Connect with us

kerala

കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സർക്കാർ ഗൂഢാലോചന: വി.ഡി. സതീശൻ

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഉണ്ടാക്കിയത്.

Published

on

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഉണ്ടാക്കിയത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരും തുടര്‍ന്ന് വന്ന പിണറായി വിജയന്‍ സര്‍ക്കാരും ഈ കരാര്‍ പ്രകാരം വൈദ്യുതി വാങ്ങി. 2023-ല്‍ ഒമ്പത്വര്‍ഷം കഴിഞ്ഞപ്പോള്‍ പെട്ടന്നൊരു ബോധോദയം ഉണ്ടായതു പോലെയാണ് സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും ഗൂഡോലോചന നടത്തി ആ കരാര്‍ റദ്ദാക്കിയത്. അതിന് ശേഷം 4 രൂപ 29 പൈസയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി 8 മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ദിവസേന പത്ത് മുതല്‍ 15 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡ് വരുത്തിയത്. ഇതുവരെ 2000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം പുറത്തുപറഞ്ഞപ്പോള്‍ സര്‍ക്കാര്‍ റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുകയും കരാര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍, കരാര്‍ പുനസ്ഥാപിക്കാന്‍ തയാറല്ലെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് വീണ്ടും ക്വട്ടേഷന്‍ വിളിച്ചപ്പോള്‍ 4 രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതി 6 രൂപ 80 പൈസയ്ക്ക് തരാമെന്നാണ് അദാനി കമ്പനിയുടെ വാഗ്ദാനം. അപ്പലേറ്റ് ട്രിബ്യൂണലും കരാര്‍ പുനഃസ്ഥാപിക്കുന്നത് വിസമ്മതിച്ചു. കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ബോര്‍ഡിനുണ്ടായ നഷ്ടം നികത്താന്‍ ഒരു വര്‍ഷത്തിനിടെ രണ്ടു തവണമായാണ് നിരക്ക് വര്‍ധിപ്പിച്ചത്.

വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ അഴിമതിയുടെയും കൊള്ളയുടെയും നഷ്ടം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റെഗുലേറ്ററി കമ്മിഷനല്ലേ ചെയ്യേണ്ടതെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ചെയര്‍മാന് പുറമെ രണ്ട് അംഗങ്ങളാണ് റെഗുലേറ്ററി കമ്മിഷനിലുള്ളത്.

വൈദ്യുതി ബോര്‍ഡിലെ ഇടത് അനുകൂല സംഘടനയുടെ പ്രസിഡന്റായിരുന്നയാളും എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പി.എ ആയിരുന്ന ആളുമാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍. ഈ റെഗുലേറ്ററി കമ്മിഷന്‍ സര്‍ക്കാരുമായി ആലോചിക്കാതെ കരാര്‍ റദ്ദാക്കുമോ? സര്‍ക്കാരിനും മീതെയാണ് റെഗുലേറ്ററി കമ്മിഷനെങ്കില്‍ കരാര്‍ റദ്ദാക്കി ആറു മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കരാര്‍ പുനഃസ്ഥാപിക്കണമെന്ന് കമ്പനികളോട് റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദ്ദേശിച്ചതെന്തിന്?

കരാര്‍ റദ്ദാക്കിയതിലൂടെ ബോര്‍ഡിനുണ്ടായ നഷ്ടം മുഴുവന്‍ സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ പോരാടും. 25 വര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ 9 വര്‍ഷത്തിന് ശേഷം റദ്ദാക്കിയതിലൂടെ ഉണ്ടായ കോടികളുടെ നഷ്ടത്തിന് ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം. ഇതിന്റെ പേരില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരു കാരണവശാവും അനുവദിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കാറില്ല. ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. എന്നെ ആര്‍ക്കും വിമര്‍ശിക്കാം. എന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തും. അല്ലെങ്കില്‍ ബോധ്യപ്പെടുത്തും. തിരുത്തല്‍ നടപടിക്രമത്തിന്റെ ഭാഗമായാണ് ഇന്നലത്തെ പരിപാടിയില്‍നിന്നും മാറിനിന്നത്. സംഘടനാപരമായ കാര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാക്കുന്ന ഒരു പരാമര്‍ശവും എന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവം; പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്

ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ വെച്ച് നിയമവിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

Published

on

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

സുരക്ഷാ ജീവനക്കാരനോട് സെക്യൂരിറ്റി റൂം തയ്യാറാക്കി വെക്കാന്‍ പ്രതികള്‍ നിര്‍ദ്ദേശിക്കുകയും ആവശ്യത്തിന് വെള്ളവും ബെഡ്ഷീറ്റും ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. കൃത്യത്തിന് പിന്നാലെ പ്രതികള്‍ സെക്യൂരിറ്റി റൂമില്‍ മദ്യപിക്കുകയും ശേഷം അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനി പരാതി നല്‍കില്ലെന്ന് പ്രതികള്‍ കരുതി. അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ സഹായത്തിനായി രാഷ്ട്രീയ നേതാക്കളെയടക്കം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി.

അതേസമയം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കനത്ത പൊലീസ് സുരക്ഷയില്‍ പ്രതികളെ കോളേജില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. പ്രതികള്‍ സ്ഥിരം ശല്യക്കാരാണെന്നാണ് പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് മുന്‍ സഹപാഠി വെളിപ്പെടുത്തിയിരുന്നു.

ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ വെച്ച് നിയമവിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് കൃത്യം നടക്കുന്ന ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.

Continue Reading

kerala

എയര്‍ബസ് 400ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ബ്രിട്ടിഷ് സംഘം; യുദ്ധവിമാനം പരിശോധിക്കും

സംഘത്തില്‍ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധര്‍ ഉണ്ട്.

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടനില്‍ നിന്ന് ചരക്ക് വിമാനമെത്തി. എയര്‍ബസ് അറ്റ്‌ലസ് എന്ന വിമാനമാണ് എത്തിയത്. സംഘത്തില്‍ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധര്‍ ഉണ്ട്. സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചരക്ക് വിമാനത്തില്‍ യുദ്ധവിമാനം കൊണ്ടുപോകും.

ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിന് കഴിയാതെ വന്നാല്‍ ചിറകുകളടക്കം അഴിച്ചു മാറ്റി ചരക്ക് വിമാനത്തില്‍ തിരികെ കൊണ്ടുപോകാനാണ് തീരുമാനം.

ഇറാനെതിരെയുള്ള ഇസ്രാഈല്‍ വ്യാമാക്രമണത്തിലെ യുദ്ധ വിമാനമാണ് f35. കേരളതീരത്തു നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനത്തിന് പ്രക്ഷുബ്ധമായ കടലും കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയുമാണ് തിരിച്ചിറക്കലിന് പ്രതിസന്ധി സൃഷ്ടിച്ചത്.

ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന വിമാനത്തിന് ഒടുവില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചു തിരികെ കൊണ്ടു പോകാന്‍ ബ്രിട്ടീഷ് കപ്പലില്‍ നിന്ന് സൈനിക ഹെലികോപ്റ്ററും സാങ്കേതിക സംഘവും എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Continue Reading

kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കി; തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍

രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്.

Published

on

ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്. കേരള സര്‍വകലാശാലയിലെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

താത്കാലിക വിസി സിസാതോമസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. വി.സിയുടെ വിയോജിപ്പ് സിന്‍ഡിക്കേറ്റ് തള്ളുകയും ചെയ്തു.

സസ്‌പെന്‍ഷന്‍ നടപടി അന്വേഷിക്കാന്‍ ഡോ. ഷിജുഖാന്‍, അഡ്വ.ജി.മുരളീധരന്‍, ഡോ.നസീബ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. നാളെ കോടതിയില്‍ സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ക്ക് സിന്‍ഡിക്കേറ്റ് തീരുമാനം അറിയിക്കേണ്ടിവരും.

അതേസമയം, സസ്‌പെന്‍ഷന്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ഉണ്ടാകില്ലെന്നും അത് അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും വിസി സിസാ തോമസ് പ്രതികരിച്ചു. സസ്‌പെന്‍ഷന്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു .രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്‌തെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്. സസ്‌പെന്‍ഷന്‍ അതേ രീതിയില്‍ നിലനില്‍ക്കുന്നുവെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു.

വിസി മോഹനന്‍ കുന്നുമ്മലാണ് രജിസ്ട്രാര്‍ അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ മോഹനന്‍ കുന്നുമ്മല്‍ വിദേശ സന്ദര്‍ശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വി സി സിസ തോമസാണ്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി നിലവില്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നല്‍കിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കാം. വിസി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കും.

Continue Reading

Trending