Connect with us

india

പരസ്പരസമ്മതപ്രകാരം പതിനാറുകാരിയുമായി ലൈംഗികമായി ബന്ധപ്പെട്ടത് പോക്‌സോ കേസായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി

കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്.

Published

on

പരസ്പര സമ്മതപ്രകാരം പതിനാറുകാരിയുമായി ലൈംഗികമായി ബന്ധപ്പെട്ടത് പോക്‌സോ കേസായി കണക്കാക്കാനാകില്ലെന്ന് മേഘാലയ ഹൈക്കോടതി. പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക വേഴ്ച നടന്നത് എന്നതിനാലാണിതെന്ന് കോടതി നിരീക്ഷിച്ചു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതി കോടതിയെ സമീപിച്ചത്. അത് കോടതി അനുവദിച്ചു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും കോടതി കണ്ടെത്തി. ഇതോടെയാണ് ശിക്ഷ റദ്ദാക്കിയത്.
പതിനാറുകാരിക്ക് സ്വയം ലൈംഗികകാര്യത്തില്‍ തീരുമാനമെടുക്കാനാകുമെന്ന് കോടതി പറഞ്ഞു. പോക്‌സോ കേസില്‍ കാലത്തിനൊത്ത് മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. പല പോക്‌സോ കേസുകളും കുട്ടികളുടെ രക്ഷിതാക്കള്‍ കൊടുക്കുന്നതാണ്. ഇത് കൗമാരക്കാരുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും പ്രണയത്തെ ബാധിക്കുന്നതാകരുതെന്ന് ജസ്റ്റിസ് വാന്‍ലുറാ ഡിംഗ്‌ദോ പറഞ്ഞു. ജോണ്‍ ഫ്രാങ്ക്‌ലിന്‍ ഷില്ല എന്നയാളെയാണ് കോടതി വിട്ടയച്ചത്. 2012ലാണ് 20 വയസ്സുള്ള ഷില്ലക്കെതിരെ പോക്‌സോ കുറ്റത്തിന് ഉംറോയ് പൊലീസ് കേസെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്.

india

കര്‍ഷകരെ ഭീഷണിപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി; നോട്ടീസ് അയച്ച് തെരഞ്ഞടുപ്പ് കമ്മീഷന്‍

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്.കെ.എം) പരാതിയിലാണ് നടപടി.

Published

on

പഞ്ചാബില്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നോട്ടിസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫരീദ്കോട്ട് സ്ഥാനാര്‍ത്ഥിയായ ഹന്‍സ് രാജ് ഹന്‍സാണ് കര്‍ഷകരെ ഭീഷണിപ്പെടുത്തിയത്. പിന്നാലെ ഫരീദ്കോട്ട് റിട്ടേര്‍ണിങ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണറുമായ വിനീത് കുമാര്‍ നോട്ടീസ് അയക്കുകയായിരുന്നു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്.കെ.എം) പരാതിയിലാണ് നടപടി. എസ്.കെ.എമ്മിന്റെ പരാതിയില്‍ 24 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പത്മശ്രീ അവാര്‍ഡ് ജേതാവായ ഹന്‍സ് ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ നടത്തിയ പ്രസംഗത്തിനിടെ കര്‍ഷകരെ ഭീഷണിപ്പെടുത്തിയെന്നാണ് എസ്.കെ.എമ്മിന്റെ പരാതി.

പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായും പരാതിയില്‍ പറയുന്നു. വീഡിയോയില്‍ തന്നെ എതിര്‍ക്കുന്നവരെ ജൂണ്‍ ഒന്നിന് ശേഷം കൈകാര്യം ചെയ്യുമെന്ന് ഹന്‍സ് പറയുന്നതായി കാണാമെന്നും എസ്.കെ.എം ചൂണ്ടിക്കാട്ടി. സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് പുറമെ ഹന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

ഹന്‍സ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാനിയമവും ലംഘിച്ചുവെന്ന് ആം ആദ്മി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ശിരോമണി അകാലിദള്‍ പാര്‍ട്ടി നേതാവ് ബിക്രം സിങ് മജിതി ഹന്‍സിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

ഹന്‍സിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഞായറാഴ്ച പഞ്ചാബില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പഞ്ചാബിലെ മണി സിങ് വാല എന്ന ഗ്രാമത്തില്‍ നടന്ന ഹന്‍സിന്റെ പ്രചരണ പരിപാടി കര്‍ഷകര്‍ തടസപ്പെടുത്തുകയും ചെയ്തു.

Continue Reading

india

യു.പിയില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ദളിത് കുടുംബത്തിന് മര്‍ദനം

കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയ യു.പിയിലെ മുസ്ലിം വോട്ടര്‍മാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു.

Published

on

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ദളിത് കുടുംബത്തിന് സംഘപരിവാര്‍ മര്‍ദനം. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

വീഡിയോയില്‍ ഒരു ദളിത് യുവാവിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്യുന്നതായി കാണാം. യുവാവിനെ മര്‍ദിക്കുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സ്ത്രീകളെയും സംഘം ആക്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയ യു.പിയിലെ മുസ്ലിം വോട്ടര്‍മാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. സംഭാല്‍ ലോക്‌സഭാ മണ്ഡലത്തിലെ 181, 182, 183, 184 ബൂത്തിലാണ് സംഭവം നടന്നത്.

ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. കൗശാംബിയില്‍ മുന്‍ എം.പി വിനോദ് കുമാര്‍ സോങ്കര്‍ ആണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി. മൂന്നാം തവണയാണ് സോങ്കര്‍ കൗശാമ്പിയില്‍ നിന്ന് ജനവിധി തേടുന്നത്. സമാജ് വാദിയുടെ പുഷ്‌പേന്ദ്ര സരോജ് ആണ് മണ്ഡലത്തിലെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി.

19 ലക്ഷത്തോളം വോട്ടുകളുള്ള കൗശാംബി മണ്ഡലത്തില്‍ ഏഴ് ലക്ഷത്തോളം ദളിത് വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ നാല് ലക്ഷത്തോളം വോട്ടുകള്‍ എസ്.പി സ്ഥാനാര്‍ത്ഥി പുഷ്പേന്ദ്ര സരോജിന്റെ പാസി വിഭാഗത്തില്‍ നിന്നുള്ളതാണ്. ബാബഗഞ്ച്, കുന്ദ, സിറത്ത്, മഞ്ജന്‍പൂര്‍, ചൈല്‍ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കൗശാംബി ലോക്‌സഭാ മണ്ഡലം.

Continue Reading

india

‘ഇന്ത്യ’ മുന്നണി അധികാരത്തില്‍ വരട്ടെ; പ്രാര്‍ത്ഥിച്ചും ആശംസിച്ചും ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ

നേരത്തെ പൗരത്വ നിയമ ഭേദഗതിയിലും ഡോ. തോമസ് ജെ നെറ്റോ നിലപാട് വ്യക്തമാക്കിയിരുന്നു.

Published

on

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരട്ടെയെന്ന് ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. ചങ്ങനാശേരി അതിരൂപതാ ദിനം കുറുമ്പനാടത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ബിഷപ്പിന്റെ പ്രാര്‍ത്ഥനയും ആശംസയും. പ്രസംഗം അവസാനിപ്പിക്കവേയായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍.

”തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. അത്ഭുതങ്ങള്‍ സംഭവിക്കട്ടെയെന്നും ഇന്ത്യ മുന്നണി അധികാരത്തില്‍ വരട്ടെയെന്നും നിങ്ങളോടൊപ്പം ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.” ലത്തീന്‍ സഭയുടെ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായ ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു.

നേരത്തെ പൗരത്വ നിയമ ഭേദഗതിയിലും ഡോ. തോമസ് ജെ നെറ്റോ നിലപാട് വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

Continue Reading

Trending