Connect with us

Article

സി.രവിചന്ദ്രനും പട്ടിയും

ഒരു നായ പോലും കേവലം നായയല്ല പ്രപഞ്ച സംവിധാനമായ ഇസ്ലാം മതത്തിൽ.

Published

on

ശുഐബുല്‍ ഹൈത്തമി
സി .രവിചന്ദ്രൻ കെട്ടിവലിക്കപ്പെട്ട പട്ടിയുടെ ചങ്ങലയിൽ ഉസാമാലാദനെ ചേർത്ത് അതിനെപ്പിന്നെ ഇസ്ലാമിനോട് കൂട്ടിക്കെട്ടിയ കുറിപ്പ് കണ്ടു.
( See C.Box)
നാസ്തികച്ചട്ടണിഞ്ഞ് ഇസ്ലാം വിമർശനം നടത്തുന്നവർക്ക് മറുപടി പറയാൻ ഇറങ്ങുന്ന ഒരാൾ തുടക്കത്തിൽ അക്കൂട്ടത്തിലെ എല്ലാവർക്കും മറുപടി കൊടുക്കും.
ക്രമേണെ , അവരിലെ ഓരോരുത്തരും അർഹിക്കുന്നതിൻ്റെ പരമാവധി എഴുതിത്തള്ളപ്പെടലാണ് എന്ന് ഘട്ടം ഘട്ടമായി തിരിച്ചറിയും ,ഏകദേശം അവാസന റൗണ്ട് വരെ വികിപീഡിയയുടെയും ക്വോറ ഡോട്ട് ഇൻ ൻ്റെയും മാത്രം സഹായത്തോടെ എതിർപക്ഷക്കാർക്കിടയിൽ മതിപ്പ് നിലനിർത്തുന്ന പ്രഛന്നവേഷധാരിയാണ് ഈ സി .രവിചന്ദ്രൻ . പക്ഷെ , അദ്ദേഹം പതിറ്റാണ്ടുകൾ കൊണ്ട് പറഞ്ഞവയിലൂടെ തിരിച്ച് സഞ്ചരിച്ചാൽ , അത് താൻ തന്നെയല്ലയോ എന്നാവും വർണ്ണമില്ലാത്ത ആശങ്ക .
വിഷയങ്ങൾക്ക് വിശദീകരണം സാർവ്വജനീനമായ യാഥാർത്ഥ്യമാണല്ലോ ,പറയാം .
പട്ടി, പടച്ചവൻ പടച്ച പ്രിയപ്പെട്ട ജീവിയാണ്. വിശ്വാസിയായ പ്രപഞ്ചത്തിലെ ആദരണീയരായ അംഗങ്ങളാണവയെല്ലാം .
സോദ്ദേശ്യത്തോടെയേ പടച്ചവൻ പടച്ചതിനെയെല്ലാം പടച്ചിട്ടുള്ളൂ. സർജ്ജന ക്രിയകളുടെ തമ്പുരാന്റെ കരവിരുതിൽ രൂപം പൂണ്ട പട്ടിയെ പട്ടിയല്ലാത്ത ജീവികളെ ബഹുമാനിക്കുന്നത് പോലെ ബഹുമാനിക്കണം. ശിൽപ്പിയോടുള്ള ആദരവിന്റെ ഭാഗമാണ് ശിൽപ്പത്തോടുള്ള ഇഷ്ടവും.
നാഥാൻ ഹോഫർ Nathah Hofer സൂഫീ സാഹിത്യങ്ങളിലെ നായരൂപകങ്ങളെ സംബന്ധിച്ച് നടത്തിയ പഠനമാണ് വായിക്കപ്പെടേണ്ട ഒന്ന് . ഇതാണത് ,
ഖുർആൻ ,പ്രവാചക വചനം ,സൂഫീ സാഹിത്യം എന്നീ മതാക്ഷരത്രയങ്ങളിലും പ്രധാന കഥാപാത്രം തന്നെയാണ് നായ. രൂപകങ്ങളായും അലങ്കാര വർണ്ണനകളായും നായ വന്നിട്ടുണ്ട്. ഇബ്നുൽ മർസബാൻ നായകളെ മഹത്വവൽക്കരിച്ച കൊണ്ട് എഴുതിയ ഗ്രന്ഥമാണ് – കിതാബു ഫള്ലിൽ കിലാബി മിമ്മൻ ലബിസസ്സിയാബ് – كتاب فضل الكلاب ممن لبث الثياب
” പട്ടിനേക്കാൾ ഭേതമാണ് പട്ടി ” എന്നാക്കാം മലയാളം .
നഥാൻ ഹോഫർ അതിലെ ഒരുദ്ധരണിയാണ് മുഖവചനമാക്കിയിരിക്കുന്നത്.
” മനുഷ്യർ പന്നികളേക്കാൾ അധ:പതിച്ചിരിക്കുന്നു ,നിങ്ങൾ വല്ല നായയെയും കണ്ടുമുട്ടുകയാണെങ്കിൽ അതിനെ നെഞ്ചോട് ചേർത്തുക ” . സ്വർഗസ്ഥരായ മനുഷ്യരെ നായയോട് ഉപമിക്കുന്ന വചനമാണത്. ഖുർആൻ കഥയിലെടുത്ത ഗുഹാവാസികൾക്ക് (അസ്ഹാബുൽ കഹ്ഫ്) കാവൽ നിന്ന നായ- ഖിത്മീർ സ്വർഗത്തിലുണ്ടാവും എന്നാണ് നബിവചനം. ആ ഉപമയാണീ നായപ്രയോഗം .
എറണാകുളം, മാടവനയിലെ ഒരു സൂഫീസാത്വികൻ ഏറ്റവും പ്രിയപ്പെട്ടവരെ വിളിച്ചിരുന്നത് ” നായിന്റെമോനേ “
എന്നായിരുന്നു എന്ന് കേട്ട് പറയുന്നവർ പറയുന്നത് കേട്ടിട്ടുണ്ട്.
സ്വർഗത്തിലെ നായയുടെ കൂട്ടുകാരാ എന്നായിരുന്നു ഉദ്ദേശ്യം .
ആ സംബോധനയാൽ ധന്യരാവാൻ വേണ്ടി അകലങ്ങൾ അദ്ദേഹത്തിലേക് കെട്ടും കെട്ടി വരാറുണ്ടായിരുന്നുവത്രെ.
പട്ടിയെ മൂന്നിടങ്ങളിൽ ഖുർആൻ പറയുന്നുണ്ട്. ഒന്ന് അപ്പറഞ്ഞ സ്വർഗസ്ഥ ‘നായ ‘ .
മറ്റൊന്ന് സിംപോളിക്കാണ്. അഅ’റാഫ് 176 ൽ ചിന്താപരമായ വാമനത്വം ഉദാഹരിക്കാൻ
‘ തല്ലേറ്റാലും തലോടലേറ്റാലും നാവും നീട്ടി നായയെപ്പോലെ മൊയന്തടിച്ച് നിൽക്കുന്ന നായയെ ‘ കാണാം. അധ്യായം മാഇദയുടെ നാലാം വചനത്തിൽ വേട്ടപ്പട്ടി ഇടം പിടിച്ചിട്ടുണ്ട്.
സൂഫീ സാഹിത്യങ്ങളിൽ ഗുണപരമായ ഗുണങ്ങൾക്കും ദോശകരമായ ഗുണങ്ങൾക്കും വേണ്ടിയുള്ള ഉപമയാവുന്നുണ്ട് നായ . ഖാസിം ബിൻ ഖുശൈരിയുടെ വിശ്വവിഖ്യാദമായ രിസാലതുൽ ഖുഷൈരിയിൽ ഹവന്നഫ്സ് എന്ന മദോന്മത്തഭ്രമത്തെ നായയോടാണ് ഉപമിച്ചത്.
ഇമാം ഗസ്സാലി റ വും ‘ഹവ’ നായയെ പോലെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. ലെക്കും ലെഗാനുമില്ലാതെ തെക്കുവടക്ക് മണ്ടിപ്പായുന്ന പട്ടിയും നൂലറ്റ പട്ടം പോലെ പട്ടിയാവുന്ന ഉടലിന്റെ മാംസദാഹവും സമം തന്നെയാണെന്ന് ഇബ്നു നൂഹിന്റെ അൽ വാഹിദിലും കാണാം. പട്ടിയുടെ ചിത്രം പതിച്ച പുരയിൽ കാവൽമാലാഖ വരില്ല എന്ന നബിയോക്തിയിലെ പട്ടിപ്പുര , ഐഹികപ്രമത്തത പതിഞ്ഞ ഹൃദയമാണെന്ന് വായിച്ചവരും ഉണ്ട്.
എന്നാൽ നന്ദി ,ത്യാഗം ,സ്നേഹം, വിശ്വസ്തത തുടങ്ങിയ ഉദാത്ത ഗുണങ്ങൾ തുടങ്ങുന്നത് നായയിൽ നിന്നാണെന്ന് പറഞ്ഞ സൂഫികളും ഉണ്ട്. സൈനുദ്ധീൻ മഖ്ദൂം റ അവരിലൊരാളാണ്. പ്രായശ്ചിത്വത്തിന്റെ ആരംഭം പട്ടിക്ക് വെള്ളം കൊടുത്ത് പൊരുത്തം വാങ്ങലാണെന്ന് പ്രസ്തുത സംഭവം പറഞ്ഞ ഹദീസ് ഉദ്ദരിച്ച് അവരിൽ പലരും പറഞ്ഞിരിക്കുന്നു ,അതായത് പറഞ്ഞ് പോയിരിക്കുന്നു.
ആധ്യാത്മികമായിട്ടുള്ള നായയെ സംബന്ധിച്ച ആഖ്യാന വൈവിധ്യങ്ങൾ തന്നെയാണ് കർമ്മ ശാസ്ത്രപരമായും ഉള്ളത്.
ചുരുക്കത്തിൽ ഒരു നായ പോലും കേവലം നായയല്ല പ്രപഞ്ച സംവിധാനമായ ഇസ്ലാം മതത്തിൽ.
സി .രവിചന്ദ്രൻ ,പട്ടി ഇസ്ലാമിൽ അശുദ്ധമാണെന്ന സങ്കൽപ്പമാണ് ഇത്തരം ക്രൂരതകൾക്ക് പ്രേരണയാവുന്നത് എന്ന് തീർത്ത് പറയുമ്പോൾ ,അത് സെൽഫ് ഗോളാണ് എന്ന് തിരിച്ചറിഞ്ഞില്ല. കേരളത്തിലെ കോയമാരെ കളിയാക്കാൻ , പട്ടിയെ തിന്നാം ,പട്ടി അശുദ്ധമല്ല എന്ന ഇസ്ലാമിക കർമ്മശാസ്ത്രത്തിലെ മാലികീധാര ഉദ്ധരിച്ച് നടക്കുന്ന അനുയായികൾ അദ്ദേഹത്തിന് തന്നെയുണ്ട്. ആ വാദം ശരിയാണ് താനും. നായ അശുദ്ധമല്ലെന്നാണ് മാലികീധാര .ഇമാം മാവർദി അദ്ദേഹത്തിൻ്റെ
‘അൽ ഹാവിൽ കബീറിൽ ‘ നായയെ ഭക്ഷിക്കാം എന്ന് നിരീക്ഷിക്കുന്നുണ്ട്. പക്ഷെ ,സി .രവിചന്ദ്രന് ശാഫീധാരയോടാണിഷ്ടം !
വിഷയത്തിൻ്റെ നിജസ്ഥിതി അറിയാൻ ആഗ്രഹിക്കുന്ന ,രവിചന്ദ്രനെ വിശ്വസിക്കുന്ന ഭക്തർ അറിയുക .
1 : നായ ഇസ്ലാമിൽ പുണ്യജീവിയാണ് .
2 : നായയിലെ ഗുണപരമായ വശങ്ങളും വിപരീത വശങ്ങളും ഖുർആൻ പരാമർശിക്കുന്നു .
3: ഇസ്ലാമിലെ ആധ്യാത്മിക ശാസ്ത്രത്തിൽ ഭൂരിഭാഗം ആചാര്യർക്കും നായ പോസിറ്റീവ് സിംപലാണ് .
4: സ്വർഗത്തിൽ പ്രവേശിക്കുമെന്നുറപ്പുള്ള മനുഷ്യേതര ജീവികളിൽ ഒന്ന് നായയാണ്.
5 : മഹാപാപി , ഒറ്റകൃത്യത്തിൽ പുണ്യാളനാവാൻ ഇടയായത് നായസ്നേഹമാണ് .
6: വേട്ടപഠിച്ച പട്ടി പിടിച്ച ജീവിയെ വേറെ പിന്നെ അറുക്കാതെ തിന്നാം എന്നാണ് നിയമം .ie പട്ടി പ്രമാണമാണ് .
6: അശുദ്ധം എന്ന് പദത്തിനർത്ഥം അകറ്റപ്പെടേണ്ടത് എന്നാണെന്ന ധാരണ രവിചന്ദ്രനിൽ ഉണ്ടാക്കിയത് ആളിൽ പ്രവർത്തിക്കുന്ന സവർണ്ണ രസമാവും.
ഇസ്ലാമിലെ അശുദ്ധിക്ക് , അംഗസ്നാനം ചെയ്യേണ്ടത് എന്നേ അർത്ഥം ഉള്ളൂ.
കൂടുതൽ പുണ്യം കിട്ടാൻ ,അശുദ്ധവാദികൾക്ക് ,നായയെ തൊട്ടുകൊണ്ടിരുന്ന് അംഗ സ്നാനം ചെയ്ത് കൊണ്ടിരുന്നാൽ മതി.
അവസാനമായി , സി .രവിചന്ദ്രന് ബുദ്ധിയില്ല എന്ന യാഥാർത്ഥ്യത്തിന് മറ്റൊരു കുറിമാനം പറയാം .ആളാക്കുറിപ്പിൽ പറയുന്നത് , ക്രൂരത ചെയ്യുന്ന മനുഷ്യരിൽ ഭൂരിഭാഗവും മതവിശ്വാസികളാണെന്നാണ്.
ലോക ജനസംഖ്യയിൽ 82 – 86 % മതവിശ്വാസികളാണ്. ബാക്കി , മതരഹിതരോ മതവിരുദ്ധരോ നിർമതമതക്കാരോ ആണ്.
വികിപീഡിയ നോക്കി ജീവിക്കുന്ന സി .രവിചന്ദ്രന് കണക്കുകളിൽ വിശ്വാസം ഉണ്ടാവും.
അദ്ദേഹം നവനാസ്തികനാണ് ,അതായത് മതവിരുദ്ധൻ ( സ്കാണ്ടിനോവിയക്കാർ മതരഹിതരാണ് ) . മതവിരുദ്ധർ എന്ന വിഭാഗം ആകെ ജനസംഖ്യയുടെ 10% ത്തിൽ ചുറ്റിപ്പറ്റിയേ ഉള്ളൂ. ഈ 10 % ജീവിതത്തിൽ ധർമ്മങ്ങൾ മാത്രം ചെയ്യുന്നവരാണെന്ന് രസത്തിന് സങ്കൽപ്പിച്ചാൽത്തന്നെ ലോകത്ത് നന്മകൾ ചെയ്യുന്നവരുടെ നാലിലൊന്ന് തികയില്ല .
ക്രൂരത ചെയ്യുന്നവരിൽ കൂടുതൽ മതവിശ്വാസികളാവാൻ അവരിലെ 10 .01% ശതമാനം മതി. ഈ നെഗ്റ്റീവ് പദവിയിൽ മതവിശ്വാസികൾ എത്തുമ്പോൾ 100 % മതവിരുദ്ധരും ക്രൂരരന്മാരാവും എന്നതാണ് മറുപുറം.

Article

എയര്‍ ഇന്ത്യ മറുപടി നല്‍കണം

EDITORIAL

Published

on

അഹമ്മദാബാദ് വിമാന ദുരന്തം നല്‍കുന്ന വേദന ചെറുതല്ല. ഒരാള്‍ ഒഴികെ എല്ലാ യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ട രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമ ദുരന്തം. ലോകം ഞെട്ടിയ സംഭവത്തിലെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ എയര്‍ ഇന്ത്യ തന്നെ ആദ്യം പ്രതിക്കൂട്ടില്‍ വരും. മണിക്കൂറുകള്‍ ദൈര്‍ഘ്യമേറുന്ന വലിയ യാത്രക്കായി ഉപയോഗിക്കുന്ന ബോയിംഗ് വിമാനങ്ങള്‍ ടേക്ക് ഓഫിന് പിറകെ തകര്‍ന്നു വീഴുമ്പോള്‍ അനാസ്ഥയും പിഴവുകളും ചെറുതല്ല. 11 വര്‍ഷം പഴക്കമുള്ള വിമാനം കത്തിയമര്‍ന്ന കാഴ്ച്ചയില്‍ പതിവായി നടത്തുന്ന അന്വേഷണ നാടകത്തിന് പകരം വ്യോമ യാത്രയില്‍ എയര്‍ ഇന്ത്യ പുലര്‍ത്തുന്ന ആലസ്യത്തിന് അ ന്ത്യമിടാനാവുന്ന ശക്തമായ നടപടികളാണ് വേണ്ടത്.

എയര്‍ ഇന്ത്യക്കെതിരെ എത്രയാണ് പരാതികള്‍. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവത്തില്‍ ഒരാള്‍ സാമുഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ മാത്രം ഉദാഹരിച്ചാലറിയാം അനാസ്ഥയുടെ ആഴം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനം തന്നെ നിശ്ചലമായ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയുടെ അനാസ്ഥ വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ വ്യോമ യാത്രികര്‍ സന്തോഷിച്ചെങ്കില്‍ അഹമ്മദാബാദിലെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം അഗ്‌നിഗോളമായി മാറുകയായിരുന്നു എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പത്തനംതിട്ടക്കാരി രഞ്ജിതയുമുണ്ട്. ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഡോക്ടര്‍മാരും മരിച്ചു.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാര്‍ഗമാണ് വിമാനങ്ങള്‍. വിമാനാപകടങ്ങള്‍ അപൂര്‍വമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും ഗുരുതരവുമാണ്. ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ കാരണങ്ങളും വീഴ്ചകളും പഠിക്കുകയും പരിഹാര മാര്‍ഗ ങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിപരമായും സാങ്കേതികമായും മാനവിക പിശകുകളും വിമാനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബര്‍ 19ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ എ.ഐ 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപക ടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം.

എയര്‍ ഇന്ത്യയുടെ ഐ.എക്‌സ് 344 ദുബാ യ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദില്‍ സംഭവിച്ചത്. സിവിലിയന്‍ ദുരന്തങ്ങള്‍ക്ക് പുറമേ, നിരവധി സൈനിക വിമാനാപകടങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലമോ പരിശീലന പറക്കലുകള്‍ക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനി ടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര്‍ മരണമടയുകയും ചെയ്തു.

ബോയിങ് വിമാനം അപകടത്തില്‍പെടുന്നത് അപൂര്‍വമാണ്. എന്നാല്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ അപകട സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ ബോയിങ് 737 വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്.

വന്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ വിമാനക്കമ്പനികള്‍ വീഴ്ച വരുത്തുന്നതായാണ് അനുഭവം. 21 പേര്‍ മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് അഞ്ച് വര്‍ഷമാകാറായി. കോവിഡിന്റെ രൂക്ഷതയില്‍ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരി പ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്തം പറന്നിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്‍ന്നു. അന്വേഷണങ്ങളും കണ്ടെത്തലുകളും ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങളും പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി.

എന്നാല്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നവരോടു പോലും എയര്‍ ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിന്റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയത്. ഇതിനെതിരെ രക്ഷപ്പട്ടവര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരമാവധി നഷ്ടപരിഹാരം തന്നു തീര്‍ത്തു എന്നാണ് മറുപടി ലഭിച്ചത്. വിമാനം പറന്നുയര്‍ന്ന് യാത്ര അവസാനിക്കുന്നതിനിടയില്‍ യാത്രക്കാര്‍ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആര്‍ (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നതാണ് വ്യോമയാന നിയമം. അഹമ്മദാബാദ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടീ വിതം ടാറ്റ നഷ്ട്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോഴും കേന്ദ്ര സര്‍ക്കരും വ്യോമയാന വകുപ്പും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉറപ്പ് വരുത്തണം. ടാറ്റ യാണെന്ന് കരുതി കണ്ണടക്കരുത്.

Continue Reading

Article

ദുരന്തമാണ് വനം മന്ത്രി

EDITORIAL

Published

on

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്‍ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ നിലമ്പൂരിലെത്തുമ്പോള്‍ അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്‍ക്കാറില്‍ എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്‍ നിലമ്പൂരില്‍ അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണില്‍ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.

വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്‌ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗ വേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടതില്‍ നിന്ന് ഷോക്കടിച്ച് അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര്‍ ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. ഈ സംഭവത്തെക്കുറിച്ചാണ് സ്വന്തം കഴിവുകേടു മറച്ചുവെ
ക്കുന്നതിനും മേലാളന്‍മാരുടെ കൈയ്യടി നേടുന്നതിനുമായി മന്ത്രി അസംബന്ധം പറഞ്ഞിരിക്കുന്നത്. ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാറിനെതിരെ ജനരോഷമുയര്‍ത്തിവിടാനുള്ള യു.ഡി.എഫ് ഗൂഢാലോചനയായാണ് അദ്ദേഹം കാണുന്നത്.

സംഭവവുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ കൊള്ളരുതായ്മയും തുറന്നുകാണിക്കപ്പെടുമെന്നുറപ്പായ സാഹചര്യത്തില്‍ സ്ഥലകാല ഭ്രമം സംഭവിച്ച അദ്ദേഹം പ്ര സ്താവനയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. പ്രദേശത്ത് വന്യ മൃഗശല്യം വ്യാപകമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുവിലയും നല്‍കാത്ത വനംവകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധത്തിലാണ് കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെപോലും വനംവകുപ്പ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമാണ് വനം മന്ത്രിയെന്ന് പറയേണ്ടി വന്നിരിക്കുന്നു.

അനന്തുവിനെ വനം വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കൊന്നതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. വന്യ ജീവികളെ വേട്ടയാടുന്ന സംഘങ്ങള്‍ വൈദ്യുതി മോഷണം നടത്തി കെണിസ്ഥാപിക്കുന്ന വിവരം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാര്‍ അടക്കമുള്ളവര്‍ കെ.എസ്.ഇ.ബിയേയും വനം വകുപ്പിനേയും ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയിച്ചതാണ്. എന്നാല്‍ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വന്യ ജീവി ആക്രമണം രൂക്ഷമായ നില മ്പൂര്‍ മേഖലയില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കിടങ്ങുകള്‍ കുഴിക്കണമെന്നും വര്‍ഷങ്ങളായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ചു.

നിരവധി തവണ ഇക്കാ ര്യത്തില്‍ തദ്ധേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കി വനം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടിനുള്ളില്‍ ഏതാനും കുളം കുഴിച്ചതൊഴിച്ചാല്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല. വനംമാഫിയകള്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന ന്തുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും തങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുമെന്നും ഉറപ്പുള്ളതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

Continue Reading

Article

ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍

EDITORIAL

Published

on

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്‌കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്‌കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.

ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്‌കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്‌കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.

2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.

വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്‌കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.

Continue Reading

Trending