Connect with us

editorial

ന്യൂനപക്ഷ വേട്ടക്ക് മറ്റൊരു നിയമം കൂടി

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്. സി.ആര്‍.എ) ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു കുരുക്കാണ്.

Published

on

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്. സി.ആര്‍.എ) ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു കുരുക്കാണ്. ‘ദേശീയ സുരക്ഷ’ ഉറപ്പാക്കാനും ‘സുതാര്യത’ വര്‍ധിപ്പിക്കാനുമാണ് നിയമനിര്‍മാണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന പൊതുസമൂഹത്തെയും രാജ്യത്തിന്റെ പുരോഗതിയില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെയും ഈ നിയമം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. പതിറ്റാണ്ടുകളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളെ പൊടുന്നനെ സംശയനിഴലിലാക്കിയിരിക്കയാണ് നിയമഭേദഗതി.

വിദേശഫണ്ട് ദുരുപയോഗം തടയാന്‍ നിയമങ്ങളുണ്ടായിരിക്കെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായ വിദേശ ഇടപെടലുകള്‍ തടയുക എന്നത് ഏതൊരു പരമാധികാര രാഷ്ട്രത്തിന്റെയും അനിവാര്യതയാണ്. എന്നാല്‍, ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക സേവനങ്ങളുടെയും ശ്വാസം മുട്ടിക്കപ്പെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ലൈസന്‍സ് പുതുക്കുന്നതിലെ കാലതാമസവും അപ്രതീക്ഷിതമായ റദ്ദാക്കലുകളും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കും.

പുതിയ വ്യവസ്ഥകള്‍ പ്രകാരം, ഒരു സംഘടനയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ അല്ലെങ്കില്‍ കൃത്യസമയത്ത് പുതുക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍, അതിന്റെ ആസ്തികള്‍ താല്‍ക്കാലികമായോ സ്ഥിരമായോ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും. പ്രധാനമായും ഇത് പണത്തെ മാത്രമല്ല, ഭൂമി, കെട്ടിടങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെയും ബാധിക്കും. അവ ഭാഗികമായി മാത്രം വിദേശഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണെങ്കില്‍ പോലും. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പല ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഭരണപരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കമ്യൂണിറ്റി ആസ്തികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നതാണ് ബില്ല്.

ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ഈ നിയമം സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്‍ ഗൗരവതരമാണ്. ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ പോലും വിദ്യാഭ്യാസവും ചികിത്സയും എത്തിക്കുന്നതില്‍ ഈ സമുദായങ്ങളുടെ കീഴിലുള്ള എന്‍.ജി.ഒകള്‍ വഹിക്കുന്ന പങ്ക് നിഷേധിക്കാനാവില്ല. രാജ്യത്ത് 15,010 സംഘടനകള്‍ക്കാണ് എഫ്.സി.ആര്‍. ഐ ലൈസന്‍സുള്ളത്. ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ എന്‍.ജി.ഒകളുടെ വിദേശഫണ്ടും ആസ്തികളും കേന്ദ്ര സര്‍ക്കാരിന് കൈവശപ്പെടുത്താം. എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥന്‍ വിചാരിച്ചാല്‍പോലും ലൈസന്‍സ് പുതുക്കാതിരിക്കാം. പതിനായിരങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പള്ളിയോ, മറ്റു സ്ഥാപനങ്ങളോ പിടിച്ചെടുക്കാം. മുന്‍കാല പ്രാബല്യത്തോടെ വ്യവസ്ഥ നടപ്പാക്കാമെന്നും ബില്ലിലുണ്ട്.

വിദേശരാജ്യങ്ങളില്‍ കഴിയുന്ന സഭാവിശ്വാസികള്‍ നേര്‍ച്ചയായി നല്‍കുന്ന പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ലെന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് ഇത്തരം ഫണ്ടുകള്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹിക മേഖലകളിലാണ് പണം ചെലവഴിക്കുന്നത്. ചെലവഴിക്കുന്ന ഓരോ പണത്തിനും വ്യക്തമായ കണക്കും രേഖകളുമുണ്ട്. വിദേശ ഫണ്ടുകളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആശുപത്രികളും സ്‌കൂളുകളും തകര്‍ക്കാന്‍ ഈ നിയമം ആയുധമാക്കപ്പെടുമോ എന്ന ഭീതി വ്യാപകമാണ്. പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സയും സ്‌കോളര്‍ഷിപ്പുകളും മുടങ്ങാന്‍ ഈ നിയന്ത്രണങ്ങള്‍ കാരണമാകും.

മത-സാമുദായിക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിര്‍പ്പിനിടയിലും ബില്‍ ഇന്ന് പാസാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ ഇന്നത്തെ റിവേഴ്‌സ്ഡ് ലിസ്റ്റ് ഓഫ് ബിസിനസില്‍ ഉള്‍പ്പെടുത്തിയ തോടെയാണ് ബില്‍ ലോക്‌സഭ പാസാക്കുമെന്ന ആശങ്ക ശക്തമായത്. നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബില്‍ അവതരിപ്പിച്ച സമയവും ഇതിന് മുന്‍പായി കൂടിയാലോചനകള്‍ നടക്കാത്തതും ശ്രദ്ധേയമാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ നിര്‍ണായക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എം.പിമാര്‍ അവരുടെ സംസ്ഥാനങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിനില്‍ക്കുന്ന തക്കം നോക്കി പ്രതിപക്ഷ കക്ഷി പ്രതിനിധികളുടെ അഭാവത്തില്‍ നിര്‍ണായക ഭേദഗതികള്‍ ചുട്ടെടുക്കുകയാണ്.

സുതാര്യത കൊണ്ടുവരേണ്ടത് അത്യാവശ്യം തന്നെയാണ്. പക്ഷേ അത് സേവന പ്രവര്‍ത്തനങ്ങളുടെ കുഴിമാടത്തിന് മുകളിലാകരുത്. വിദേശ പണം എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്ന് നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമായിരിക്കെ, കടുത്ത നിയമങ്ങള്‍ വഴി സന്നദ്ധ സംഘടനകളെ തളച്ചിടുന്നത് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയനിഴലിലാക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷാധിപത്യം മാത്രമല്ല, മറിച്ച് വിയോജിപ്പുകളെയും വൈവിധ്യമാര്‍ന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെയും ചേര്‍ത്തുപിടിക്കല്‍ കൂടിയാണ്. ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി പൊതുസമൂഹവുമായും മത-സാമൂഹിക നേതാക്കളുമായും തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണം. സുരക്ഷയുടെ പേരില്‍ സേവനത്തിന്റെ വാതിലുകള്‍ അടഞ്ഞുപോകാതിരിക്കട്ടെ.

 

editorial

അഴിഞ്ഞുവീഴുന്ന പി.ആര്‍ മൂടുപടം

പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ ദേശാഭിമാനിയുടെയും കൈരളിയുടെയും പ്രതിനിധികള്‍ക്ക് മാത്രം മറുപടി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം ഉണ്ടായത്.

Published

on

By

ജനങ്ങളെ കേള്‍ക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാനും മനസുണ്ടാകുക എന്നതാണ് ഒരു ജനനേതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യതകളിലൊന്ന്. കേരളംകണ്ട ജനകീയ നേതാക്കളുടെയെല്ലാം സവിശേഷതയും ഇതായിരുന്നു. സദസ്സില്‍ നിന്നുയരുന്ന ചോദ്യം ഒരാളുടേത് മാത്രമല്ലെന്നും ഒരു ജനവിഭാഗത്തിന്റെ തന്നെ വികാരമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് അവര്‍ മറുപടി നല്‍കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെയാകട്ടേ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ അടയാളപ്പെടുത്തലായാണ് അവര്‍ കണ്ടിരുന്നത്.

ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് കേരള വ്യത്യസ്തമാക്കുന്നതും ജനങ്ങളും ജനനേതക്കളും തമ്മിലുള്ള ഈ ബന്ധമാണ്. ഒരു ധന്യപാരമ്പര്യത്തിന്റെ കൈവഴിയെന്നോണം ആ പാരസ്പര്യം അഭംഗുരം നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയുമാണ്. എന്നാല്‍ ഈ ഗണത്തിലൊന്നും പെടുത്താന്‍ തനിക്ക് ഒട്ടും യോഗ്യതയില്ലെന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതസിദ്ധമായ ധിക്കാരവും ധാര്‍ഷ്ട്യവും മറച്ചുപിടിക്കാന്‍ കോടികള്‍ ചിലവിഴിച്ച് പി.ആര്‍ കമ്പനികള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ജനങ്ങളുടെ നികുതിപ്പണം വൃഥാവിലാകുകയല്ലാതെ തനിക്കുമറാന്‍ കഴിയില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഇന്നലെ കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ സംഭവവികാസങ്ങള്‍ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വലിയ വാക്കേറ്റം തന്നെ ഉണ്ടാകുന്ന അവസ്ഥയിലെത്തി. പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ ദേശാഭിമാനിയുടെയും കൈരളിയുടെയും പ്രതിനിധികള്‍ക്ക് മാത്രം മറുപടി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം ഉണ്ടായത്. പാര്‍ട്ടി ചാനലുകളുടെ പ്രതിനിധികള്‍ക്ക് മാത്രം മുഖ്യമന്ത്രി മറുപടി നല്‍കുന്നത് സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇങ്ങനെയാണെങ്കില്‍ വാര്‍ത്താസമ്മേളനം എന്ന പ്രഹസനം നടത്തേണ്ടതില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ മുഖ്യമന്ത്രിയോടുള്ള പ്രതികരണം.

മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ പിണറായി വിജയന്റെ നടപടിയാണ് വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. മാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തിയെങ്കിലും എസ്.ഡി.പി.ഐ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വീണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ വെച്ച് തിരഞ്ഞെടുപ്പ് യോഗത്തിനിടെ ‘സഖാവേ ഒരു ചോദ്യംചോദിക്കാനുണ്ട്’ എന്ന് പറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനോടുള്ള സമീപനവും സമാനമായിരുന്നു. അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്നായിരുന്നു അന്നത്തെ മറുപടി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പൊട്ടിത്തെറിയും കൊഴിഞ്ഞുപോക്കുമെല്ലാമാണ് ഇത്തവണ സി.പി.എമ്മിലുണ്ടായിരുന്നത്. ജി. സുധാകരനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്ക് സംഭവിച്ച ജീര്‍ണതയില്‍ മനംനൊന്ത് ഒന്നിനു പിറകെ ഒന്നായി പാര്‍ട്ടി വിടുകയും മത്സര രംഗത്തിറങ്ങുകയും ചെയ്തപ്പോള്‍ നേതാക്കള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പാര്‍ലമെന്ററി വ്യാമോഹത്തിന്റെ മകുടോദാഹരണാമായിട്ടായിരുന്നു പിണറായി വിജയന്‍ അതിനെ വ്യാഖ്യാനിച്ചത്. എന്നാല്‍ അധികാരപ്രമത്തത അദ്ദേഹത്തെ എത്രമാത്രം വരിഞ്ഞുമുറുക്കിക്കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തില്‍ നിന്ന് തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന വഴിവിട്ട നീക്കങ്ങള്‍.

ഭരണ വിരുദ്ധവികാരം മറ്റാരേക്കാളും മനസിലാക്കിയ പിണറായിയുടെ മാനസിക പിരിമുറുക്കമാണ് നിലംവിട്ടുള്ള ഈ പെരുമാറ്റത്തിലൂടെ പ്രകടമാകുന്നത്. അതോടൊപ്പം ഏതു വിധേനയും അധികാരം നിലനര്‍ത്താനുള്ള വ്യഗ്രതയില്‍ തന്റെ തന്നെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്തര്‍ധാരകള്‍ സമൂഹം തിരിച്ചറിഞ്ഞതിലുള്ള ജാള്യതയില്‍ നിന്നുടലെടുത്ത പ്രതികാരനോഭാവവും അദ്ദേഹത്തെ വേട്ടായിടിക്കൊണ്ടിരിക്കുകയാണ്. ജനവികാരം പൂര്‍ണമായും എതിരാണെന്നതിനാല്‍ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമങ്ങളിലാണ് ഇടതുപക്ഷത്തിന്റെ ഏക പ്രതീക്ഷ. അതിനായി ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് കേരളീയ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അപകടകരമായ ഈ പ്രവണത മടിയും മറയുമില്ലാതെ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അതേക്കുറിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തെ അസ്വസ്തതപ്പെടുത്തുകയാണ്. അതിന്റെ ഭാഗമാണ് ഉത്തരംമുട്ടുമ്പോള്‍ കുഞ്ഞനംകുത്തുന്ന ഈ സമീപനം.

ഭരണരംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലി പിന്തുടരുന്ന പിണറായി മാധ്യമങ്ങളോടുള്ള സമീപനത്തിലും മോദിയെ അച്ചട്ട പകര്‍ത്തുകയാണ്. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭയക്കുന്ന മോദി തന്റെ ഇംഗിതത്തിന് വഴങ്ങുന്ന മാധ്യമങ്ങള്‍ക്ക് മാത്രമേ മുഖംകൊടുക്കാറുള്ളൂ. രാഷ്ട്രീയ കാര്യങ്ങള്‍ പങ്കുവെക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പകരം സെലിബ്രറ്റികളെയാണ് മോദി തിരഞ്ഞെടുക്കാറുള്ളത്. ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ക്ക് ആസ്വദിച്ച് മറുപടി നല്‍കിക്കൊണ്ടുള്ള ഒരു വിനോദം മാത്രമാണ് മോദിക്ക് അഭിമുഖമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതുപകര്‍ത്തിയിരിക്കുകയാണ്. വാര്‍ത്താ സമ്മേളനങ്ങളിലും നേരത്തെ ഒരുക്കിനിര്‍ത്തിയവര്‍ക്കാണ് ഇരുവരും അവസരം നല്‍കാറുള്ളത്. ഒട്ടുമിക്ക മാധ്യമസ്ഥപനങ്ങളുടെയും മേധാവികള്‍ മോദിയുടെ സ്വന്തക്കാരായതിനാല്‍ ഡല്‍ഹിയില്‍ തിരക്കഥകള്‍ക്കൊന്നും മാറ്റമുണ്ടാകാറില്ല. എന്നാല്‍ കേരളത്തില്‍ ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യംചെയ്യുന്ന ഈ അന്തര്‍നാടകങ്ങളില്‍ സഹികെട്ട മാധ്യമങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയതിന്റെ അനന്തരഫലമാണ് ഇന്നലെ കൊല്ലം പ്രസ്‌ക്ലബില്‍ കാണാനിടയായത്. ഏതായാലും മുഖ്യമന്ത്രിയുടെയും ഇടതു പക്ഷത്തിന്റെയും തനിനിറം ജനങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്നാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സൂചന.

 

Continue Reading

editorial

കായിക രംഗത്തോടും കടക്ക് പുറത്ത്

ഒരു പതിറ്റാണ്ടുകാലത്തെ ഇടതുഭരണത്തില്‍ കായിക മേഖലക്കുപോലും രക്ഷയുണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലുണ്ടായ നാടകീയ രംഗങ്ങള്‍.

Published

on

By

ഒരു പതിറ്റാണ്ടുകാലത്തെ ഇടതുഭരണത്തില്‍ കായിക മേഖലക്കുപോലും രക്ഷയുണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലുണ്ടായ നാടകീയ രംഗങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വിരുന്നെത്തിയ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തോടുള്ള, ജി.സി.ഡി.എയുടെയും അതിനു നേതൃത്വം നല്‍കുന്ന സി.പി.എം നേതാക്കളുടെയും മനോഭാവത്തിന്റെ തെളിവുംകൂടിയായിരുന്നു ഈ സംഭവങ്ങള്‍. ഇന്ത്യ – ഹോങ്കോങ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യന്‍ ടീമിന്റെ വാര്‍ത്ത സമ്മേളനം നടത്താന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല, പരിശീലകന്‍ ഖാലിദ് ജമീല്‍ ഉള്‍പ്പെടെയുള്ള ടീം അംഗങ്ങളെ ഗേറ്റിനു പുറത്തു വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും ചെയ്യുകയുണ്ടായി.

സെക്യൂരിറ്റി ഡിപ്പോസിറ്റിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഏറെ നേരം കാത്തുനിന്നതിന് ശേഷം ഇന്ത്യന്‍ കോച്ചിനും സംഘത്തിനും മടങ്ങിപ്പോകേണ്ടി വരികയും ചെയ്തു. സ്‌റ്റേഡിയത്തിന്റെ വാടകയായി മൂന്ന് ലക്ഷം രൂപയും 25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജി.സി.ഡി.എ ചോദിച്ചുവെന്നും ഇത് നല്‍കുന്നതിലുണ്ടായ കാലതാമസത്തിന്റെ പേരിലായിരുന്നു ഈ കടുംകൈ എന്നുമാണ് റിപ്പോര്‍ട്ട്. കെ.എഫ്.എ ആണ് മത്സരം സംഘടിപ്പിക്കുന്നതെങ്കിലും ജി.സി.ഡി.എയുടെ ഉടമസ്ഥതയിലാണ് സ്‌റ്റേഡിയം. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം വീണ്ടും കൊച്ചിയിലെത്തുന്നത്.

ഇതാദ്യമല്ല, ജി.ഡി.സി.എയുടെ ഭാഗത്തുനിന്നും കായിക രംഗത്തെ പ്രത്യേകിച്ച് ഫുട്‌ബോള്‍ താരങ്ങളെ ആട്ടിവിടുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനവും ജി.സി.ഡി.എ തടഞ്ഞിരുന്നു. ഐ.എസ്.എല്‍ സീസണില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനമായിരുന്നു അന്ന് തടഞ്ഞിരുന്നത്. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യന്‍താരം റൗളിന്‍ ബോര്‍ഗസും ഉള്‍പ്പെടെയുള്ള ബ്ലാസ്‌റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയില്‍നിന്ന് ഇറക്കിവിട്ടത്. മത്സരത്തിനുള്ള വാടക കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു അന്നത്തെ ധാര്‍ഷ്ട്യവും ധിക്കാരവും.

വാടക 4.20 ലക്ഷമായി ഒറ്റയടിക്ക് ഉയര്‍ത്തുകയും അതു നല്‍കിയില്ലെന്നാരോപിച്ചുമായിരുന്നു ഐ.എസ്.എല്ലിലെ കേരളത്തിന്റെ സ്വന്തം ക്ലബായ ബ്ലാസ്റ്റേഴിസിനോടുള്ള കൊടുംചതി. പിന്നീട് ചര്‍ച്ചയിലൂടെ മൂന്നു ലക്ഷമായി നിജപ്പെടുത്തിയതിന് ശേഷമാണ് ഹോം ഗ്രൗണ്ടായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഉറപ്പിച്ചത്. മത്സരത്തിനു മുന്‍പ് കലൂര്‍ സ്‌റ്റേഡിയത്തില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികളേയും മാധ്യമ പ്രവര്‍ത്തകരേയും അന്നും ജി.സി.ഡി.എ ഇറക്കി വിട്ടിരുന്നു. ഇറക്കി വിട്ടവരുടെ കൂട്ടത്തില്‍ മത്സര ക്രമീകരണങ്ങള്‍ വിലയിരുത്താനെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഉടമയായ വ്യവസായി നിഖില്‍ നിമ്മഗദ്ദയുമുണ്ടായിരുന്നു.

സംസ്ഥാനത്തെ മറ്റൊരു പ്രധാനപ്പെട്ട കളിക്കളമായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തോട് സി.പി.എം തന്നെ ഭരിക്കുന്ന കോഴിക്കോട് കോര്‍പറേഷന്‍ സ്വീകരിച്ച സമീപനം സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും കായിക മേഖലയോടുള്ള സമീപനത്തിന്റെ മറ്റൊരുദാഹരണമാണ്. ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലബാറിന്റെ ആസ്ഥാന നഗരിയിലെ, പ്രതാപങ്ങളുടെ കഥകള്‍ ഏറെ പറയാനുള്ള ഈ ഗ്രൗണ്ടിനെ നശിപ്പിച്ചു നാറണക്കല്ലെടുപ്പിച്ചിരിക്കുകയാണ് കോര്‍പറേഷന്‍ അധികാരികളുടെ പണക്കൊതി. ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് ബൈക്ക് റാലിക്കായി സ്‌റ്റേഡിയം വിട്ടു കൊടുത്തതോടെയായിരുന്നു മൈതാനത്തിന് ഈ ദുര്‍ഗതി വന്നത്. സംഘാടകരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 25 ദിവസത്തിനകം മൈതാനം പൂര്‍വസ്ഥിതിയിലാക്കണമെന്നായിരുന്നു ധാരണ. ബൈക്ക് റാലിക്ക് വേണ്ടി പ്ലൈവുഡ് നിരത്തി അതിന് മുകളില്‍ എണ്ണൂറോളം ലോഡ് മണ്ണിട്ടാണ് ബൈക്ക് ട്രാക്ക് നിര്‍മ്മിച്ചിരുന്നത്.

ആഴ്ചകളോളം വെയിലും വെള്ളവും ഏല്‍ക്കാതെ പുല്ല് കരിഞ്ഞുണങ്ങി. 25 ലക്ഷം രൂപ കെട്ടിവെച്ചായിരുന്നു സംഘാടകര്‍ പരിപാടി നടത്തിയതെങ്കിലും ആ തുക ഉപയോഗിച്ച് പോലും സ്റ്റേഡിയം പഴയ പടിയാക്കാന്‍ കഴിയുമായിരുന്നില്ല. സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ അടക്കം മാറ്റിവെച്ചായിരുന്നു ബൈക്ക് റേസിന് സ്‌റ്റേഡിയം കൈമാറിയത്. ഐ.എസ.്എല്‍ മത്സരത്തിനും കോഴിക്കോട് സ്‌റ്റേഡിയം പരിഗണിച്ചിരുന്ന സാഹചര്യത്തിലാണ് മൈതാനം ഈ അവസ്ഥയിലായത്. കായിക പ്രമികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്‍ കോര്‍പറേഷന്‍ അധികൃതരോ, സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷനോ തയാറായിരുന്നില്ല.

അര്‍ജന്റീന ടീമിനെയും മെസിയെയും കേരളത്തിലെത്തിക്കുമെന്ന മോഹനവാഗ്ദാനം നല്‍കി ഫുട്‌ബോള്‍ ആരാധകരെ വഞ്ചിച്ചതും ഈ സര്‍ക്കാറിന്റെ കായിക വഞ്ചനയുടെ മറ്റൊരുദാഹരണമായിരുന്നു. 2025 ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നായിരുന്നു കായിക മന്ത്രിയുടെ വെളിപ്പെടുത്തല്‍. പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കി മന്ത്രി തന്നെ തീയ്യതി മാറ്റിപ്പറഞ്ഞുവെങ്കിലും ഒടുവില്‍ അതെല്ലാം വെറും തള്ളുമാത്രമായിരുന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. അര്‍ജന്റീനാ ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ പേരില്‍ അഴിമതി ആരോപണം ഉയരുകയും ചെയ്തിരുന്നു. നിര്‍മാണപ്രവര്‍ത്തിനത്തിനിടെ ഗേറ്റ് തകര്‍ന്നുവീഴുകയും തലനാരിഴക്ക് വന്‍ദുരന്തം ഒഴിവാകുകയുമായിരുന്നു. സര്‍വ മേഖലയെയും തകര്‍ത്തുതരിപ്പണമാക്കിയ ഈ സര്‍ക്കാര്‍ കായിക മേഖലയെയും തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധം അലങ്കോലമാക്കിയാണ് ഇറങ്ങിപ്പോകുന്നത്.

Continue Reading

editorial

ഇലക്ഷന്‍ കമ്മീഷന്റെ കൈവിട്ട കളികള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുന്നത്.

Published

on

By

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബി.ജെ.പിയുടെ സീല്‍ പ്രത്യക്ഷപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുകയാണ്. ക്രിമിനല്‍ കേസുകള്‍ ഉള്ളവര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഉള്‍പ്പെടുത്തി 2019 മാര്‍ച്ച് 19 ന് കമ്മീഷന്‍ തയ്യാറാക്കിയ കത്താണ് രണ്ട് ദിവസം മുന്‍പ് ഇമെയിലിലൂടെ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റ ജോലി ബി.ജെ.പിയുടെ പാര്‍ട്ടി പണി ആണെന്ന പ്രതിപക്ഷത്തിന്റെ നിരന്തര ആരോപണങ്ങള്‍ക്കിടയിലുണ്ടായ ഈ പിഴവ് ക്ലറിക്കല്‍ മിസ്റ്റേക്കാണെന്ന ഒറ്റവാക്കിലുള്ള വിശദീകരണത്തിലൊതുക്കുകയാണ് കമ്മീഷനെങ്കിലും കാര്യങ്ങള്‍ അത്രനിഷ്‌കളങ്കമായികാണാനാവില്ലെന്നാണ് വര്‍ത്തമാന സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ചരിത്രത്തിലാധ്യമായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിപക്ഷം പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയംകൊണ്ടുവരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുന്നത്. അദ്ദേഹം സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ വ്യാപകമായി ആളുകളെ പട്ടികയില്‍നിന്ന് പുറത്താക്കിയെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മാര്‍ച്ച് 12ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി സമര്‍പ്പിച്ച നോട്ടീസില്‍ ഗ്യാനേഷ് കുമാറിനെതിരെ നിരത്തി ഏഴ് പ്രധാന കുറ്റങ്ങളാണുള്ളത്. ലോക്‌സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. നിയമനത്തിലെ വിവാദം, നിഷ്പക്ഷത നഷ്ടമായി, പക്ഷപാതപരമായ പ്രസ്താവന, സമീപനം വിവേചനം, എസ്‌ഐആര്‍ നടപടികളിലെ വിവാദം, പൗരത്വ പരിശോധനയുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിവന്‍തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കി, നീതിന്യായ നടപടി തടസപ്പെടുത്തി തുടങ്ങിയവയാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രം. സുപ്രീംകോടതി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ പ്രക്രിയയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെ നീക്കം ചെയ്യുകയെന്നതെങ്കിലും പക്ഷപാതപരമായ അദ്ദേഹത്തിന്റെ ചെയ്തികളെ തുറന്നുകാണിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ഇലക്ഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദവും പക്ഷപാതപരവുമായിരുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. രാഷ്ട്രീയ നിരീക്ഷകരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമെല്ലാം ഈ ആരോപണങ്ങള്‍ക്ക് അനുഗുണമായ രീതിയില്‍ പലപ്പോഴും രംഗത്തുവരികയും ചെയ്തിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യംനടത്തിയ ഉജ്ജ്വലമായ മുന്നേറ്റത്തിനുശേഷം അതേ തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ നടന്നിട്ടുള്ള കൃത്രിമങ്ങളെക്കുറിച്ച് രേഖാമൂലമുള്ള തെളിവുകളുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത് രാജ്യത്തിന്റെയാകെ ശ്രദ്ധയിലേക്ക് പ്രസ്തുത വിഷയത്തെ കൊണ്ടുവരികയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലും വലിയ തോതില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രിത്രിമം നടന്നുവെന്നും ഓരോ മണ്ഡലത്തിലെയും വോട്ടര്‍മാരുടെ കണക്കും പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടും തമ്മില്‍ അസാധാരണമായ പൊരുത്തക്കേടുകള്‍ ഉണ്ടായെന്നും വോട്ട് ചേര്‍ത്തതില്‍ തന്നെ വലിയ കൃത്രിമം നടന്നുവെന്നും ഇവയില്‍ എല്ലാം തിരഞ്ഞടുപ്പ് കമ്മീഷന്‍ ഉള്‍പ്പെട്ടു എന്ന് രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ കണക്കുകള്‍ നിരത്തി പറഞ്ഞിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടും കമ്മിഷന്‍ വോട്ടര്‍ പട്ടിക നല്‍കാന്‍ സന്നദ്ധമായില്ല, സി.സി.ടി.വി ദൃശ്യങ്ങള്‍ വരെ ഒന്നര മാസത്തിനകം നശിപ്പിച്ചു കളയുകയാണ് ഉണ്ടായത്, ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ കമ്മീഷന്‍ നയംമാറ്റി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളായിരുന്നു രാഹുല്‍ ഉന്നയിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍, 2014 മുതല്‍ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് പുറത്തായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പിന്നീട് എസ്.ഐ.ആര്‍ വിഷയത്തിലും ഇതേ ആരോപണങ്ങള്‍ കമ്മീഷനെതിരെ ഉയരുകയുണ്ടായി.

അര്‍ഹരായ ലക്ഷക്കണക്കിനാളുകളെ രാജ്യത്തെമ്പാടുമായി വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായതായി പ്രതിപക്ഷം ഒന്നടങ്കം ആരോപണമുന്നയിക്കുകയുണ്ടായി. ബംഗാളിലെ കമ്മീഷന്റെ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി നേരിട്ട് സുപ്രീംകോടതിയിലെത്തി വാദങ്ങള്‍ നിരത്തുന്നതിനുവരെ രാജ്യം സാക്ഷ്യംവഹിച്ചു. മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നസംസ്ഥാനങ്ങളില്‍ തിടുക്കപ്പെട്ട് എസ്.ഐ.ആര്‍ നടപ്പാക്കിയതും കമ്മീഷനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയുണ്ടായി. സമയപരിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തോട് വിമുഖത കാട്ടിയ കമ്മീഷന്‍ 60 ലക്ഷത്തിലധികം വോട്ടര്‍മാരെ പുറത്താക്കിയ ബിഹാര്‍ മാതൃക മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടായ ക്ലറിക്കല്‍ മിസ്റ്റേക്കും വിരല്‍ ചൂണ്ടുന്നത് അപകടകരമായ അവസ്ഥാ വിശേഷത്തിലേക്കാണ്. ബി.ജെ.പിക്ക് ഒരുപ്രതീക്ഷയുമില്ലാത്ത സംസ്ഥാനത്ത് സാനിധ്യമെങ്കിലുമറിയിക്കാന്‍ ജനവിധി അട്ടിമറിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് അവര്‍ക്കുതന്നെ ഉറപ്പുള്ള സാഹചര്യത്തില്‍ അതീവ ഗൗരവതരമായ ജാഗ്രതയാണ് ജനാധിപത്യ പ്രസ്താനങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ ആവശ്യപ്പെടുന്നത്.

Continue Reading

Trending