Video Stories
ഐ.എ.എസ് ജോലികള്‍ ആര്‍.എസ്.എസിനോ

രാജ്യത്തെ കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉന്നതമായ ജോയിന്റ്്‌സെക്രട്ടറി തസ്തികകളിലേക്ക് പത്ത് വ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭാവിയും വര്‍ത്തമാനവും തീരുമാനിക്കപ്പെടുന്ന സുപ്രധാന വകുപ്പുകളിലെ ഉയര്‍ന്ന തസ്തികകളിലെ ജോലികള്‍ ഇങ്ങനെ ഒറ്റയടിക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂലങ്കഷമായി ചര്‍ച്ച നടത്തിയിട്ടു തന്നെയാണോ ഇത്തരമൊരു തീരുമാനം മോദി സര്‍ക്കാര്‍ എടുത്തതെന്നാണ് പ്രമുഖരടക്കമുള്ളവര്‍ ആരായുന്നത്. റവന്യൂ, ധനകാര്യം, സാമ്പത്തികം, കൃഷി, സഹകരണം, കര്‍ഷകക്ഷേമം, ഉപരിതലഗതാഗതം, ദേശീയപാത, കടല്‍ ഗതാഗതം, പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം, പാരമ്പര്യേതര ഊര്‍ജം, വ്യോമഗതാഗതം, വാണിജ്യം എന്നീ പ്രധാന വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ നേരിട്ട് നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം വിവിധ മാധ്യമങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര പേഴ്‌സണല്‍-പരിശീലന മന്ത്രാലയത്തിന്റേതാണ് പരസ്യം. ഇതുസംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകളോ നിയമമോ ചട്ടങ്ങളോ സര്‍ക്കാര്‍ ഇതുവരെയും രൂപീകരിക്കുകയോ ആയത് പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത നിലക്ക് തീരുമാനത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നതില്‍ ഒട്ടും അല്‍ഭുതമില്ല.
‘രാഷ്ട്രനിര്‍മാണത്തിനായി കഴിവുള്ളവരും ലക്ഷ്യബോധമുള്ളവരുമായ ഇന്ത്യന്‍പൗരന്മാരെ സര്‍ക്കാരിലെ ജോയിന്റ്‌സെക്രട്ടറി തലത്തിലേക്ക് ക്ഷണിക്കുന്നു’ വെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാരിലെ ഉന്നതതസ്തികകളിലേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള ലാറ്ററല്‍ റിക്രൂട്ട്‌മെന്റ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധി വെച്ചാണ് നിയമനമെന്ന് പരസ്യം പറയുന്നു. 15 വര്‍ഷത്തെ പരിശീലമുള്ള ബിരുദധാരികളായ നാല്‍പതു വയസ്സു മുതലുള്ളവരെയാണ് നിയമിക്കുകയത്രെ. ഒന്നരലക്ഷം മുതല്‍ രണ്ടേകാല്‍ ലക്ഷം രൂപവരെയാണ് പ്രതിമാസ വേതനം. സ്വാതന്ത്ര്യം ലഭ്യമായി എഴുപതു വര്‍ഷം കഴിയുമ്പോള്‍ നാം നേടിയ നേട്ടങ്ങളൊന്നും പോരെന്നും അതിനു കാരണം ഇവിടുത്തെ ബ്യൂറോക്രസിയാണെന്നും പറയാതെ പറഞ്ഞുവെക്കുകയാണ് മോദി സര്‍ക്കാര്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്. ലോകം അനുനിമിഷം മുന്നേറുമ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ ത്വര ആവശ്യമാണെന്ന് ആരും സമ്മതിക്കുമെങ്കിലും സ്വകാര്യ വ്യക്തികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഇത്തരമൊരു നയം സ്വീകരിക്കുക വഴി ബി.ജെ.പി സര്‍ക്കാര്‍ എന്താണ് ലക്ഷ്യംവെക്കുന്നതെന്നത് ദുരൂഹമായിരിക്കുകയാണ്. രാജ്യത്തെ കഴിഞ്ഞ നാലുകൊല്ലം കൊണ്ട് ഏതാണ്ട് മുച്ചൂടും മുടിച്ച് വളര്‍ച്ച കീഴ്‌പോട്ടാക്കിയ ഒരു സര്‍ക്കാര്‍ ഇനി സ്വകാര്യവ്യക്തികളെ വെച്ച് അത് പുനരാരംഭിക്കാമെന്നാണ് ധരിക്കുന്നതെങ്കില്‍ അതിനുപിന്നിലെ ദുരൂഹ ലക്ഷ്യം ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതി വെച്ചുകൊണ്ടുതന്നെ മുന്‍കൂട്ടി ഗണിക്കാനാകും. ആര്‍.എസ്.എസിന്റെയും കുത്തകകളുടെയും ശിങ്കിടികളായിരിക്കും ഇതിലൂടെ നമ്മുടെ വിധി നിര്‍ണയിക്കാന്‍ പോകുന്നത്.
രാജ്യത്തിന്റെ നയങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യുന്നതിന് നമുക്കുണ്ടായിരുന്ന ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് എന്ന പേരില്‍ സ്വന്തം ആളുകളെ തട്ടിക്കൂട്ടിയ മോദി സര്‍ക്കാര്‍ അടുത്തിടെ പഴയ ഐ.എ.എസുകാരെ മന്ത്രിയാക്കിവെച്ചുകൊണ്ട് നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴായിരിക്കാം പുതിയൊരു ബുദ്ധിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇത്തരമൊരാളാണ് നോട്ടുനിരോധം നടപ്പാക്കാന്‍ 2016 ല്‍ ഉപദേശിച്ചതെന്നും അതെന്തായെന്നും ആരോടും വിശദീകരിക്കേണ്ടതില്ല. കേന്ദ്ര സര്‍ക്കാരിലെ തസ്തികകളില്‍ സ്വയംവിരമിക്കല്‍ പദ്ധതി പോലുള്ളവയെ കരാര്‍ നിയമനവുമായി രംഗത്തുവരുന്നതിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയുമായി കൂട്ടിവായിക്കേണ്ടതാണ്. ഇനി ഇത്തരം ആളുകളെ നിയമിക്കുമ്പോള്‍ അതിന് പാലിക്കുന്ന മാനദണ്ഡം എന്താണ്. തങ്ങള്‍ക്കിഷ്ടമുള്ള പിണിയാളുകളെ വേണ്ടപ്പെട്ട തസ്തികകളില്‍ കുടിയിരുത്താനുള്ള ഉപാധിയായാണ് കരാര്‍ നിയമനങ്ങള്‍ പൊതുവെ വിമര്‍ശിക്കപ്പെടാറ്. ഉന്നതമായ സര്‍ക്കാര്‍ തസ്തികകളില്‍ ഇക്കൂട്ടര്‍ കടന്നുകൂടുമ്പോള്‍ ആരുടെ താല്‍പര്യങ്ങളാണ് നടപ്പാക്കപ്പെടുക എന്ന ചോദ്യം പ്രസക്തമാണ്. വകുപ്പുകളിലെ നയങ്ങള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും പ്രധാനമായും ജോയിന്റ് സെക്രട്ടറിമാരായിരിക്കെ കാര്യങ്ങള്‍ സുവ്യക്തം. പ്രകടനമനുസരിച്ച് കാലവാധി അഞ്ചു വര്‍ഷംവരെ നീട്ടിനല്‍കുമെന്ന് പറയുമ്പോള്‍ ആരാണ് പ്രകടനം വിലയിരുത്തി രേഖപ്പെടുത്തുന്നതെന്ന ചോദ്യവും ബാക്കിയാകുന്നു. സാധാരണഗതിയില്‍ ജോയിന്റ് സെക്രട്ടറിമാര്‍ അതത് വകുപ്പുകളുടെ ഉന്നതരായ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവരോടാണ് ഉത്തരവാദിത്തം പറയേണ്ടത്. എന്നാല്‍ രാഷ്ട്രീയക്കാരുടെയും ഭരണ നേതൃത്വത്തിലുള്ളവരുടെയും നോമിനികളായി വരുന്നവര്‍ക്ക് തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരേക്കാള്‍ വിധേയത്വവും കടപ്പാടും രാഷ്ട്രീയമേലാളന്മാരോടായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഇവിടെയാണ് മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ ഗുട്ടന്‍സ് സംശയിക്കപ്പെടുന്നത്.
രാജ്യത്ത് ഇരുപതോളം സംസ്ഥാനങ്ങളില്‍ അധികാരം കൈക്കലാക്കാന്‍ കഴിഞ്ഞെങ്കിലും അടുത്തിടെയായി ബി.ജെ.പിയുടെ രാഷ്ട്രീയഗ്രാഫ് താഴോട്ട് കുതിക്കുകയാണെന്നാണ് വിവിധ തെരഞ്ഞെടുപ്പുകള്‍ തന്ന സൂചനകള്‍. ഇതിനിടെയാണ് കേന്ദ്രത്തിലെ അധികാരം വൈകാതെ നഷ്ടപ്പെടുമെന്ന ബോധ്യത്തില്‍ സര്‍ക്കാരില്‍ ഇതിനകം തന്നെ തങ്ങളുടെ ഇംഗിതക്കാരെ കുടിയിരുത്താനുള്ള ശ്രമം. ബി.ജെ.പിയുടെ മാതൃ സംഘടനയായ ആര്‍.എസ്.എസ് ഔദ്യോഗിക മേഖലകളിലും അതിലെതന്നെ താക്കോല്‍ പദവികളിലും ഇതിനകം തന്നെ നിയമിക്കപ്പെട്ടിരിക്കുകയാണ്. കരസേനാമേധാവിയെപോലും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പരസ്യമായി തഴഞ്ഞാണ് മോദി നിയമിച്ചത്. ഉന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപന് മോദി ചായ്‌വുണ്ടെന്നത് ഇതിനകംതന്നെ ഉയര്‍ന്ന ആരോപണമാണ്.
നോട്ടു നിരോധനവും പെട്രോളിയം വിലക്കയറ്റവും ചരക്കുസേവന നികുതിയും ഒക്കെകൊണ്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ‘ക്ഷ’ വരപ്പിക്കുന്ന മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒറ്റവര്‍ഷംകൊണ്ട് രാജ്യത്തെ സമ്പത്തിന്റെ എഴുപതു ശതമാനവും ഒരുശതമാനം പേരിലേക്ക് ആവാഹിപ്പിച്ച കേന്ദ്ര സര്‍ക്കാരിന് ആരോടാണ് വിധേയത്വമെന്ന് നിനയ്്ക്കാനാകും. കോര്‍പറേറ്റ് മുതലാളിമാരുടെ പൊതുമേഖലാ ബാങ്കുകളിലുള്ള 2.72 ലക്ഷം കോടിയുടെ കടം രായ്ക്കുരാമാനം എഴുതിത്തള്ളിയ സര്‍ക്കാര്‍ പരിസ്ഥിതി, ഗതാഗതം, ഊര്‍ജം, വാണിജ്യം മുതലായ സുപ്രധാനവകുപ്പുകളിലെ ഉന്നത തസ്തികകള്‍ സ്വകാര്യതാല്‍പര്യസംരക്ഷകര്‍ക്ക് വിട്ടുനല്‍കിയാലുള്ള രാജ്യത്തിന്റെ ഭാവി എന്തായിരിക്കും? കേന്ദ്രത്തിലെ വകുപ്പുകളിലെ നിര്‍ണായക സ്ഥാനങ്ങളില്‍ ആര്‍.എസ്.എസ് അനുഭാവികളെ കുടിയിരുത്തിയാല്‍ ഇനിയുള്ള കാലവും സര്‍ക്കാര്‍ മാറിയാലും ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ കഴിയും എന്ന തോന്നലാണ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിന് പിന്നില്‍. ഇതിനെ എന്തു വിലകൊടുത്തും എതിര്‍ത്തുതോല്‍പിക്കുകയാണ് രാജ്യസ്‌നേഹികളായ ഏതൊരു പൗരന്റെയും കടമ.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
kerala3 days ago
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
-
india3 days ago
ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം
-
Video Stories3 days ago
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി