main stories
വാഷിങ്ടണ്‍ കലാപത്തില്‍ മരണം അഞ്ചായി
കഴിഞ്ഞ ദിവസം ഒരു സ്ത്രീ അടക്കം നാലു പേര് കൊല്ലപ്പെട്ടിരുന്നു
വാഷിങ്ടണ്‍ : അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ തേര്‍വാഴ്ചയെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു പൊലീസുകാരനാണ് ഒടുവില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീ അടക്കം നാലു പേര് കൊല്ലപ്പെട്ടിരുന്നു.
അതിനിടെ ക്യാപിറ്റോള്‍ അക്രമത്തെ ഡോണള്‍ഡ് ട്രംപ് അപലപിച്ചു. ക്യാപിറ്റോള്‍ അക്രമം അതിഹീനമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അക്രമം ഉണ്ടായ ഉടനെ അക്രമികളെ പുറത്താക്കാന്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു. അക്രമം നടത്തിയവര്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ല. നിയമപരമായാണ് താന്‍ മുന്നോട്ടുപോയത്. അമേരിക്ക എപ്പോഴും നിയമവാഴ്ചയ്ക്ക് പ്രാധാന്യം നല്കുന്ന രാജ്യമാണെന്നും ട്രംപ് പറഞ്ഞു.
കോണ്‍ഗ്രസ് അംഗീകരിച്ച ജോ ബൈഡന്റെ വിജയത്തെ ട്രംപും അംഗീകരിച്ചു. ജനുവരി 20 ന് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപിറ്റോള്‍ പൊലീസ് മേധാവി സ്റ്റീവന്‍ സണ്ട് രാജിവെച്ചു. രാജി ജനുവരി 16 ന് പ്രാബല്യത്തില്‍ വരും. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഉടന്‍ പുറത്താക്കാനും നീക്കമുണ്ട്. 25ാം ഭരണഘടന ഭേദഗതി പ്രകാരമാണ് നീക്കം. ഏതാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്.
kerala
ടിവി റേറ്റിങ് അട്ടിമറിക്കാന്‍ മലയാളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്കി; പരാതി ലഭിച്ചതായി ഡിജിപി
സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന് (കെ.ടി.എഫ്) പ്രസിഡന്റ് ആര്. ശ്രീകണ്ഠന് നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
ടെലിവിഷന്‍ റേറ്റിങ് അട്ടിമറിക്കാന്‍ ബാര്‍ക്കിലെ ജീവനക്കാരെ കോടികള്‍ കോഴ നല്കി മലയാളത്തിലെ ഒരു ചാനല്‍ സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന് (കെ.ടി.എഫ്) പ്രസിഡന്റ് ആര്. ശ്രീകണ്ഠന് നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ബാര്‍ക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനല്‍ തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തെളിവുകള്‍ 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു. നേരത്തെ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി മീഡിയവണ്ണും ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക്ക് ജീവനക്കാരനിലേക്ക് എത്തിയെന്നാണ് ശ്രീകണ്ഠന് നായരുടെ പരാതി. ക്രിപ്റ്റോ കറന്‍സി വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ട്. ബാര്‍ക്ക് ജീവനക്കാരനും ആരോപണവിധേയനായ ചാനല്‍ ഉടമയും തമ്മില്‍ നടന്ന വാട്സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോര്‍ ചാനല്‍ പുറത്തുവിട്ടു. കൂടാതെ യൂട്യൂബ് വ്യൂവര്‍ഷിപ്പില്‍ തട്ടിപ്പു നടത്താനും ആരോപണവിധേയനായ ചാനല്‍ ഉടമ ഉപയോഗിച്ചതായി ട്വന്റി ഫോര്‍ ആരോപിച്ചു.
ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളാണ് ട്വന്റിഫോര്‍ ന്യാസ് ചാനല്‍ പുറത്തുവിട്ടത്. സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്.
EDUCATION
കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി
കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:-കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.
മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.
kerala
5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി
ക്ഷേമം, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭവനപദ്ധതികള്‍, തൊഴിലവസരങ്ങള്‍, മുതിര്‍ന്ന പൗരന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷേമപദ്ധതികള്‍ പുനഃസ്ഥാപിക്കുക, ആശമാര്‍ക്ക് 2000 രൂപയുടെ അലവന്‍സ് നല്‍കുക എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന പത്രികയില്‍, എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ക്ഷേമം, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭവനപദ്ധതികള്‍, തൊഴിലവസരങ്ങള്‍, മുതിര്‍ന്ന പൗരന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, പൊതുജനാരോഗ്യം, മാലിന്യ നിര്‍മാര്‍ജനം, തെരുവ് നായ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താനുള്ള കര്‍മപരിപാടികളും, ജലലഭ്യത, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു.
വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലെ പരിഷ്കാരങ്ങള്‍ക്കൊപ്പം, അധികാര വികേന്ദ്രീകരണം, സുതാര്യമായ ഭരണം, നിയമനങ്ങളിലെ കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്ന നയപരമായ മാറ്റങ്ങളും പ്രകടനപത്രിക മുന്നോട്ട് വെക്കുന്നു.
പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
1. അധികാരവും വികസന ഫണ്ടും പുനഃസ്ഥാപിക്കും; വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്
സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും പ്രവര്‍ത്തന സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കും. ചരിത്രത്തിലാദ്യമായി, എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നല്‍കുകയും, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന വികസന ഫണ്ട് അവകാശമാക്കുകയും ചെയ്യും. ഓരോ വര്‍ഷവും ഫണ്ട് വിഹിതത്തില്‍ 10% വര്‍ദ്ധനവ് ഉറപ്പാക്കും. ഗ്രാമ/വാര്‍ഡ് സഭകള്‍ കമ്മ്യൂണിറ്റി പ്ലാന്‍ തയ്യാറാക്കും.
2. അഞ്ചുലക്ഷം വീടുകള്‍ ലക്ഷ്യം; ‘ആശ്രയ 2.0’ പദ്ധതി പുനഃരാരംഭിക്കും
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വീട് വാടകയ്ക്കെടുത്ത് നല്‍കുന്നതിനുള്ള പദ്ധതിയും പത്രികയിലുണ്ട്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ തമസ്കരിച്ച ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടം ‘ആശ്രയ 2.0’ എന്ന പേരില്‍ ആരംഭിക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ ദാരിദ്ര്യം ലഘൂകരിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി നടപ്പാക്കും.
3. റോഡുകള്‍ നന്നാക്കാന്‍ എമര്‍ജന്‍സി ടീം; 48 മണിക്കൂറിനുള്ളില്‍ കുഴികള്‍ അടയ്ക്കും
തദ്ദേശ റോഡുകള്‍ ‘സ്മാര്‍ട്ടാക്കും’. റോഡിലെ കുഴികള്‍ നികത്തുന്നതിനായി 48 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു എമര്‍ജന്‍സി ടീമിനെ സജ്ജമാക്കും. കൂടാതെ, കുഴികള്‍ നിറഞ്ഞ പഞ്ചായത്ത് റോഡുകള്‍ അധികാരം ഏറ്റെടുത്ത് 100 ദിവസത്തിനകം നന്നാക്കും. ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാനും ട്രാക്ക് ചെയ്യാനുമായി ‘സ്മാര്‍ട്ട് റോഡ് ഫിക്സ് പ്ലാറ്റ് ഫോം’ 30-45 ദിവസത്തിനകം ആരംഭിക്കും.
4. മാലിന്യ നിര്‍മ്മാര്‍ജ്ജനം ആധുനികവല്‍ക്കരിക്കും; തെരുവ് നായ നിയന്ത്രണത്തിന് മൊബൈല്‍ എ.ബി.സി. യൂണിറ്റുകള്‍
ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും. 100% വീടുകളില്‍ നിന്നും ബയോ വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരണം ഉറപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വാര്‍ഡുകളിലും കമ്പോസ്റ്റ് യൂണിറ്റുകളും നഗരങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കും. തെരുവുനായ നിയന്ത്രണത്തിനായി, വാര്‍ഡുകള്‍ തോറും മാസത്തിലൊരിക്കല്‍ വന്ധ്യംകരണത്തിനും വാക്സിനേഷന് ഡ്രൈവുകള്‍ക്കുമായി ഒരു മൊബൈല്‍ എ.ബി.സി. യൂണിറ്റ് സ്ഥാപിക്കും. റാബീസ് പിടിപെട്ട തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യും.
5. യുവജനക്ഷേമത്തിന് ഊന്നല്‍; വിദ്യാര്‍ത്ഥികള്‍ക്ക് അക ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ്
യുവാക്കള്‍ക്ക് പ്രത്യേക ഘടക പദ്ധതിയും ഫണ്ടും നീക്കിവെച്ച് തൊഴില്‍ രഹിതരില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ലക്ഷ്യമിടും. ക്ലാസ് 5 മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അടിസ്ഥാന ‘AI ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ്’ നല്കുന്ന ലേണിംഗ് സെന്ററുകള്‍ ആരംഭിക്കും. UPSC, PSC, SSC പോലുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള റീഡിംഗ് റൂമുകള്‍ സ്ഥാപിക്കും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:
ഇന്ദിര കാന്റീന്: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഇന്ദിര കാന്റീന് പോലുള്ള മികച്ച കാന്റീനുകള്‍ സ്ഥാപിക്കും.
തൊഴിലുറപ്പ് പരിഷ്കരണം: മഹാത്മാഗാന്ധി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികള്‍ മുള, വൃക്ഷം വച്ചുപിടിപ്പിക്കല്‍, ക്ഷീരവികസനം, ഭവനനിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തി പരിഷ്കരിക്കും.
ആശാവര്‍ക്കര്‍മാര്‍ക്ക് അലവന്‍സ്: ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കും.
വനിതാ ക്ഷേമം: ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഡേ-കെയര്‍ സൗകര്യത്തോടെ പിന്തുണ നല്കാന് എല്ലാ കോര്പ്പറേഷന് വാര്‍ഡുകളിലും അര്‍ബന്‍ അങ്കണവാടികളും ശിശു സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കും. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കി ട്രാന്‍സിറ്റ് പോയിന്റുകളിലും മാര്‍ക്കറ്റുകളിലും പിങ്ക് വാഷ്റൂമുകള്‍ സ്ഥാപിക്കും.
ശിശുക്ഷേമം: ആറുമാസം പ്രായമായ കുട്ടികള്‍ക്ക് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ക്രഷുകളും, നേഴ്സറികളും സ്ഥാപിക്കും. ശിശുക്ഷേമത്തിനായി സിക്കിം മാതൃകയില്‍ ചൈല്‍ഡ് എംപവര്‍മെന്റ് സെന്റര്‍ തുടങ്ങും.
വയോജന സഹായം: എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഹെല്പ്പ്ലൈന് സ്ഥാപിക്കും; ആംബുലന്‍സ്, പോലീസ്, സോഷ്യല്‍ വര്‍ക്കര്‍ സേവനങ്ങള്‍ 30 മിനിറ്റിനകം ലഭ്യമാക്കും.
വെള്ളപ്പൊക്ക നിയന്ത്രണം: നഗരത്തില്‍ വെള്ളക്കെട്ട് തടയാന്‍ ഓപ്പറേഷന് അനന്ത മോഡല്‍ നടപ്പിലാക്കും. കൂടുതല്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സ്പോഞ്ച് പാര്‍ക്കുകള്‍ വികസിപ്പിക്കും.
ഇ-ഗവേണന്‍സ്: ഭരണ സുതാര്യതയ്ക്കായി എ.ഐ. ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടെ ഇ-ഗവേണന്‍സ് നടപ്പാക്കും. അഴിമതി പൂര്‍ണമായും തുടച്ചുനീക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അംഗീകാരവും സര്‍ട്ടിഫിക്കറ്റും നല്‍കും.
ലീഗല്‍ റിഫോം: ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘ന്യായ് പഞ്ചായത്തുകള്‍’ നിലവില്‍ വരും. കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ആക്ട് (നിയമം) കൊണ്ടുവരും.
പൊതു സൗകര്യങ്ങള്‍: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കംഫര്‍ട്ട് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, ഷി-ടോയ്ലറ്റ്, ബയോ ടോയ്ലറ്റ് എന്നിവയുടെ എണ്ണവും സൗകര്യവും വര്‍ദ്ധിപ്പിക്കും.
ദുരന്ത നിവാരണം: ദുരന്ത നിവാരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും; പ്രാദേശിക തലത്തിലുള്ള സ്ഥിരം സമിതികള്‍ രൂപീകരിക്കും.
മയക്കുമരുന്ന് നിയന്ത്രണം: ‘മയക്കുമരുന്ന് മുക്ത വാര്‍ഡുകള്‍’ എന്ന ലക്ഷ്യത്തോടെ പോരാട്ടം ശക്തമാക്കും, എല്ലാ താലൂക്ക് ആശുപതികളിലും മയക്കുമരുന്ന് വിമുക്തി കേന്ദ്രങ്ങള്‍ ആരംഭിക്കും.
കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം: കാര്‍ബണ്‍ ന്യൂട്രല്‍ തദ്ദേശസ്വയംഭരണ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കും. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് നിത്യേന പ്രസിദ്ധീകരിക്കും.
ക്ഷേമ പെന്ഷന് മാറ്റങ്ങള്‍: ക്ഷേമപെന്ഷന് ഗുണഭോക്താക്കള്‍ എല്ലാവര്‍ഷവും ചെയ്യേണ്ട മസ്റ്ററിംഗ്, പുനര്‍വിവാഹിതയല്ല എന്ന സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റം വരുത്തും.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News16 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala17 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

