Video Stories
മന്ത്രി ശൈലജയുടെ രാജി അനിവാര്യം
സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ സ്വജനപക്ഷപാതത്തെ കേരള ഹൈക്കോടതി വിമര്‍ശിച്ച് നാളുകള്‍ കഴിഞ്ഞിട്ടും മന്ത്രിക്കസേരയില്‍ അമര്‍ന്നിരിക്കുന്ന സാമൂഹിക ക്ഷേമ വകുപ്പുമന്ത്രി കെ.കെ ശൈലജയുടെയും അവരുടെ പാര്‍ട്ടിയുടെയും നിലപാട് ഏറെ പ്രതിഷേധാര്‍ഹവും ജനാധിപത്യ കീഴ്വഴക്കങ്ങളുടെ ലംഘനവുമാണ്. കോടതി തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി അധികാരത്തില്‍ തുടരുന്നത് വാസ്തവത്തില്‍ ജുഡീഷ്യറിയോടുള്ള അവഹേളനമായാണ് കാണേണ്ടത്. സ്വന്തം പാര്‍ട്ടിയായ സി.പി.എമ്മിലെ വയനാട്ടുകാരനായ കെ.ബി സുരേഷ്കുമാറിനെ ബാലാവകാശ കമ്മീഷന് അംഗമായി നിയമിക്കാന്‍ മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തതായാണ് കഴിഞ്ഞ 17ന് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതിന്മേല് മറിച്ചൊരു നിലപാട് അവതരിപ്പിക്കാന്‍ പോലും മന്ത്രിക്കോ സര്‍ക്കാരിനോ അവരുടെ പാര്‍ട്ടിക്കോ കഴിയാത്ത നിലക്ക് സ്വയം രാജിവെച്ചൊഴിയുകയാണ് മന്ത്രി സാമാന്യമായി ചെയ്യേണ്ടത്. കോടതി വിധിയുമായി ബന്ധപ്പെട്ട് നിരവധി നേതാക്കള്‍ മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചൊഴിഞ്ഞ മഹനീയ പാരമ്പര്യമാണ് കേരളത്തിനുള്ളത് എന്ന് അറിയാത്തവരാവില്ല ഇക്കാര്യത്തില്‍ രക്തരൂക്ഷിതമായ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുള്ള സി.പി.എം പോലുള്ളൊരു പാര്‍ട്ടി. മന്ത്രിയെ ഏതുവിധേനയും രക്ഷിക്കാന്‍ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്ന തത്രപ്പാട് സര്‍ക്കാരിനെയും ഇടതു മുന്നണിയെയും കൂടുതല്‍ അപകടത്തിലേക്ക് ചാടിക്കുകയേ ഉള്ളൂ. കമ്മീഷന് നിയമനം വൈകിയതിന് കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അര ലക്ഷം രൂപ പിഴയടച്ചുവെന്ന വിവരവും ഞെട്ടിപ്പിക്കുന്നതാണ്.
കമ്മീഷന് അംഗങ്ങളുടെ അപേക്ഷാതീയതി നീട്ടി നല്കാന് മന്ത്രി ഉത്തരവിട്ട കുറിപ്പില്‍ ഇതിന് ഒരു കാരണവും കാണിച്ചില്ലെന്ന് ഹൈക്കോടതിയില്‍ ഹര്ജിക്കാരന് ഉന്നയിച്ചിട്ടുണ്ട്. ഇത് രേഖാമൂലം തെളിവായി കോടതി സ്വീകരിക്കുകയും ചെയ്തു. വ്യക്തമായ കാരണം കാണിക്കാത്ത നിലക്ക് തീരുമാനം ബോണഫൈഡ് (സത്യസന്ധം) അല്ലെന്നാണ് ഹൈക്കോടതിയുടെ വിധി. ഇത് ആരോടെങ്കിലും പ്രത്യേക മമതയോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിക്കാമെന്ന മന്ത്രിയുടെ സത്യപ്രതിജ്ഞയുടെ ലംഘനമല്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. ബാലാവകാശ കമ്മീഷന് സ്റ്റാറ്റിയൂട്ടറി ബോഡിയാണെങ്കിലും ഇതിലെ അംഗങ്ങളെയും ചെയര്‍മാനെയും മറ്റും നിയമിക്കുന്നതിനുള്ള അധികാരം സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിനാണ്. കമ്മീഷന് നിയമനങ്ങളില്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ ഉണ്ടാകുന്നത് നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതിന് തുല്യമായതിനാല്‍ രാഷ്ട്രീയ പരിഗണനകള്‍ക്ക് അപ്പുറത്താണ് സ്വാഭാവികമായും ഇത്തരം നിയമനങ്ങള്‍. എല്ലാത്തിലും തങ്ങളുടേതായ രാഷ്ട്രീയകക്ഷി താല്പര്യങ്ങള് അടിച്ചേല്പിച്ച് ശീലമുള്ള സി.പി.എമ്മിനും മന്ത്രിക്കും ഇക്കാര്യത്തിലും അതേനിലപാടാണ് സ്വീകരിക്കാനായത് എന്നത് അതിശയോക്തിപരമല്ല. അംഗങ്ങളുടെ നിയമനത്തിനായി അപേക്ഷാതീയതി നീട്ടി നല്‍കിയത് റദ്ദാക്കുകയും നിയമനത്തെ ഹൈക്കോടതി അസാധുവാക്കുകയും മന്ത്രി തന്റെ പദവിക്ക് യോജിച്ച നിലയിലല്ല പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി ശൈലജ നടത്തിയിരിക്കുന്നതെന്ന് വ്യക്തം. വിധി വന്നയുടന്‍ തന്നെ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് മന്ത്രി പദവിയില്‍നിന്ന് ഇറങ്ങിപ്പോകേണ്ട സാമാന്യ മര്യാദ മന്ത്രിക്കുണ്ടാകേണ്ടതായിരുന്നു.
ഇന്നലെ നിയമസഭയില്‍ പ്രശ്നം ഉന്നയിച്ച പ്രതിപക്ഷം മന്ത്രിയുടെ രാജിയല്ലാതെ മറ്റൊന്നുകൊണ്ടും തൃപ്തിപ്പെടില്ലെന്ന് വ്യക്തമാക്കുകയും രാജി ഉണ്ടാകുംവരെ നിയമസഭാകവാടത്തിനു മുന്നില്‍ സത്യഗ്രഹം ആരംഭിച്ചിരിക്കുകയുമാണ്. ഇതിന്മേല് ചര്‍ച്ചക്ക് അവസരം നിഷേധിച്ചതിനെതുടര്‍ന്നുള്ള ബഹളത്തില്‍ സഭ അല്പനേരത്തേക്ക് നിര്‍ത്തിവെക്കാനുമിടയായി. സഭയില്‍ മന്ത്രിയെ ബഹിഷ്കരിക്കാനും പ്രതിപക്ഷം തീരുമാനിച്ചിരിക്കുകയാണ്. പ്രശ്നത്തില്‍ ഒളിച്ചുകളി നടത്തുന്ന മന്ത്രിയെ സ്വന്തം പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമായേ കാണാനാകൂ. സദുദ്ദേശ്യത്തില്‍ ചെയ്തതാണ്, കോടതി തെറ്റിദ്ധരിച്ചു എന്ന മട്ടിലാണ് മുഖ്യമന്ത്രി നല്കിയ മറുപടി. പ്രതികളുടെ ഭാഗത്തുനിന്നുള്ള പതിവു പല്ലവിയായല്ലാതെ ഇതിനെ കാണാനാവില്ല. എല്ലാവരും കോടതി വിധികളെ ഈ കോണില്‍ കണ്ടാല്‍ സ്ഥിതിയെന്താകും. മുമ്പ് സ്വജനപക്ഷപാതത്തിന് എക്സൈസ് വകുപ്പുമന്ത്രി ഇ.പി ജയരാജനോട് മണിക്കൂറുകള്‍ക്കകം രാജിവെച്ച് പോകാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രിയുടെ ധാര്‍മികത ഇപ്പോള്‍ കടലെടുത്തുപോയോ?
എന്‍.സി.പിയുടെ മന്ത്രി സി.കെ ശശീന്ദ്രന് ലൈംഗികാപവാദക്കേസില്‍പെട്ടപ്പോഴും പിണറായിയുടെ സ്വരത്തിന് കടുപ്പമുണ്ടായിരുന്നു. അദ്ദേഹം രാജിവെച്ചൊഴിഞ്ഞതോടെ തല്‍സ്ഥാനത്ത് വന്ന മന്ത്രി തോമസ്ചാണ്ടിക്കെതിരെ ആരോപണങ്ങളുടെ പെരുമഴയാണ് ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ എം.എല്‍.എമാരായ വി.പി സജീന്ദ്രന്, അഡ്വ. എന്‍. ശംസുദ്ദീന്‍, ടി.വി ഇബ്രാഹിം, എല്‍ദോസ് കുന്നപ്പള്ളി, റോജി എം.ജോണ്‍ എന്നീ യു.ഡി.എഫിന്റെ യുവ എം.എല്‍.എമാരാണ് സത്യഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്. സഭയില്‍ തങ്ങളുടെ സ്വരത്തിന് മതിയായ പരിഗണന ലഭിക്കാത്തതാകാം പ്രതിപക്ഷത്തെ പുറത്തുള്ള സമരത്തിന് നിര്‍ബന്ധിതമാക്കിയത്. സഭക്ക് വെളിയിലും പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന ്പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
കമ്മീഷന് അംഗമായി പേരു നിര്‍ദേശിക്കപ്പെട്ട വ്യക്തി സി.പി.എമ്മുകാരന് മാത്രമല്ല, ഏതാനും ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സ്വന്തം പാര്ട്ടിക്കാരന് തന്റെ ബന്ധുവല്ലെന്നാണ് മന്ത്രി ശൈലജ ഒരു ടി.വി ചാനലില്‍ അവകാശപ്പെട്ടത്. പാര്ട്ടിക്കാരന് നെപ്പോട്ടിസം അഥവാ സ്വജനം എന്നതിന്റെ നിര്‍വചനത്തില്‍ പെടുന്നില്ലെന്ന് മന്ത്രിയെ പഠിപ്പിച്ചത് ആരാണ്. വിധി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും എന്തടിസ്ഥാനത്തിലാണ് കോടതിയുടെ കണ്ടെത്തല്‍ അസ്ഥാനത്താകുന്നതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വീണ്ടും ശക്തമായ തിരിച്ചടിക്കുള്ള വടി എറിഞ്ഞുകൊടുക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്. മന്ത്രി ശൈലജ ഏറ്റെടുത്തിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ കാര്യമാണെങ്കില്‍ ഇതിലേറെ കഷ്ടമാണ്. പനി ബാധിച്ച് ആളുകള്‍ കൂട്ടത്തോടെ മരിച്ചുവീഴുമ്പോള്‍ പ്രതിപക്ഷത്തെ പഴിക്കാന്‍ സമയം കണ്ടെത്തിയ മന്ത്രിയാണിത്. ഇതേ മന്ത്രിതന്നെയാണ് എം.ബി.ബി.എസ് പ്രവേശന കാര്യത്തില്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് ഒത്താശ ചെയ്ത് പാവപ്പെട്ട കുട്ടികളുടെ പഠനം മുടക്കുന്ന തരത്തില്‍ വാചകക്കസര്‍ത്ത് നടത്തുന്നത്. ജനങ്ങളുടെയും കോടതിയുടെയും ക്ഷമയുടെ നെല്ലിപ്പടി പരീക്ഷിക്കുകയാണ് സത്യത്തില്‍ മന്ത്രി ശൈലജയും സര്‍ക്കാരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News19 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

