Connect with us

kerala

മൊബൈൽ തീപിടുത്ത വാർത്തകൾ കൂടുന്നു; ഫോൺ പൊട്ടിത്തെറിക്ക് മുമ്പ് ചില സൂചനകൾ തരും; മുന്നറിയിപ്പുമായി പോലീസ്

അപകടം വരുന്നതിന് മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരുന്നുണ്ട്

Published

on

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ ഫോണുകളെന്ന് പോലീസ്. കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും ഫോണിൽ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്. അപകടം വരുന്നതിന് മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരുന്നുണ്ട്.

പോസിറ്റീവ് – നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം- അയൺ ബാറ്ററികളാണ് സ്മാർട്ട്‌ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം.

ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചന. മൊബൈൽ ഫോണുകൾ താഴെ വീഴുമ്പോൾ ചെറുതോ വലുതോ ആയ തകരാർ അതിന് സംഭവിക്കുന്നുണ്ട്.

താഴെ വീണാൽ മൊബൈൽ ഒരു സർവീസ് സെന്ററിൽ കൊടുത്ത് പരിശോധിച്ച് പ്രശ്‌നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ വീണ്ടും ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ ഫോണിലുണ്ടായ നേരിയ വിള്ളലോ പൊട്ടലോ വഴി വെള്ളം അല്ലെങ്കിൽ വിയർപ്പ് തുടങ്ങിയവ ബാറ്ററിയിലേക്ക് പ്രവേശിക്കാൻ കാരണമാകും. അത് ഡിസ്‌പ്ലേയിലൂടെയോ ഫോണിന്റെ മറ്റ് ഭാഗങ്ങളിലൂടെയോ ആകാം.

അതിവേഗം ചാർജ് കയറുന്ന അഡാപ്റ്ററുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇവ തിരഞ്ഞെടുക്കുന്നതിലും ജാഗ്രത വേണമെന്ന് പോലീസ്.

സ്മാർട്ട്‌ഫോണുകൾക്കൊപ്പം ലഭിക്കുന്ന ചാർജറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പവർ കൂടിയ ചാർജറുകൾ ഉപയോഗിക്കുന്നതിലൂടെ ബാറ്ററിയിലേക്കുള്ള സമ്മർദം കൂടാനും അത് മൊബൈൽ ഫോണിനെ പ്രതികൂലമായി ബാധിക്കാനും കാരണമാകും.

ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ ഉപയോഗിക്കുന്നതും നല്ലതല്ല. മൊബൈൽ ഫോണിലുണ്ടായിരുന്ന ബാറ്ററിക്കു പകരം മറ്റ് ബാറ്ററികൾ ഉപയോഗിക്കുന്നതും ദോഷകരമാണ്. മൊബൈൽ ഫോണിന്റെ സുരക്ഷയ്ക്കു തന്നെ ഇത് വെല്ലുവിളിയാണ്. ഗുണമേന്മയില്ലാത്ത ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കുന്നത് മൊബൈൽ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കാൻ കാരണമാകും.

ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ പെട്ടെന്ന് പതിവിലും ചൂടാകുന്നതായി തോന്നിയാൽ അത് മാറ്റി വയ്ക്കുക. ചാർജ് ചെയ്യുകയാണെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വയ്ക്കുന്നതാണ് നല്ലത്.

ഡ്രൈവിങിനിടെ കാറിലെ ചാർജിങ് അഡാപ്റ്ററിൽ ഫോൺ കുത്തിയിടുന്നതിലും നല്ലത് പവർ ബാങ്ക് ഉപയോഗിക്കുന്നതാണ്. കാറിൽ ഉപയോഗിച്ചിരിക്കുന്ന അഡാപ്റ്ററുകളും വയറിംങും മറ്റും അത്രത്തോളം സുരക്ഷിതമാകണമെന്നില്ല. പവറിലുണ്ടാകുന്ന വ്യത്യാസം ചിലപ്പോൾ മൊബൈൽ ബാറ്ററിക്ക് തകരാറുണ്ടാക്കാം. തന്മൂലം മൊബൈൽ പൊട്ടിത്തെറിക്കുന്ന സാഹചര്യം വരെ കാര്യങ്ങളെത്തിയാൽ അത് വൻ ദുരന്തത്തിലാകും കലാശിക്കുക.

രാത്രി മുഴുവൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിയിടുന്ന സ്വഭാവം ചിലർക്കുണ്ട്. ഇതും നല്ലതല്ല. എല്ലായ്‌പ്പോഴും നൂറ് ശതമാനം ചാർജ് കയറിയതിനു ശേഷം മാത്രമേ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്താവൂ എന്നില്ല. തൊണ്ണൂറ് ശതമാനം ചാർജായാൽ തന്നെ മതി. ഇത് ബാറ്ററി ഈട് നിൽക്കാനും സഹായിക്കുമെന്ന് പോലീസ്.

കൂടുതൽ സമയം മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ടാൽ അത് ബാറ്ററിക്ക് തകരാറുണ്ടാക്കും എന്നതിൽ സംശയമില്ല. ചാർജ് ചെയ്യാനായി കുത്തിയിടുമ്പോൾ മൊബൈൽ ഫോണിലേക്ക് ചൂട് നേരിട്ടടിക്കുന്ന സാഹചര്യം ഒഴിവാക്കണം. സൂര്യപ്രകാശമോ മറ്റെന്തെങ്കിലും തരത്തിലുള്ള ചൂടോ മൊബൈലിലേക്ക് നേരിട്ടടിക്കുന്നത് നല്ലതല്ല. ചാർജിങ്ങിനിടെ മൊബൈലിന്റെ മുകളിൽ എന്തെങ്കിലും വയ്ക്കുന്നതും ഒഴിവാക്കണം. പവർ സ്ട്രിപ്പുകൾ അല്ലെങ്കിൽ എക്സ്റ്റൻഷനുകൾ ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതും ഒഴിവാക്കണം. ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കും.

സ്മാർട്ട്‌ഫോണുകൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടായൽ കമ്പനി സർവീസ് സെന്ററുകളെ സമീപിക്കുന്നതാണ് നല്ലത്. ഏതെങ്കിലും കടയിൽ കൊടുത്ത് നന്നാക്കാം എന്നു വിചാരിച്ചാൽ അത് റിസ്‌ക് ഇരട്ടിയാക്കുമെന്ന് ഓർക്കണം. ഇങ്ങനെ ചെറിയ ചില കാര്യങ്ങളിലെ കരുതൽ നമ്മുടെ കയ്യിലെ മൊബൈൽ ഫോണിലൂടെയുണ്ടാകാവുന്ന അപകടം ഇല്ലാതാക്കുമെന്നും പോലീസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരിലെ വോട്ടുകൊള്ള; സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ്; വി.ഡി സതീശന്‍

സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം.

Published

on

തൃശൂരിലെ വോട്ടുകൊള്ളയില്‍ സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശന്‍ വിമര്‍ശിച്ചു.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തി. ഇത് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക ക്രമക്കേടിന് കുറിച്ച് പറഞ്ഞത് മുതല്‍ ഉണ്ടായി വന്ന വാര്‍ത്തയല്ല. അന്ന് തന്നെ തൃശൂര്‍ ഡിസിസി പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേര് വന്നു കഴിഞ്ഞാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് അന്ന് കളക്ടര്‍ക്ക് പരാതി നല്‍കിയപ്പോള്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി ഈ വിഷയം പുറത്തു കൊണ്ട് വന്നപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ തൃശൂരിലെ വിഷയവും വന്നു. തീര്‍ച്ചയായിട്ടും അവിടെ വിജയിച്ച എംപി എന്ന നിലക്ക് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അതിനകത്ത് ഉത്തരം പറയാനുള്ള പൂര്‍ണ ബാധ്യതയുണ്ട്.- വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്.

Published

on

1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. ലഹരി വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാവേലിക്കര ഭരണിക്കാവ് പള്ളിക്കല്‍ മുറി സ്വദേശി ജിതിന്‍ കൃഷ്ണ (35) പിടിയിലായത്. ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. 2010 മുതല്‍ ഇയാള്‍ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്.

ബുധനാഴ്ച പുലര്‍ച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്ഷനില്‍ നിന്നാണ് ഇയാളെ പിടിക്കൂടിയത്. ഇയാളില്‍നിന്ന് 1.286 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതിയെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലും ക്രമക്കേട്; ആയിരത്തിധികം വോട്ട് ഇരട്ടിപ്പുകള്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കണം; മുസ്‌ലിം ലീഗ്

ഒരു വോട്ടര്‍ ഐ.ഡിയില്‍ ആറ് വോട്ടര്‍മാര്‍. ഒരു വീട് നമ്പറില്‍ മൂന്നൂറിലധികം വോട്ടര്‍മാര്‍, വീട് നമ്പര്‍ ഇല്ലാതെയും വോട്ടുകള്‍, ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കണം

Published

on

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ നിറഞ്ഞത്. ഓരോ വോട്ടര്‍മാര്‍ക്കും ഐ.ഡി കാര്‍ഡ് നമ്പര്‍ വിത്യസ്ഥമായിരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വോട്ടര്‍ പട്ടികയില്‍ ഒരു ഐ.ഡി കാര്‍ഡ് നമ്പറില്‍ തന്നെ ആറ് വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും. ഇങ്ങനെ ആറ് വോട്ടര്‍മാര്‍ ഉള്ള നാല് ഐ.ഡി കാര്‍ഡ് നമ്പറുകള്‍ പട്ടികയിലുണ്ട്. ഇതുപോലെ 5 വോട്ടര്‍മാര്‍ വീതമുള്ള 4 ഐ.ഡി കാര്‍ഡ് നമ്പറുകളും, 4 വോട്ടര്‍മാര്‍ വീതമുള്ള 3 ഐ.ഡി കാര്‍ഡ് നമ്പറുകളും, 3 വോട്ടര്‍മാര്‍ വീതമുള്ള 20 ഐ.ഡി കാര്‍ഡ് നമ്പറുകളും, 2 വോട്ടര്‍മാര്‍ വീതമുള്ള 599 ഐ.ഡി കാര്‍ഡ് നമ്പറുകളും പട്ടികയിലുണ്ട്. ഇതില്‍ 90 ശതമാനത്തിലേറെ വിത്യസ്ഥ ബൂത്തുകളിലും, ഡിവിഷനുകളിലുമാണ്,

പട്ടികയില്‍ വോട്ടറുടെ പേര്, രക്ഷിതാവിന്റെ പേര്, വീട്ടുപേര് എന്നിവ ഒരു അക്ഷരം പോലും മാറ്റമില്ലാതെ രണ്ട് തവണ ആവര്‍ത്തിച്ച് വരു വോട്ടുകള്‍ 1408 എണ്ണമാണ്. വോട്ട് ഇരട്ടിപ്പിന്റെ വലിയ ഉദാഹരണമാണ് ഇത്. ഒരേ ഡിവിഷനില്‍ ഒരേ ബൂത്തില്‍ 480 വോട്ടുകളാണ് ആവര്‍ത്തിച്ച് വന്നത്. ഒരേ ഡിവിഷനില്‍ തന്നെ 752 വോട്ടുകള്‍ ആവര്‍ത്തിച്ച് വന്നപ്പോള്‍ 656 വോട്ടുകള്‍ വിത്യസ്ഥ ഡിവിഷനിലായാണ് ആവര്‍ത്തിച്ച് വന്നത്. ചെറിയ അക്ഷര വിത്യാസങ്ങള്‍ പരിഗണിച്ചാല്‍ ഇതിന്റെ പത്തിരട്ടി വോട്ട് ഇരട്ടിപ്പ് പട്ടികയില്‍ കാണാന്‍ സാധിക്കും

ഒരു വീട് നമ്പറില്‍ തന്നെ മൂന്നൂറിലധികം വോട്ടര്‍മാര്‍ ഉള്ള വാര്‍ഡുകളും ഉണ്ട്. ഒരു വീട് നമ്പറില്‍ ഉള്ള വോട്ടര്‍മാര്‍ തന്നെ രണ്ടും, മുന്നും ഡിവിഷനില്‍ ആയ കൗതുകകരമായ കാര്യവും പട്ടികയില്‍ ഉണ്ട്. മാറാട് ഡിവിഷനില്‍ ഉള്‍പ്പെട്ട 49/49 എന്ന വീട്ട് നമ്പറില്‍ 327 വോട്ടര്‍മാരാണ് ഉള്ളത്. എന്നാല്‍ ഇവര്‍ 7 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ 4/500 എന്ന വീട്ട് നമ്പറില്‍ 320 വോട്ടര്‍മാരാണ് ഉള്ളത്. ഇവര് 5 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ തന്നെ 4/400 എന്ന വീട് നമ്പറില്‍ 248 വോട്ടര്‍മാരുണ്ട്. 03/418 എന്ന നമ്പറില്‍ 196 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 11 എണ്ണം കൊമ്മേരി ഡിവഷനിലും, 185 എണ്ണം കുറ്റിയില്‍ താഴം ഡിവിഷനിലുമാണ്. 5/0 എന്ന വീട്ട് നമ്പറിലെ 192 വോട്ടര്‍മാരില്‍ 149 എണ്ണം മൊകവൂര്‍ ഡിവിഷനിലും 43 എണ്ണം കുണ്ടുപറമ്പ് ഡിവിഷനിലുമാണ്. 50/50 എന്ന വീട് നമ്പറിലെ 103 വോട്ടര്‍മാരില്‍ 26 എണ്ണം മാറാട് ഡിവിഷനിലും, 72 എണ്ണം നടുവട്ടം ഡിവിഷനിലും, 5 എണ്ണം മാത്തോട്ടം ഡിവിഷനിലുമാണ്. 0 എന്ന വീട്ടു നമ്പറില്‍ വിവിധ ഡിവിഷനുകളിലായി ഉള്ളത് 1088 വോട്ടുകളാണ്. അതും വിത്യസ്ഥ ബൂത്തുകളിലായിട്ടാണ് ഉള്ളത്.

നിലവില്‍ പ്രസിദ്ധീകരിച്ച് പട്ടികയില്‍ അതിര്‍ത്തി മാറി വന്നത് നൂറ് കണക്കണിന് വോ്ട്ടുകളാണ്. ചില ഡിവിഷനുകളില്‍ അഞ്ഞൂറില്‍ അധികം വോട്ടുകള്‍ അതിര്‍ത്തിക്ക് പുറത്ത് നിന്നും വന്നിട്ടുണ്ട്. ഒരു വീട്ടിലെ വോട്ടുകള്‍ തന്നെ വിത്യസ്ഥ ഡിവിഷനുകളിലും, ബൂത്തുകളിലുമായി പരന്ന് കിടക്കുന്നു. ഇത് കൊണ്ട് തന്നെ വോട്ടര്‍ പ്ട്ടിക കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഇതിനിടയിലാണ് ഇങ്ങനെ പതിനായിരത്തോളം വോ്ട്ട് ഇരട്ടിപ്പിന്റെ സാധ്യതയും കണ്ടെത്തിയത്. 2020 ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ 12 ഡിവിഷനില്‍ യു.ഡി.എഫ് പരാജയപ്പെട്ടത് 500 ല്‍ താഴെ വോട്ടിനാണ്. അതിര്‍ത്തി മാറ്റി വന്ന വോട്ടര്‍മാരേടും, വ്യാജ വോട്ടര്‍മാരുടെയും പിന്‍ബലത്തില്‍ അധികാരം നിലനിര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഒരോ ഡിവഷനിലേയും വീടുകള്‍ സന്ദര്‍ശിച്ച് ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ

എം.എ റസാഖ് മാസ്റ്റര്‍, (പ്രസിഡന്റ്. മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി), ടി.ടി ഇസ്മായില്‍ (ജനറല്‍ സെക്രട്ടറി, മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി) എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

Trending