Connect with us

Article

മാലിക്ക്; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ നിലക്കാത്ത വെടിയൊച്ച

സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം

Published

on

ലുഖ്മാന്‍ മമ്പാട്

‘നന്മണ്ട പന്ന്യംവള്ളി വാര്യത്തായിരുന്നു ഡോ.പി.കെ വാരിയരുടെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ പിറന്ന നാട് വിടേണ്ടി വന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂറില്‍ അഭയം നേടി.’ പറയുന്നത് പി.കെ വാര്യരുടെ ചരമ വാര്‍ത്തയോടെ ഇറങ്ങിയ 2021 ജൂലൈ 11 ലെ ദേശാഭിമാനി. 1799ല്‍ മരിച്ച ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടിനിപ്പുറം 1921ല്‍ ജനിച്ച പി.കെ വാര്യര്‍ നാടുവിട്ടോടിയതിന്റെ ലോജിക്കൊന്നും ചോദിക്കരുത്. ഇസ്്ലാമോഫോബിയക്കാരുടെ ദക്ഷിണേന്ത്യയിലെ പ്രധാന ആയുധമായ ടിപ്പുവിനെ വരെ സദാമൂര്‍ച്ച കൂട്ടി എറിയുന്ന പരുവത്തിലേക്ക് അവശിഷ്ട കേരള കമ്മ്യൂണിസ്റ്റുകള്‍ മാറി. ചരിത്രത്തെയും വര്‍ത്തമാനത്തെയും ഒരു പോലെ തങ്ങള്‍ക്കനുകൂലമായി പടച്ചുണ്ടാക്കാന്‍ വിരുതുള്ള കുറെ സാഹിത്യ സിനിമാ ബുദ്ധിജീവികളുടെ കരാള ഹസ്തത്തിലാണ് കേരള രാഷ്ട്രീയമെന്നത് പലര്‍ക്കും ബോധ്യപ്പെട്ടു വരുന്നേയൊള്ളൂ. ഇ സമം എം.സി സ്‌ക്വയര്‍ പോലെ അധികാരത്തിലെ ചുവപ്പും മങ്ങിയ ചുവപ്പുമായുളള ഫാഷിസ്റ്റുകള്‍ കൈകോര്‍ക്കുമ്പോഴുളള പ്രഹര ശേഷിക്കു മുമ്പില്‍ എതിര്‍ ശബ്ദങ്ങള്‍ നിഷ്പ്രഭമാകുന്നു.

കൊളളയിലും കൊലയിലും നേരിട്ടു നേതൃത്വം നല്‍കി രാജ്യത്ത് ഒന്നാം നമ്പര്‍ മാഫിയ ഭരണകൂടമായ ഒന്നാം പിണറായി സര്‍ക്കാറിനെ വെളുപ്പിച്ചെടുത്ത മേല്‍പറഞ്ഞ ക്യാപ്സൂള്‍ ഫാക്ടറി ന്യൂനപക്ഷത്തെ പേടിപ്പിച്ചും ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചും നേടിയ തുടര്‍ ഭരണത്തോടെ സത്യാനന്തര നിര്‍മ്മിതി പുതിയ തലത്തിലെത്തിയതിന്റെ വിസ്ഫോടനമാണ് മാലിക്. വംശവെറിയിലിധിഷ്ടിതമായ ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമായ ബീമാപ്പള്ളി വെടിവെപ്പും കൂട്ടക്കുരുതിയും നടന്ന് ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ അതേ ഇരകളെ ഭീകരരും തെമ്മാടികളുമാക്കി ‘മാലിക്ക്’ എന്ന പേരില്‍ സിനിമ പുറത്തു വരുന്നത്. ഇതൊരു കല്പിത കഥയാണെന്നും ഏതെങ്കിലും വ്യക്തിയുടെയോ സമുദായത്തിന്റെയോ വികാരം വ്രണപ്പെടുത്തുക ഉദ്ദേശ്യമല്ലെന്നും അണിയറക്കാര്‍ മുന്‍കൂര്‍ ജാമ്യമായി തുടക്കത്തില്‍ തന്നെ എഴുതിക്കാണിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാണ്; ബദരി കടപ്പുറമാണ് ചെറിയ തുറ, റമദ പള്ളി ബീമാപ്പള്ളിയും. സുലൈമാന്‍ മാലിക് നായകനല്ല; പ്രതിനായകനാണ്.

ബീമാപളളിയില്‍ സംഭവിച്ചത്

2009 മെയ് 16ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. 19 എം.പിമാരില്‍ നിന്ന് നാലിലേക്ക് എല്‍.ഡി.എഫ് കൂപ്പുകുത്തിയപ്പോഴും മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ നിഗൂഢമായി ചിരിച്ചു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും നിന്നു വിയര്‍ത്തു. പിറ്റേന്ന് ബീമാപ്പള്ളിയില്‍ നിരായുധരായ ജനക്കൂട്ടത്തിന് നേരെ മുന്നറിയിപ്പൊന്നുമില്ലാതെ പൊലീസ് നിറയൊഴിക്കുന്നു. 40 റൗണ്ട് ഗ്രനേഡും 70 റൗണ്ട് വെടിയുമുതിര്‍ത്തപ്പോഴേക്കും വെടിക്കോപ്പ് തീര്‍ന്നു. പിന്നെ, പിന്തിരിഞ്ഞോടുന്നവരെ പിന്തുടര്‍ന്ന് ലാത്തിയും തോക്കും കൊണ്ടും പൊലീസ് തല്ലിച്ചതച്ചു. ആറു പേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റു വീണ ഒരാളെ തോക്കുകൊണ്ട് തല്ലിയാണ് പൊലീസ് കൊന്നത്. 56 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 27 പേരില്‍ പലരും പിന്നീട് മരിച്ചു; ജീവഛവമായ പലരും ജീവിക്കാന്‍ കഷ്ടപ്പെടുന്നു.

സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ചെറിയതുറയില്‍ അങ്ങനെയൊരു സാധ്യത ഉണ്ടായിട്ടില്ലെന്ന് പള്ളി അധികാരികള്‍ തന്നെ പിന്നീട് പരസ്യമായി പ്രതികരിച്ചു. ഇടതു പക്ഷത്തിന്റെ ദയനീയ തോല്‍വി മറക്കാന്‍ പൊടിപ്പും തുങ്ങലും വെച്ച് എ.കെ.ജി സെന്ററില്‍ നിന്നുള്ള ക്യാപ്സൂളുകള്‍ പത്രങ്ങളില്‍ വാരി വിതറി. മുസ്ലിംലീഗും ചില സാമുദായിക സംഘടനകളും ഒഴികെ ആരും നിരപരാധികളെ അകാരണമായി നിഷ്‌കരുണം വെടിവെച്ച് കൊന്നതിനെതിരെ പ്രതിഷേധിക്കാന്‍ പോലും മുന്നോട്ടു വന്നില്ല. ഒന്നാമത് അവര്‍ പാവങ്ങളായ കടപ്പുറക്കാര്‍, പിന്നെ മുസ്ലിംകളും. തെമ്മാടികളും കുഴപ്പക്കാരുമെന്ന് മുദ്രകുത്താന്‍ വളരെ എളുപ്പം; മാലിക്കില്‍ ഉപയോഗിച്ച അതേ തന്ത്രം.

അറേബ്യയില്‍ നിന്നെത്തിയ ശഹീദ് മാഹിന്‍ അബൂബകറും ഉമ്മ ബീമ ബീവിയും കൈവരുത്തിയതാണ് ബീമാപള്ളിയുടെ ഖ്യാതി. ദക്ഷിണേന്ത്യയിലാകെ ആതുരസേവനവുമായി ചുറ്റിത്തിരിഞ്ഞ അവരിലൂടെ ആയിരങ്ങള്‍ മാനസികവും ശാരീരികവുമായ ആരോഗ്യം നേടിയെന്നതാണ് ചരിത്രം. പര്യടനത്തിന്റെ അവസാനം തിരുവിതാംകൂറിലെത്തി തിരുവല്ലത്ത് താമസമാക്കി. ദലിതുകള്‍ കൂട്ടത്തോടെ ഇവരിലേക്ക് ആകൃഷ്ടരായി. ഇരുവരുടെയും മരണ ശേഷം ബീമാപള്ളി കേന്ദ്രീകരിച്ച് മുസ്ലിം വിഭാഗം താമസമാക്കി. ബീമാപള്ളിയിലെ മാനസിക ചികിത്സയും വര്‍ഷത്തിലുള്ള ഊറൂസ് ചരമവാര്‍ഷികാചരണവുമെല്ലാം മത-ജാതി-വര്‍ഗ-വര്‍ണ്ണ വേര്‍തിരിവുകള്‍ക്കപ്പുറം സ്വീകാര്യത നേടി. 2009 ലും പതിവുപോലെ ഉറൂസിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.

ബീമാപ്പള്ളി ഭാഗത്ത് മുസ്ലിംകളും ചെറിയതുറ ഭാഗത്ത് ലത്തീന്‍ കത്തോലിക്കരും തിങ്ങിപ്പാര്‍ക്കുന്നു. വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേര്‍തിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്നവരാണ്. പട്ടിണിപാവങ്ങളായ ഇരു വിഭാഗവും തമ്മില്‍ അന്നും ഇന്നും ശത്രുതയിലല്ല. സംഭവത്തിന് ഏതാനും ദിവസം മുമ്പ് കൊമ്പന്‍ ഷിബുവെന്ന കഞ്ചാവ് വില്‍പ്പനക്കാരന്‍ കൂടിയായിരുന്ന ഗുണ്ട ചെറിയ തുറയില്‍ നിന്ന് മദ്യപിച്ച് ബീമാപ്പള്ളിയിലെത്തി ഉത്തരേന്ത്യന്‍ മോഡല്‍ ഗുണ്ടാ പിരിവിന് ശ്രമിക്കുന്നു. എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയായിരുന്നു ഗുണ്ടാപിരിവ്. ഇതിനെ എതിര്‍ത്ത ജനങ്ങളും കൊമ്പന്‍ ഷിബുവും തമ്മില്‍ കയ്യാങ്കളി നടക്കുന്നു. നേരത്തെ തന്നെ ചെറിയതുറ ഇടവക ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. സമുദായവുമായി ഒരു ബന്ധവുമില്ലെങ്കിലും വെറും ഗുണ്ടയായ ഇളാള്‍ക്ക് പൊലീസില്‍ നല്ല പിടിപാടുണ്ടായിരുന്നു. താനും സംഘവും ബീമാനപള്ളി ഉറൂസ് മുടക്കുമെന്ന ഷിബുവിന്റെ ഭീഷണിയെ തുടര്‍ന്ന് ജമാഅത്ത് പ്രസിഡണ്ട് എന്‍.വി അസീസും വാര്‍ഡ് കൗണ്‍സിലറും മുസ്്‌ലിംലീഗ് നേതാവുമായ ബീമാപ്പള്ളി റഷീദും നിരവധി തവണ പൂന്തുറ സി.ഐക്ക്് പരാതി നല്‍യിട്ടും ഒരു നടപടിയുമെടുത്തില്ല. നേതാക്കള്‍ വിഷയം ജില്ലാ കലക്ടറെ അറിയിച്ചെങ്കിലും അനങ്ങിയില്ല.

എന്നാല്‍, നിയമവാഴ്ചയെ വെല്ലുവിളിച്ച് ഷിബുലും സംഘവും ബീമാപള്ളിയിലേക്കുള്ള ബസ്സുകള്‍ തടയാന്‍ ശ്രമിച്ചു. ജനങ്ങള്‍ ഇതു ചോദ്യം ചെയ്തതോടെ സ്ഥലത്തെത്തിയ പൊലീസ് ടിയര്‍ഗ്യാസ്, ജലപീരങ്കി, ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയ ഒരു മുന്നറിയിപ്പുപോലുമില്ലാതെ നേരിട്ട് ജനങ്ങളിലേക്ക് നിറയൊഴിക്കുകകയായിരുന്നു. റബ്ബര്‍ ബുള്ളറ്റോ, മുട്ടിനു താഴെ വെടിവെക്കണമെന്ന നിര്‍ദേശമോ ഓര്‍ത്തതുപോലുമില്ല. ജില്ലാ കലക്ടറുടേയും തഹസില്‍ദാറുടെ പോലും അനുമതി തേടാതെ കരുതിക്കൂട്ടി നടത്തിയ വെടിവെപ്പ് ഭരണകൂട പിന്തുണയോടെ നടന്ന പൊലീസ് ഭീകരത മാത്രമാണ്. സെക്രട്ടേറിയറ്റിന് 13 കിലോമീറ്റര്‍ അപ്പുറം പൊലീസിന്റെ ഈ ഓപ്പറേഷന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഡി.ജി.പിയുമൊന്നും അറിയാതെയല്ല. ഗുണ്ടാപിരിവ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റുചെയ്യാമെന്ന് ജില്ലാ കലക്ടറും എ.ഡി.ജി.പിയും സമ്മതിച്ചിട്ടും രണ്ടു ദിവസത്തിനുശേഷമാണ് ഷിബു അടക്കമുള്ളവരെ അറസ്റ്റുചെയ്തതെന്നും ഇത് വലിയതുറ പൊലീസിന്റെയും പൂന്തുറ പൊലീസിന്റെയും വീഴ്ചയാണെന്നും യഥാര്‍ത്ഥ കാരണം ഈ അലംബാവമാണെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തന്നെ പറയുന്നു. എന്നാല്‍, ഗുണ്ട ഷിബുവിന് എതിരായ രണ്ട് കേസുകള്‍ എഴുതിതള്ളിയും പൊലീസിനെതിരായ കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചുമെല്ലാം രഹസ്യമായി പിന്നീടും പലതും സര്‍ക്കാര്‍ ചെയ്തു.

ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ മൊഴിനല്‍കിയിട്ടും ഇത്രയും ഹീനമായ പൊലീസ് ഭീകരതക്ക് ചുക്കാന്‍ പിടിച്ച അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സിജി സുരേഷ് കുമാര്‍ ഉള്‍പ്പെടെ ഒരു പൊലീസുകാരനും ശിക്ഷിക്കപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ച ജില്ലാ ജഡ്ജി കെ.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പോലും പതിറ്റാണ്ടിലേറെയായി വെളിച്ചം കണ്ടിട്ടില്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നല്‍കിയെങ്കിലും തുച്ചമായ തുക ലഭിച്ച പരിക്കേറ്റവര്‍ ഇപ്പോഴും നീതി ലഭിക്കാതെ അലയുകയാണ്. കലാപത്തിന് കാരണക്കാരനായ കൊമ്പന്‍ ഷിബു ഏതാനും വര്‍ഷം മുമ്പ് മരിച്ചെങ്കിലും യഥാര്‍ത്ഥ വില്ലന്മാര്‍ അധികാര സ്ഥാനങ്ങളില്‍ പാവങ്ങളുടെ ചോരകൊണ്ട് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നു.

മാലിക്കിലെ വിഷം

കമ്മ്യൂണിസ്റ്റ് ഭരണകൂടവും പൊലീസും ചേര്‍ന്ന് കരുതിക്കൂട്ടി സൃഷ്ടിച്ച കേരളത്തിലെ ഏറ്റവും വലിയ കൂട്ടക്കരുതിയാണ് ബീമാപള്ളിയിലേത്. എന്നിട്ടും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തമസ്‌കരിച്ച് ഐ.യു.ഐ.എഫ് എന്ന സമുദായ പാര്‍ട്ടിയെയും അതിന്റെ നേതാവായ അബൂബക്കര്‍ എം.എല്‍.എയുമാണ് (അന്നത്തെ സ്ഥലം എം.എല്‍.എ വി സുരേന്ദ്രന്‍ പിള്ളയാണ്) പ്രശ്നത്തിലേക്ക് സിനിമ വലിച്ചിഴക്കുന്നത്.
ബീമാപള്ളിയുമായി ബന്ധപ്പെട്ട രേഖകളില്‍ എവിടെയെങ്കിലും പൊലീസിന് നേരെ നാട്ടുകാരുടെ ഭാഗത്തു നിന്ന് വെടിവെപ്പുണ്ടായതായോ അവര്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതായോ ആരോപണമില്ല. വേണ്ടി വന്നാല്‍ ആയുധമെടുക്കണമെന്ന് ബീമാപ്പള്ളിയിലെ ഒരു നേതാവും പറഞ്ഞിട്ടില്ല; സിനിമയിലെ പഞ്ച് ഡയലോഗാണത്. മാലിക്കില്‍ ബീമാപ്പള്ളിക്കാരാകെ അധോലോക-മാഫിയ സംഘമാണ്. യന്ത്രത്തോക്കുകള്‍ കൊണ്ട് ജില്ലാ കലക്ടറെയും പൊലീസുകാരെയും തിരിച്ചു വെടിവെച്ച് പകരം ചോദിക്കുന്ന ബീമാപ്പള്ളിക്കാരെക്കൊണ്ട് ‘ബോലോ തക്ബീര്‍…’ വിളിപ്പിക്കുന്നതിന്റെ കുടിലത നിസാരമല്ല.

പച്ചക്കൊടിയും തൊപ്പിയും ബാങ്കും നമസ്‌കാരവും ബിരിയാണിയും കള്ളക്കടത്തുകാരനായ സുലൈമാന്‍ മാലിക്കും മാത്രമല്ല, സുനാമിയില്‍ സര്‍വ്വവും തകര്‍ന്നെത്തുന്നവരെ കയറ്റാതെ പള്ളിയടച്ച് കാവലിരിക്കുന്നതുമെല്ലാം ആകസ്മികതയല്ല. രണ്ടാം പ്രളയത്തില്‍ ജാതിയും മതവും നോക്കാതെ കേരളത്തിന്റെ സൈന്യമായ ബീമാപളളിക്കാരെ മുന്നില്‍ നിര്‍ത്തിയാണ് ഇസ്ലാമോഫോബിയയുടെ പിത്തലാട്ടം ആടുന്നതെന്നെങ്കിലും അവരോര്‍ക്കണം. ഇരു പ്രളയകാലത്തും പള്ളികളും ചര്‍ച്ചുകളുമെല്ലാം മതംനോക്കാതെ മനുഷ്യര്‍ക്കായി തുറന്നുകൊടുത്ത നാട്ടിലാണ് 2009ലേതിന് സമാനമായ മറ്റൊരു വെടിവെപ്പായി മാലിക്ക് മാറുന്നത്. ‘പൊലീസുണ്ടാക്കിയ ലഹള; അല്ലാതെ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ ഇവിടെയൊരു ലഹളയില്ല’ എന്ന് ഒടുവില്‍ ജില്ലാ കലക്ടര്‍ ജോജുവിനെ കൊണ്ട് ഒരൊറ്റ ഡയലോഗിലൂടെ പറയിച്ച് അതുവരെ കെട്ടിപ്പൊക്കിയ വ്യാജ നിര്‍മ്മിതി പൊളിയുമ്പോഴും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ മറച്ചു പിടിച്ച് മുസ്ലിം രാഷ്ട്രീയത്തിലേക്കും യു.ഡി.എഫ് എന്ന സൂചനയിലേക്കും ഒരു സമുദായമാകെ കള്ളക്കടത്തുകാരും ആയുധം കൊണ്ട് ഭരണകൂടത്തെ പോലും എതിരിടാന്‍ ശക്തവുമാണെന്ന് കാഴ്ചക്കാരന്റെ ഉപബോധമനസ്സിനെ പറഞ്ഞുവിടുന്നു.

നരകത്തെ കാക്കുന്ന മലക്കിന്റെ പേരാണ് ഇസ്ലാമിക സംജ്ഞയില്‍ മാലിക്ക്. മുസ്്ലിംകള്‍ക്ക് ഭൂമിയില്‍ നരകം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ചരിത്രത്തെ വ്യപിചരിക്കുകയാണ് അണിയറക്കാര്‍. ഭാവിയില്‍ ബീമാപ്പള്ളി വെടിവയ്പ്പിനെ പറ്റിയുള്ള റെഫറന്‍സായി ഉപയോഗിക്കപ്പെടാവുന്ന സിനിമ അങ്ങേയറ്റം പ്രതിലോമപരവും വിഷലിപ്തവുമാണെന്ന് പറയാതെവയ്യ; മാലിക്കിന്റെ മേന്മയോളം പ്രഹരശേഷി അതിനുണ്ട് താനും

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

അഞ്ച് ഭാഷകളിലെ ശബ്ദഗാംഭീര്യം; സാദിഖലിയുടെ അനൗൺസ്മെൻറ് 25-ാം വർഷത്തിലേക്ക്

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: കാൽപന്തുകളിയിൽ മൈതാനങ്ങളിൽ കാണികളെ ത്രസിപ്പിക്കുന്ന വാക്ചാതുരിയോടെ ആവേശത്തിൻ്റെ കൊടുമുടിയിലേക്ക് എത്തിക്കുന്ന ശബ്ദഗാംഭീര്യവുമായി കൂട്ടിലങ്ങാടിയിലെ ഒ.പി.എം. സാദിഖലിയുടെ അനൗൺസ്മെൻ്റ്
ഇരുപത്താം വർഷത്തിലേക്ക്.

പതിനെട്ടാം വയസ്സിൽ സ്വന്തം നാട്ടിലെ വയൽ മൈതാനങ്ങളിൽ കോളാമ്പിയിലൂടെ തുടങ്ങിയ അനൗൺസ്മെൻറ് ഇന്ന് നാട്ടിൻ പുറങ്ങൾ കടന്ന് സംസ്ഥാനമൊട്ടാകെയുള്ള മൈതാനങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .

സ്കൂൾ പഠനകാലത്ത് നാടകമത്സരങ്ങളിൽ സ്ഥിരമായി പങ്കെടുത്ത് നേടിയ കഴിവുകൾ തിരിച്ചറിഞ്ഞ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമാണ് അനൗൺസ്മെൻ്റ് രംഗത്തേക്ക് കടന്നു വരാൻ പ്രചോദനമായത്.
ദൈവം കനിഞ്ഞു നൽകിയ ശബ്ദ വിസ്മയം കൊണ്ട് കണ്ഠനാളങ്ങളിൽ നിന്ന് ഉതിർന്നു വീഴുന്ന അക്ഷരസ്ഫുടതയോടെയുള്ള ഘനഗാംഭീര്യമുള്ള ചാട്ടുളി പോലൊത്ത വാക്കുകളിലൂടെ കാണികളുടെ മനം കവർന്നുകൊണ്ട് മൈതാനങ്ങളിൽ നിന്നും മൈതാനങ്ങളിലേക്ക് ജൈത്രയാത്ര തുടരുകയാണ് നാൽപത്തിരണ്ടുകാരനായ സാദിഖലി .

നാട്ടിൻ പുറങ്ങൾ മുതൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ വരെ നൂറു കണക്കിന് ടൂർണ്ണമെൻ്റുകളിൽ അനൗൺസ്മെൻറ് നടത്തി ശ്രദ്ധേയനായ സാദിഖ് ഒട്ടേറെ പുരസ്ക്കാരങ്ങളും നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലുള്ള അനൗൺസ്മെൻറുകളിലൂടെ കാണികളെ കയ്യിലെടുക്കാനുള്ള അപാരമായ കഴിവാണ് സാദിഖലിയെ വ്യത്യസ്ഥനാക്കുന്നത്.
ഫുട്ബോൾ മേളകൾക്ക് പുറമെ രാഷ്ട്രീയ പാർട്ടി പരിപാടികൾ, തെരെഞ്ഞെടുപ്പ് അനൗൺമെൻ്റ് കൾ, വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ, പൊതുപരിപാടികൾ തുടങ്ങിയ അനൗൺമെൻ്റുകളിലും തിളങ്ങി നിൽക്കുന്ന സാദിഖലി ഓൾ കേരള അനൗൺസ്മെൻറ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിക്കുന്നു.

ഒരിക്കൽ പാണക്കാട് വെച്ച് നടന്ന ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ അനൗൺസ് ചെയ്ത ശബ്ദം കേട്ട ഹൈദരലി ശിഹാബ് തങ്ങൾ എന്നെന്നും ഈ ശബ്ദം നിലനിൽക്കട്ടെ എന്ന് പറഞ്ഞു അനുഗ്രഹിച്ചത് പ്രൊഫഷണൽ രംഗത്ത് വളർന്ന് വരാൻ മാനസികമായി ഏറെ സഹായിച്ചു.

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Article

വികസന വഴിയിലെ വനിതാ സാന്നിധ്യം

Published

on

രാജീവ് ചൗധരി

1960-ൽ സ്ഥാപിതമായ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (BRO) ജോലിയുടെ സ്വഭാവവും ഒറ്റപ്പെട്ട വിന്യാസവും കാരണം പുരുഷ ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് പതിറ്റാണ്ട് മുമ്പ്, വിരലിലെണ്ണാവുന്ന വനിതാ ഓഫീസർമാർ ചേരാൻ തുടങ്ങിയെങ്കിലും ഗ്രൗണ്ട് ടാസ്‌ക്കുകളുടെ അപകടസാധ്യത കണക്കിലെടുത്ത് അവരെ സ്റ്റാഫ് നിയമനങ്ങളിൽ മാത്രമാണ് നിയമിച്ചത്.

‘നാരി സശക്തികരൻ’ എന്ന നിലവിലെ സർക്കാരിൻ്റെ പ്രമേയത്തിന് അനുസൃതമായി വനിതാ ഉദ്യോഗസ്ഥർക്ക് ലിംഗഭേദമില്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി 2021 മാർച്ച് 8-ന് DGBR ഒരു ചരിത്രപരമായ തീരുമാനമെടുത്തു, ആദ്യത്തെ വനിതാ ഓഫീസർ EE (Civ) ശ്രീമതി വൈശാലി എസ് ഹിവാസെ, റോഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ (RCC) ഓഫീസർ കമാൻഡിംഗ് ആയി നിയമിച്ചു.

2021 ഏപ്രിൽ 28-ന് അവർ തൻ്റെ അസൈൻമെൻ്റ് ഏറ്റെടുത്തു. മുൻഷിയാരിയെ ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ മിലാം ഹിമാനിയുമായി ബന്ധിപ്പിക്കുന്ന BRO യുടെ ഏറ്റവും ദുഷ്‌കരമായ റോഡുകളിലൊന്നിൻ്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. താമസിയാതെ, അരുണാചൽ പ്രദേശിലെ ജനവാസയോഗ്യമല്ലാത്ത സിയാങ് താഴ്‌വരയിൽ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി ഒരു RCC യുടെ OC ആയി EE (Civ) ശ്രീമതി. ഒബിൻ ടാകി നിയമിതയായി.

ഈ സംരംഭത്തിൻ്റെ വിജയത്തെത്തുടർന്ന്, ചമോലി ജില്ലയിലെ പിപാൽകോട്ടിയിൽ ഒരു ഓൾ വിമൻ ആർസിസി സ്ഥാപിക്കുകയും 2021 ഓഗസ്റ്റ് 30-ന് മേജർ ഐന റാണയ്ക്ക് ഈ ആർസിസിയുടെ ചുമതല നൽകുകയും ചെയ്തു. അവരുടെ കീഴിലുള്ള മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരും വനിതാ ഓഫീസർമാരായിരുന്നു. 18,478 അടി ഉയരമുള്ള ഉംലിംഗ്‌ല കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ചുരമായ മന ചുരം വരെയുള്ള റോഡുകളുടെ വികസനത്തിന് അവർ ഉത്തരവാദിയായിരുന്നു. ആ ഉദ്യോഗസ്ഥയുടെ ചടുലമായ നേതൃത്വത്തിൽ ആർസിസി മികച്ച പ്രകടനം കാഴ്ചവച്ചു. 2022 ഒക്ടോബർ 22-ന് പ്രധാനമന്ത്രി മന ഗ്രാമത്തിൽ വന്ന്, മന ചുരം വരെയുള്ള തന്ത്രപ്രധാനമായ റോഡിൻ്റെ വീതി കൂട്ടുന്നതിന് തറക്കല്ലിട്ടു.

കാശ്മീർ താഴ്‌വരയിൽ വിന്യസിച്ചിരിക്കുന്ന ഒരു ഫീൽഡ് വർക്ക്‌ഷോപ്പിലെ ഓഫീസർ കമാൻ്റിംഗ് ആയ കേണൽ നവനീത് ദുഗ്ഗൽ ഏറ്റവും പ്രയാസമേറിയതും വെല്ലുവിളി നിറഞ്ഞതുമായ സ്ഥലത്ത് ഒരു വർക്ക്‌ഷോപ്പ് മേധാവിത്വം വഹിക്കുന്ന ആദ്യത്തെ ഇ.എം.ഇ ഓഫീസർ കൂടിയാണ്. അവരുടെ നേതൃത്വത്തിൽ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നു. ലെഫ്റ്റനൻ്റ് കേണൽ (ഇപ്പോൾ കേണൽ) സ്നിഗ്ധ ശർമ്മ BRO യുടെ ആസ്ഥാനത്തെ ലീഗൽ സെല്ലിൻ്റെ മേധാവിയായ ആദ്യത്തെ വനിതാ ഓഫീസറാണ്. ഓർഗനൈസേഷൻ്റെ നിയമപരമായ സമഗ്രത ഉയർത്തിപ്പിടിച്ചുകൊണ്ട് 700-ലധികം കോടതി കേസുകൾ അവർ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഈ വനിതാ ഓഫീസർമാരുടെ എല്ലാ വിജയങ്ങളും അവരുടെ ഉപ യൂണിറ്റുകൾക്ക് നേതൃത്വം നൽകുമ്പോൾ നേടിയ നേട്ടങ്ങളും ലിംഗപരമായ തടസ്സങ്ങൾ തകർക്കുക മാത്രമല്ല, BRO ക്കുള്ളിൽ മികവിൻ്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഈ മികവുകൾ പരിഗണിച്ച് 2023 ഫെബ്രുവരിയിൽ അരുണാചൽ പ്രദേശിലെ സീറോയിൽ ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ കമാൻഡറായി കേണൽ അർച്ചന സൂദിനെ നിയമിച്ചു. അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്‌വരയിലെ റോഡുകളുടെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നു. 2023 ജൂണിൽ, ലഡാക്കിലെ ഹാൻലെയിൽ തന്ത്രപരമായ വളരെ പ്രധാനപ്പെട്ട ചില BRO പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ മേധാവിയായി കേണൽ പോനുങ് ഡോമിങ്ങ് തിരഞ്ഞെടുക്കപ്പെട്ടു. നിയോമയിലെയും ചുഷുൽ – ദുംഗ്‌തി – ഫുക്‌ചെ – ഡെംചോക്കിലെയും ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധവിമാനത്താവളങ്ങളിലൊന്നായ ലികാരു – മിഗ്‌ല – ഫുക്‌ചെ എന്നിവയെയും ബന്ധിപ്പിക്കുന്ന ചുമാർ സെക്ടറിൽ 19400 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും ശ്രമകരവുമായ സാഹചര്യങ്ങളിൽ LAC വഴിയുള്ള റോഡിൻ്റെ നിർമ്മാണം ഏറ്റെടുക്കാൻ അവരുടെ കീഴിൽ രണ്ട് വനിതാ ഓഫീസർമാരെ കൂടി നൽകി. 15000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന നിർമ്മാണ വിഭാഗമാണ് ഹാൻലെ ടാസ്ക് ഫോഴ്സ്. ഡെംചോക്കിനെ ചിസുംലെയുമായി ബന്ധിപ്പിക്കുന്ന ഉംമിംഗ്‌ലയിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് പരിപാലിക്കാനുള്ള ഉത്തരവാദിത്തവും അവർക്കാണ്.

രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ സ്ത്രീകൾ എപ്പോഴും സജീവ പങ്കാളികളായിരിക്കുമെന്ന് ബി. ആർ. ഒ. ഇന്ന് ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായുള്ള ബി. ആർ. ഒ യുടെ ബഹുമുഖ സമീപനത്തിൽ തൊഴിലവസരങ്ങളിലെ വൈവിധ്യങ്ങൾ, ലിംഗഭേദമില്ലാത്ത അന്തരീക്ഷത്തിൽ വളരാനുള്ള അവസരങ്ങൾ , ശരിയായ ആരോഗ്യപരിരക്ഷയുടെ ലഭ്യത , സാഹസിക/കായിക മേഖലകളിലുള്ള അവസരങ്ങൾ, അതുപോലെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അവർ പ്രധാന പങ്ക് വഹിക്കുന്നതിനാൽ സമഗ്രമായി വികസിക്കാനുള്ള പ്രോത്സാഹനം എന്നിവ ഉൾപ്പെടുന്നു. “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷിക്കുന്ന ബി. ആർ. ഒ, വിവിധ പര്യവേഷണങ്ങളിൽ, സ്ത്രീകൾ, അവരുടെ ശക്തിയും ചൈതന്യവും പ്രകടമാക്കി നയിക്കുന്ന സാഹസിക പ്രവർത്തനങ്ങളെ പിന്തുണച്ചു. ഇതിൽ പ്രധാനമായും പർവത ട്രെക്കിംഗ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, സൈക്ലിംഗ് എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി ഡിസിപ്ലിനറി പര്യവേഷണം, പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകൾ മാത്രം പങ്കെടുത്ത ഒരു ഇലക്ട്രിക് വാഹന റാലി എന്നിവ ഉൾപ്പെടുന്നു.

ബി. ആർ. ഒയുടെ ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് കമാൻഡ് പദവികൾ നൽകി. വനിതാ ഉദ്യോഗസ്ഥർ തങ്ങളുടെ കഴിവ് തെളിയിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്‌തതിനാൽ ഇതൊരു വലിയ മാറ്റമായിരുന്നു. ഈ വനിതാ ഉദ്യോഗസ്ഥർ ഒരുപാട് സ്ത്രീകൾക്ക് ബി. ആർ. ഒയിൽ ചേരുന്നതിനും അവരുടെ കഴിവിന്റെ ഉച്ചസ്ഥായിയിൽ പ്രവർത്തിക്കുന്നതിനും വഴികാട്ടികളായി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ആത്മാർത്ഥമായ പ്രയത്‌നങ്ങൾ വഴി പ്രോജക്റ്റ് സമയക്രമം ത്വരിതപ്പെടുത്തുക മാത്രമല്ല, മറ്റ് ഓർഗനൈസേഷനുകൾക്ക് അനുകരിക്കാൻ ഫലപ്രദവും പ്രചോദനാത്മകവുമായ മാതൃകയായി പ്രവർത്തിക്കുകയും ചെയ്തു. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ബി. ആർ. ഒ നിർണായക പങ്ക് വഹിക്കുന്ന പ്രതിരോധ മേഖല , അടിസ്ഥാന സൗകര്യ വികസനമേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ മുന്നേറ്റം പ്രകടമാണ്.

Continue Reading

Trending