Connect with us

kerala

വേലി മാത്രമല്ല കാവല്‍ക്കാരും വിള തിന്നുന്ന ഈ സംവിധാനത്തിന്റെ വിശ്വാസ്യതക്കും സത്യസന്ധതക്കുമാണിപ്പോള്‍ ഗുരുതരമായ വിള്ളല്‍ വീണിരിക്കുന്നത്.

ഓണ്‍ലൈന്‍ മോഡുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ അപേക്ഷകന്‍ നല്‍കിയ വിശദാംശങ്ങള്‍ സാധൂകരിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് ഓട്ടോമാറ്റിക്കായിത്തന്നെ കൈമാറും. ഗ്രാമതലത്തില്‍ മൂല്യനിര്‍ണയത്തിന്‌ശേഷം എല്ലാ അപേക്ഷകളും താലൂക്ക് ഓഫീസ്, കലക്ടറേറ്റ്, ആവശ്യമെങ്കില്‍ സംഖ്യയുടെ അളവ് അനുസരിച്ച് ഇലക്ട്രോണിക് പ്രക്രിയയിലൂടെ റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവക്ക് അയയ്ക്കും

Published

on

ഹബീബ് റഹ്മാന്‍ കരുവന്‍പൊയില്‍

പ്രകൃതിദുരന്തങ്ങളാല്‍ ദുരിതമനുഭവിക്കുന്ന അര്‍ഹരായ കുടുംബങ്ങള്‍, വ്യക്തികള്‍, അപകടങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍, ഗുരുതരമായ രോഗങ്ങളുള്ളവര്‍ തുടങ്ങി അതി പ്രധാനവും അടിയന്തിരവുമായ ആവശ്യക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള അടിയന്തര സഹായ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് . സി.എം.ഡി.ആര്‍ ഫണ്ടിലേക്ക് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം പണമായും ചെക്കായും ഇലക്‌ട്രോണിക് പെയ്‌മെന്റായുമൊക്കെ സംഭാവന നല്‍കാം. സംഭാവനത്തുക മുഴുവന്‍ നികുതിയിളവിന് അര്‍ഹമാണ്. അഥവാ അടിയന്തിര സാമ്പത്തിക സഹായം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ക്ക് ബോധ്യപ്പെടുന്ന, ഒരു സുപ്രഭാതത്തില്‍ ജീവിത സൗകര്യങ്ങള്‍ നഷ്ടപ്പെട്ട, ദുരന്തങ്ങള്‍ വേട്ടയാടി വിറങ്ങലിച്ചുപോയ, ഗുരുതര രോഗങ്ങളാല്‍ മരണം തുറിച്ചുനോക്കുന്ന, അതുമല്ലെങ്കില്‍ പെട്ടെന്നുള്ള ദുരന്തങ്ങളില്‍ അത്താണി നഷ്ടപ്പെട്ട ബന്ധുക്കള്‍ക്കുള്ള ഏറ്റവും അര്‍ഹമായ സമയത്തെ ജീവന്റെ വിലയുള്ള സഹായം. പിഞ്ചു വിദ്യാര്‍ത്ഥികള്‍ കുടുക്ക പൊട്ടിച്ചും സാധുവായ വീട്ടമ്മ പോറ്റാടിനെ സംഭാവന ചെയ്തും അനാഥനായ വിദ്യാര്‍ത്ഥി സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിവെച്ച പണം നല്‍കിയുമൊക്കെ പുഷ്ടിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേന്ദ്രമാണെന്ന് വന്നാല്‍ പിന്നെ എന്തു പറയാനാ.

തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളില്‍ ഫണ്ട് അനുവദിച്ചതായും എറണാകുളത്ത് സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാസഹായമായി മൂന്നു ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായും കണ്ടെത്തി. കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിയ രോഗിക്ക് ഹൃദയ സംബന്ധമായ രോഗമാണെന്ന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിച്ചതും കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം എല്ലു രോഗ വിദഗ്ധന്‍ നല്‍കിയതാണെന്നും പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ 1500 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും കരുനാഗപ്പള്ളിയില്‍ പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്ടര്‍ നല്‍കിയതാണെന്നും ഒരേ വീട്ടിലെ എല്ലാവര്‍ക്കും രണ്ട് ഘട്ടങ്ങളിലായി നാല് സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഡോക്ടര്‍ വിതരണം ചെയ്തതായും കണ്ടെത്തി. നിലമ്പൂരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. സ്‌പെഷ്യലിസ്റ്റ് അല്ലാത്ത ഡോക്ടര്‍മാര്‍ ഗുരുതരരോഗങ്ങള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും വ്യക്തമായി. മുണ്ടക്കയം സ്വദേശിക്ക് 2017ല്‍ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റ് 5000 രൂപയും 2019ല്‍ ഇതേ അസുഖത്തിന് ഇടുക്കി കലക്ടറേറ്റ് മുഖേന പതിനായിരം രൂപയും 2020ല്‍ വീണ്ടും അര്‍ബുദത്തിന് കോട്ടയം കലക്ടറേറ്റ് മുഖേന പതിനായിരം രൂപയും അനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ എല്ല് രോഗവിദഗ്ധന്‍ ആണെന്നും സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച ജോര്‍ജ് എന്നയാളുടെ പേരിലെ അപേക്ഷയിലെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ അയാള്‍ അല്ല അപേക്ഷിച്ചത് എന്നും കണ്ടെത്തി. ഇടുക്കി പാലക്കാട് കാസര്‍കോട് ജില്ലകളിലും സമാനമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഏജന്റുമാരും ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തുന്നത് വന്‍ തട്ടിപ്പാണെന്നും ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് ഏജന്റുമാര്‍ തട്ടിപ്പ് നടത്തുന്നതെന്നും ഓപറേഷന്‍ സി.എം.ഡി.ആര്‍.എഫ് എന്ന പേരില്‍ വിജിലന്‍സ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിലാണ് പുറത്തായിരിക്കുന്നത്.

ഏറ്റവും സത്യസന്ധമെന്നും വിശ്വസ്തമെന്നും വിചാരിച്ച് സാധാരണക്കാര്‍ പല സമയത്തായി നിക്ഷേപിച്ച ഫണ്ടിന്റെ അവസ്ഥ ഇതാണെങ്കില്‍ എന്ത് ചെയ്യും? പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക്, കൊറോണയില്‍ ജീവിതം ഗതിമുട്ടിപ്പോയവര്‍ക്ക്, ഉരുള്‍പൊട്ടല്‍ ജീവിതം നക്കിത്തുടച്ചവര്‍ക്ക്, ഭീതിതമായ രോഗത്തിന്റെ പിടിയിലകപ്പെട്ടവര്‍ക്കൊക്കെ നല്‍കിയ നാണയത്തുട്ടുകളൊക്കെയും ഇങ്ങിനെ കണ്ണില്‍ ചോരയില്ലാത്ത, മൃഗീയത സ്വഭാവമാക്കിയ ഉദ്യോഗസ്ഥരും രാഷ്ട്രീയ കൂട്ടാളികളുംകൂടി കട്ടുമുടിക്കുന്നത് കാണുമ്പോള്‍ സ്തബ്ധരായി നോക്കിനില്‍ക്കാനേ പൊതുജനത്തിന് കഴിയുന്നുള്ളൂ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നാണ് പേരെങ്കിലും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) ആണ് ഫണ്ട് പ്രവര്‍ത്തിപ്പിക്കുന്നത്. വിവിധ ബാങ്കുകളുടെ പൂള്‍ അക്കൗണ്ടുകളില്‍ എത്തുന്ന സി.എം.ഡി.ആര്‍.എഫിലേക്കുള്ള സംഭാവനകള്‍കൊണ്ട് ഉണ്ടാവുന്ന ഫണ്ട്, ബാങ്ക് കൈമാറ്റം വഴി ധനകാര്യ സെക്രട്ടറിയുടെ കൈയ്ക്കും മുദ്രയ്ക്കും കീഴില്‍ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാത്രമേ ഇത് സാധ്യമാകൂ. സി.എം.ഡി.ആര്‍ ഫണ്ടില്‍നിന്നും ഓരോ ശ്രേണിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ചെലവഴിക്കാവുന്ന തുകയുടെ അളവ് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍, റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അനുവദിക്കാവുന്ന തുക സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നിയന്ത്രിച്ചിരിക്കുന്നു. അതിനും മുകളില്‍ ചെലവഴിക്കണമെങ്കില്‍ അത് മന്ത്രിസഭക്കേ സാധ്യമാവുകയുള്ളൂ. മാത്രമല്ല, വരുന്നതും പോകുന്നതുമായ ഓരോ രൂപയ്ക്കും കണക്ക് സൂക്ഷിക്കേണ്ടതായ സി.എം.ഡി.ആര്‍.എഫ്, കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിന്റെ (സി.എ. ജി) ഓഡിറ്റിന് വിധേയവുമാണ്. സംഭാവന നല്‍കുന്ന പണമെല്ലാം ബാങ്ക് ഇടപാടായി ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലാണ് എത്തുന്നത് (ധനകാര്യ സെക്രട്ടറി എന്നത് വ്യക്തിയല്ല ഒരു പോസ്റ്റ് ആണ്). ദുരിതാശ്വാസ നിധി ഫണ്ടുകളുടെ ബജറ്റിംഗും ചെലവും സംസ്ഥാന നിയമസഭയുടെ പരിശോധനയ്ക്ക് വിധേയവുമാണ്.

ദുരിതാശ്വാസനിധിയില്‍നിന്നും സഹായം ലഭിക്കാന്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ വില്ലേജ് ഓഫീസുകള്‍, അക്ഷയ സെന്ററുകള്‍, എം.പിമാരുടെയും എം.എല്‍.എമാരുടെയും ഓഫീസുകള്‍ മുഖേന ലഭ്യമാണ്. നേരിട്ട് ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഇവ ലഭിക്കണമെങ്കില്‍ അപകട മരണങ്ങളില്‍ എഫ്. ഐ.ആറും മരണസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മെഡിക്കല്‍ ചികിത്സയ്ക്കായി യോഗ്യതയുള്ള മെഡിക്കല്‍ ഓഫീസറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ദുരന്തങ്ങള്‍ മൂലം ദുരന്തമുണ്ടായാല്‍, ബാധിച്ച ആളുകളുടെ വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യുകയും തഹസില്‍ദാര്‍ വഴി കലക്ടര്‍ക്ക് കൈമാറുകയും ചെയ്യണം. റവന്യൂ വകുപ്പാണ് അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നത്. എല്ലാ പ്രോസസ്സിംഗും സി.എം.ഡി.ആര്‍.എഫ് പോര്‍ട്ടലില്‍ ഇലക്ട്രോണിക് രീതിയിലാണ് ചെയ്യുന്നത്. ഓണ്‍ലൈന്‍ മോഡുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ അപേക്ഷകന്‍ നല്‍കിയ വിശദാംശങ്ങള്‍ സാധൂകരിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് ഓട്ടോമാറ്റിക്കായിത്തന്നെ കൈമാറും. ഗ്രാമതലത്തില്‍ മൂല്യനിര്‍ണയത്തിന്‌ശേഷം എല്ലാ അപേക്ഷകളും താലൂക്ക് ഓഫീസ്, കലക്ടറേറ്റ്, ആവശ്യമെങ്കില്‍ സംഖ്യയുടെ അളവ് അനുസരിച്ച് ഇലക്ട്രോണിക് പ്രക്രിയയിലൂടെ റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവക്ക് അയയ്ക്കും.

പണം അയക്കാനും ലഭിക്കാനും ഇത്രക്ക് നിയമങ്ങളും നിബന്ധനകളുമുള്ള ഒരു വകുപ്പില്‍ നിന്നാണിപ്പോള്‍ അതും ഏതാനും വര്‍ഷത്തെ മാത്രം പരിശോധനകളില്‍നിന്ന് ലഭ്യമായ കണക്കുകളനുസരിച്ചുള്ള ഭീമമായ തിരിമറികളും അഴിമതികളും പുറത്തുവന്നിരിക്കുന്നത്. മുമ്പത്തെ കണക്കുകള്‍കൂടി പരിശോധിച്ചാല്‍ എന്തായിരിക്കും സ്ഥിതി. ദുരിതാശ്വാസനിധിയില്‍നിന്നും അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതായി മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയുമുണ്ടായി. വേലി മാത്രമല്ല കാവല്‍ക്കാരും വിള തിന്നുന്ന ഈ സംവിധാനത്തിന്റെ വിശ്വാസ്യതക്കും സത്യസന്ധതക്കുമാണിപ്പോള്‍ ഗുരുതരമായ വിള്ളല്‍ വീണിരിക്കുന്നത്.

kerala

എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

Published

on

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

Published

on

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Continue Reading

kerala

കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

Published

on

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Continue Reading

Trending