Connect with us

Health

മാതാപിതാക്കൾ ശ്രദ്ധിച്ചാൽ ഓട്ടിസം നേരത്തെ തിരിച്ചറിയാം

ശ്രിനില.പി.
പീഡിയാട്രിക് സൈക്കോളജിസ്റ്റ്
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്

Published

on

ശ്രിനില.പി.
പീഡിയാട്രിക് സൈക്കോളജിസ്റ്റ്
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്

“ഡോക്ടറേ…ഞാൻ എന്റെ കുഞ്ഞിനെ മാറോടു ചേർത്തുപിടിച്ച് എത്ര ലാളിച്ചാലും അവൻ ഒന്ന് ചിരിക്കുകയോ സ്നേഹത്തോടെ എന്റെ മുഖത്ത് തലോടുകയോ.. ഒന്നുമില്ല. എത്ര സ്നേഹത്തോടെ വിളിച്ചാലും വിളി കേൾക്കാൻ പോലും കുഞ്ഞ് തയാറല്ല”. കഴിഞ്ഞ ദിവസം ആശുപത്രിയിൽ വച്ച് നിറകണ്ണുകളോടെ സംസാരിച്ച ഒരമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. കുഞ്ഞിന്റെ അച്ഛൻ ഒന്നും മിണ്ടാനാകാതെ തങ്ങളുടെ രണ്ടര വയസ്സുകാരനായ മകനെ നോക്കി നിസ്സഹായനായി നിൽക്കുകയായിരുന്നു. ആ കുരുന്നാകട്ടെ അവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ നിലത്തിരുന്ന് അവന് കൊടുത്ത കളിപ്പാട്ടങ്ങൾ വരിവരിയായി അടുക്കിവെക്കുന്ന തിരക്കിലും. സ്വന്തം കുഞ്ഞിന്റെ കൊച്ചു ലോകത്തേക്ക് കടന്നുചെല്ലാനാകാതെ, അവനൊരുമ്മ നൽകാൻ പോലും കഴിയാതെ ആ ലോകത്തിന് പുറത്തുനിൽക്കേണ്ടി വരുന്ന മാതാപിതാക്കളുടെ നെഞ്ചുരുകുന്ന വേദന ഒരു ഡോക്ടർക്ക് എളുപ്പം മനസിലാക്കാൻ കഴിയും.

പലപ്പോഴും കുട്ടികളുടെ കുറുമ്പാണെന്നോ സംസാരം തുടങ്ങാനുള്ള കാലതാമസമാണെന്നോ കരുതി നമ്മൾ നിസ്സാരവൽക്കരിക്കുന്ന ഈ അകൽച്ച ഒരുപക്ഷേ ഓട്ടിസത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാകാം. കുഞ്ഞിന്റെ ആശയവിനിമയ ശേഷിയെയും ചുറ്റുപാടുകളോടുള്ള ഇടപെടലുകളെയും ബാധിക്കുന്ന ഒരു സങ്കീർണ്ണമായ അവസ്ഥയാണിത്. മൂന്ന് വയസ്സിന് മുൻപ് തന്നെ ഇതിന്റെ സൂചനകൾ പ്രകടമാകാറുണ്ട്. ഈ അവസ്ഥയെ എത്രയും വേഗം തിരിച്ചറിയുക എന്നതാണ് ആ കുരുന്നുകൾക്ക് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ കരുതലും സ്നേഹവും. കാരണം, കൃത്യസമയത്തുള്ള ഇടപെടലുകളിലൂടെ ആ കുഞ്ഞുങ്ങളുടെ അടഞ്ഞുകിടക്കുന്ന ലോകത്തിന്റെ വാതിലുകൾ മെല്ലെ തുറക്കാനും അവരെ കൈപിടിച്ചുയർത്താനും നമുക്ക് സാധിക്കും.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ആദ്യകാല ലക്ഷണങ്ങൾ

രോഗനിർണ്ണയത്തിനും തുടർചികിത്സയ്ക്കും ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയുക എന്നത് അത്യാവശ്യമാണ്. മാതാപിതാക്കൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ ആശയവിനിമയത്തിലും പെരുമാറ്റത്തിലുമുള്ള വ്യതിയാനങ്ങളാണ്. ഒൻപത് മുതൽ പന്ത്രണ്ട് മാസം വരെ പ്രായമായിട്ടും പേര് വിളിച്ചാൽ പ്രതികരിക്കാതിരിക്കുക, മറ്റുള്ളവരോട് പുഞ്ചിരിക്കാൻ മടികാണിക്കുക, കണ്ണുകളിൽ നോക്കാതിരിക്കുക, അങ്ങോട്ടുമിങ്ങോട്ടും ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് കാണിക്കുക എന്നിവയൊക്കെ സാമൂഹിക ഇടപെടലുകളിലെ പോരായ്മകളുടെ സൂചനകളാണ്.

ഇതിനൊപ്പം തന്നെ സംസാരത്തിലും ഭാഷാശേഷിയിലുമുള്ള കാലതാമസവും പ്രത്യേകം ശ്രദ്ധിക്കണം. പന്ത്രണ്ട് മാസമായിട്ടും ബബ്ലിങ് ശബ്ദങ്ങൾ പുറപ്പെടുവിക്കാതിരിക്കുക, പതിനാറ് മാസമായിട്ടും വാക്കുകൾ പറയാതിരിക്കുക, വിരൽ ചൂണ്ടുകയോ കൈവീശി കാണിക്കുകയോ പോലുള്ള ആംഗ്യങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നിവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാകാം. ഇതിനെല്ലാം പുറമെ, കുട്ടി നേരത്തെ സംസാരിച്ചിരുന്ന വാക്കുകളോ നേടിയെടുത്ത കഴിവുകളോ പിന്നീട് നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയും വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.

ചില പ്രത്യേകതരം പെരുമാറ്റങ്ങളും വിനോദങ്ങളോടുള്ള അമിതമായ താല്പര്യവും ഈ കുട്ടികളിൽ കാണാം. കൈകൾ പ്രത്യേക രീതിയിൽ ചലിപ്പിക്കുക, വട്ടം കറങ്ങുക, മുന്നോട്ടും പിന്നോട്ടും ആടുക, ഒരേ പ്രവൃത്തികളോ ശബ്ദങ്ങളോ തന്നെ ആവർത്തിച്ച് ചെയ്യുക തുടങ്ങിയവ ഇതിൽപ്പെടും. ഇവർക്ക് കൃത്യമായ ദിനചര്യകളോട് വലിയ താല്പര്യമായിരിക്കും. എന്നാൽ അതിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും അവർ വലിയ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും. ചില പ്രത്യേക വസ്തുക്കളോടോ വിഷയങ്ങളോടോ ഇവർക്ക് അമിതമായ ആകർഷണവും ഉണ്ടാകാം.

അനുഭവങ്ങളോടുള്ള ഇവരുടെ പ്രതികരണവും തികച്ചും വ്യത്യസ്തമായിരിക്കും. ഉച്ചത്തിലുള്ള ശബ്ദം, തീവ്രമായ വെളിച്ചം, ചില പ്രത്യേകതരം സ്പർശനങ്ങൾ എന്നിവയോട് ഇവർ അമിതമായി പ്രതികരിച്ചേക്കാം. എന്നാൽ, വേദനയോട് ഇവർ വളരെ കുറഞ്ഞ രീതിയിലാകും പ്രതികരിക്കുക. കുട്ടികളുടെ കളികളിലും ഈ വ്യത്യാസം പ്രകടമാണ്. സാങ്കൽപ്പിക കഥാപാത്രങ്ങളായുള്ള കളികളിൽ ഇവർക്ക് താല്പര്യമുണ്ടാകില്ല. മറ്റുള്ളവരുമായി ചേർന്ന് കളിക്കുന്നതിന് പകരം ഒറ്റയ്ക്ക് കളിക്കാനാകും ഇവർക്കിഷ്ടം. കളിപ്പാട്ടങ്ങൾ വെറുതെ വരിവരിയായി അടുക്കിവെക്കുന്നത് പോലുള്ള ആവർത്തന സ്വഭാവമുള്ള കളികളിലാകും ഇവർ എപ്പോഴും ഏർപ്പെടുക.

ആദ്യകാല ഇടപെടലുകൾ അനിവാര്യം

വികാസത്തിൽ കാലതാമസം നേരിടുന്നതോ അല്ലെങ്കിൽ ഡെവലപ്‌മെന്റൽ ഡിസോർഡറുകൾ വരാൻ സാധ്യതയുള്ളതോ ആയ കുട്ടികൾക്ക് ജനനം മുതൽ ഏകദേശം ആറ് വയസ്സ് വരെ നൽകുന്ന ചിട്ടയായ തെറാപ്പികളും വിദ്യാഭ്യാസപരമായ പിന്തുണയുമാണ് ഏർളി ഇന്റർവെൻഷൻ എന്ന് അറിയപ്പെടുന്നത്. ഈ ഇടപെടലുകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടിയുടെ ആശയവിനിമയ ശേഷിയും ഭാഷാ നൈപുണ്യവും വളർത്തിയെടുക്കുന്നതിലാണ്. ഇതിനൊപ്പം സാമൂഹിക ഇടപെടലുകൾ മെച്ചപ്പെടുത്താനും, വാശിയും ദേഷ്യവും പോലുള്ള സങ്കീർണ്ണമായ പെരുമാറ്റങ്ങളെ നിയന്ത്രിക്കാനും ഇത്തരം തെറാപ്പികൾ സഹായിക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാനും സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനുള്ള കഴിവ് വളർത്താനും കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓട്ടിസത്തിന് തെറാപ്പി അനിവാര്യം

ഓട്ടിസം എന്നത് മരുന്നുകൾ കൊണ്ട് പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ഒരു രോഗമല്ല എന്ന് മാതാപിതാക്കൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടതുണ്ട്. മറിച്ച്, ഓരോ കുട്ടിയുടെയും വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞുള്ള ഒരു കൂട്ടായ പരിശ്രമമാണ് ഇതിന്റെ ചികിത്സ. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത് വിവിധ തെറാപ്പികളാണ്. കുട്ടികളുടെ ആശയവിനിമയ ശേഷിയും ഭാഷാശേഷിയും മെച്ചപ്പെടുത്താൻ സ്പീച്ച് തെറാപ്പികൾ സഹായിക്കുമ്പോൾ, ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാനും പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഒക്യുപ്പേഷണൽ തെറാപ്പിയാണ് നൽകുന്നത്. കൂടാതെ, കുട്ടികളുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ നിയന്ത്രിക്കാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ബിഹേവിയറൽ തെറാപ്പികൾ വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സ്പെഷ്യൽ എഡ്യൂക്കേഷന്റെ സഹായവും തേടാവുന്നതാണ്. ഓട്ടിസത്തിന് മാത്രമായി പ്രത്യേകിച്ച് മരുന്നുകൾ ഇല്ലെങ്കിലും, ഇതിനോടനുബന്ധിച്ച് കാണപ്പെടുന്ന അമിതമായ ദേഷ്യം, ഉറക്കമില്ലായ്മ, അമിത ശ്രദ്ധക്കുറവ് തുടങ്ങിയ അനുബന്ധ പ്രശ്നങ്ങൾക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്നുകൾ നൽകേണ്ടി വന്നേക്കാം.

എപ്പോഴാണ് വിദഗ്ദ്ധ സഹായം തേടേണ്ടത്?

കുട്ടിയുടെ വളർച്ചയുടെ നാഴികക്കല്ലുകളിൽ എന്തെങ്കിലും കാലതാമസം നേരിടുന്നുണ്ടെങ്കിലോ, ആർജ്ജിച്ചെടുത്ത കഴിവുകൾ നഷ്ടപ്പെടുന്നുണ്ടെങ്കിലോ ഉടൻ തന്നെ മാതാപിതാക്കൾ പ്രൊഫഷണൽ സഹായം തേടേണ്ടതാണ്. സാമൂഹികമായോ ആശയവിനിമയപരമായോ എന്തെങ്കിലും ആശങ്കകൾ തോന്നിയാലും ഒട്ടും വൈകരുത്. ആദ്യകാല സ്ക്രീനിംഗ് ടൂളുകളുടെ സഹായത്തോടെ പീഡിയാട്രീഷ്യൻമാർ, സൈക്കോളജിസ്റ്റുകൾ, അല്ലെങ്കിൽ ഡെവലപ്‌മെന്റൽ സ്പെഷ്യലിസ്റ്റുകൾ എന്നിവർക്ക് കുട്ടിയെ പരിശോധിച്ച് നിങ്ങളുടെ ആശങ്കകൾ സ്ഥിരീകരിക്കാനും ആവശ്യമായ തുടർനടപടികൾ കൃത്യമായി നിർദ്ദേശിക്കാനും കഴിയും.

മാതാപിതാക്കളുടെ പങ്ക്

നേരത്തെയുള്ള ഇടപെടലുകൾ വിജയകരമാകണമെങ്കിൽ അതിൽ മാതാപിതാക്കളുടെയും പരിചരിക്കുന്നവരുടെയും പങ്ക് വളരെ വലുതാണ്. കുട്ടിയുടെ ഓരോ വികസന മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് ആദ്യപടി. അർത്ഥവത്തായ ആശയവിനിമയങ്ങളിലൂടെയും കളികളിലൂടെയും കുട്ടിയുമായി നിരന്തരം ഇടപഴകുകയും അവർക്കായി കൃത്യമായ ഒരു ദിനചര്യ ചിട്ടപ്പെടുത്തുകയും വേണം. ഇതിനെല്ലാം ഉപരിയായി, തെറാപ്പിസ്റ്റുകളുമായും മറ്റ് പ്രൊഫഷണലുകളുമായും ചേർന്ന് പ്രവർത്തിക്കാൻ മാതാപിതാക്കൾ തയ്യാറാകുമ്പോഴാണ് ഏറ്റവും മികച്ച ഫലം ലഭിക്കുന്നത്.

Health

കായിക വിനോദങ്ങളിലെ പരിക്കുകൾ എങ്ങനെ ഒഴിവാക്കാം?

മധ്യവേനലവധിക്കാലം കടന്നുവരുന്നതിനാല്‍ മിക്ക കുട്ടികള്‍ക്കും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പരിക്കുകള്‍ കൂടുതലായി കാണപ്പെടുന്ന സമയം കൂടിയാണ് കടന്നുവരുന്നത്.

Published

on

By

Dr. Ayisha Rubeena
Specialist-Payal Mediuine and Rehabilitation
A MIMS Kazhikode

കായിക വിനോദത്തില്‍ ഏര്‍പ്പെടാത്ത മലയാളികള്‍ ഉണ്ടാവില്ല. മധ്യവേനലവധിക്കാലം കടന്നുവരുന്നതിനാല്‍ മിക്ക കുട്ടികള്‍ക്കും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പരിക്കുകള്‍ കൂടുതലായി കാണപ്പെടുന്ന സമയം കൂടിയാണ് കടന്നുവരുന്നത്. ഒഴിവ് സമയങ്ങളിലും മറ്റും വിവിധ കായിക വിനോദത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് തന്നെ കുട്ടികളിലും യുവാക്കളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളും സര്‍വ്വ സാധാരണമാണ്. ഇത്തരം പരിക്കുകളെ ചികിത്സിക്കേണ്ടതുണ്ടോ? ഇതേപോലുള്ള വിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.

ഏതൊരു വിനോദവും തുടങ്ങുന്നതിന് മുന്‍പും ശേഷവും ശരീരം സജ്ജമാക്കേണ്ടത് അത്യാവശ്യമാണ്. ഏത് പ്രായത്തിലുള്ളവരാണങ്കിലും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം മുന്‍കൂട്ടി സജ്ജമാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ശരീരം തയ്യാറാവുന്നതിന് വേണ്ടി ഈ കാര്യങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിക്കുക. വാം – അപ്പ്(WarmUp) കളി തുടങ്ങുന്നതിന് മുന്‍പ് അഞ്ചോ പത്തോ മിനിറ്റ് ലഘുവായ വ്യായാമങ്ങള്‍ അഥവാ വാം – അപ്പ് ( WarmUp ) ചെയ്യുന്നത് പേശികളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പെട്ടെന്നുള്ള ചലനങ്ങള്‍ മൂലം പേശികള്‍ വലിഞ്ഞുണ്ടാകുന്ന പരിക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ, കളിക്ക് ശേഷം പേശികള്‍ക്ക് അയവ് വരുത്തുന്ന സ്‌ട്രെച്ചിംഗ് (Stretching) വ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിന്റെ വഴക്കം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. ഓരോ പ്രായക്കാര്‍ക്കും കായിക ക്ഷമതയില്‍ വ്യത്യാസമുള്ളതിനാല്‍ അതനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. കുട്ടികള്‍ ഒരേ തരം കായിക ഇനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പലതരം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വളര്‍ച്ചാഘട്ടത്തിലെ പരിക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും. മുതിര്‍ന്നവര്‍ തങ്ങളുടെ കായിക തീവ്രത പെട്ടെന്ന് വര്‍ദ്ധിപ്പിക്കാതെ പത്തു ശതമാനം നിയമം (10% Rule) പാലിച്ച് ആഴ്ചതോറും ക്രമമായി വര്‍ദ്ധിപ്പിക്കുന്നതാണ് നല്ലത്. പ്രായമായവര്‍ വീഴ്ചകള്‍ ഒഴിവാക്കാനായി ശരീരത്തിന്റെ ബാലന്‍സും എല്ലുകളുടെ ബലവും വര്‍ദ്ധിപ്പിക്കുന്ന വ്യായാമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശരിയായ ഉപകരണങ്ങളും സാങ്കേതികതയും പരിക്കുകള്‍ തടയുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.

പദരക്ഷകളുടെ തിരഞ്ഞെടുപ്പ് (Proper Footwear) നാം കളിക്കുന്നകളിക്ക് അനുയോജ്യമായതും തേയ്മാനം സംഭവിക്കാത്തതുമായ പാദരക്ഷകള്‍ ( Footwear ) ഉപയോഗിക്കുന്നത് സന്ധികള്‍ക്കും നട്ടെല്ലിനും ഉണ്ടാകുന്ന ആഘാതം കുറയ്ക്കും. കൂടാതെ ഹെല്‍മറ്റ്, ഗാര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാന്‍ മടി കാണിക്കരുത്. ശരിയായ രീതിയിലുള്ള പരിശീലനം (proper Technique) ഏത് കായിക ഇനമാണെങ്കിലും അത് ശരിയായ രീതിയില്‍ (Proper Tehnique ) പരിശീലിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഒരു പരിശീലകന്റെ സഹായത്തോടെ ശരിയായ രീതികള്‍ പഠിക്കുന്നത് ഇതിന് ഉത്തമമാണ്. ജലാംശം നിലനിര്‍ത്തുക ( Proper Hydration ) വ്യായാമം പോലെ തന്നെ പ്രധാനമാണ് ശരീരത്തിന് നല്‍കുന്ന വിശ്രമവും പോഷകാഹാരവും, കഠിനമായ കായിക അധ്വാനത്തിന് ശേഷം പേശികള്‍ക്ക് സ്വയം സുഖപ്പെടാന്‍ മതിയായ വിശ്രമവും എട്ടു മണിക്കൂര്‍ ഉറക്കവും ആവശ്യമാണ്. അതോടൊപ്പം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് പേശികള്‍ കോച്ചിപ്പിടിക്കുന്നത് (Cramps) ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനും കാല്‍സ്യവും അടങ്ങിയ ഭക്ഷണക്രമം നിര്‍ബന്ധമായും പാലിക്കണം. ഏറ്റവും പ്രധാനമായി, ശരീരം നല്‍കുന്ന നിര്‍ബന്ധമായും സൂചനകള്‍ ശ്രദ്ധിക്കുക. ചെറിയ വേദനകള്‍ പോലും അവഗണിച്ചുകൊണ്ട് കളി തുടരുന്നത് വലിയ പരിക്കുകളിലേക്ക് നയിച്ചേക്കാം. പരിക്കേറ്റാല്‍ എന്തുചെയ്യണം? മുന്‍കാലങ്ങളില്‍ പരിക്കേറ്റാല്‍ ഉടന്‍ വിശ്രമം (Rest) മാത്രം നിര്‍ദ്ദേശിക്കുന്ന Rice രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ആധുനിക സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്ന് ശുപാര്‍ശ ചെയ്യുന്നത് കൂടുതല്‍ ശാസ്ത്രീയമായ P.O.L.I.C.E പ്രോട്ടോക്കോള്‍ ആണ്. ഇത് പരിക്കേറ്റ ഭാഗം വേഗത്തില്‍ സുഖപ്പെടാന്‍ സഹായിക്കുന്നു.

1.P- Protection പരിക്കേറ്റ ഭാഗത്തിന് കൂടുതല്‍ ആഘാതം ഏല്‍ക്കാത്ത വിധം സംരക്ഷിക്കുക. താത്കാലികമായി ആ ഭാഗം ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ സപ്പോര്‍ട്ടുകള്‍ ഉപയോഗിക്കുകയോ ചെയ്യാം. 2.O.L- Optimal Loading: പൂര്‍ണ്ണമായ വിശ്രമത്തിന് പകരം, വേദനയില്ലാത്ത പരിധിയില്‍ നിന്നുകൊണ്ട് പരിക്കേറ്റ ഭാഗത്തിന് ചെറിയ ചലനങ്ങള്‍ നല്‍കുക. ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കും. ( ഇത് ഒരു വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം ചെയ്യുന്നതാണ് ഉചിതം). 3.I Tce; നിര്‍വിക്കവും വേദനയും കുറയ്ക്കാന്‍ പരിക്കേറ്റ ഭാഗത്ത് ഐസ് പാക്കുകള്‍ ഉപയോഗിക്കുക. 4.C. Compression. നീര് വരുന്നത് നിയന്ത്രിക്കാനായി ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിച്ച് പരിക്കേറ്റ ഭാഗം മൃദുവായി കെട്ടിവെക്കുക. രക്തയോട്ടം തടസ്സപ്പെടാത്ത വിധത്തിലായിരിക്കണം ഇത്. 5.E. Elevation. പരിക്കേറ്റ ഭാഗം ഹൃദയത്തിന്റെ നിരപ്പിനേക്കാള്‍ അല്പം ഉയര്‍ത്തി വെക്കുന്നത് നീര് കുറയ്ക്കാന്‍ സഹായിക്കും. പരിക്കുകള്‍ സംഭവിച്ചാല്‍ ഒരിക്കലും വെച്ച് താമസിക്കുകയോ സ്വയം ചികിത്സയിലേക്ക് തിരിയുകയോ ചെയ്യരുത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ചികിത്സാ മേഖലകളിലൊന്നാണ് സ്‌പോര്‍ട്‌സ് മെഡിസിന്‍. ആയതിനാല്‍ തന്നെ കായിക മേഖലയുമായി ബന്ധപ്പെട്ട വിഭിന്നങ്ങളായ പരിക്കുകള്‍ക്ക് സ്‌പോര്‍ട്‌സ് മെഡിസിനില്‍ ഫലപ്രദമായ ചികിത്സകളുണ്ട്. പരിക്കുകള്‍ സംഭവിച്ചു എന്നുള്ളതുകൊണ്ട് മാത്രം തങ്ങളുടെ മുന്നോട്ടുള്ള ജീവിതവും കരിയറും അവസാനിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ന് വളരെ കുറവായതും ഈ ആധുനിക ചികിത്സാരീതിയുടെ നേട്ടമാണ്. ആയതിനാല്‍ പരിക്കുകള്‍ സംഭവിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത് .

 

 

 

 

 

Continue Reading

Health

യുവാക്കളില്‍ പക്ഷാഘാതം കൂടുന്നുണ്ടോ? യുവാക്കളിലെ സ്‌ട്രോക്കിനുള്ള പ്രധാന കാരണങ്ങള്‍ അറിയാം

എന്താണ് ഇതിന് കാരണമെന്നും എന്തെല്ലാമാണ് ഇത്തരം രോഗംകൊണ്ട് ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്നും നാമെല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

Published

on

By

Dr. Ashraf V V

Senior Consultant & Director Neurology Aster MIMS Kozhikode

ലോകത്തില്‍ ആറില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നു എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ലോകത്താകമാനം 1.3 കോടി ജനതയാണ് പ്രതിവര്‍ഷം സ്‌ട്രോക്കിന് വിധേയരാകുകയും ഇതില്‍ 55 ലക്ഷത്തോളം പേര്‍ മരണപ്പെടുകയും ചെയ്യുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ പ്രായമായവരിലും ടെന്‍ഷന്‍ പിടിച്ച ജോലികളിലും മുഴുകുന്നവരിലാണ് ഇത്തരം അസുഖങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളതെങ്കില്‍ ഇന്ന് അത് യുവാക്കളിലും സര്‍വ്വസാധാരണമായി കണ്ടുവരുന്നു. എന്താണ് ഇതിന് കാരണമെന്നും എന്തെല്ലാമാണ് ഇത്തരം രോഗംകൊണ്ട് ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്നും നാമെല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

ശരീരത്തില്‍ വളരെപ്പെട്ടെന്ന് വലിയതരത്തിലുള്ള ആഘാതമാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം കാരണം സംഭവിക്കുന്നത്. ജീവിതകാലം മുഴുവന്‍ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും സമ്മാനിക്കാന്‍ സാധ്യതയുള്ള ഒരസുഖമായതിനാല്‍ ശരീരം നല്‍കുന്ന ചെറിയരീതിയിലുള്ള അസ്വസ്ഥതകള്‍ പോലും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

ഹൃസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പ്രത്യാഘാതങ്ങളാണ് സ്‌ട്രോക്കിന്റെ മറ്റൊരു സവിശേഷത. ഏത് ശരീരഭാഗത്തെയാണ് കിഴടക്കിയിരിക്കുന്ന ത്. ചികിത്സ എത്രപെട്ടെന്ന് ആരംഭിച്ചു എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ അസുഖത്തിന്റെ പ്രത്യാഘാതങ്ങളുടെ തീവ്രതയും ദൈര്‍ഘ്യവും നിണ്ടു നില്‍ക്കുന്നത്. ചലനത്തിനുള്ള തടസ്സം. സംസാരവൈകല്യം തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി പ്രത്യാഘാതങ്ങള്‍ ഇതിന്റെ ഭാഗമാണ്. മസ്തിഷ്‌കത്തിലേക്കുള്ള രക്തക്കുഴല്‍ അടയുന്ന അല്ലെങ്കില്‍ രക്തക്കുഴല്‍ പൊട്ടുന്ന (emorrlagic stroke) ഇങ്ങനെ രണ്ടു തരത്തിലാണ് പ്രധാനമായും പക്ഷാഘാതത്തെ വേര്‍തിരിക്കുന്നത്. യുവാക്കളിലെ സ്‌ട്രോക്കിനുള്ള പ്രധാന കാരണങ്ങള്‍ (Causes) പ്രായമായവരില്‍ നിന്ന് വ്യത്യസ്തമായി യുവാക്കളില്‍ സ്‌ട്രോക്കിന് കാരണമാകുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട് അവ എന്തെല്ലാമെന്ന് നോക്കാം.

*ഹ്യദയസംബന്ധമായ പ്രശ്‌നങ്ങള്‍: ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍, ക്രമമല്ലാത്ത ഹൃദയമിടിപ്പ് (PFO, AFib) ഇതിന് കാരണമാകുന്നുണ്ട്.

*രക്തക്കുഴലുകളിലെ തകരാറുകള്‍ (Arterial Dissections): രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന ചെറിയ കീറലുകള്‍ കഠിനമായ വ്യായാമം ചെയ്യുമ്പോഴോ കഴുത്ത് പെട്ടെന്ന് വെട്ടിക്കുമ്പോഴോ ഇത് സംഭവിക്കാം.

*രക്തം കട്ടപിടിക്കുന്ന രോഗങ്ങള്‍: ജനിതകമായ കാരണങ്ങളാല്‍ രക്തം അമിതമായി കട്ടപിടിക്കുന്ന അവസ്ഥ (Thrombophilia)

*മരുന്നുകളുടെ ഉപയോഗം: ചില തരം ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം (പ്രത്യേകിച്ച് പുകവലിക്കുന്ന സ്ത്രീകളില്‍), ഹോര്‍മോണ്‍ ചികിത്സകള്‍

*മൈഗ്രേന്‍ (Migraine wi-th Aura): കാഴ്ച മങ്ങുന്ന തരത്തിലുള്ള മൈഗ്രേന്‍ ഉള്ളവരില്‍ സ്‌ട്രോക്ക് സാധ്യത അല്പം കൂടുതലാണ്.

*ലഹരി വസ്തുക്കള്‍; മയക്കുമരുന്ന്, പുകയില, അമിതമായ മദ്യപാനം എന്നിവ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും സ്‌ട്രോക്കിന് കാരണമാവുകയും ചെയ്യുന്നു.

*ജീവിതശൈലിയും സ്‌ട്രോക്കും (Life style Risks); പുകവലി രക്തക്കുഴലുകളെ നശിപ്പിക്കുകയും രക്തം കട്ടപിടിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

*അമിതവണ്ണവും മോശം ഭക്ഷണരീതിയും: ഫാസ്റ്റ് ഫുഡ്, അമിതമായ ഉപ്പ് എന്നിവ ബി.പി വര്‍ദ്ധിപ്പിക്കുന്നു.

*വ്യായാമമില്ലായ്മ; ഇത് കൊളസ്‌ട്രോളിനും പ്രമേഹത്തിനും വഴിമാറുന്നു.

*മാനസിക സമ്മര്‍ദ്ദം (Stress): ജോലിസ്ഥലത്തെയും ജീവിതത്തിലെയും സമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്നു.

എങ്ങനെ പ്രതിരോധിക്കാം?(Prevention)

*കൃത്യമായ ആരോഗ്യ പരിശോധനകള്‍ കൃത്യസമയത്ത് ബി.പി, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കുക.

*ഭക്ഷണക്രമീകരണം പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക. ഉപ്പിന്റെ അളവ് കുറയ്ക്കുക.

*വ്യായാമം: ആഴ്ച്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് എങ്കിലും ലഘുവായ വ്യായാമം (നടത്തം പോലുള്ളവ) ശീലമാക്കുക.

ലക്ഷണങ്ങള്‍

തളര്‍ച്ചയാണ് സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്ന്. കൈയോ, കാലോ, അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗമോ തളര്‍ന്ന് പോകുന്നു. ചിലരില്‍ മുഖത്തിന്റെ കോടല്‍ പ്രത്യക്ഷപ്പെടും. ചൂണ്ട് അല്ലെങ്കില്‍ മുഖം പൂര്‍ണ്ണമായി തന്നെ ഒരു വശത്തേക്ക് കോടിപ്പോകുന്നു. തരിപ്പ്, മരവിപ്പ് പോലുള്ള അവസ്ഥകളും ഇതിന്റെ ഭാഗമായി പ്രത്യക്ഷപ്പെടാറുണ്ട്. ശരീരത്തിന്റെ സന്തുലനാവസ്ഥ (balance) നഷ്ടപ്പെട്ട് പോകുന്നതും, സംസാരം കുഴയുന്നതുമെല്ലാം മറ്റ് ലക്ഷണങ്ങളാണ്.

– FAST ഓര്‍മ്മിക്കുക

യുവാക്കള്‍ക്കും പ്രായമായവര്‍ക്കും ലക്ഷണങ്ങള്‍ സമാനമാണ്.

F (Face): മുഖത്ത് കോട്ടം.

A (Arms): കൈകാലുകളുടെ തളര്‍ച്ച.

S (Speech): സംസാരത്തിലെ കുഴച്ചില്‍.

I (Time) ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുക.

ചികിത്സ തേടേണ്ടതെപ്പോള്‍?

രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒരു നിമിഷം പോലും വൈകിക്കാതെ ചികിത്സ തേടണം. ഹൃദയാഘാതത്തിനും മറ്റും നല്‍കുന്ന സി പി ആര്‍ പോലുള്ള പ്രാഥമിക ചികിത്സയൊന്നും തന്നെ സ്‌ട്രോക്കിനില്ല എന്ന് ഓര്‍മ്മിക്കുക. അത്തരം ചികിത്സകള്‍ക്കായി സയമം നഷ്ടപ്പെടുത്തരുത്. എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കുക. സ്‌ട്രോക്ക് ചികിത്സയില്‍ പരിചയ സമ്പന്നരായ ന്യൂറോളജിസ്റ്റുമാരും ന്യൂറോസര്‍ജന്മാരും ഉള്ള ആ ശുപത്രിയാണ് എപ്പോഴും തെരഞ്ഞെടുക്കേണ്ടത്.

ചികിത്സ

രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഒരു നിമിഷം പോലും വൈകാതെ ചികിത്സ ആരംഭിക്കണം. ഇസ്‌കീമിക് സ്‌ട്രോക്ക്, ഹെമിറേജിക് സ്‌ട്രോക്ക് എന്നിങ്ങനെ രണ്ട് തരത്തിലാണ് സ്‌ട്രോക്കുകളുള്ളത്. ഇതില്‍ ഇസ്‌കീമിക് സ്‌ട്രോക്ക് ആണെങ്കില്‍ സ്‌ട്രോക്കിന്റെ ആദ്യമണിക്കൂറുകളില്‍ (4 മണി ക്കൂറിനുള്ളില്‍) ടി പി എ എന്ന വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ നല്‍കി ബ്ലോക്ക് അലിയിക്കാന്‍ സാധിക്കും. ചിലരില്‍ എന്‍ഡോവാസ്‌കുലര്‍ ശസ്ത്രക്രിയയും ആവസ്യമായി വരും.

ഹെമറേജിക് സ്‌ട്രോക്ക് ആണെങ്കില്‍ തലച്ചോറിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാവശ്യമായ മരുന്നുകള്‍ നല്‍കുകയാണ് ആദ്യം ചെയ്യുന്നത്.
പിന്നീട് ശസ്ത്രക്രിയയാണ് പ്രധാനമായും ആവശ്യമായി വരാറുള്ളത്. അടിയന്തര ശസ്ത്രക്രിയ നടത്തി രക്തക്കട്ട നീക്കം ചെയ്യാവുന്നതാണ്. അന്യൂറിസം പൊട്ടിയ അവസ്ഥയാണെങ്കില്‍ നീര്‍വിക്കം വന്ന ഭാഗത്ത് ക്ലിപ്പ് ചെയ്യേണ്ടി വരും. ചിലരില്‍ എന്‍ഡോവാസ്‌കുലര്‍ എംബോളൈസേഷന്‍, കോയിലിംഗ് എന്നി യും സ്വീകരിക്കാറുണ്ട്.

Continue Reading

Health

റേഡിയേഷന്‍ തെറാപ്പിയുടെ പ്രധാന്യം എന്തെല്ലാം?

റേഡിയേഷന്‍ തെറാപ്പി ചികിത്സാരംഗത്തെ ഈ മുന്നേറ്റങ്ങള്‍ രോഗികള്‍ക്ക് പേടികൂടാതെ ചികിത്സ സ്വീകരിക്കാനും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഇന്ന് വലിയ കരുത്തേകുന്നു.

Published

on

By

കാന്‍സര്‍ ചികിത്സ മുതല്‍ വിട്ടുമാറാത്ത രോഗങ്ങള്‍ വരെ ആധുനിക വൈദ്യശാസ്ത്രത്തില്‍ രോഗശമനത്തിനും വേദന നിവാരണത്തിനുമുള്ള ഏറ്റവും ഫലപ്രദമായമാര്‍ഗങ്ങളിലൊന്നാണ് റേഡിയേഷന്‍തെറാപ്പി. ഇത് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും ട്യൂമറുകളുടെ വളര്‍ച്ച തടയാനും സഹായിക്കുന്നു. പ്രധാനമായും എക്‌സ്റ്റേണല്‍ ബീം റേഡിയേഷന്‍ തെറാപ്പി(EBRT), ബ്രാക്കി തെറാപ്പി(Internal Radiation) എന്നിങ്ങനെ വിവിധ രീതികളില്‍ റേഡിയേഷന്‍ നല്‍കിവരുന്നു. കാന്‍സര്‍ ചികിത്സയില്‍ റേഡിയേഷന്‍ തെറാപ്പി ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ശസ്ത്രക്രിയ, സിസ്റ്റമിക് തെറാപ്പി (Chemotherapy) എന്നിവയ്ക്കൊപ്പം ഒരു ഘട്ടം ഘട്ടമായിട്ടാണ് സാധാരണയായി നല്‍കുന്നത്. നമ്മുടെ നാട്ടിലെ ഏകദേശം 50% കാന്‍സ റുകളും രണ്ടാം ഘട്ടത്തിന് ശേഷമാണ് തിരിച്ചറിയപ്പെടുന്നത് എന്നതിനാല്‍ ഇത്തരത്തിലുള്ള സംയോജിത ചികിത്സാ രീതികള്‍ അത്യാവശ്യമായി വരുന്നു. റേഡിയേഷന്‍ തെറാപ്പിയുടെ

പ്രാധാന്യം
കോശനാശം: ഉയര്‍ന്ന ഊര്‍ജ്ജമുള്ള രശ്മികള്‍ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നേരിട്ട് നശിപ്പിക്കുന്നു.

ട്യൂമര്‍ നിയന്ത്രണം: ട്യൂമ റുകളുടെ അനിയന്ത്രിതമായ വളര്‍ച്ച തടയുന്നു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്ര ക്രിയയ്ക്ക് മുന്നോടിയായി ട്യൂമറുകളുടെ വലിപ്പം കുറയ്ക്കാന്‍ ഇത്
സഹായിക്കുന്നു. ശസ്ത്രക്രിയയ് ക്ക് ശേഷം: ശസ്ത്രക്രിയ കഴിഞ്ഞmo ലും അവശേഷിക്കാന്‍ സാധ്യതയു ള്ള കാന്‍സര്‍ കോശങ്ങളെ പൂര്‍ണ്ണ മായും നശിപ്പിക്കാന്‍ റേഡിയേ ഷന്‍ ഉപയോഗിക്കുന്നു.

ജീവിതനിലവാരം: കാന്‍സര്‍ മൂലമുണ്ടാകു ന്ന അസ്വസ്ഥതകള്‍ കുറച്ച് രോഗി കളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നു.

ചികിത്സാ രീതികള്‍:
ക്യുറേറ്റീവ് റേഡിയേഷന്‍: അവയവങ്ങള്‍ നീക്കം ചെയ്യാതെ തന്നെ കാന്‍സര്‍ ഭേദമാക്കാന്‍ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന്, വോയ്സ് ബോക്‌സ് സംരക്ഷിച്ചുകൊണ്ട് തന്നെ ശബ്ദം നിലനിര്‍ത്താന്‍ റേഡിയേഷന്‍ വഴി സാധിക്കും. ഗര്‍ഭാശയ ഗള കാന്‍സര്‍ ചികിത്സയില്‍ എക്‌സ്റ്റേണല്‍ റേഡിയേഷനും ബ്രാക്കി തെറാപ്പിയും സംയോജിപ്പിച്ചു നല്‍കാറുണ്ട്.
പാലിയേറ്റീവ് റേഡിയേഷന്‍ രോഗം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയാത്ത ഘട്ടത്തില്‍, അമിതമായ രക്തസ്രാവം തടയാനും അസഹനീയമായ വേദന കുറയ്ക്കാനും ഇത് നല്‍കുന്നു.

കൃത്യതയാര്‍ന്ന സാങ്കേതിക
വിദ്യകള്‍: SRS & SERT
ആധുനിക സാങ്കേതികവിദ്യയായ സ്റ്റീരിയോടാക്റ്റിക് റേഡിയേഷന്‍, വളരെ ചെറിയ ഭാഗത്തേക്ക് ഉയര്‍ന്ന അളവില്‍ രശ്മികള്‍ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. ഇത് ചികിത്സാ കാലയളവ് കുറയ്ക്കുന്നു. തലച്ചോറിലെ മുഴകള്‍ ഏകദേശം 5 സെഷനുകള്‍ കൊണ്ട് ഭേദമാക്കാന്‍ എസ്.ആര്‍.എസ് (SRS) സഹായിക്കുന്നു.
ശ്വാസകോശത്തിലോ കരളിലോ ഉള്ള മുഴകള്‍ ശസ്ത്രക്രിയ കൂടാതെ 510 സെഷനുകള്‍ കൊണ്ട് ചികിത്സിക്കാന്‍ (SBRT) വഴി സാധിക്കും. കാന്‍സറിന് മാത്രമല്ല, മാരകമല്ലാത്ത പല രോഗങ്ങള്‍ക്കും ശസ്ത്രക്രിയയ്ക്ക് പകരമായി റേഡിയേഷന്‍ ഉപയോഗിക്കുന്നു. തലച്ചോറിലെ പ്രശ്‌നങ്ങള്‍ എ.വി.എം (രക്തക്കുഴലുകളുടെ കെട്ടുപിണയല്‍), പിറ്റിയൂട്ടറി അഡി നോമ, മെനിഞ്ചിയോമ എന്നിവയ് ക്ക് ഫലപ്രദമാണ്. സന്ധിവേദന ആര്‍ത്രൈറ്റിസ്, ടെന്‍ഡിനൈറ്റിസ് തുടങ്ങിയ അവസ്ഥകളില്‍ വീക്കവും വേദനയും കുറയ്ക്കാന്‍ കുറഞ്ഞ അളവിലുള്ള റേഡിയേഷന്‍ ഉപയോഗിക്കുന്നു. കോശ വളര്‍ച്ച തടയാന്‍ കെലോയിഡുകള്‍ (Keloids), ഹെറ്ററോടോപിക് ഓസിഫിക്കേഷന്‍ തുടങ്ങിയവ തടയാന്‍ ഇത് സഹായിക്കുന്നു. ഗുണങ്ങളും പാര്‍ശ്വഫലങ്ങളും റേഡിയേഷന്‍ തെറാപ്പി അവയവങ്ങളെ സംരക്ഷിക്കാനും വേദനയില്ലാതെ രോഗം ഭേദമാക്കാനും സഹായിക്കുന്നു.

എന്നിരുന്നാലും, ചികിത്സാ രീതിക്കും ശരീരഭാഗത്തിനും അനുസരിച്ച് ചില പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് റേഡിയേഷന്‍ ഓമോളജിസ്റ്റുമായി വിശദമായി സംസാരിക്കേണ്ടത് അത്യാവശ്യമാണ്. പഴയകാലത്തെ അപേക്ഷിച്ച് റേഡി യേഷന്‍ ചികിത്സ ഇന്ന് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ചികിത്സയെത്തുടര്‍ന്ന് വായയിലുണ്ടാകുന്ന പുണ്ണുകളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അതീവ കഠിനവും ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നതുമായിരുന്നു. എന്നാല്‍ ഇന്നത്തെ ആധുനിക സാങ്കേതികവിദ്യകള്‍ ട്യൂമറുകളെ അതീവ കൃത്യതയോടെ ലക്ഷ്യം വയ്ക്കുന്നതിനാല്‍, ആരോഗ്യമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നു. ഇതിന്റെ ഫലമായി പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കപ്പെടുകയും, അവ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഭേദമാവുകയും ചെയ്യുന്നു. റേഡിയേഷന്‍ തെറാപ്പി ചികിത്സാരംഗത്തെ ഈ മുന്നേറ്റങ്ങള്‍ രോഗികള്‍ക്ക് പേടികൂടാതെ ചികിത്സ സ്വീകരിക്കാനും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഇന്ന് വലിയ കരുത്തേകുന്നു.

Continue Reading

Trending