Video Stories
സമരവും ജനാധിപത്യത്തിന്റെ ഭാഗം തന്നെയാണ്
വൈപ്പിന്‍ കോളജിലെ എ.ഐ.എസ്.എഫുകാരെ എസ്.എഫ്.ഐക്കാര്‍ തല്ലിയതോടെയാണ് എറണാകുളത്തെ സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമായത്. എറണാകുളത്ത് മുന്നേ നിലനിന്ന സി.പി.എം-സി.പി.ഐ അസ്വാരസ്യങ്ങള്‍ കോളജ് കാമ്പസിലെത്തിയപ്പോള്‍ അനിയന്ത്രിതമാകുകയായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും സ്ഥിതി ഇതുതന്നെയാണ്. വൈപ്പിന്‍ കോളജിലെ എ.ഐ.എസ്.എഫുകാരെ തല്ലിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കാത്ത ഞാറയ്ക്കല്‍ സി.ഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ മാര്‍ച്ച് നടത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍ സുഗതന്,എല്‍ദോ എബ്രഹാം എം.എല്‍.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പ്രതിഷേധ മാര്‍ച്ച്. എന്നാല്‍ കേട്ടുകേള്‍വി ഇല്ലാത്തവിധം ഭരണകക്ഷിയുടെ പ്രധാന നേതാക്കള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസിന്റെ അടികൊണ്ട് നിലത്തു വീണ എല്‍ദോ എബ്രഹാം എം.എല്‍.എയെ നിര്‍ദ്ദാക്ഷിണ്യമായാണ് പൊലീസ് വീണ്ടും തല്ലിയത്്. ലാത്തിച്ചാര്‍ജില്‍ എം.എല്‍.എയുടേയും കെ.എന്‍ സുഗതന്റേയും കൈ ഒടിഞ്ഞു. ജില്ലാ സെക്രട്ടറി പി.രാജുവിന്റെ തല പൊട്ടി.
യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ അക്രമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധിച്ച എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകരെ നേരിട്ട രീതിയില്‍ തന്നെയാണ് സി.പി.ഐക്കാരെ പൊലീസ് എറണാകുളത്ത് നേരിട്ടത്. തലസ്ഥാന നഗരിയില്‍ തുടര്‍ച്ചയായി ഒരാഴ്ചയാണ് വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചത്. നിവേദനം നല്കാന് ക്ലിഫ് ഹൗസിലെത്തി കെ.എസ്.യു വനിതാ പ്രവര്‍ത്തകരെയും പൊലീസ് വെറുതെ വിട്ടില്ല. ഭരണത്തിനെതിരെ സമരം നടത്തുന്നത് ആരായാലും- ഭരണകക്ഷിയില്‍ പെട്ടവരായാല്‍ പോലും തല്ലിയൊതുക്കുമെന്നതാണ് തങ്ങളുടെ നിലപാടെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു പൊലീസ് എറണാകുളത്തും തലസ്ഥാന നഗരിയിലും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മിക്ക സമരങ്ങളോടുമുള്ള നിലപാട് സമാനമായിരുന്നു. ചര്‍ച്ചക്ക് പകരം പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ മര്‍ദ്ദിച്ച് നിര്‍വീര്യരാക്കുകയെന്ന ഏകാധിപത്യ ശൈലിയാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നത്. ഗെയില്‍ വിരുദ്ധ സമരത്തോടും വല്ലാര്‍പാടത്ത് സമരം ചെയ്തവരോടും എല്ലാം സര്‍ക്കാരിന്റെ സമീപനം ഒന്നു തന്നെയായിരുന്നു. എറണാകുളത്ത് നടന്ന സംഭവം സി.പി.ഐ-സി.പി.എം തര്‍ക്കത്തിനപ്പുറം സംസ്ഥാന സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് പുറത്തുകൊണ്ടുവന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സി.പി.ഐയുമായി സി.പി.എം കൊമ്പുകോര്‍ക്കുന്നത് ഇതാദ്യമല്ല. അന്നൊന്നുമില്ലാത്ത വിധം സി.പി.ഐ അണികള്‍ക്കിടിയില്‍ രോഷമുയരുന്നതിന് കാരണവും ഇതാണ്. തലസ്ഥാന നഗരിയില്‍ നടന്ന ലോ അക്കാദമി സമരം, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പില്‍ വിവാദം, ജിഷ്ണു കേസിലെ അഭിപ്രായ ഭിന്നത തുടങ്ങി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും പരസ്പരം മുഖാമുഖം നിന്ന നിരവധി ഘട്ടങ്ങളുണ്ടായിട്ടുണ്ട്. ആഭ്യന്തര വകുപ്പിനെതിരെ നേരത്തെയും സി.പി.ഐ ശക്തമായ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമുണ്ടാകാത്ത അസാധാരണ സംഭവ വികാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് നടത്തിയ സി.പി.ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ സെക്രട്ടറി പി.രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എം.എല്‍.എ രണ്ടാം പ്രതിയുമായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ സി.പി.ഐ നേതാക്കള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് പൊലീസ് ഉന്നയിക്കുന്നത്. കല്ലും കുറുവടിയുമായി കരുതിക്കൂട്ടി ആക്രമണം നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പൊലീസ് ആരോപിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ പത്ത് പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി കണ്ടാലറിയുന്ന 800 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിക്കല് തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് നേതാക്കള്‍ക്കെതിരെ പൊലീസ് എഴുതി ചേര്‍ത്തിരിക്കുന്നത്. ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കേസാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് മൂന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഇതില്‍ എ.ഐ.വൈ.എഫ് നേതാക്കളായ ജയേഷ്, ഷിജു എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി കൃഷ്ണകുമാര്‍ ഒളിവിലാണ്. ഇവരെ മൂന്നു പേരയും സി.പി.ഐ പുറത്താക്കിയിട്ടുണ്ടെങ്കിലും പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് സാധാരണ സംഭവമല്ല. പോസ്റ്റര്‍ വിവാദം സി.പി.ഐയുടെ ആഭ്യന്തര വിഷയമാണെങ്കിലും പോസ്റ്ററിന്റെ പേരില്‍ പൊലീസ് കേസും അറസ്റ്റും സംസ്ഥാനത്തെ പൊലീസ് ഭരണത്തെക്കുറിച്ചുള്ള ആക്ഷേപം ശരിവെക്കുന്നതാണ്. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന കോളോണിയല്‍ രീതിയാണ് ഇടതു സര്‍ക്കാരും അനുവര്‍ത്തിക്കുന്നത്. സംസ്ഥാനത്തുയരുന്ന വലിയ വിവാദങ്ങള്‍ ശക്തമായ പൊലീസ് നടപടിയിലൂടെ ഇല്ലാതാക്കാമെന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. എറണാകുളത്തെ ലാത്തിച്ചാര്‍ജിനെ ചൊല്ലി സി.പി.ഐയില്‍ ഇനി കത്തിപ്പടരാന്‍ പോകുന്ന ആഭ്യന്തര കലഹത്തില്‍ ഇടതു സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധത കൂടി വിഷയമാകുമെന്ന് തന്നെയാണ് ഊഹിക്കേണ്ടത്. ബലപ്രയോഗത്തിലൂടെയല്ല, രാഷ്ട്രീയ ചര്‍ച്ചകളിലൂടെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് ഈ സര്‍ക്കാരിനെ ആരാണ് പറഞ്ഞു മനസ്സിലാക്കുക. സമരസപ്പെടുന്നതിലൂടെയല്ല, സമരങ്ങളിലൂടെ തന്നെയാണ് ജനാധിപത്യം വളര്‍ന്നതും വികസിച്ചതും.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

