Connect with us

Video Stories

ഫാറൂഖിലെ തട്ടവും തമ്പുരാട്ടിയുടെ തലക്കെട്ടും

Published

on

സി.പി സൈതലവി

കോഴിക്കോട് നഗരത്തില്‍ നിന്ന് അത്രയകലെയല്ലാത്ത കരിങ്കല്ലായ്കുന്നിലെ ഇരുപത്തെട്ട് ഏക്കര്‍ ഭൂമി, ഫാറൂഖ് കോളജിന്റെ അടിത്തറയായ റൗസത്തുല്‍ ഉലൂം അസോസിയേഷന് വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു കൊടുക്കുമ്പോള്‍, ഫറോക്കിലെ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി നിയ്യത്ത് (സത്യപ്രസ്താവന) വെച്ചത് ആധാരത്തിന്റെ മൂന്നാം ഖണ്ഡികയിലുണ്ട്. ‘മേപ്പടി വഹകളിന്മേല്‍ എനിക്കുള്ള സമസ്തവകാശങ്ങളും എന്റെ പരലോക ഗുണത്തിനു വേണ്ടിയും മുസ്‌ലിം സമുദായത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയും ഞാന്‍ എന്റെ പൂര്‍ണ മനസ്സാലെ, ഇന്ത്യാ ഗവണ്മെന്റിന്റെ 1860 ലെ 21ാം നമ്പര്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട റൗസത്തുല്‍ ഉലൂം അസോസിയേഷനിലേക്ക്, മേപ്പടി അസോസിയേഷന്റെ ഉദ്ദേശ്യങ്ങള്‍ അനുസരിച്ച് ഉപയോഗിപ്പാനും അതിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നതും മദ്രാസ് സര്‍വകലാശാലയില്‍ അംഗീകരിക്കപ്പെട്ടതുമായ റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെയും മറ്റു സ്ഥാപനങ്ങളുടെയും ആവശ്യത്തിലേക്കും അവയുടെ വക എടുപ്പുകള്‍, തോട്ടങ്ങള്‍ മുതലായവ ഉണ്ടാക്കുവാനും മറ്റുമായി ഞാന്‍ ഇതിനാല്‍ വഖഫ് ചെയ്യുകയും മേപ്പടി സ്ഥലം ഇന്നത്തേക്ക് റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൈവിട്ട് ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിരിക്കുന്നു’ (1946 ഡിസം.10). തനതായി ഒരു തുണ്ട് ഭൂമിയോ അതു വാങ്ങാനുള്ള മടിശ്ശീലയോ റൗസത്തുല്‍ ഉലൂമിന് ഇല്ലാത്ത കാലത്താണ് സ്വന്തം കുടുംബപരമ്പരയുടെ ജീവസന്ധാരണത്തിനുപയോഗിക്കാന്‍ ജന്മംതീരായി കൈവശമുണ്ടായിരുന്ന വിസ്തൃതമായ മണ്ണ്, ഏതോ ദേശങ്ങളില്‍നിന്ന് അറിവ് നേടാനെത്തുന്ന അജ്ഞാത തലമുറകള്‍ക്കായി അബ്ദുല്ലക്കുട്ടി ഹാജി ദാനം ചെയ്യുന്നത്. ഇങ്ങനെ അനേകം പേര്‍ ദൈവ പ്രീതി കാംക്ഷിച്ച് വഖഫ് ചെയ്ത സ്ഥാവരജംഗമ സ്വത്തുക്കളിന്മേല്‍ പണിതുയര്‍ത്തിയ ഒരു മണിമന്ദിരത്തിലിരുന്നാണ് ആ പരലോക ഗുണത്തിന്റെ പുറത്ത് കയറി പലരും ചെണ്ട കൊട്ടുന്നത്. ജൗഹര്‍ മുനവ്വര്‍ എന്ന അധ്യാപകന്‍ പറഞ്ഞതിലെ ആലങ്കാരികമെന്നോ ആഭാസകരമെന്നോ ശ്രോതാവിന്റെ ഇച്ഛക്കൊത്ത് വ്യാഖ്യാനിച്ച നാലു വാക്കുകള്‍ മാറ്റിവെച്ചാല്‍ ഫാറൂഖ് കോളജിന്റെ തത്വമാണ്. അസാധ്യമെന്ന് കരുതിയ കേവല സ്വപ്‌നത്തിന്റെ അടിത്തറക്കുമേല്‍ ഓരോരോ കല്ലുകള്‍ അടുക്കിവെച്ച് മഹാപ്രസ്ഥാനമാക്കി മാറ്റിയെടുത്ത ഒരു ജനതയുടെ, അതിനായി ദേശാന്തരങ്ങളില്‍ അലഞ്ഞുനടന്ന മഹാപുരുഷന്മാരുടെ വിശ്വാസമാണ്. ജൗഹര്‍ മുനവ്വര്‍ പിറന്നുവളര്‍ന്ന വിശ്വാസധാരയുടെ അച്ചുതണ്ടില്‍ നിന്നു തനിക്കു പ്രിയപ്പെട്ടവര്‍ വേര്‍പെട്ടുപോവാതിരിക്കാന്‍ അനിവാര്യമായ ചിട്ടവട്ടങ്ങളാണ്. അതേറ്റു പാടാതിരിക്കാനാവില്ല ഒരു തലമുറക്കും. തല്ലിനും തടവറക്കും ആര്‍പ്പുവിളികള്‍ക്കും അതിനെ പിന്തിരിപ്പിക്കാനാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തഞ്ചാം ഖണ്ഡിക ഉറപ്പു തരുന്ന മൗലികാടിത്തറയുള്ള മനുഷ്യ സ്വാതന്ത്ര്യമാണത്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. മറ്റാരുടെയും മനസ്സിനു മുറിവേല്‍പ്പിക്കാതെ, ഒരു ശത്രുവിനെ സങ്കല്‍പ്പിക്കാതെ, മിതമായ ഭാഷയില്‍, സൗമ്യഭാവത്തില്‍ പരസ്പരം ക്ഷണിക്കുന്ന സ്വാതന്ത്ര്യം തടയാനാവില്ല. ജൗഹര്‍ മുനവ്വറിന്റെ പദപ്രയോഗങ്ങളിലേതെങ്കിലും ആര്‍ക്കെങ്കിലും അരോചകമോ അശ്ലീലമോ ആയി തോന്നിയിട്ടുണ്ടെങ്കില്‍ ഒരു നിശിത വിമര്‍ശനത്തിനോ രൂക്ഷമായ പ്രതികരണത്തിനോ ശക്തമായൊരു വാദപ്രതിവാദത്തിനോ ഉള്ള വകുപ്പേ ആ പ്രസംഗം പൂര്‍ണമായി കേട്ട ആര്‍ക്കും തോന്നൂ. എന്നിട്ടും പ്രഭാഷകനു പിന്നാലെ വേട്ടക്കാര്‍ പായുന്നുവെങ്കില്‍ അതിനര്‍ത്ഥം പ്രകോപനം ജൗഹര്‍ മുനവ്വറിന്റെ പ്രസംഗത്തിലല്ല; കാനേഷുമാരിയില്‍ എഴുതപ്പെട്ട സമുദായ നാമത്തിലാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നാമ മുദ്രണത്തിലാണ്. അതുകൊണ്ടാണ് ഫറോക്കില്‍ നിന്നും നാല്‍പത് കിലോമീറ്ററെങ്കിലും അകലെ മറ്റൊരു താലൂക്കിലുള്ള ഉള്‍നാടന്‍ ഗ്രാമത്തിലെ കുടുംബസദസ്സില്‍, വിരലിലെണ്ണാവുന്ന ആളുകള്‍ക്കു മുന്നില്‍ ഇത്തിരി നര്‍മ്മവും വാമൊഴിവഴക്കവുമായി നടന്ന ഒരു സാധാരണ ബോധവത്കരണ പ്രസംഗത്തിന്റെ പേരില്‍ പ്രസിദ്ധമായ ഫാറൂഖ് കോളജിലേക്ക് മാര്‍ക്‌സിസ്റ്റ്‌സംഘ്പരിവാര്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അണിയറയില്‍ കോപ്പുകൂട്ടി പ്രക്ഷോഭം നയിച്ചത്. പ്രസംഗം നടത്തിയ അധ്യാപകന്‍ പഠിപ്പിക്കുന്ന ട്രെയിനിങ് കോളജിലേക്ക് പോലുമായിരുന്നില്ല മാര്‍ച്ച്. ആ പ്രസംഗത്തില്‍ രാജ്യദ്രോഹമോ വര്‍ഗീയതയോ ഉണ്ടായിരുന്നില്ല. ഒരു വരിപോലും പരമത നിന്ദയോ മത നിഷേധികളോടുള്ള യുദ്ധ പ്രഖ്യാപനമോ ഇല്ല. ഗവണ്‍മെന്റിനോടോ സംഘടനകളോടോ ഏതെങ്കിലും വ്യക്തികളോടോ പേരെടുത്ത് പറഞ്ഞും അല്ലാതെയുമുള്ള പരിഹാസമോ ആക്ഷേപമോ ഇല്ല. തന്റെ കുടുംബത്തെ, നാടിനെ, താന്‍ ജോലി ചെയ്യുന്ന സ്ഥാപന പരിസരങ്ങളെ ഉദാഹരിച്ചു കൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ പ്രസംഗിക്കാത്തവരായി ആരുണ്ട്. താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളെ പിന്തുടരുന്നവരുടെ വേഷവിധാനവും ജീവിതരീതിയും അതിനോട് നീതിപുലര്‍ത്തുന്നതാവണമെന്നേ പ്രസംഗത്തിലുള്ളു. തല മറക്കുന്നുവെങ്കില്‍ അതിന്റെ പൂര്‍ണതയോടെയാവട്ടെ. ഇല്ലെങ്കില്‍ ഈ ചൂട് കാലത്ത് വെറുതെ എന്തിന് അസ്വസ്ഥമാകണം. മറ്റു വേഷങ്ങളിലും മത തത്വങ്ങള്‍ പാലിക്കുന്നതിലാണ് നന്മ. വിശ്വാസിയുടെ പരലോക ഗുണത്തിനാണെങ്കില്‍ അതിനൊത്ത് ചെയ്യൂ എന്ന് മതത്തെ സംബന്ധിച്ച ഒരു ക്ലാസില്‍ പറയാന്‍ പാടില്ലെന്നുണ്ടോ. മാര്‍ക്‌സിസ്റ്റുകളുടെയോ സംഘ്പരിവാരത്തിന്റെയോ മറ്റാരുടെയെങ്കിലുമോ വേഷവിധാനം ഇവ്വിധമായിരിക്കണമെന്ന് അതിലില്ല. പൊതുസമൂഹത്തോടു പോലുമല്ല ആ സ്വകാര്യ സംഭാഷണം. ഇസ്‌ലാംമത വിശ്വാസിയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ പങ്കുവെച്ചു. പക്ഷേ, അതില്‍ ചില പ്രയോഗങ്ങള്‍ ഒഴിവാക്കാവുന്നത് തന്നെയായിരുന്നു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താല്‍ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ക്ക് ദുരുപയോഗം ചെയ്യാവുന്ന പ്രയോഗങ്ങള്‍ കടന്നുകൂടി. അങ്ങനെ സംഭവിക്കാത്ത എത്ര പ്രഭാഷകരുണ്ട്. ‘ആയിരം രൂപയും മള്ളൂരുമുണ്ടെങ്കില്‍ ആരെയും കൊന്നിടാം രാമനാരായണ’ എന്നപോലെ റിക്കാര്‍ഡിങ് സൗകര്യമുള്ള ഒരു സെല്‍ഫോണും എഡിറ്റിങു മിടുക്കുമുണ്ടെങ്കില്‍ ഏത് വാഗ്മിയെയും പൂട്ടാം. ഇത് ജൗഹര്‍ മുനവ്വറിനു മാത്രമല്ല, മൈക്കിന് മുന്നില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും ബാധകം. പ്രസംഗത്തില്‍ പ്രയോഗിക്കേണ്ട സൂക്ഷ്മതയും പ്രയോഗത്തിലെ മാന്യതയും അനിവാര്യമാണ്. അല്ലാത്തത് വിമര്‍ശിക്കപ്പെടണം. തനിക്കു തെറ്റു പറ്റി എന്ന് പ്രസംഗകന് ഖേദം തോന്നുമാറ് പ്രതിഷേധ സ്വരങ്ങള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധികൊണ്ട് ഉത്കൃഷ്ടമായാല്‍ ഇവിടെ എല്ലാ പ്രസംഗവും കുറ്റമറ്റതാകും. പക്ഷേ, ഒരു മാസം മുമ്പ് ചെറു സദസ്സില്‍ ചെയ്ത പ്രസംഗത്തിലെ വാക്ക് അടര്‍ത്തിയെടുത്ത് സമരമുണ്ടാക്കാന്‍ മാത്രം അജണ്ടയില്ലാത്തവരായോ ഭാവിയുടെ വിപ്ലവകാരികള്‍. അതോ അത്രയ്ക്കു തലക്കുപിടിച്ച വര്‍ഗീയതയില്‍ വിപ്ലവ പതാകയും മുക്കിയെടുത്തോ? മതപഠന വേദികളില്‍ എന്ത് പറയണമെന്ന് ബാഹ്യശക്തികള്‍ നിശ്ചയിക്കുന്നുവെങ്കില്‍ അതൊരു കടന്ന കൈയാണ്. ഒരു സംഘടന, ഒരു സമൂഹം, ഒരു വ്യക്തി എന്ത് പറയണമെന്ന് അവരുടെ സ്വകാര്യ സദസ്സുകളില്‍പോലും എന്ത് പഠിപ്പിക്കണമെന്ന് മറ്റൊരു ശക്തി തീരുമാനിക്കുന്ന കേരളം മലയാളികളുടേതല്ല. സംഘ്പരിവാറിന് ഇതാവശ്യമാണ്. പക്ഷേ, സി.പി.എം വിദ്യാര്‍ത്ഥി സംഘടന അതിന്റെ ചരിത്രദൗത്യം ഇവ്വിധം നിറവേറ്റിക്കഴിഞ്ഞ് കാവിക്കൊടിക്കായി കളമൊഴിയുകയാണോ?
‘ലെഗിന്‍സ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണം’ എന്ന തലക്കെട്ടില്‍ ലക്ഷ്മിഭായ് തമ്പുരാട്ടി കലാകൗമുദിയില്‍ (ലക്കം 1970, 2012 ജൂണ്‍) ലേഖനമെഴുതിയാല്‍ അത് സാരോപദേശവും ലെഗിന്‍സ് ധരിച്ചിട്ടുണ്ടെന്നറിയാന്‍ ചില മുസ്‌ലിം പെണ്‍കുട്ടികള്‍ പര്‍ദ്ദ ഇത്തിരി ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് മതപ്രഭാഷകന്‍ പറഞ്ഞാല്‍ അത് സ്ത്രീത്വത്തെ അപമാനിക്കലുമാണെങ്കില്‍ അതിന്റെ പേരാണ് കുടില വര്‍ഗീയത.
സ്ത്രീകളുടെ ശരീരഭാഗങ്ങളെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഇറച്ചിപ്പൊതികളായി സിനിമാനടന്‍മാര്‍ പൊതുവേദിയിലും ചാനല്‍ അഭിമുഖങ്ങളിലും അപഹസിക്കുമ്പോള്‍ അതിലെ നര്‍മ്മമാസ്വദിച്ച് കുലുങ്ങിച്ചിരിച്ച വിപ്ലവ വനിതകളാണ്, ‘കുട്ടികളേ; ആ തലയിലെ തട്ടമൊന്ന് മാറത്തേക്ക് താഴ്ത്തിയിട്ടുകൂടേ’ എന്ന വിശ്വാസപരമായ ചോദ്യമുന്നയിച്ച അധ്യാപകനെതിരെ അപമാനത്തിന്റെ വാളെടുക്കുന്നത്.
എഴുപത് ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഫാറൂഖ് കോളജ് കാമ്പസില്‍ തട്ടമിടാതിരിക്കാനുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്ന നൂറുകണക്കിന് പേരില്‍ ഒരാളോടെങ്കിലും മതപരമായ ബാധ്യതയെന്ന നിലക്കുപോലും അതു പറഞ്ഞിട്ടുണ്ടാവില്ല ഒരധ്യാപകനും. പക്ഷേ, ഇടുക്കിയിലെ തേയിലത്തൊഴിലാളികളായ പട്ടിണിപ്പാവം വനിതകള്‍ അവകാശത്തിനു സമരം ചെയ്തപ്പോള്‍ അവര്‍ക്കു തേയിലക്കാട്ടിനുള്ളില്‍ മറ്റേ പണിയാണെന്നു പറഞ്ഞ മാര്‍ക്‌സിസ്റ്റ് മന്ത്രിക്കെതിരെ ഇപ്പറഞ്ഞ ഒരു സ്ത്രീത്വ സംരക്ഷകരും കൊടിയെടുത്തിട്ടില്ല.
മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണന്‍പിള്ള പരസ്യാഹ്വാനം ചെയ്തിട്ടും ചെങ്കൊടിക്കാര്‍ മിണ്ടിയിട്ടില്ല. മാധ്യമ പ്രവര്‍ത്തകയായ കെ.കെ ഷാഹിന പരാതി നല്‍കിയിട്ടു പോലും മാര്‍ക്‌സിസ്റ്റ് ഭരണത്തിലെ പൊലീസ് കേസെടുത്തില്ല. ഡോ. ഹാദിയയെ കാണാന്‍ ചെന്ന പെണ്‍കുട്ടികളില്‍ തട്ടമിട്ടവളെ മാത്രം വളഞ്ഞിട്ടു തല്ലിയപ്പോഴും മതം മാറി മുസ്‌ലിമായ ഹാദിയക്കു കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ഈ സ്ത്രീവാദികളാരും പ്രതിഷേധത്തിന്റെ ഒരു പോസ്റ്റര്‍ പോലും പതിച്ചിട്ടില്ല.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ ധര്‍മശാലയിലെ ദേശാന്തര കീര്‍ത്തിയുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി(നിഫ്റ്റ്)യിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമങ്ങളില്‍ പ്രതിഷേധിച്ച് തുടര്‍ സമരത്തില്‍ തെരുവിലാണ്. അപമാന ഭാരത്താല്‍ പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമങ്ങള്‍ പോലും നടന്നു. ഒരു വിപ്ലവ വനിതയും മാര്‍ക്‌സിസ്റ്റ് നേതാവും അവര്‍ക്ക് അഭയം നല്‍കണമെന്ന് പറയാന്‍ പോലും രംഗത്തില്ല. പ്രതികളെ ചൂണ്ടിക്കാണിച്ചിട്ടും കേസ് പോലുമില്ല. പക്ഷേ, നന്മ ഉപദേശിച്ചതിന്റെ പേരില്‍ അതിലെ നര്‍മപ്രയോഗങ്ങളെ ദുര്‍വ്യാഖ്യാനിച്ച് ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയായ അധ്യാപകനെ ജയിലിലടപ്പിക്കാന്‍ വട്ടം കൂട്ടുന്നതില്‍ സ്ത്രീത്വ സംരക്ഷകര്‍ വിജയിച്ചിരിക്കുന്നു. അധ്യാപകന്റെ മതം പാര്‍ട്ടി ഗ്രാമത്തിലെ പെണ്‍കുട്ടികളെ അക്രമിക്കുന്നവരുടെയോ ബലാത്സംഗാഹ്വാനം ചെയ്ത രാധാകൃഷ്ണന്റെയോ അല്ലെന്നതു തന്നെ ധൈര്യം. അതാണ് പിണറായി ഭരണത്തിലെ പൊലീസിന്റെ ധൈര്യവും. കേരള പൊലീസില്‍ ആര്‍.എസ്.എസിന്റെ ശാഖ സജീവമാണെന്ന് തുറന്നുപറയുന്നത് ഡി.ജി.പിയാണ്. സംഘ്പരിവാറുകാരായ മുപ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ കന്യാകുമാരിയില്‍ യോഗം ചേര്‍ന്നത് സമ്മതിക്കേണ്ടി വന്ന സി.പി.എം ഭരണത്തിലെ ആഭ്യന്തര വകുപ്പില്‍ നിന്ന് എല്ലാ സമുദായവും നീതി പ്രതീക്ഷിക്കേണ്ടതില്ല എന്ന താക്കീതാണ് ഓരോ ദിനവും. എം. എം അക്ബറിനും ശംസുദ്ദീന്‍ പാലത്തിനും ഹാദിയക്കും കൊടുത്ത നീതിയും മോഹന്‍ഭാഗവതിനും ശശികലക്കും രാധാകൃഷ്ണന്‍ പിള്ളക്കും വിളമ്പിയ സദ്യയും അതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ മാത്രം. കേരളത്തില്‍ മതപ്രഭാഷണം നടത്താന്‍, സ്വന്തം വിശ്വാസ പ്രമാണങ്ങളുടെ മഹത്വം പറയാന്‍ ഇനി എത്രത്തോളം കഴിയുമെന്ന ആശങ്കയുടെ പുകയുയരുന്നുണ്ട് ചുറ്റും. ഇനി മേല്‍ മതം പറയുന്നവര്‍ സൂക്ഷിക്കുക എന്നൊരു മുന്നറിയിപ്പ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസുകളില്‍ മഫ്ത ധരിച്ച പെണ്‍കുട്ടികള്‍ നിരനിരയായി ഇരിക്കുന്നത് കണ്ടപ്പോള്‍ ഇതെന്താ അറബിക് കോളജോ എന്ന് പരിഹസിച്ച ഒരു ഗസ്റ്റ് അധ്യാപകന്റെ അസഹിഷ്ണുത തിളച്ചു തൂവിയത് കണ്ടു ഏതാനും വര്‍ഷം മുമ്പ്. ഈ അസഹിഷ്ണുതയുടെ വിപ്ലവ രൂപങ്ങളാണ് ഫാറൂഖ് കോളജിന്റെ മുറ്റത്തേക്കും പടരുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇല്‍മ് പഠിപ്പിച്ചാല്‍ (വിജ്ഞാനം പകര്‍ന്നാല്‍) കിട്ടുന്ന പരലോക ഗുണത്തിനുവേണ്ടി വഖഫ് ചെയ്യപ്പെട്ട കുടുംബ സ്വത്തുക്കളാല്‍ പണിതുയര്‍ത്തിയ ഈ കോളജില്‍ മതവും വിശ്വാസവും നോക്കാതെയാണ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയത്. പര്‍ദ്ദക്കെതിരെയും ശരീഅത്തിനെതിരെയും വിപ്ലവം നയിച്ച അധ്യാപകവിദ്യാര്‍ത്ഥി നേതാക്കള്‍ എത്ര പേര്‍ ആദരവോടെ കടന്നുപോയി ഈ കലാലയത്തില്‍.
മുസ്‌ലിം കുടുംബത്തില്‍ ജനിച്ച യുക്തിവാദികളായ അധ്യാപകര്‍ ദൈവത്തെയും പ്രവാചകന്മാരെയും നിഷേധിച്ച് കലഹിച്ചിട്ടും അവര്‍ക്കു നേരെ ഒരു കറുത്ത ചിരി പോലുമുണ്ടായിട്ടില്ല ഇവിടെ. വഖഫ് സ്വത്തുക്കളുടെ നനവുള്ള ഈ സ്ഥാപനത്തില്‍ മാര്‍ക്‌സിസ്റ്റ് യൂനിയനായിരുന്നു ആദ്യം വന്ന അധ്യാപക സംഘടന. ഒരു രൂപ പോലും സംഭാവന നല്‍കാതെ സര്‍വീസില്‍ കയറിയവരോട് 198788ലെ റൂബി ജൂബിലിയുടെ സ്മാരകമായി ഒരു ബ്ലോക്ക് നിര്‍മിക്കാന്‍ ആയിരം രൂപ വീതം നല്‍കണമെന്ന് മാനേജ്‌മെന്റ് നിര്‍ദേശിച്ചപ്പോള്‍ ആദ്യം എതിര്‍പ്പുമായി വന്നത് സി.പി.എം അധ്യാപക സംഘടനയാണ്. എന്നിട്ടും ഒരു മുറുമുറുപ്പും കാണിക്കാത്തവരാണ് ഫാറൂഖ് കോളജിന്റെ സാരഥികള്‍. ഒരു വിവേചനവുമില്ലാതെ ഉദാര നയം കാണിച്ചിട്ടും കോളജിന്റെ പുരോഗതിയില്‍ ഒരിടത്തു പോലും ഇടത് സംഘടനകളുണ്ടായിട്ടില്ല. നാക് അക്രഡിറ്റേഷനും സ്വയം ഭരണ പദവിയുമെല്ലാം കൈവരുമ്പോഴും അതിനെതിരെ സമര കോലാഹലങ്ങളുയര്‍ത്തി ഇല്ലാതാക്കാന്‍ നോക്കിയവര്‍ അപകീര്‍ത്തിയുടെ ചെറുസാധ്യതകള്‍ പോലും തേടി കഠിനാധ്വാനം ചെയ്യുന്നു. ഫാറൂഖ് കോളജിന് മണിച്ചിത്രതാഴിട്ടാല്‍ മാത്രം മന:സമാധാനമാകുന്നവരാണ് ഇല്ലാക്കഥകളുടെ വെടിമരുന്നു നിറച്ചു നടക്കുന്നത്. ചെങ്കൊടിയുമായി വന്ന് കോളജ് പ്രിന്‍സിപ്പലുടെ കാര്‍ അടിച്ചുതകര്‍ക്കുന്നത് കണ്‍മുന്നില്‍ കണ്ടാലും കുട്ടികളല്ലേ എന്ന് കരുതി പരാതി പോലും കൊടുക്കാത്ത; കോളജ് സ്ഥാപകന്റെ പേരില്‍ സ്മാരക പ്രഭാഷണം വെച്ചാല്‍ അതില്‍ രാഷ്ട്രീയം കാണുമോ എന്ന് ഭയന്ന് മടിച്ചുനില്‍ക്കുന്ന മാനേജ്‌മെന്റ്. എന്നിട്ടും തിരിച്ചറിയുന്നില്ല ഇടതുപക്ഷം മലബാറിന്റെ പ്രകാശമായ ഫാറൂഖ് കോളജിന്റെ മനസ്സ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending