Video Stories
ഈമന്ത്രി ഒരുനിമിഷം പോലും തുടരരുത്
ഇന്നേക്ക് കൃത്യം രണ്ടുവര്‍ഷംമുമ്പ് യു.ഡി.എഫ് സര്‍ക്കാരിലെ ധനകാര്യമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ട് അന്നത്തെ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ നടത്തിയ പരാമര്‍ശം മാണിയുടെ രാജിയിലേക്ക് വഴിവെക്കുകയുണ്ടായി. വിധി പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയൊരു പ്രസംഗത്തിലെ വാചകം ഇവിടെ ഉദ്ധരിക്കുന്നത് ഇപ്പോള്‍ പ്രസക്തമാകും. ‘ഇത്തരമൊരു ആരോപണം ഉണ്ടായിക്കഴിഞ്ഞാല്‍ തല്കാലത്തേക്ക് മാറിനില്ക്ക് എന്ന് പറയാനുള്ള സാമാന്യമായ ഉത്തരവാദിത്തമെങ്കിലും മുഖ്യമന്ത്രി കാട്ടേണ്ടതല്ലേ?’ സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം എന്ന ചൊല്ല് എടുത്തുദ്ധരിച്ചായിരുന്നു കോടതിയുടെ മന്ത്രിക്കെതിരായ പരാമര്‍ശമെങ്കില്‍ ഇന്നലെ അതേ കോടതിയുടെ ഡിവിഷന് ബെഞ്ച് പിണറായി മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ നടത്തിയ പരാമര്‍ശം ഇതിലുമെത്രയോ കടുപ്പമുള്ളതാണ്. എന്നിട്ടും ഇപ്പോള്‍ പിണറായി വിജയന് തന്റെ ആ പഴയ ആര്‍ജവബോധം മറന്നുകളയുന്നതിലാണ് സാധാരണക്കാരുടെ അത്ഭുതം.
ഗതാഗത വകുപ്പുമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയില്‍ കുട്ടനാട്ടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി നടത്തിയ പൊതുമുതല്‍ കയ്യേറ്റം സംബന്ധിച്ച പരാതിയിലാണ് ഇന്നലെ കോടതി നടത്തിയ പരാമര്‍ശം. ‘മന്ത്രി തോമസ്ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് അന്വേഷണം എന്തായി. ഇക്കാര്യത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണന നല്കുകയാണോ സര്‍ക്കാര്‍. പാവപ്പെട്ടവന് ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ. റോഡരികില്‍ താമസിക്കുന്നവരോട് സര്‍ക്കാരിന് ഇതേ നിലപാടാണോ ഉള്ളത്. എല്ലാവര്ക്കും തുല്യനീതി നടപ്പാക്കാനാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. പൊതുമുതല്‍ കയ്യേറ്റത്തോട് സര്‍ക്കാരിന്റെ നിലപാട് എന്താണ്? ഇക്കാര്യത്തില്‍ മന്ത്രിയെന്നോ സാധാരണക്കാരനെന്നോ എന്ന വ്യത്യാസമില്ല.’ കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു. ഇത് പുറത്തുവന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്നുമാത്രമല്ല, രാജിവെച്ചൊഴിയേണ്ട മന്ത്രിയുടെ ഓഫീസ് പറയുന്നത്, ഇത് ഗൂഢാലോചനയാണെന്നാണ്. ആരാണ് ഗൂഢാലോചന നടത്തുന്നത്. അത് കോടതിയാണോ. തൃശൂര്‍ വേലുപ്പാടം സ്വദേശി ടി.എന്‍ മുകുന്ദന് എന്നയാളാണ് ഹര്ജിക്കാരന്. അദ്ദേഹം ഉന്നയിച്ച ആവശ്യം മന്ത്രിയുടെ കമ്പനി കേരള ഭൂ വിനിയോഗ നിയമവും നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണ നിയമവും ലംഘിച്ചതിന് കേസെടുത്ത് അന്വേഷിക്കണമെന്നാണ്. എന്നാല്‍ കോടതി അതിലുംകടന്ന് സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാജിക്ക് തയ്യാറാകാത്ത നിലക്ക് മന്ത്രിയുടെ രാജി ചോദിച്ചുവാങ്ങേണ്ട മുഖ്യമന്ത്രി മൗനവാല്‍മീകത്തിലുമാണ്.
മന്ത്രിയായശേഷം പോലും ഭൂമികയ്യേറ്റം നടന്നുവെന്നത് വ്യക്തമാണ്. മാധ്യമങ്ങള്‍ ഇക്കാര്യത്തിലെ തെളിവുകള്‍ പുറത്തുകൊണ്ടുവന്നിട്ട് മൂന്നുമാസമായി. സമ്മര്‍ദം ശക്തിപ്പെട്ടപ്പോള്‍ റവന്യൂവകുപ്പാണ് അന്വേഷണം നടത്തി കയ്യേറ്റം നടന്നെന്ന് സ്ഥിരീകരിച്ചത്. ജില്ലാകലക്ടര്‍ തന്നെ നേരിട്ടുചെന്ന് അന്വേഷണം നടത്തി സര്‍ക്കാരിനുമുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയിട്ടും രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം വാട്ടര്‍ വേള്‍ഡ് കമ്പനി ഭൂ സംരക്ഷണ നിയമം ലംഘിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. തണ്ണീര്‍തട-നെല്‍വയല്‍ നിയമമനുസരിച്ച് കലക്ടറാണ് ഇതുസംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്തി കേസെടുക്കേണ്ടത്. ജില്ലാസെഷന്‍സ് കോടതിയില്‍ കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കി പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യത കലക്ടറുടേതാണ്. എന്നാല്‍ ഒരു സാധാരണ പൗരനാണ് ഇതൊക്കെ ചെയ്തതെങ്കില്‍ നടക്കുമായിരുന്ന കേസും നടപടികളും മന്ത്രിയുടെ കാര്യത്തില്‍ മാസങ്ങളായിട്ടും ഇല്ലാതെ പോകുന്നു. ലേക് പാലസ് റിസോര്‍ട്ടിന് വേണ്ട പാര്‍ക്കിങിനായി കായലും റോഡിനായി നെല്‍വയലും മണ്ണിട്ടു നികത്തുകയും അതിനുവേണ്ടി എം.പി ഫണ്ടുകളില്‍ നിന്ന ്പതിനഞ്ചു ലക്ഷത്തോളം രൂപ ചെലവഴിക്കുകയും ചെയ്ത മന്ത്രിചാണ്ടി ഏപ്രിലില്‍ അധികാരത്തിലേക്ക് കടന്നുവന്നശേഷവും സമാനമായ ഒട്ടേറെ നിയമലംഘനങ്ങളാണ് നടത്തിയത്. എം.പി ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ കഴിഞ്ഞദിവസമാണ് കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അവിടെയും മന്ത്രിക്കനുകൂലമായ നിലപാടെടുത്ത വിജിലന്‍സും സര്‍ക്കാരും ഇന്നലെ ഹൈക്കോടതിയിലും കലക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് കള്ളം പറഞ്ഞത്.
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ 22ന ്തന്നെ മന്ത്രിയുടെ ഓഫീസിനും റവന്യൂവകുപ്പു സെക്രട്ടറിക്കും കലക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇതറിയാതെയാവില്ല മന്ത്രിയെ സഹായിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് സോഹന്‍ പ്രത്യേക താല്പര്യം കാട്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. എ.ജിയുടെ കീഴിലുള്ള സ്റ്റേറ്റ് അറ്റോര്‍ണിയാണ് പിണറായിയുടെ അടുത്ത സഹയാത്രികനായ സോഹന്‍ എന്നത് പരസ്യമായ രഹസ്യമാണ്. ഇദ്ദേഹം ഇനിയും മന്ത്രിക്കെതിരായ റിപ്പോര്‍ട്ട് കാത്തിരിക്കുന്നുവെന്ന് കോടതിയെ ധരിപ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നത് പരസ്യമാണ്. പിണറായി മിണ്ടുന്നില്ലെങ്കില്‍ സോഹന്‍ മിണ്ടുന്നത് പിണറായിയുടെ നാവ് കൊണ്ടാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടതിയുടെ എതിരായ പരാമര്‍ശങ്ങളുണ്ടായപ്പോഴൊക്കെ കെ.പി വിശ്വനാഥനും പി.പി ജോര്‍ജും എം.പി ഗംഗാധരനും ബാലകൃഷ്ണപിള്ളയും മാണിയുമൊക്കെ കാട്ടിയ വഴി ഇടതുമുന്നണിക്ക് എന്തുകൊണ്ട് ബാധകമാകുന്നില്ല.
എന്താണ് ഇത്തരമൊരു രൂക്ഷമായ സാഹചര്യം ഉണ്ടായിട്ടും കോടീശ്വരനായ മന്ത്രിയെ താങ്ങാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത്. ഒരു ഘടകക്ഷിയായ മന്ത്രിക്ക് ലഭിക്കുന്ന പരിഗണന സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജന് എന്തുകൊണ്ട് ലഭിച്ചിരുന്നില്ല. അപ്പോള്‍ പണംതന്നെയാണ് ഇടതുപക്ഷ സര്‍ക്കാരിനെയും മുന്നണിയെയും നയിക്കുന്നതെന്ന് സുവ്യക്തം. മറ്റൊരു പ്രധാന ഘടകക്ഷിയായ സി.പി.ഐയുടെ മന്ത്രിയും വകുപ്പും ആവശ്യപ്പെട്ടയുടന്‍ അതിന് അനുമതി നല്കേണ്ടുന്ന നിയമപരമായ ബാധ്യതയാണ് മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് ചിരിച്ചുകാട്ടി പരിഹസിക്കാന്‍ നോക്കുന്നത്. ഇത് ചുരുക്കിപ്പറഞ്ഞാല്‍ തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണ്. ആരോടും പ്രത്യേക പ്രീതിയോ വിദ്വേഷമോ കൂടാതെ തന്റെ മന്ത്രിയെന്ന നിലയിലുള്ള കര്‍ത്തവ്യം നിറവേറ്റുമെന്ന് മൂന്നുവട്ടം ഊന്നിപ്പറഞ്ഞ് മന്ത്രിക്കസേരയിലേറിയവരാണ് തോമസ് ചാണ്ടിയും പിണറായി വിജയനും. അവര്‍ ഉണ്ണുന്നതും ഉറങ്ങുന്നതും യാത്ര ചെയ്യുന്നതുമെല്ലാം ഇന്നാട്ടിലെ പാവപ്പെട്ടവന്റെ അധ്വാന ഫലം കൊണ്ടാണെന്ന തോന്നല്‍ ഒരു കമ്യൂണിസ്റ്റ് മുഖ്യനെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടാകുന്നില്ല എന്നത് കേരളത്തിന്റെ നാണക്കേടാണ്. നിയമവ്യവസ്ഥയുടെ പച്ചയായ ലംഘനമാണിത്. ഒരു നിമിഷം പോലും താമസിക്കാതെ മന്ത്രിയെ പുറത്താക്കി കേസെടുത്ത് ജയിലിലടയ്ക്കുകയാണ് ആര്‍ജവം ലവലേശമെങ്കിലുമുണ്ടെങ്കില്‍ ഭരണമുന്നണി ചെയ്യേണ്ടത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india3 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

