Connect with us

Video Stories

മന്ത്രി ശൈലജയുടെ രാജി അനിവാര്യം

Published

on

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ സ്വജനപക്ഷപാതത്തെ കേരള ഹൈക്കോടതി വിമര്‍ശിച്ച് നാളുകള്‍ കഴിഞ്ഞിട്ടും മന്ത്രിക്കസേരയില്‍ അമര്‍ന്നിരിക്കുന്ന സാമൂഹിക ക്ഷേമ വകുപ്പുമന്ത്രി കെ.കെ ശൈലജയുടെയും അവരുടെ പാര്‍ട്ടിയുടെയും നിലപാട് ഏറെ പ്രതിഷേധാര്‍ഹവും ജനാധിപത്യ കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ്. കോടതി തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി അധികാരത്തില്‍ തുടരുന്നത് വാസ്തവത്തില്‍ ജുഡീഷ്യറിയോടുള്ള അവഹേളനമായാണ് കാണേണ്ടത്. സ്വന്തം പാര്‍ട്ടിയായ സി.പി.എമ്മിലെ വയനാട്ടുകാരനായ കെ.ബി സുരേഷ്‌കുമാറിനെ ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കാന്‍ മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തതായാണ് കഴിഞ്ഞ 17ന് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതിന്മേല്‍ മറിച്ചൊരു നിലപാട് അവതരിപ്പിക്കാന്‍ പോലും മന്ത്രിക്കോ സര്‍ക്കാരിനോ അവരുടെ പാര്‍ട്ടിക്കോ കഴിയാത്ത നിലക്ക് സ്വയം രാജിവെച്ചൊഴിയുകയാണ് മന്ത്രി സാമാന്യമായി ചെയ്യേണ്ടത്. കോടതി വിധിയുമായി ബന്ധപ്പെട്ട് നിരവധി നേതാക്കള്‍ മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചൊഴിഞ്ഞ മഹനീയ പാരമ്പര്യമാണ് കേരളത്തിനുള്ളത് എന്ന് അറിയാത്തവരാവില്ല ഇക്കാര്യത്തില്‍ രക്തരൂക്ഷിതമായ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുള്ള സി.പി.എം പോലുള്ളൊരു പാര്‍ട്ടി. മന്ത്രിയെ ഏതുവിധേനയും രക്ഷിക്കാന്‍ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്ന തത്രപ്പാട് സര്‍ക്കാരിനെയും ഇടതു മുന്നണിയെയും കൂടുതല്‍ അപകടത്തിലേക്ക് ചാടിക്കുകയേ ഉള്ളൂ. കമ്മീഷന്‍ നിയമനം വൈകിയതിന് കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അര ലക്ഷം രൂപ പിഴയടച്ചുവെന്ന വിവരവും ഞെട്ടിപ്പിക്കുന്നതാണ്.
കമ്മീഷന്‍ അംഗങ്ങളുടെ അപേക്ഷാതീയതി നീട്ടി നല്‍കാന്‍ മന്ത്രി ഉത്തരവിട്ട കുറിപ്പില്‍ ഇതിന് ഒരു കാരണവും കാണിച്ചില്ലെന്ന് ഹൈക്കോടതിയില്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് രേഖാമൂലം തെളിവായി കോടതി സ്വീകരിക്കുകയും ചെയ്തു. വ്യക്തമായ കാരണം കാണിക്കാത്ത നിലക്ക് തീരുമാനം ബോണഫൈഡ് (സത്യസന്ധം) അല്ലെന്നാണ് ഹൈക്കോടതിയുടെ വിധി. ഇത് ആരോടെങ്കിലും പ്രത്യേക മമതയോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിക്കാമെന്ന മന്ത്രിയുടെ സത്യപ്രതിജ്ഞയുടെ ലംഘനമല്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. ബാലാവകാശ കമ്മീഷന്‍ സ്റ്റാറ്റിയൂട്ടറി ബോഡിയാണെങ്കിലും ഇതിലെ അംഗങ്ങളെയും ചെയര്‍മാനെയും മറ്റും നിയമിക്കുന്നതിനുള്ള അധികാരം സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിനാണ്. കമ്മീഷന്‍ നിയമനങ്ങളില്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ ഉണ്ടാകുന്നത് നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതിന് തുല്യമായതിനാല്‍ രാഷ്ട്രീയ പരിഗണനകള്‍ക്ക് അപ്പുറത്താണ് സ്വാഭാവികമായും ഇത്തരം നിയമനങ്ങള്‍. എല്ലാത്തിലും തങ്ങളുടേതായ രാഷ്ട്രീയകക്ഷി താല്‍പര്യങ്ങള്‍ അടിച്ചേല്‍പിച്ച് ശീലമുള്ള സി.പി.എമ്മിനും മന്ത്രിക്കും ഇക്കാര്യത്തിലും അതേനിലപാടാണ് സ്വീകരിക്കാനായത് എന്നത് അതിശയോക്തിപരമല്ല. അംഗങ്ങളുടെ നിയമനത്തിനായി അപേക്ഷാതീയതി നീട്ടി നല്‍കിയത് റദ്ദാക്കുകയും നിയമനത്തെ ഹൈക്കോടതി അസാധുവാക്കുകയും മന്ത്രി തന്റെ പദവിക്ക് യോജിച്ച നിലയിലല്ല പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി ശൈലജ നടത്തിയിരിക്കുന്നതെന്ന് വ്യക്തം. വിധി വന്നയുടന്‍ തന്നെ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് മന്ത്രി പദവിയില്‍നിന്ന് ഇറങ്ങിപ്പോകേണ്ട സാമാന്യ മര്യാദ മന്ത്രിക്കുണ്ടാകേണ്ടതായിരുന്നു.
ഇന്നലെ നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ച പ്രതിപക്ഷം മന്ത്രിയുടെ രാജിയല്ലാതെ മറ്റൊന്നുകൊണ്ടും തൃപ്തിപ്പെടില്ലെന്ന് വ്യക്തമാക്കുകയും രാജി ഉണ്ടാകുംവരെ നിയമസഭാകവാടത്തിനു മുന്നില്‍ സത്യഗ്രഹം ആരംഭിച്ചിരിക്കുകയുമാണ്. ഇതിന്മേല്‍ ചര്‍ച്ചക്ക് അവസരം നിഷേധിച്ചതിനെതുടര്‍ന്നുള്ള ബഹളത്തില്‍ സഭ അല്‍പനേരത്തേക്ക് നിര്‍ത്തിവെക്കാനുമിടയായി. സഭയില്‍ മന്ത്രിയെ ബഹിഷ്‌കരിക്കാനും പ്രതിപക്ഷം തീരുമാനിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ ഒളിച്ചുകളി നടത്തുന്ന മന്ത്രിയെ സ്വന്തം പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമായേ കാണാനാകൂ. സദുദ്ദേശ്യത്തില്‍ ചെയ്തതാണ്, കോടതി തെറ്റിദ്ധരിച്ചു എന്ന മട്ടിലാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. പ്രതികളുടെ ഭാഗത്തുനിന്നുള്ള പതിവു പല്ലവിയായല്ലാതെ ഇതിനെ കാണാനാവില്ല. എല്ലാവരും കോടതി വിധികളെ ഈ കോണില്‍ കണ്ടാല്‍ സ്ഥിതിയെന്താകും. മുമ്പ് സ്വജനപക്ഷപാതത്തിന് എക്‌സൈസ് വകുപ്പുമന്ത്രി ഇ.പി ജയരാജനോട് മണിക്കൂറുകള്‍ക്കകം രാജിവെച്ച് പോകാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രിയുടെ ധാര്‍മികത ഇപ്പോള്‍ കടലെടുത്തുപോയോ?
എന്‍.സി.പിയുടെ മന്ത്രി സി.കെ ശശീന്ദ്രന്‍ ലൈംഗികാപവാദക്കേസില്‍പെട്ടപ്പോഴും പിണറായിയുടെ സ്വരത്തിന് കടുപ്പമുണ്ടായിരുന്നു. അദ്ദേഹം രാജിവെച്ചൊഴിഞ്ഞതോടെ തല്‍സ്ഥാനത്ത് വന്ന മന്ത്രി തോമസ്ചാണ്ടിക്കെതിരെ ആരോപണങ്ങളുടെ പെരുമഴയാണ് ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ എം.എല്‍.എമാരായ വി.പി സജീന്ദ്രന്‍, അഡ്വ. എന്‍. ശംസുദ്ദീന്‍, ടി.വി ഇബ്രാഹിം, എല്‍ദോസ് കുന്നപ്പള്ളി, റോജി എം.ജോണ്‍ എന്നീ യു.ഡി.എഫിന്റെ യുവ എം.എല്‍.എമാരാണ് സത്യഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്. സഭയില്‍ തങ്ങളുടെ സ്വരത്തിന് മതിയായ പരിഗണന ലഭിക്കാത്തതാകാം പ്രതിപക്ഷത്തെ പുറത്തുള്ള സമരത്തിന് നിര്‍ബന്ധിതമാക്കിയത്. സഭക്ക് വെളിയിലും പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന ്പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
കമ്മീഷന്‍ അംഗമായി പേരു നിര്‍ദേശിക്കപ്പെട്ട വ്യക്തി സി.പി.എമ്മുകാരന്‍ മാത്രമല്ല, ഏതാനും ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാരന്‍ തന്റെ ബന്ധുവല്ലെന്നാണ് മന്ത്രി ശൈലജ ഒരു ടി.വി ചാനലില്‍ അവകാശപ്പെട്ടത്. പാര്‍ട്ടിക്കാരന്‍ നെപ്പോട്ടിസം അഥവാ സ്വജനം എന്നതിന്റെ നിര്‍വചനത്തില്‍ പെടുന്നില്ലെന്ന് മന്ത്രിയെ പഠിപ്പിച്ചത് ആരാണ്. വിധി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും എന്തടിസ്ഥാനത്തിലാണ് കോടതിയുടെ കണ്ടെത്തല്‍ അസ്ഥാനത്താകുന്നതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വീണ്ടും ശക്തമായ തിരിച്ചടിക്കുള്ള വടി എറിഞ്ഞുകൊടുക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്. മന്ത്രി ശൈലജ ഏറ്റെടുത്തിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ കാര്യമാണെങ്കില്‍ ഇതിലേറെ കഷ്ടമാണ്. പനി ബാധിച്ച് ആളുകള്‍ കൂട്ടത്തോടെ മരിച്ചുവീഴുമ്പോള്‍ പ്രതിപക്ഷത്തെ പഴിക്കാന്‍ സമയം കണ്ടെത്തിയ മന്ത്രിയാണിത്. ഇതേ മന്ത്രിതന്നെയാണ് എം.ബി.ബി.എസ് പ്രവേശന കാര്യത്തില്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ ചെയ്ത് പാവപ്പെട്ട കുട്ടികളുടെ പഠനം മുടക്കുന്ന തരത്തില്‍ വാചകക്കസര്‍ത്ത് നടത്തുന്നത്. ജനങ്ങളുടെയും കോടതിയുടെയും ക്ഷമയുടെ നെല്ലിപ്പടി പരീക്ഷിക്കുകയാണ് സത്യത്തില്‍ മന്ത്രി ശൈലജയും സര്‍ക്കാരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending