Football

‘ഞങ്ങളുടെ നേതാവിനെ അവര്‍ വധിച്ചു’; ഫിഫ ലോകകപ്പില്‍ കളിക്കില്ലെന്ന് ഇറാന്‍ കായിക മന്ത്രി

By webdesk17

March 11, 2026

തെഹ്റാന്‍: ലോകകപ്പ് ഫുട്ബോള്‍ തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി ഇറാന്‍. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ച പശ്ചാത്തലത്തില്‍ അവിടെ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ തങ്ങളുടെ ടീമിന് കഴിയില്ലെന്ന് കായിക മന്ത്രി അഹ്‌മദ് ദുന്യാമലി വ്യക്തമാക്കി.

യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിന് ഏഷ്യയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്‍. ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ലോസ് ഏഞ്ചല്‍സ്, സിയാറ്റില്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ നഗരങ്ങളിലായിരുന്നു നിശ്ചയിച്ചത്.

‘നമ്മുടെ നേതാവിനെ വധിച്ച അഴിമതി നിറഞ്ഞ യു.എസ് ഭരണകൂടത്തിന് കീഴില്‍ ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. എട്ടോ ഒമ്പതോ മാസത്തിനുള്ളില്‍ രണ്ട് യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്ത ഒരു രാജ്യത്ത് നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ല. കളിക്കാനുള്ള സാഹചര്യം അവിടെ നിലവിലില്ല,’ ദുന്യാമലി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രാഈലും ചേര്‍ന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് മേഖലയില്‍ വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ആക്രമണം ആരംഭിച്ച് ആദ്യ 12 ദിവസത്തിനുള്ളില്‍ മാത്രം ഇറാനില്‍ 1,255 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, ഇറാന്‍ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ക്ഷണം തള്ളിയൊണ് ഇറാന്‍ ഇപ്പോള്‍ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.