News

‘എങ്ങനെയെങ്കിലും വീട്ടില്‍ പോയാല്‍ മതി’; വിമാനയാത്രാ വിലക്ക്: വിന്‍ഡീസ് ടീം ഇന്ത്യയില്‍ കുടുങ്ങി

By webdesk17

March 05, 2026

 

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര വ്യോമപാതകളില്‍ നിയന്ത്രണം വന്നതോടെ ഇന്ത്യയില്‍ കുടുങ്ങി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം. ഇറാനിലെ സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും കാരണം ദുബായ് ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങള്‍ വഴിയുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടതാണ് തിരിച്ചടിയായത്.

ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാനിരുന്ന താരങ്ങളാണ് യാത്രാ തിരിക്കാനാവാതെ വലയുന്നത്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കാരണം പല വിമാനക്കമ്പനികളും സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

‘എനിക്ക് വീട്ടില്‍ പോകണം’ എന്ന് വിന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സാമി സമൂഹമാധ്യമത്തില്‍ കുറിച്ചു.

താരങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ഐ.സി.സിയുമായി ചേര്‍ന്ന് മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു. താരങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്ന് ബി.സി.സി.ഐയും വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിന് പുറമെ സിംബാബ്വെ ക്രിക്കറ്റ് ടീമും സമാനമായ സാഹചര്യത്തിലാണ് ഉള്ളത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യയോട് പരാജയപ്പെട്ടാണ് വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. നിലവിലെ അനിശ്ചിതത്വം മാറുന്നത് വരെ താരങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.