Video Stories
ആശങ്കകള്‍ ബാക്കിനില്ക്കുന്ന നര്‍മ്മദ
അര നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ ഡാം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നാടിനു സമര്‍പ്പിച്ചു. പ്രതിഷേധങ്ങളും സമരങ്ങളും കൊടുമ്പിരികൊണ്ട ഇന്നലെകളെ വകഞ്ഞുമാറ്റി നര്‍മ്മദയുടെ മാറില്‍ കെട്ടിപ്പൊക്കിയ പടുകൂറ്റന്‍ ജലസംഭരണി നാടിനു സമര്‍പ്പിക്കപ്പെടുമ്പോള്‍ ഇതുവരെ നിലനിന്ന ആശങ്കകള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. വികസന സങ്കല്പങ്ങളെക്കുറിച്ചുള്ള പെരുമ്പറ ശബ്ദങ്ങള്‍ക്കിടയില്‍ കുടിയിറക്കപ്പെടുന്നവരുടെയും ആവാസം നഷ്ടപ്പെടുന്നവരുടേയും നിലവിളികള്‍ എങ്ങുമെത്താതെ പോകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് വേണമെങ്കില്‍ നര്‍മ്മദാ സമരത്തെ വിശേഷിപ്പിക്കാം. 1961 ഏപ്രില്‍ അഞ്ചിനാണ് പ്രഥമ പ്രധാനമന്ത്രി ജവര്‍ലാല്‍ നെഹ്റു ഈ ജലസംഭരണിക്ക് തറക്കല്ല് പാകിയത്. പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്വപ്നത്തിന് നെഹ്റു ശിലയിടുമ്പോള്‍ ഒരു സ്വപ്നത്തിനൊത്തുള്ള ചുവടുവെപ്പ് എന്നതില്‍ കവിഞ്ഞ് കാര്യമായ പഠനങ്ങളുടേയോ പരിശോധനകളുടേയോ പിന്തുണയില്ലായിരുന്നു. തറക്കല്ല് പാകിയ ശേഷമാണ് പദ്ധതിയെക്കുറിച്ചുള്ള പഠനങ്ങള്‍ പോലും നടന്നത്. അതുകൊണ്ടു തന്നെയാണ് ഓരോ ഘട്ടത്തിലും തടസ്സങ്ങളുടെ വന്മലകള് പദ്ധതിക്കു മുന്നില്‍ രൂപപ്പെട്ടത്. നര്‍മ്മദയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിച്ച് അണക്കെട്ട് പണിയുമ്പോള്‍, നീരൊഴുക്കിനെ ആശ്രയിച്ച് കഴിയുന്ന സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളത്തിന്റെ വിഹിതത്തെച്ചൊല്ലിയായിരുന്നു ആദ്യ തര്‍ക്കം.
മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ 1969ല്‍ നര്‍മ്മദ ജലതര്‍ക്ക ട്രൈബ്യൂണലിന് രൂപം നല്കി. മധ്യപ്രദേശിന് 65 ശതമാനം ജലവും ഗുജറാത്തിന് 32ഉം ശേഷിക്കുന്ന മൂന്നു ശതമാനം വെള്ളം മഹാരാഷ്ട്രക്കും രാജസ്ഥാനും തുല്യമായി പങ്കിട്ടുനല്‍കാമെന്നുമുള്ള വ്യവസ്ഥകളിലാണ് ജലതര്‍ക്ക കമ്മീഷന് പ്രശ്നം പരിഹരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1988ല്‍ ആസൂത്രണ കമ്മീഷന് പദ്ധതിക്ക് അനുമതി നല്കി. നര്‍മ്മദ അപ്പോഴേക്കും വലിയൊരു പരിസ്ഥിതി സമരത്തിന്റെ വേദിയായി രൂപപ്പെട്ടു തുടങ്ങിയിരുന്നു. 1985ലെ മേധാപട്കറുടെ നര്‍മ്മദാ സന്ദര്‍ശനവും തുടര്‍ന്ന് നടന്ന ജലസത്യഗ്രഹവും നര്‍മ്മദാ ആന്ദോളന് ബച്ചാവോ എന്ന പേരില്‍ രൂപം നല്കിയ സമരമുന്നേറ്റവുമെല്ലാം പരിസ്ഥിതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള സമരങ്ങളെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തി. ബാബാ ആംതെ, അരുന്ധതി റോയി തുടങ്ങിയവരുടെ രംഗപ്രവേശം സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു. പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നുള്ള അനുമതി ലഭിക്കാതെയും കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കാതെയും അണക്കെട്ട് നിര്‍മാണവുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പുതിയ നിയമ പോരാട്ടത്തിനും വഴിതുറന്നു. ഒടുവില്‍ ഉപാധികളോടെയാണ് സുപ്രീംകോടതി അണക്കെട്ട് നിര്‍മാണം തുടരാന്‍ അനുമതി നല്‍കിയത്. അണക്കെട്ട് നിര്‍മാണത്തെതുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ പുനരധിവസിപ്പിക്കണമെന്നതായിരുന്നു ഉപാധികളില്‍ പ്രധാനം. ഇതുപോലും പാലിക്കപ്പെടാതെയാണ് പ്രധാനമന്ത്രി കൊട്ടിഘോഷിച്ച് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. 4,00000 കുടുംബങ്ങളെ അണക്കെട്ട് പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുമെന്നാണ് സമരസമിതി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ 18,356 കുടുംബങ്ങളെ മാത്രമാണ് പുനരധിവസിപ്പിക്കേണ്ടത്. 80 മീറ്റര്‍ ഉയരത്തില്‍ നിര്‍മാണത്തിന് അനുമതി നല്‍കിയിടത്തുനിന്നാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം 163 മീറ്റര്‍വരെ ആവാമെന്നതിലേക്ക് എത്തിയത്.
1.2 കിലോമീറ്റര്‍ നീളം വരുന്ന അണക്കെട്ടിന്റെ നിലവിലെ സംഭരണ അളവ് 138.68 മീറ്റര്‍ ആണ്. ദരിദ്ര കര്‍ഷകരെ സമ്പന്നരാക്കാനുള്ള മോദിയുടെ സ്വപ്നം പൂവണിയുന്നു എന്നാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉദ്ഘാടനത്തെ കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. നാലു കോടി ജനങ്ങള്‍ക്ക് കുടിവെള്ളം, 22000 ഹെക്ടറില്‍ കൃഷിക്ക് ജലസേചനം, മൂന്നു സംസ്ഥാനങ്ങളിലായി 9000 ഗ്രാമങ്ങളില്‍ വൈദ്യുതി തുടങ്ങി ഈ അണക്കെട്ടിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ ഏറെ വലുതാണ്. ഈ കണക്കുകളത്രയും അതിശയോക്തി നിറഞ്ഞതാണെന്ന് ബദല്‍ പഠനങ്ങള്‍ തെളിയിച്ചതാണ്. വികസനം നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വികസനം എന്നത് പരിസ്ഥിതിയുടെ നിലനില്‍പ്പും അതിനെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ സംരക്ഷണവുംകൂടി മുന്നില്‍ കണ്ടുകൊണ്ടാകണം. അത്തരമൊരു സമഗ്ര കാഴ്ചപ്പാട് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഇപ്പോഴും കൈവന്നിട്ടില്ലെന്ന് വേണം പറയാന്‍. സുപ്രീംകോടതി നിര്‍ദേശിച്ചതുപ്രകാരമുള്ള പുനരധിവാസംപോലും സാധ്യമായിട്ടില്ല എന്നതു തന്നെ ഇതിനു തെളിവാണ്. 56 വര്‍ഷമായി പദ്ധതിക്കു വേണ്ടിയും നിയമ പോരാട്ടത്തിനു വേണ്ടിയും ചെലവഴിച്ച തുക, കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തിനു വേണ്ടി വരുന്ന ചെലവ്, ഹെക്ടര്‍ കണക്കിന് വനഭൂമി വെള്ളക്കെട്ടില്‍ അമരുമ്പോള്‍ ജൈവ വ്യവസ്ഥക്ക് നേരിടുന്ന കോട്ടം, എല്ലാറ്റിനുമുപരി അണക്കെട്ട് സമ്മാനിക്കുന്ന ജീവഭയം.., ഇവക്കെല്ലാം പകരം വെക്കാനുള്ള നേട്ടങ്ങള്‍ ഈ പദ്ധതിക്ക് സമ്മാനിക്കാനാവുമോ എന്ന ചോദ്യമാണ് പ്രസക്തം. ഒരു പദ്ധതിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഉണ്ടായതെന്നാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. അണക്കെട്ട് ബാക്കിവെക്കുന്ന ദുരന്ത ഭീതിക്കും പ്രധാനമന്ത്രി പറഞ്ഞ അത്രതന്നെ ആഴമുണ്ടെന്ന കാര്യം പക്ഷേ അദ്ദേഹം വിസ്മരിക്കുന്നു.
നര്‍മ്മദ ബച്ചാവോ ആന്ദോളന് എന്നത് കേവലം ഒരു പ്രതിഷേധ സമരമായിരുന്നില്ല. നാടിന്റെ, ജനതയുടെ, പരിസ്ഥിതിയുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. അണക്കെട്ട് വരുന്നതിലല്ല, അത് മുന്നോട്ടുവെക്കുന്ന ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിലും പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിലും ഭരണകൂടങ്ങള്‍ വരുത്തുന്ന ബോധപൂര്‍വ്വമായ വീഴ്ചകളാണ് ഭാവിയുടെ വെല്ലുവിളി. 140 അടി മാത്രം ഉയരമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ തലക്കുമീതെ സൃഷ്ടിക്കുന്ന ഭീതിയുടെ ഉയരം എത്രത്തോളമെന്നത് മലയാളിയെ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അപ്പോള്‍ 500ലധികം അടി ഉയരവും 1200 മീറ്റര്‍ നീളവും വരുന്ന, 3500 കോടി ഘനയടി ജലം ഉള്‍കൊള്ളുന്ന ഒരു ജലബോംബ് സൃഷ്ടിക്കുന്ന ഭീതിയുടെ ആഴവും പരപ്പും നമുക്ക് അളക്കാനാവും. ആ ഭീഷണിയെ അഭിമുഖീകരിക്കാന്‍ കാര്യമായി ഒന്നും ചെയ്തില്ല എന്നിടത്താണ് വികസനം തോറ്റുപോകുന്നത്. മനുഷ്യനും.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

