Connect with us

Video Stories

ഹനുമല്‍ സാങ്കേതിക വിദ്യ

Published

on

പെണ്‍ മയിലുകള്‍ പ്രസവിക്കുന്നത് ആണ്‍ മയിലുകളുടെ കണ്ണീര് കുടിച്ചിട്ടാണ്, അല്ലാതെ ഇണ ചേര്‍ന്നിട്ടല്ല എന്ന് പറഞ്ഞയാള്‍ രാജസ്ഥാനില്‍ ഹൈക്കോടതി ജഡ്ജിയായിരുന്നു- മഹേഷ് ചന്ദ്ര ശര്‍മ. പശുവിനെ കൊല്ലുവന്നവരെ തൂക്കിക്കൊല്ലണമെന്ന് പറയാന്‍ ഇദ്ദേഹത്തിന് മടിയേതുമില്ലായിരുന്നു, കാരണം അദ്ദേഹത്തെ ഭരിക്കുന്നത് മനുഷ്യ വളര്‍ച്ചയുടെ ഇങ്ങേയറ്റത്തുള്ള ആധുനിക ചിന്താപദ്ധതികളൊന്നുമല്ല, ഇരുണ്ട കാലത്തെ ഏതൊക്കെയോ സ്മൃതികളാണ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് നിക്‌ലാല്‍ രൂപാണി ഐ.ഐ.ടിയില്‍ ചെന്നാണ് രാമബാണത്തിന്റെയും രാമസേതുവിന്റെയും എഞ്ചിനീയറിങ് വൈദഗ്ധ്യം വിളമ്പിയത്. ത്രേതാ യുഗത്തില്‍ (17 ലക്ഷം വര്‍ഷം മുമ്പ്) തന്നെ ഭാരതം കടലില്‍ പാലം നിര്‍മിച്ചിരുന്നുവെന്നും വിമാനം പറപ്പിച്ചിരുന്നുവെന്നും മലകള്‍ അപ്പാടെ എടുത്തുമാറ്റിയിരുന്നുവെന്നും കേട്ടാല്‍ വാ പൊളിച്ച് നിന്ന് കൈയടിക്കുന്ന ഒരു സമൂഹവും രൂപപ്പെട്ടിട്ടുണ്ടെന്നതിനാല്‍ ഒരു ഗോശാല മതിയാവും വിജയ് രൂപാണിക്ക് അടുത്ത തെരഞ്ഞെടുപ്പ് ജയിക്കാന്‍. ശ്രീരാമന്‍ അന്ന് ചെയ്തതാണ് ഇന്ന് ഐ.എസ്.ആര്‍.ആര്‍.ഒ ചെയ്യാന്‍ ശ്രമിക്കുന്നത്. ലങ്കയിലേക്ക് രാമസേതു നിര്‍മിച്ചു. അതിന്റെ എഞ്ചിനീയറിങിലും മുഖ്യമന്ത്രി ഊറ്റംകൊണ്ടു. ഒരു മരുന്നിന് പോയ ഹനുമാന്‍ പേര് മറന്നുപോയതിനാല്‍ ഒരു മല തന്നെ എടുത്തു പോന്നല്ലോ. അടിസ്ഥാന വികസന മേഖലയില്‍ ഹനുമല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശം സ്വയമ്പന്‍ ആര്‍.എസ്.എസുകാരനായ മുഖ്യന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ വെക്കുന്നു. ആദിവാസികളടക്കം വ്യത്യസ്ത ജാതിക്കാരുടെയും സുഗ്രീവനും ഹനുമാനും അടങ്ങുന്ന വാനരപ്പടയെയും എന്തിന് അണ്ണാന്മാരുടെയുമൊക്കെ പിന്തുണയും സഹായവും തേടിയ ശ്രീരാമന്റെ സോഷ്യല്‍ എഞ്ചിനീയറിങും ഇദ്ദേഹം അവതരിപ്പിക്കുന്നു. ഇതിലേതു ബാണമാണ് അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഉപയോഗിക്കുക എന്നതാവും പ്രശ്‌നം. ബാലിയെയെന്ന പോലെ മറഞ്ഞിരുന്ന് അമ്പെയ്തു വീഴ്ത്തുന്ന സൂത്രം പ്രയോഗിക്കുമോ?
മോദി(യുടെ)യില്ലാത്ത ഗുജറാത്തില്‍, വിദ്വേഷ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായ ഗുജറാത്തില്‍, അമിത്ഷായുടെ സ്വന്തം മണ്ണില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് വലിയ സന്നാഹങ്ങളാണ് ബി.ജെ.പി ഒരുക്കുന്നത്. സംഘ്പരിവാറിന്റെ വിജയിച്ച രാഷ്ട്രീയ പരീക്ഷണത്തിന്റ കേന്ദ്രം മാത്രമല്ല, ബി.ജെ.പിയുടെ അരിയിട്ടു വാഴ്ചക്ക് അറുതിവരുത്താന്‍ കഴിയുമോ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാവും ഗുജറാത്ത്. 22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഒരു വര്‍ഷം മുമ്പാണ് വിജയ് രൂപാണി മുഖ്യമന്ത്രിയാവുന്നത്. മോദി ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ആനന്ദിബെന്‍ പട്ടേലിനെയാണ് കസേരയിലിരുത്തിയത്. ഒന്നു രണ്ടു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ കാര്യങ്ങള്‍ പന്തിയല്ലെന്ന് പാര്‍ട്ടിക്ക് ബോധ്യമായതുകൊണ്ട് തന്നെ മുന്‍ ആര്‍.എസ്.എസ് പ്രചാരക് ആയ വിജയ് രൂപാണിയെ ചുമതല ഏല്‍പിക്കുകയായിരുന്നു. ബി.ജെ.പി ആവനാഴിയിലെ അവസാനത്തെ ആയുധവും പയറ്റും. പക്ഷെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാവിപ്പാര്‍ട്ടിക്ക് അപകട സൂചന നല്‍കിയിട്ടുണ്ട്. 2014ല്‍ മുഴുവന്‍ ലോക്‌സഭാ സീറ്റും നേടിക്കൊടുത്ത ഗുജറാത്തല്ല 2017ലേത്. അധികാര ദുര മൂത്ത് പരസ്പരം കാലുവാരുന്ന സോളങ്കിമാരും പട്ടേലുമാരും വാഴുന്ന കോണ്‍ഗ്രസിനെ മാത്രമല്ല നേരിടേണ്ടത്, ജനസംഖ്യയില്‍ 14 ശതമാനമേയുള്ളൂവെങ്കിലും സംസ്ഥാനത്തിന്റെ ഏതാണ്ട് പകുതി മേഖല നോക്കി നടത്തുന്ന പട്ടേല്‍ സമുദായത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച ഹാര്‍ദിക് പട്ടേലിന്റെ പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുണ്ട്. മോദിയെ പാഠം പഠിപ്പിക്കുമെന്ന് ഹാര്‍ദിക് പറഞ്ഞത് കളിയായിരിക്കുമെന്ന് ഉറപ്പില്ല. ഏഴ് ശതമാനം വരുന്ന ദലിതരുടെ തീപ്പൊരി നേതാവായി ഉയര്‍ന്ന ജിഗ്‌നേഷ് മേവാനിയുണ്ട്. ഡല്‍ഹിയില്‍ കളിച്ചാല്‍ ഗുജറാത്തില്‍ മറുപടി പറയുമെന്ന് ഭീഷണി മുഴക്കുന്ന ആം ആദ്മിയുണ്ട്. പരസ്പരം ഭിന്നിച്ചു നിന്നാല്‍ എല്ലാവരെയും അപകടത്തിലാക്കി വീണ്ടും ബി.ജെ.പി വരുമെന്ന ഭീഷണി ഇവര്‍ ഉള്‍ക്കൊണ്ടാല്‍ ഇന്നും മുപ്പത് ശതമാനത്തിലേറെ വോട്ട് കൈവശമുള്ള കോണ്‍ഗ്രസുമായി ഇവര്‍ കൈ കോര്‍ത്താല്‍ അമിത്ഷായുടെ ഊറ്റം അവിടെ നില്‍ക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭീഷണിയില്ലെന്ന് തന്നെയാണ് അവിടെ നിന്നെന്ന പേരില്‍ വന്ന അഭിപ്രായ സര്‍വേ പറയുന്നത്. ഗുജറാത്തിലെ നാല്‍പത് എം.എല്‍.എമാരെയും കൊണ്ട് ബംഗളൂരുവിലെത്തി വിജയക്കൊടി നാട്ടിയ അഹമദ് പട്ടേല്‍ എന്ന ചാണക്യന്‍ അവകാശപ്പെട്ടത്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കുമെന്നാണ്. അതത്ര എളുപ്പമല്ല. വിദ്വേഷത്തിന്റെ കനലിലാണ് എന്നും ബി.ജെ.പി ജയം കണ്ടെത്തുന്നത്. എന്നും ഈ പറ്റിക്കല്‍ നടക്കുമോ എന്ന ചോദ്യത്തിന് മറിച്ചൊരു ഉത്തരം ഇതുവരെ കിട്ടിയിട്ടില്ലല്ലോ. റൊഹിംഗ്യന്‍ യാതനക്കഥകള്‍ പുറത്തുവരുന്ന മ്യാന്‍മറിലെ റംഗൂണിലായിരുന്നു വിജയ് രൂപാണിയുടെ കുടുംബം. അവിടെ രാഷ്ട്രീയ അനിശ്ചിതത്വം വന്നപ്പോള്‍ ഏഴു മക്കളെയും കൂട്ടി രാംനിക്‌ലാല്‍ എന്ന ജൈന ബനിയ സമുദായക്കാരന്‍ രാജ്‌കോട്ടിലേക്ക് പോന്നതാണ്. ചെറുപ്പത്തിലേ എ.ബി.വി.പിയിലും ആര്‍.എസ്.എസിലും പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ രൂപാണി അടിയന്തിരവാസ്ഥക്കാലത്ത് 11 മാസം ജയിലില്‍ കിടന്നു. 1978 മുതല്‍ 81 വരെ പ്രചാരക് ആയി. രാജ്‌കോട്ട് മുനിസിപ്പല്‍ അംഗമായി, അവിടെ മേയറുമായി. ഗുജറാത്ത് ബി.ജെ.പി ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ നാലു മുഖ്യമന്ത്രിമാരുടെ അടുത്തയാളായിരുന്നു. രാജ്യസഭാംഗമായി. മന്ത്രിയായിരിക്കെയാണ് ഒരു വര്‍ഷം മുമ്പ് മോദിയുടെയും അമിത്ഷായുടെയും പരീക്ഷണ ശാലയുടെ സൂക്ഷിപ്പുകാരനായി വന്നത്. എന്തായിരുന്നാലും പുരുഷോത്തമനായ ശ്രീരാമനായിരിക്കില്ല വിജയ് രൂപാണിയുടെ മാതൃക.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending