Connect with us

kerala

ശരീരമാകെ നായ്ക്കള്‍ കടിച്ചുകീറി, സമാനതകളില്ലാത്ത ആക്രമണം; നിഹാലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ഇന്നലെ വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്

Published

on

നിഹാലിന്റെ ശരീരമാകെ നായ്ക്കള്‍ കടിച്ച പരുക്കുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നിഹാലിന്റെ തല മുതല്‍ പാദം വരെ നായ്ക്കള്‍ കടിച്ചുകീറി. ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിഹാലിന്റെ കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവേറ്റു. സംഭവത്തിന് പിന്നാലെ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കളെ പിടികൂടിയത്. പടിയൂര്‍ എബിസി കേന്ദ്രത്തിലെ സംഘത്തെയാണ് മുഴപ്പിലങ്ങാട് നിയോഗിച്ചത്.

ഇന്നലെ വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോള്‍ തെരുവ് നായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാര്‍ നിഹാലിനെ കണ്ടെത്തിയത്. വീടിന്റെ 300 മീറ്റര്‍ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.

വീടിനടുത്തുള്ള കളിസ്ഥലത്തേക്ക് എത്തിയതായിരുന്നു നിഹാല്‍. ഇതിനിടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. വൈകിട്ട് അഞ്ചരയോടെ കാണാതായ നിഹാലിനെ രാത്രി 8 45നാണ് കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയായതിനാല്‍ ഉറക്കെ നിലവിളിക്കാന്‍ പോലും കുട്ടിക്കായില്ല. തെരുവുനായ ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

GULF

ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ പാലിയേറ്റീവ്‌ ഉപകരണങ്ങൾ കൈമാറി

Published

on

തൃക്കരിപ്പൂർ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ നൽകിയ പാലിയേറ്റീവ്‌ ഉപകരണങ്ങൾ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങൾ പീ.ടി.എച്ച്‌ ഭാരവാഹികൾക്ക്‌ കൈമാറി.

ചടങ്ങിൽ മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.പി ഹമീദലി, മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറിമാരായ എ.ജി.സി ബഷീർ, ടി.സി.എ റഹ്‌മാൻ, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട്‌ പി.കെ.സി റഊഫ്‌ ഹാജി, ജന:സെക്രട്ടറി സത്താർ വടക്കുമ്പാട്‌, ട്രഷറർ ലത്തീഫ്‌ നീലഗിരി, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി റഷീദ്‌ ഹാജി, ജന:സെക്രട്ടറി അബ്ദുള്ള ഹാജി വി.വി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.കെ ബാവ, സി.എച്ച്‌ സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള, വൈസ്‌ ചെയർമാന്മാരായ ഒ.ടി അഹമ്മദ്‌ ഹാജി, വി.പി.എം സുലൈമാൻ ഹാജി, സി.എച്ച്‌ സെന്റർ കൺവീനർ ഇൻചാർജ്ജ്‌ മുഹമ്മദ്‌ കുഞ്ഞി മൈദാനി, കൺവീനർമാരായ കെ.എം കുഞ്ഞി, അബ്ദുൾ വാജിദ്‌ സി.ടി, പി.ടി.എച്ച്‌ കോഡിനേറ്റർ ടി.എസ്‌ നജീബ്‌, ദുബൈ കെ.എം.സി.സി നേതാക്കളായ ശാഹിദ്‌ ദാവൂദ്‌, അഹമ്മദ്‌ തങ്കയം, ഫാറൂക്ക്‌, റിയാദ്‌ കെ.എം.സി.സി നേതാക്കളായ എം.ടി.പി സാലി ഹാജി, ജമാൽ വൾവക്കാട്‌, അഹമ്മദ്‌ പോത്താംകണ്ടം, അഷ്രഫ്‌ മുൻഷി എന്നിവർ സംബന്ധിച്ചു.

Continue Reading

kerala

ജില്ലാകളക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി വടകര മേഖലയിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണം: മുസ്‌ലിം യൂത്ത് ലീഗ്

Published

on

കോഴിക്കോട്: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് നിയോജകമണ്ഡലത്തിൽ വീറും വാശിയും നിറഞ്ഞ ശക്തമായ മത്സരമാണ് നടന്നത്. എന്നാൽ തികഞ്ഞ ജനാധിപത്യ ബോധവും സ്പോർട്സ്മാൻ സ്പിരിറ്റും ഉയർത്തിപ്പിടിക്കുന്നതിന് പകരം തീർത്തും അസഹിഷ്ണുതയോടെയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പി ആർ വർക്കിലൂടെ കെട്ടിപ്പൊക്കിയ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യാജ ബിംബം വടകരയിൽ തകർന്നുവീണതോടെ, പരാജയഭീതി പൂണ്ട സിപിഎം ‘ലക്ഷ്യം മാർഗ്ഗത്തെ നീതീകരിക്കും’ എന്ന ഹീന തത്വശാസ്ത്രം പ്രയോഗവൽക്കരിക്കുകയായിരുന്നു. അതിന് തീർത്തും അനുകൂലമായ സമീപനമാണ് നിയമപാലകരിൽ നിന്നുണ്ടായത്.

സിപിഎം, സംഘപരിവാറിനെ പോലും നാണിപ്പിക്കും വിധം വർഗീയത ഇളക്കി വിടാനാണ് വടകരയിൽ ശ്രമിച്ചത്. അശ്ലീല വീഡിയോ നിർമ്മിച്ചു എന്ന ആരോപണം നിലത്തെത്തും മുമ്പേ ചീറ്റിപ്പോയതിനെ തുടർന്നാണ് ‘കാഫിർ’ പ്രയോഗവുമായി എത്തിയത്. മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പി കെ കാസിമിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ട് ഉപയോഗിച്ച് കലാപത്തിനാണ് സിപിഎം ശ്രമിച്ചത്. തീർത്തും നിരപരാധിയായ ആ ചെറുപ്പക്കാരൻ പോലീസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല, തുടർന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്ക്രീൻഷോട്ട് സത്യമാണെന്ന് തെളിയിക്കുന്നവർക്ക് മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പത്തുലക്ഷം ഇനാം പ്രഖ്യാപിച്ചെങ്കിലും അതേറ്റെടുക്കാൻ സിപിഎം തയ്യാറായില്ല. ഇപ്പോഴും മുൻ എംഎൽഎ കെ കെ ലതിക പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടില്ല.

യു.ഡി. വൈ.എഫ് നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. കുറ്റവാളികളെ പിടികൂടുമെന്ന് അധികാരികൾ ഉറപ്പു നൽകിയെങ്കിലും അത് ജലരേഖയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ കേസുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് യുഡിഎഫും മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും സ്വീകരിച്ചു വരുന്നത്. അക്കാര്യത്തിൽ ഏതറ്റം വരെ പോകാനും മുസ്‌ലിം യൂത്ത് ലീഗ് ഒരുക്കമാണ്. ആയതിനാൽ ‘കാഫിർ’ പ്രയോഗത്തിന് പിന്നിലെ ദു:ശക്തികളെ പുറത്തു കൊണ്ടു വരുന്നതിൽ സത്വര നടപടി ഉണ്ടാകണം എന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
അതോടൊപ്പം തെരഞ്ഞെടുപ്പ് ഫലത്തിൽ വിറളി പൂണ്ട് സിപിഎമ്മിലെ ക്രിമിനലുകൾ അക്രമത്തിനും കലാപത്തിനും കോപ്പുകൂട്ടും എന്നതാണ് മുൻ അനുഭവം.

നാടിന്റെ സമാധാനവും ശാന്തിയും പരമപ്രധാനമായി കാണുന്ന പ്രസ്ഥാനം എന്നുള്ള നിലയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നാടിന്റെ സമാധാനം ഉറപ്പുവരുത്താൻ വടകരയിൽ എത്രയും പെട്ടെന്ന് ജില്ലാ കലക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിക്കണം എന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി യോഗം അധികാരികളോട് ആവശ്യപ്പെടുന്നു. യോഗത്തിൽ ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ റഷീദ് പ്രമേയം അവതരിപ്പിച്ചു. എ ഷിജിത്ത് ഖാൻ അനുവാദകനായി.

Continue Reading

Trending