Connect with us

Video Stories

മ്യാന്‍മര്‍, ഉയിഗൂര്‍ ഇന്ത്യയില്‍ അസം

Published

on

കെ. മൊയ്തീന്‍കോയ

അസമില്‍ പത്തൊമ്പത് ലക്ഷം പേര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായതോടെ പൗരത്വ നിയമത്തെകുറിച്ചുയര്‍ന്ന വിവാദം സങ്കീര്‍ണമായി. മുന്‍ രാഷ്ട്രപതി ഫഖ്‌റുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബാംഗങ്ങള്‍ വരെ പുറത്ത്. പുറത്താക്കപ്പെടുന്നവരെ അതിര്‍ത്തിയിലെ ‘കോണ്‍സന്‍ട്രേഷന്‍’ ക്യാമ്പില്‍ അടച്ചിടാന്‍ സര്‍ക്കാറിന് ഉദ്ദേശമുണ്ട്. പത്ത് ക്യാമ്പുകള്‍ തയാറായി. ഇവിടെ പരിമിതമായ ആളുകളെ മാത്രമെ താമസിപ്പിക്കാന്‍ കഴിയൂ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യാമ്പുകളുണ്ടാകുമത്രെ.

ഇനിയും ജനസംഖ്യ വര്‍ധിക്കരുതെന്ന് ഗൂഢോദ്ദേശം. 19 ലക്ഷമാണ് ഒടുവിലത്തെ ലിസ്റ്റില്‍. ഇവയില്‍ 11 ലക്ഷം ഹിന്ദുക്കളും ആറ് ലക്ഷം മുസ്‌ലിംകളും ഒരു ലക്ഷം ഗൂര്‍ഖകളും. പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം മുസ്‌ലിംകള്‍ ഒഴിച്ചുള്ളവര്‍ക്ക് സാവകാശം ലിസ്റ്റില്‍ സ്ഥാനം ലഭിച്ചേക്കാനാണ് സാധ്യത. പൗരന്മാര്‍ക്കുള്ള അവകാശമോ, ആനുകുല്യമോ ലഭ്യമാകാതെ പുറത്താക്കപ്പെടുന്നവര്‍ രണ്ടാംതരം പൗരന്മാരാകും. ലിസ്റ്റില്‍നിന്ന് പുറത്താക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്‌ലിംകള്‍ അല്ലാത്തവര്‍ വന്നതോടെ ബി.ജെ.പി നേതൃത്വം അമ്പരന്നിരിക്കുകയാണ്. ലിസ്റ്റില്‍നിന്ന് പുറത്തുപോയ ഹൈന്ദവ സഹോദരരില്‍ ഭൂരിപക്ഷവും ബംഗാളികളാണ്. ‘അസം അസമികള്‍ക്ക്’ എന്ന മുദ്രാവാക്യം മുഴക്കിയവര്‍ക്ക് ഇങ്ങനെ പുറത്തുപോകുന്ന ബംഗാളി ഹൈന്ദവരെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും. കാത്തിരുന്ന് കാണാം, അമിത്ഷായുടെയും അനുയായികളുടെയും ‘കളികള്‍’.

അസമില്‍നിന്ന് കുടിയേറിയവരെ പുറത്താക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബി.ജെ.പിയെ തീര്‍ത്തും വെട്ടിലാക്കിയിട്ടുണ്ട്. ഇസ്രാഈലില്‍ നിന്നും ഡൊണാള്‍ഡ് ട്രംപില്‍നിന്നും മ്യാന്‍മറില്‍നിന്നുമൊക്കെ ‘മാതൃക’ പിന്‍പറ്റുമ്പോള്‍ രാജ്യത്തിന്റെ സാമൂഹ്യശാസ്ത്രം പഠിക്കാതെ പോകരുത്. നേപ്പാളില്‍ ചൈനീസ് അധിനിവേശത്തെതുടര്‍ന്ന് പുറത്തായ ദലൈലാമയെയും പതിനായിരക്കണക്കിന് അനുയായികളെയും പച്ച പരവതാനി വിരിച്ചു സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചു. മാനവികതയുടെ വിശാല അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിയ പൂര്‍വ്വികരുടെ പാത വിസ്മരിക്കുമ്പോള്‍ അബദ്ധത്തില്‍ ചാടുക സ്വാഭാവികം. അസം മണ്ണില്‍ അന്യരാക്കപ്പെടുന്നവരുടെ പ്രശ്‌നത്തില്‍ യു.എന്‍ സെക്രട്ടറി ജനറലും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലും ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. റോഹിന്‍ഗ്യ, ഉയിഗൂര്‍, ഫലസ്തീന്‍, ഇറാഖ്, അഫ്ഗാന്‍ തുടങ്ങിയ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക്മീതെ പുതിയൊരു പ്രശ്‌നം യു.എന്‍ കൈകാര്യം ചെയ്യേണ്ട അവസ്ഥാവിശേഷം യു.എന്‍ മുന്നില്‍ കാണുന്നു.

അമേരിക്കയിലും വംശീയ ചേരിതിരിവ് രാഷ്ട്രീയ പ്രതിസന്ധിയാകുന്നു. ഇസ്രാഈല്‍ നടപ്പാക്കിയ പൗരത്യ നിയമം രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നു. ഇസ്രാഈലി തന്ത്രങ്ങള്‍ അമേരിക്കയില്‍ നടപ്പാക്കുകയാണ് ട്രംപ്. വെള്ള വംശീയതയും ദേശീയ വികാരവും അമേരിക്കയില്‍ ചെലവഴിക്കുകയാണ്. കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് സ്വീകരിക്കുന്ന കര്‍ശന നിലപാട് വെള്ള വംശീയത ആളിക്കത്തിച്ചു. കുടിയേറ്റക്കാരായ ജനപ്രതിനിധികളെ പോലും വംശീയമായി അധിക്ഷേപിക്കാന്‍ ട്രംപ് തയാറായി. ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റിക് അംഗവും ‘സോമാലിയന്‍ അമേരിക്കക്കാരി’യുമായ ഇല്‍ഹാന്‍ ഒമറിന് (മിന്നിസോട്ട് പ്രതിനിധി) എതിരായി ട്രംപ് നടത്തിയ വംശീയ പരാമര്‍ശം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വിവാദമായതാണ്. ഫലസ്തീന്‍ വംശജയും മിഷിഗണില്‍ നിന്നുള്ള ഡമോക്രാറ്റിക് അംഗവുമായ റാഷിദ ത് ലൈലെയ്ക്ക് നേരെയും സമാന സ്വഭാവമുള്ള പരാമര്‍ശമായിരുന്നു ട്രംപില്‍ നിന്നുണ്ടായത്. മാത്രമല്ല, ഇരുവരും ഇസ്രാഈലി-ജൂത വിരുദ്ധരാണെന്ന് ചുണ്ടിക്കാണിച്ച് കഴിഞ്ഞാഴ്ച അവരുടെ ഇസ്രാഈലി സന്ദര്‍ശനം തടഞ്ഞതും ട്രംപ് തന്നെ.

വ്യക്തിപരമായ സന്ദര്‍ശനം റദ്ദാക്കാന്‍ ഒരു അമേരിക്കന്‍ പ്രസിഡണ്ട് ഇടപെട്ടത് ചരിത്രത്തില്‍ ഇടം പിടിച്ചു. ചൈനയിലെ സ്ഥിതിയും ഗുരുതരമാണ്. സിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയിഗൂര്‍ വംശജരായ മുസ്‌ലിംകള്‍ക്കെതിരെ കമ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന വംശശുദ്ധീകരണത്തെകുറിച്ച് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ഇരുമ്പുമറ ഭേദിച്ച് പുറത്തുവരുന്നു. പത്ത് ലക്ഷംവരുന്ന ഉയിഗൂര്‍ മുസ്‌ലിംകള്‍ തന്നെ ജയിലറയില്‍ കഴിയുന്നു. അവര്‍ക്ക് ‘പാര്‍ട്ടി ക്യാമ്പ്്’ നല്‍കി ശുദ്ധീകരിക്കുകയാണത്രെ. മ്യാന്‍മറില്‍നിന്ന് 15 ലക്ഷം റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശില്‍ അഭയം തേടി എത്തിയിട്ടുണ്ട്. ആയിരക്കണക്കിന് റോഹിന്‍ഗ്യകള്‍ ഇന്ത്യയിലുമുണ്ട്. തിരിച്ചയക്കാന്‍ ശ്രമം നടക്കുമ്പോള്‍, മ്യാന്‍മറില്‍ ഇവരുടെ ഭാവിയെകുറിച്ച് ഉയര്‍ന്ന ആശങ്ക അവസാനിച്ചിട്ടില്ല. റോഹിന്‍ഗ്യകള്‍ മ്യാന്‍മറിലേക്ക് തിരിച്ചുപോകാന്‍, ഭയംമൂലം തയാറുമില്ല. ഐക്യരാഷ്ട്ര സംഘടനയും ലോക രാജ്യങ്ങളും പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ടെങ്കിലും പരിഹാരം അകലെ തന്നെയാണ്.

2003 ജൂണ്‍ 26ന് ഇസ്രാഈല്‍ നെസെറ്റ് (പാര്‍ലമെന്റ്) പാസാക്കിയ നിയമം അക്ഷരാര്‍ത്ഥത്തില്‍ വര്‍ണവിവേചനത്തിന്റെ പുതിയ പതിപ്പാണ്. മറ്റ് രാജ്യങ്ങള്‍ അനുകരിക്കുന്നത് ഈ നിയമത്തെയാണെന്ന് സംശയിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ധാരാളം. ട്രംപിന്റെ പുതിയ കുടിയേറ്റ നിയമം അമേരിക്കയില്‍ ദേശീയ വികാരം ആളിക്കത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. കുടിയേറ്റക്കാരായി ട്രംപ് കാണുന്ന വിഭാഗങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക്മുമ്പ് അമേരിക്കയിലെത്തിയവരും, തലമുറകള്‍ പിന്നിട്ടവരും, രാഷ്ട്രപുരോഗതിയില്‍ നിര്‍ണായക സംഭാവന നല്‍കിയവരുമാണ്. പുതിയ കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് മതില്‍ കെട്ടാനുള്ള പദ്ധതിയുമായി ട്രംപ് മുന്നോട്ടാണ്. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന കാലഘട്ടത്തിലെ പോലെ ഇസ്രാഈലി നിയമം ജൂത-ഫലസ്തീന്‍ വംശീയ വേര്‍തിരിവ് പ്രകടിപ്പിച്ചു. അധിനിവേശ പ്രദേശത്ത്‌നിന്നുള്ള ഫലസ്തീന്‍കാര്‍ക്ക് ഇസ്രാഈല്‍ പൗരത്വം നിഷേധിച്ചു. ഇസ്രാഈലിലും അധിനിവേശ പ്രദേശത്തുമായി വിഭജിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങള്‍ വീണ്ടും ഒന്നിക്കുന്നതിനെയും വാസസ്ഥലം വാങ്ങുന്നതിനെയും നിയമം മൂലം നിരോധിച്ചു. 1930-ലെ ന്യൂറംബര്‍ഗ് (ജര്‍മ്മന്‍) നിയമവുമായി ഇസ്രാഈലി നിയമത്തെ താരതമ്യപ്പെടുത്തിയത് ഇസ്രാഈലി പാര്‍ലമെന്റ് അംഗമായ വാസില്‍ താഹയാണ്. ജൂതരും അല്ലാത്തവരുമായ വിവാഹബന്ധവും വിലക്കിയിട്ടുണ്ട്.

ലോകമെമ്പാടും ശക്തി പ്രാപിക്കുന്ന തീവ്ര വലതുപക്ഷ വംശീയ, ദേശീയ വികാരത്തിനനുസൃതമായി നടപ്പാക്കുന്ന ഇത്തരം കാടന്‍ നിയമത്തിന്റെയൊക്കെ തുടക്കം ദക്ഷിണാഫ്രിക്കക്ക് ശേഷം ഇസ്രാഈല്‍ ആണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. സമീപകാലം തെരഞ്ഞെടുപ്പ് നടന്ന പല യൂറോപ്യന്‍ രാജ്യങ്ങളിലും ഫലം പുറത്തുവന്നപ്പോള്‍, ‘തീവ്ര വലതു കക്ഷികള്‍’ മുന്നേറ്റം നടത്തുന്നത് അവഗണിക്കാനാവില്ല. സെപ്തംബര്‍ 17-ന് ഇസ്രാഈലി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഇരുപക്ഷത്തുമായി ചേര്‍ത്തിരിക്കുന്നത് ട്രംപിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഫോട്ടോ ആണ്. നെതന്യാഹു ലോക സമൂഹത്തിന്റെ മുന്നില്‍ ഭരണകൂട ഭീകരതയുടെ മൂര്‍ത്തീമത്ഭാവമാണ്. സ്വന്തം ജനതയെ വിഭജിച്ചും നശിപ്പിച്ചും പരിഷ്‌കൃത സമൂഹത്തിന് അപമാനമായ ഇസ്രാഈലിന്റെ മാതൃക ആര്‍ക്കും ഭൂഷണമല്ല. യഥാര്‍ത്ഥ വിദേശികളെ വിദേശികളായി കാണാം. അതേസമയം ഏതെങ്കിലും ഒരു വിഭാഗത്തെ കൂട്ടായി പുറംതള്ളാന്‍ ആര് ശ്രമിച്ചാലും പ്രായോഗിക തലത്തില്‍ വരുത്താന്‍ പ്രയാസം. അതുകൊണ്ട് തന്നെ നാനാത്വത്തില്‍ ഏകത്വം നയമായി സ്വീകരിച്ച ഇന്ത്യക്ക് അസം പൗരത്വ നിയമം പ്രതിസന്ധിയാകുന്നത്. വികാരമല്ല, വിവേകമാണ് രാഷ്ട്ര നേതാക്കളെ നയിക്കേണ്ടതും.

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending