Connect with us

Video Stories

മുത്തലാഖ്: കോടതിവിധി ദുരുപയോഗിക്കരുത്

Published

on

മുസ്‌ലിംകളിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട മുത്തലാഖ് സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്ന് ഭൂരിപക്ഷവിധി പ്രസ്താവത്തിലൂടെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ചീഫ്ജസ്റ്റിസ് ജെ.എസ് കെഹാര്‍ അടങ്ങുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചാണ് മുത്തലാഖ് ഭരണഘടനാവിരുദ്ധമാണോ എന്ന വിഷയം രണ്ടുവര്‍ഷത്തോളമായി പരിശോധിച്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ബെഞ്ചിലെ ഫാലി എസ്. നരിമാന്‍, യു.യു ലളിത്, കുര്യന്‍ജോസഫ് എന്നീ ന്യായാധിപന്മാര്‍ മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് കെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും അങ്ങനെയല്ലെന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്. എങ്കിലും സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്ന വസ്തുതവെച്ച് ഇന്നലെ മുതല്‍ മുത്തലാഖ് രാജ്യത്ത് നിരോധിതമായിരിക്കുകയാണ്. രണ്ടുവീതം ജഡ്ജിമാര്‍ മുത്തലാഖിനെ എതിര്‍ത്തും അനുകൂലിച്ചും വിധിയെഴുതിയപ്പോള്‍ ജസ്റ്റിസ് യു.യു ലളിതിന്റെ നിരീക്ഷണമാണ് നിര്‍ണായകമായത്. വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രിയടക്കം വിശേഷിപ്പിക്കുമ്പോള്‍, നിലവിലെ 1956ലെ വിവാഹ മോചനനിയമം മതിയെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രത്യേക വ്യക്തിനിയമങ്ങള്‍ ഇല്ലാതാക്കി രാജ്യത്ത് ഏകവ്യക്തിനിയമം ഏര്‍പെടുത്താനുള്ള പഴുതായാണ് വിധിയെ ബി.ജെ.പി വ്യാഖ്യാനിക്കുന്നത്. ലോകത്ത് വിവിധ സാംസ്‌കാരിക പൈതൃകങ്ങളുള്ള നൂറ്റിമുപ്പതുകോടി ജനതയടങ്ങുന്ന, മതേതതര രാജ്യമായ ഇന്ത്യയിലെ പതിനെട്ടരക്കോടിവരുന്ന മുസ്‌ലിംകളുടെ വിശ്വാസ സംഹിതകളുടെമേല്‍ പ്രസ്തുതവിധി കൈകടത്തുന്നുണ്ടോ എന്ന സുപ്രധാന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
തുല്യനീതി എന്ന ഭരണഘടനയുടെ പതിനാലാം വകുപ്പിലെ മൗലികാവകാശത്തിന്റെ ധ്വംസനമാണ് മുത്തലാഖ് എന്ന പരാതിക്കാരുടെ വാദം അംഗീകരിച്ച മൂന്നു ന്യായാധിപന്മാര്‍, മുത്തലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് പറയുന്നു. ഇരുപത്തഞ്ചാം വകുപ്പ് അനുവദിച്ചിരിക്കുന്ന മത വിശ്വാസ സ്വാതന്ത്ര്യം മുത്തലാഖ് നിരോധിക്കുന്നതിലൂടെ ഹനിക്കപ്പെടുന്നില്ലെന്നും മൂവരും വിധിച്ചിരിക്കുന്നു. എന്നാല്‍ ജസ്റ്റിസ് കെഹാറും ജസ്റ്റിസ് അബ്ദുല്‍നസീറും ചൂണ്ടിക്കാട്ടുന്നത് മറിച്ചാണ്. മുത്തലാഖ് 1400 കൊല്ലമായി മുസ്‌ലിംകള്‍ ആചരിച്ചുവരുന്നതാണെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണിതെന്നും ഇവരിരുവരും പറയുന്നു. പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയതുപോലെ ഭരണഘടനയുടെ തുല്യതക്കുള്ള അവകാശം (14-ാം വകുപ്പ്), അഭിപ്രായ സ്വാതന്ത്ര്യം (19), ജീവിക്കാനുള്ള സ്വാതന്ത്ര്യം (21) എന്നിവയെ മുത്തലാഖ് ഹനിക്കുന്നില്ലെന്നും ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെടുന്നു. തദ്്‌വിഷയത്തില്‍ ഒരു യോജിച്ച നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കാനും ജസ്റ്റിസ് കെഹാറും ജസ്റ്റിസ് നസീറും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
പരാതിക്കാരായ മുസ്‌ലിം സ്ത്രീകള്‍ കോടതിയെ നീതിക്കായി സമീപിക്കുമ്പോള്‍ തങ്ങള്‍ക്ക് കൈയും കെട്ടിയിരിക്കാനാകില്ലെന്നാണ് ജസ്റ്റിസ്‌നരിമാന്‍ തന്റെ വിധിയില്‍ പറയുന്നത്. 1937ലെ ഇന്ത്യന്‍ ശരീഅത്ത് നിയമത്തിലെ രണ്ടാം ഭാഗത്തിലുള്ള തലാഖ് ഇ ബിദ്അ, തലാഖ് ഇ അഹ്‌സന്‍, തലാഖ് ഇ ഹസന്‍ എന്നിവ മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെങ്കിലും അത് ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ മേലല്ലെന്ന് ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഒരു നിയമവും മൗലികാവകാശങ്ങളുടെ ലംഘനമാകരുതെന്ന് 13-ാം വകുപ്പ് അനുശാസിക്കുന്നുണ്ടെന്നും നരിമാന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സുപ്രധാനവും ദൂരവ്യാപക ഫലം ഉണ്ടാക്കാവുന്നതുമായ നിരീക്ഷണമാണ്. ക്രാന്തദര്‍ശികളായ ഭരണഘടനാനിര്‍മാതാക്കള്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് രേഖപ്പെടുത്തിവെച്ച നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രാജ്യത്ത് അതത് വ്യക്തിനിയമങ്ങളും നിലനിന്നിരുന്നത് എന്ന് കാണാം. ഇതിന്റെ ചുവടുപിടിച്ചാകണം വ്യക്തിനിയമത്തിന് കീഴിലായതിനാല്‍ മുത്തലാഖ് വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ്ജസ്റ്റിസും ജസ്റ്റിസ് നസീറും ഉന്നയിച്ചിരിക്കുന്നത്.
2015 ഒക്ടോബറില്‍ മുത്തലാഖ് പ്രകാരം വിവാഹമോചിതയായ സൈറാബാനു നല്‍കിയ പൊതുതാല്‍പര്യ പരാതിയിലാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച് കേസെടുത്ത് വിചാരണ ആരംഭിച്ചത്. മറ്റു നാല് മുസ്‌ലിം സ്ത്രീകളുടെ പരാതികളും കേസില്‍ പിന്നീട് ഉള്‍പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് വിചാരണ പൂര്‍ത്തിയായത്. കേസില്‍ പരാതിക്കാര്‍ക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാരും മുസ്‌ലിംകള്‍ക്കുവേണ്ടി അഖിലേന്ത്യാമുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും കക്ഷിചേരുകയുണ്ടായി. മുത്തലാഖ് നിരോധിക്കണമെന്നും പകരം പുതിയ നിയമം ഉണ്ടാക്കാമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍വാദം രണ്ടു ജഡ്ജിമാര്‍ മാത്രം അംഗീകരിച്ചതോടെ പൊതുനിയമം എന്ന സൗകര്യത്തിലേക്ക് സര്‍ക്കാരും ബി.ജെ.പിയും എത്തിപ്പെട്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ മുസ്‌ലിംകളിലെ ഒരുശതമാനത്തില്‍ താഴെമാത്രം വരുന്നവരുടെ പ്രശ്‌നമാണ് മുത്തലാഖ് അഥവാ ഒറ്റത്തവണ മൂന്നുതലാഖ് ചൊല്ലല്‍. ഇതുമൂലം മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയാണെന്ന പ്രചാരണമാണ് ബി.ജെ.പി രാജ്യത്താകെ ഉയര്‍ത്തിവിട്ടിരിക്കുന്നത്. കോടതിക്കുപുറത്തും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും മറ്റും പ്രധാനമന്ത്രിതന്നെ മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ ശാപമാണെന്നും അത് നിരോധിക്കണമെന്നും പരസ്യപ്രഖ്യാപനം നടത്തി. ഇതിനിടെ ഭൂരിപക്ഷ സമുദായങ്ങളിലെ പതിനായിരക്കണക്കിന് അശരണരായ വിധവകളുടെ കാര്യം ഇക്കൂട്ടര്‍ സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു.
മുത്തലാഖിനെ തങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്കുമെന്നുമായിരുന്നു വ്യക്തിനിയമ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. സമുദായത്തിനകത്ത് പണ്ഡിതര്‍ ചേര്‍ന്ന് തീരുമാനത്തിലെടുക്കലാണ് നല്ലതെന്നും അതില്‍ കോടതിയോ സര്‍ക്കാരോ ഇടപെടേണ്ടതില്ലെന്നും ബോര്‍ഡിനുവേണ്ടി അഡ്വ. കപില്‍സിബല്‍ വാദിച്ചു. ദൈവം അനുവദനീയമാക്കപ്പെട്ടതില്‍ ഏറ്റവും അനിഷ്ടകരമായ വിഷയങ്ങളിലൊന്നാണ് വിവാഹമോചനം എന്നാണ് ഖുര്‍ആന്‍ വചനം തന്നെ. പരസ്പരം ഇഷ്ടപ്പെടാതെ ദമ്പതികള്‍ കാലാകാലം കഴിഞ്ഞുകൂടണമെന്ന് ആര്‍ക്കും ശഠിക്കാനാകില്ല. അങ്ങനെവരുന്നത് തിക്തവും സംഘര്‍ഷജഡിലവുമായ കുടുംബാന്തരീക്ഷത്തിന് ഇടവരുത്തും. ഇതിനാണ് ഭര്‍ത്താവിന് തലാഖ് അവകാശം ഇസ്‌ലാം അനുവദിച്ചത്. ഭാര്യക്കും ഭര്‍ത്താവിനെ വിവാഹമോചനം നടത്തുന്നതിനും ഇസ്‌ലാമില്‍ ഫസ്‌ക് എന്ന വ്യവസ്ഥയുണ്ട്. വിധിയോടെ മുത്തലാഖ് പ്രകാരം വിവാഹമോചിതയായ പ്രസ്തുത കേസിലെ അഞ്ച് പരാതിക്കാരികളുടെ വിവാഹം സാധുവായിരിക്കുകയാണ്. ഇത്തരമൊരവസ്ഥയില്‍ ഇഷ്ടമല്ലാത്ത ഭര്‍ത്താവിനൊപ്പം കഴിയേണ്ടിവരുന്ന ഇവരുടെ സ്ഥിതിയെന്തായിരിക്കും? മുസ്‌ലിംകളിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല, വസ്ത്രധാരണരീതി, സ്വത്താവകാശം, മതപഠനം തുടങ്ങിയ നാനാവിധ വിഷയങ്ങളിലെല്ലാം പ്രതിലോമകരമായ നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കുള്ളത്് എന്നതും വിധി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇതിനെ ചെറുക്കാനുള്ള ആര്‍ജവമാണ് രാജ്യസ്‌നേഹികളില്‍ നിന്ന് ഉയര്‍ന്നുവരേണ്ടത്.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending