Connect with us

Video Stories

മെസി, വിശേഷണ ദാരിദ്ര്യമുണ്ട്-തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ലിയോ മെസിയാണ് മൈതാനത്ത് കളിക്കുന്നതെങ്കില്‍ ഗോളുകളുടെ സൗന്ദര്യം വിവരിക്കാന്‍ പുതിയ വിശേഷണങ്ങള്‍ വേണ്ടി വരും. കളി പറയുന്ന ടെലിവിഷന്‍ കമന്റേറ്ററും ഓണ്‍ലൈനില്‍ തല്‍സമയം കളിയെ അപഗ്രഥിക്കുന്നവര്‍ക്കും വാര്‍ത്തകള്‍ എഴുതുന്ന റിപ്പോര്‍ട്ടറും വാട്ട്‌സാപ്പില്‍ ദൃശ്യങ്ങളെ വിവരിക്കുന്നവര്‍ക്കുമെല്ലാം മെസിയുടെ ഗോളുകളില്‍ പതിവ് വിശേഷണങ്ങള്‍ പറഞ്ഞ് മടുത്തിരിക്കുന്നു. ഫന്റാസ്റ്റിക്, മാര്‍വലസ്, അണ്‍ ബിലിവബിള്‍ തുടങ്ങി ഇംഗ്ലീഷില്‍ കളി പറയുന്നവര്‍ ഒരേ പദങ്ങള്‍ തന്നെ ആവര്‍ത്തിക്കുമ്പോള്‍ മലയാളത്തില്‍ അത് സുന്ദര ഗോളും അപൂര്‍വ്വ ഗോളും അതി മനോഹര ഗോളുമെല്ലാമായി പതിവ് ലൈനില്‍ പോവുന്നു. കഴിഞ്ഞ ഒരാഴ്ച്ച മാത്രം എടുക്കു-അദ്ദേഹം സ്പാനിഷ് ലാലീഗയില്‍ നേടിയ മൂന്ന് സൂപ്പര്‍ ഫ്രീകിക്ക് ഗോളുകള്‍-എല്ലാം വിത്യസ്തം, ഒന്നിനൊന്ന് മഹത്തരം. ഏത് പദവിന്യാസങ്ങള്‍ ഉപയോഗിച്ചാലും ആ ഗോളുകളുടെ മികവിനെ അളക്കാനാവുന്നില്ല. ജിറോനക്കെതിരായ ഫ്രീകിക്ക് ഗോള്‍ മെസി സ്‌ക്കോര്‍ ചെയ്യുമ്പോള്‍ കമന്റേറ്റര്‍ പറഞ്ഞു- വാട്ട് എ ഗോള്‍…! ജിറോനയുടെ പെനാല്‍ട്ടി ബോക്‌സിന് സമീപത്ത് നിന്നും മെസി ഫ്രീകിക്ക് എടുക്കാന്‍ വരുമ്പോള്‍ മുന്നില്‍ എട്ട് പേരുടെ പ്രതിരോധ മതില്‍. ഗോള്‍ക്കീപ്പറെയും ഗോള്‍ വലയത്തെയും കൃത്യമായി കാണാന്‍ കഴിയാത്ത അവസ്ഥ. പക്ഷേ പ്രതിരോധ മതിലിലെ ചെറിയ വിള്ളല്‍ മെസി കാണുന്നു. ആ വിള്ളല്‍ അദ്ദേഹത്തിന്റെ ഗോള്‍ മുഖമായി. ലാസ് പാമസിനെതിരായെ മല്‍സരം. ഫ്രീകിക്ക് പെനാല്‍ട്ടി ബോക്‌സിന് പുറത്ത്. മുന്നില്‍ മതില്‍. പക്ഷേ മതിലിന്റെ ശക്തിയെ പരിഹസിച്ച് വളഞ്ഞുള്ള കിക്ക് പോസ്റ്റില്‍ പതിച്ചപ്പോള്‍ ടെലിവിഷന്‍ കമന്റേറ്റര്‍ ആര്‍ത്തുവിളിച്ചു-ദിസ് ഈസ് മെസി. ഒരു ദിവസം മുമ്പ് നുവോ കാമ്പില്‍ പ്രതിയോഗികള്‍ ശക്തരായ അത്‌ലറ്റികോ മാഡ്രിഡ്. ബാര്‍സയുടെ കിരീടത്തിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സിമയോണി സംഘം. മല്‍സരം 26 മിനുട്ട് പിന്നിടുമ്പോള്‍ അത്‌ലറ്റികോ ഗോള്‍മുഖത്ത് നിന്നും 25 അടി അകലെ ബാര്‍സക്ക് ഫ്രീകിക്ക്. മെസിക്ക് മുന്നില്‍ പന്ത്. അത്‌ലറ്റികോ ഗോള്‍ക്കീപ്പര്‍ ജാന്‍ ഒബ്‌ലാക് തനിക്ക് മുന്നില്‍ കൂട്ടുകാര്‍ ഉയര്‍ത്തിയ മതിലില്‍ വിളളല്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി. അദ്ദേഹം ഗോള്‍ലൈനിന്റെ മധ്യത്തില്‍ നിലയുറപ്പിച്ചു. റഫറിയുടെ വിസില്‍-മെസി മുന്നോട്ട് വരുന്നു. ഇടത്് ഭാഗത്ത് നിന്നും വലത് ഭാഗം ലക്ഷ്യമാക്കിയുള്ള പവര്‍ഫൂള്‍ ഷോട്ട്-പന്ത് മതിലും കടന്ന്, ഗോള്‍ക്കീപ്പറുടെ ജാഗ്രതാ കണ്ണുകളെയും തോല്‍പ്പിച്ച് ഇടത് മൂലയിലേക്ക്….., മെസി സിഗ്നേച്ചര്‍…. അതായിരുന്നു കമന്റേറ്റര്‍ക്ക് പറയാനുണ്ടായിരുന്നത്്. ബാര്‍സക്ക് വേണ്ടി അദ്ദേഹം നേടുന്ന അറുന്നൂറാമത്തെ ഗോള്‍.

ഒരാഴ്ച്ചക്കിടെ രണ്ട് ഹാട്രിക്കുകളുമായി കളം നിറഞ്ഞ അന്റോണിയോ ഗ്രീസ്മാന്‍ എന്ന ഫ്രഞ്ചുകാരന്‍ അത്‌ലറ്റികോ സംഘത്തിലുണ്ടായിരുന്നു. അദ്ദേഹം പോലും തലയില്‍ കൈവെച്ചു-മെസി ഗോള്‍ കണ്ടിട്ട്. ഫുട്‌ബോള്‍ ലോകം മെസിയെന്ന ഇതിഹാസത്തിന്റെ ഗോള്‍ വേട്ട കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിമൂന്നായിരിക്കുന്നു. 2005 ല്‍ കുട്ടിതാരമായി ബാര്‍സയിലെത്തി അല്‍ബസറ്റക്കെതിരെ ആദ്യ ഗോള്‍ നേടി തുടങ്ങിയ ജീവിതം. അടുത്ത വര്‍ഷം അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തില്‍ ക്രൊയേഷ്യക്കെതിരെ ഗോള്‍ അരങ്ങേറ്റം. അതിന് ശേഷം ബാര്‍സക്കായും അര്‍ജന്റീനക്കായും മെസി നേടിയ ഗോളുകള്‍ക്ക് കണക്കില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടിക എടുത്താലും കണ്‍ഫ്യൂഷനാണ്. എല്ലാ ഒന്നിനൊന്ന് മികച്ചവ. 2007 ഏപ്രില്‍ 19 ന് ഗറ്റാഫെക്കെതിരെ നേടിയ ഫ്രീകിക്ക് ഗോള്‍ മെസിയെന്ന നീളന്‍ മുടിക്കാരന്റെ വരവറിയിക്കുന്നതായിരുന്നു. 2010 ല്‍ റയല്‍ സരഗോസക്കെതിരെ നേടിയ ഗോള്‍, 2011 ഏപ്രില്‍ 27 ന് റയല്‍ മാഡ്രിഡിനെതിരെ നേടിയ ഗോളിനെ കുറിച്ച് സാവി ഫെര്‍ണാണ്ടസ് പറഞ്ഞത് ലോക ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച ഗോള്‍ എന്നാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി റയലിന്റെ മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടക്കുമ്പോള്‍ സെര്‍ജിയോ ബെസ്‌ക്കിറ്റസിന്റെ പാസില്‍ നാല് റയല്‍ ഡിഫന്‍ഡര്‍മാരെയും പിന്നെ അവരുടെ വിശ്വസ്തനായ ഗോള്‍ക്കീപ്പര്‍ ഇകാര്‍ കാസിയസിനെയും പരാജയപ്പെടുത്തിയുള്ള ഗോള്‍. 2015 മെയ് ആറിന് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ലോകം കണ്ട ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരില്‍ ഒരാളായ ബയേണ്‍ മ്യുണിച്ചിന്റെ ജെറോം ബോയ്താംഗിനെ നിഷ്പ്രഭമാക്കിയ ആ ഗോള്‍ എങ്ങനെ മറക്കും. മൂന്ന് വര്‍ഷം മുമ്പ് കിംഗ്‌സ് കപ്പ് ഫൈനലില്‍ അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ നേടിയ ഗോള്‍…… അങ്ങനെ എത്രയെത്ര ഗോളുകള്‍..
ഓരോ ഗോളുകള്‍ പിറക്കുമ്പോഴും ഞങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥിരം വിശേഷണങ്ങള്‍ നല്‍കുന്നു. ആ വിശേഷണ പദങ്ങള്‍ വായിച്ച് വായനക്കാര്‍ക്കും മടുത്തിരിക്കുന്നു. ഇനി എന്ത് പദങ്ങള്‍ നല്‍കും….? കണ്‍ഫ്യൂഷന്‍…!

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending