യാങ്കൂണ്‍: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ ഗ്രാമം വളഞ്ഞ് കുട്ടികളുള്‍പ്പെടെ 130 പേരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. കൂട്ടക്കുരുതിക്കു ശേഷം 2500 വീടുകള്‍ അഗ്നിക്കിരയാക്കി. റാഖിന്‍ സ്റ്റേറ്റില്‍ ഒരാഴ്ചക്കിടെ 400ഓളം പേര്‍ കൊല്ലപ്പെട്ട സൈനിക നടപടികളിലെ ഒടുവിലത്തെ ദുരന്തമാണിത്. മ്യാന്മര്‍ സേനയുടെ മുസ്‌ലിം വേട്ടയെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. റോഹിന്‍ഗ്യന്‍ ഭൂരിപക്ഷ പ്രദേശമായ റാഖിനിലെയും സമീപ പ്രദേശങ്ങളിലെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗുട്ടെറസ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.
സാധാരണക്കാരെ കൂട്ടത്തോടെ കൊന്നുതള്ളിയും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയും റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ പട്ടാളക്കാര്‍ ഭീകരതാണ്ഡവും തുടരുകയാണ്. റോഹിന്‍ഗ്യന്‍ മുസ്്‌ലിം കുടുംബങ്ങളെ അടിച്ചിറക്കി ആയിരക്കണക്കിന് വീടുകളാണ് സൈനികര്‍ അഗ്നിക്കിരയാക്കിയത്. വീടും നാടും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന പാവപ്പെട്ട റോഹിന്‍ഗ്യന്‍ ഗ്രാമീണരെ സഹായിക്കാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരെ കലാപ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ഗുട്ടെറസ് പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളോട് അനുഭാവ പൂര്‍വം പെരുമാറുന്ന ബംഗ്ലാദേശ് അധികാരികളെ അദ്ദേഹം പ്രശംസിച്ചു. റോഹിന്‍ഗ്യന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതി ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. അതിനുശേഷം പ്രതിസന്ധി സംബന്ധിച്ച് രക്ഷാസമിതി പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. മ്യാന്മര്‍ സേനയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ട് അതിര്‍ത്തിയില്‍ അഭയം ചോദിച്ചെത്തിയ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കണമെന്ന് തുര്‍ക്കി ബംഗ്ലാദേശ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് അഭയം നല്‍കുന്നതിനുള്ള ചെലവ് തുര്‍ക്കി വഹിക്കുമെന്നും വിദേശകാര്യ മന്ത്രി മെവ്‌ലൂത്ത് കാവുസോഗ്ലു അറിയിച്ചു. മുസ്‌ലിം വംശഹത്യയാണ് മ്യാന്മറില്‍ നടക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.
പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോഓപ്പറേഷന്‍(ഒഐസി) യോഗം ചേരും. റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ അനുഭവിക്കുന്ന യാതകനള്‍ക്ക് ഉറച്ച പരിഹാരം കാണാന്‍ ഒഐസി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എന്‍ ഭക്ഷ്യസഹായം നിര്‍ത്തി
ന്യൂയോര്‍ക്ക്: മ്യാന്മറിലെ റാഖിന്‍ സ്‌റ്റേറ്റില്‍ സൈനിക നടപടിയെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കുള്ള ഭക്ഷ്യസഹായം വേള്‍ഡ് ഫുഡ് പ്രോഗ്രാം(ഡബ്ല്യു.എഫ്.പി) നിര്‍ത്തിവെച്ചു. സുരക്ഷാ ആശങ്കയെത്തുടര്‍ന്നാണ് സഹായം നിര്‍ത്തിവെക്കുന്നതെന്നും മ്യാന്മര്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് ഭക്ഷ്യവിതരണം പുനരാരംഭിക്കാന്‍ ശ്രമം തുടരുകയാണെന്നും ഡബ്ല്യു.എഫ്.പി പ്രസ്താവനിയില്‍ അറിയിച്ചു. കുട്ടികളടക്കം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട റാഖിന്‍ സ്്‌റ്റേറ്റില്‍ ആര്‍ക്കും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയാണ്. യു.എന്‍ പ്രതിനിധികളുള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരെ കലാപ ഭൂമിയിലേക്ക് പ്രവശിക്കാന്‍ സൈന്യം അനുവദിക്കുന്നില്ല. ഡബ്ല്യു.എഫ്.പി ഭക്ഷ്യസഹായം നിര്‍ത്തിവെച്ചത് രണ്ടര ലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ സ്ഥിതി കൂടുതല്‍ ദയനീയമാക്കും. 2012 മുതല്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന 120,000ഓളം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് ഡബ്ല്യു.എഫ്.പി ഭക്ഷ്യസഹായമായിരുന്നു ഏക ആശ്രയം. മുസ്്‌ലിംകള്‍ക്കുള്ള സഹായത്തിന്റെ എല്ലാ വഴികളും ഭരണകൂടം അടച്ചിരിക്കുകയാണ്. യു.എന്‍ ഭക്ഷ്യവസ്തുക്കള്‍ റോഹിന്‍ഗ്യന്‍ വിഘടനവാദികളുടെ കൈകളിലാണ് എത്തുന്നതെന്ന് മ്യന്മാര്‍ ആരോപിക്കുന്നു. ആ ആരോപണം യു.എന്‍ ഏജന്‍സി നിഷേധിച്ചു.