ്പോഴും ഇതു സംഭവിക്കുന്നത്. ദിവസം മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം വിശ്രമിച്ച് ഒറ്റക്ക് ക്ഷമയോടെ ജീവിച്ചവര്‍ക്ക് മുന്നിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യജമാനന്മാര്‍ ചമയുന്നത്.
വ്യവസായ സംരംഭങ്ങളുമായി മുന്നോട്ടുവരുന്ന പ്രവാസികളെ പിഴിഞ്ഞെടുക്കാന്‍ വിവിധ വകുപ്പുകളില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ഗൗരവമുള്ള ആക്ഷേപം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഏതു സംരംഭമായാലും നാട്ടിലെ നിയമങ്ങള്‍ വേണ്ടത്ര പഠിക്കാതെയാണ് പ്രവാസികള്‍ എത്തുന്നത്. വിദേശ രാജ്യങ്ങളില്‍ സത്യസന്ധമായി ബിസിനസ്സ് ചെയ്തുവരുന്നവര്‍ക്ക് നാട്ടിലെ കള്ളത്തരങ്ങളെക്കുറിച്ച് അറിയണമെന്നില്ല. അവരെ പറഞ്ഞുപറ്റിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ഫലമാവട്ടെ, ദീര്‍ഘകാലത്തെ ജീവിത സമ്പാദ്യം മുഴുവന്‍ പെരുവഴിയില്‍ അനാഥമായിക്കിടക്കുന്ന ദുരവസ്ഥയാണ് ഉണ്ടാക്കുന്നത്. ആ അവസ്ഥയില്‍ എത്തിപ്പെട്ട കുടുംബമാണ് സാജന്റെത്. കാഴ്ചക്കാരന് കൗതുകവും ഉറ്റവര്‍ക്ക് പൊള്ളുന്ന നീറ്റലുമാണ് സാജന്‍ സ്വപ്‌നം കണ്ട ‘പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍’.
പ്രവാസി നിക്ഷേപം ചോദിച്ച് ചെല്ലുമ്പോള്‍ താല്‍പര്യപൂര്‍വം സ്വീകരണം ഏര്‍പ്പെടുത്തുന്നത് പ്രവാസികളുടെ മനസ്സിന്റെ നന്‍മകൊണ്ടാണ്. നാടിനോടുള്ള അവരുടെ താല്‍പര്യം കൊണ്ടാണ്. എന്നാല്‍ അതേ പ്രവാസികള്‍ നിക്ഷേപവുമായി വന്നാല്‍ ആത്മഹത്യാ മുനമ്പിലേക്ക് എത്തിപ്പെട്ടുവെന്നതാണ് സ്ഥിതിവിശേഷം. ആന്തൂര്‍ സംഭവത്തിനുശേഷം പലയിടത്തും പ്രവാസികള്‍ ഇരകളായി മാറുന്ന അനുഭവങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാണുകയുണ്ടായി. ഇതിനൊരു പരിഹാരം അടിയന്തരമായി കാണണം.
മുഖ്യമന്ത്രി പറഞ്ഞപോലെ പഞ്ചായത്ത് / നഗരസഭാസെക്രട്ടറിമാരുടെ അധികാരങ്ങള്‍ കുറച്ചതുകൊണ്ടുമാത്രം പരിഹരിക്കാനാവുന്നതല്ല ഇതൊന്നും. ആന്തൂരില്‍ കുറുന്തോട്ടിക്കുതന്നെയാണ് വാതമെന്ന് ആക്ഷേപം ഉയര്‍ന്ന സ്ഥിതിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം ആത്മാര്‍ത്ഥതയുള്ളതല്ലെന്ന് വ്യക്തം. ആഗോള പ്രവാസി സംഗമമല്ല, അടിസ്ഥാന വര്‍ഗങ്ങളായി അവരെ സമീപിക്കാനുള്ള മനസ്സ് കാണിക്കേണ്ടതുണ്ട്. പണമില്ലാത്ത പ്രവാസിയോടുള്ള പുച്ഛവും നിക്ഷേപം ഇറക്കിത്തുടങ്ങിയവരോടുള്ള പരിഹാസവും അധികാര വര്‍ഗത്തിന്റെ ഒരു അവസ്ഥയാണ്. അതിന് ചികില്‍സ വേണം. നോര്‍ക്കയും പ്രവാസി കാര്യവകുപ്പും പേരില്‍ മാത്രമൊതുങ്ങിപ്പോവുന്നത് അപകടകരമാണ്.
നാട്ടില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറായി വരുന്ന പ്രവാസികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സൗകര്യമൊരുക്കണം. അകാരണമായി ഉദ്യോഗസ്ഥരോ ഭരണാധികാരികളോ ഫയലുകള്‍ മടക്കുന്നുണ്ടെങ്കില്‍ സമീപിക്കാന്‍ അതോറിറ്റി വേണം. കലക്ടര്‍ ചെയര്‍മാനായ സമിതികള്‍ക്കുമുന്നില്‍ പരാതികള്‍ സമര്‍പ്പിക്കാനും പരിശോധിക്കപ്പെടാനും സൗകര്യമൊരുക്കണം. സമയ പരിധിയും നിശ്ചയിക്കണം. 10 കോടിയുടെ നിര്‍മ്മാണം 20 കോടിയില്‍ എത്തിയിട്ടും സ്തൂപമായി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് ഉദ്യോഗസഥരായാലും അധികാര കേന്ദ്രങ്ങളിലുള്ളവരായാലും വച്ചുപൊറുപ്പിച്ചുകൂട. ഒന്നോര്‍ക്കണം, പ്രവാസികളില്ലെങ്കില്‍ നമ്മളുമില്ല. നമ്മുടെ അടിസ്ഥാനം സര്‍ക്കാരുകളുടെ ഔദാര്യത്തേക്കാള്‍ പ്രവാസികളുടെ വിയര്‍പ്പാണ്. ഒരു വര്‍ഷം ഒന്നര ലക്ഷം കോടി രൂപ കേരളത്തിലേക്ക് പ്രവാസികള്‍ അയക്കുന്നുണ്ട്. 25 ലക്ഷത്തോളം വരുന്ന പ്രവാസികള്‍ ചെയ്യുന്നത്ര സേവനം ഏത് സമൂഹമാണ് ചെയ്യുന്നത്. അതു മറന്നു കൊണ്ടുള്ള സമീപനമാണ് അവര്‍ക്ക് തിരിച്ചുകിട്ടുന്നത്. നന്ദികേട് എന്നതിലപ്പുറം മറ്റൊരു വാക്ക് പറയാനില്ല.
തുടര്‍ച്ചയായി ഉണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ പ്രവാസികളില്‍ വലിയ ആധിയും നിരാശയുമാണ് സൃഷ്ടിക്കുന്നത്. അതു മാറ്റിയെടുക്കണം. പ്രവാസികളോട് നീതി കാണിക്കണം. നഷ്ടപ്പെട്ട കുടുംബങ്ങളോട് നീതി കാണിച്ചുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം. കര്‍ശനമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ പ്രവാസികളുടെ പ്രതീക്ഷകള്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞെന്നു വരില്ല. കേരളത്തിലെ പ്രവാസികള്‍ അന്യ സംസ്ഥാനങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങിയാല്‍ അവരെ കുറ്റംപറയാനാവില്ല.
ആന്തൂരില്‍ വേദനയോടെ ഒരുകാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ. 1500 പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയമാണ് ‘പാര്‍ത്ഥ’. രാത്രികളില്‍ പാര്‍ത്ഥയില്‍ ലൈറ്റുകളിട്ട് ദൂരെ കാറിലിരുന്ന് തന്റെ സ്വപ്‌ന പദ്ധതി ആസ്വദിക്കാറുണ്ടായിരുന്നു സാജന്‍. പണം നഷ്ടപ്പെട്ട വേദനയിലല്ല ആ പാവം മനുഷ്യന്‍ ഇല്ലാതായത്. ഇത്രയും തുക മുടക്കിയിട്ടും അപമാനിക്കപ്പെട്ടുവെന്ന വേദന അയാളെ അലട്ടിയിരുന്നു. സമ്പാദ്യം ബാങ്കില്‍ സൂക്ഷിക്കുന്നതിന്പകരം ഏതെങ്കിലും തരത്തില്‍ നാടിന് പ്രയോജനപ്പെടുന്ന പദ്ധതികള്‍ കൊണ്ടുവരുന്നവരെ ആരും പൂവിട്ട് പൂജിക്കണമെന്നില്ല, എന്നാല്‍ ഇങ്ങനെ ചവിട്ടി അരയ്ക്കരുത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending