Connect with us

Features

ഫാസിസ്റ്റ് പിടിയിലകപ്പെട്ട ബഹുസ്വര രാജ്യം

Published

on

ഡോ. രാംപുനിയാനി

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം ശരിക്കും അത്ഭുതകരമാണ്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതങ്ങളും ഭാഷാ വംശീയ വിഭാഗങ്ങളും ഒരുമിച്ച് ജീവിക്കുന്നു. ഭക്തിസൂഫി സന്യാസിമാരും സ്വാതന്ത്ര്യസമരവും വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ഐക്യബോധം കൂടുതല്‍ ശക്തിപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി, പ്രത്യേകിച്ച് കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യ അനുവര്‍ത്തിച്ചുപോന്ന ഈ മഹത്തായ സംസ്‌കാരത്തെയും ഇതര സമുദായങ്ങളുമായുള്ള പരസ്പര ബന്ധങ്ങളെയും തകര്‍ക്കാനുള്ള വ്യവസ്ഥാപിതവും തുടര്‍ച്ചയായതുമായ പരിശ്രമങ്ങള്‍ അരങ്ങേറുന്നുണ്ട്.

ഇയ്യിടെ, മഥുരയിലെ ‘ശ്രീനാഥ് ദോസ’ എന്ന പേരുള്ള കട ഒരു മതമൗലികവാദ സംഘടനയിലെ അംഗങ്ങള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. കടയുടെ ഉടമ ഇര്‍ഫാനെ അവര്‍ ഭീഷണിപ്പെടുത്തി. മുസ്‌ലിമായ ഇര്‍ഫാന്‍ തന്റെ ഹോട്ടലിന് ഹിന്ദു പേര് നല്‍കിയതാണ് സംഘത്തെ പ്രകോപിതരാക്കിയത്. കട സ്ഥിതി ചെയ്യുന്ന വികാസ് മാര്‍ക്കറ്റില്‍ ബിസിനസ്സ് ചെയ്യുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇര്‍ഫാനോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. അതിലും ഭീകരവും ഭയാനകവുമായ സംഭവങ്ങളാണ് മുസ്‌ലിംകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ സിക്കറില്‍ 52 കാരനായ റിക്ഷാഡ്രൈവര്‍ക്ക് മര്‍ദനമേറ്റതും ഈയടുത്താണ്. ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചായിരുന്നു മര്‍ദ്ദനം. എത്രയും വേഗം ഇന്ത്യ വിട്ട് പാകിസ്താനിലേക്ക് പോകാനും ഫാസിസ്റ്റ് ശക്തികള്‍ അയാളോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍, വളകള്‍ വില്‍ക്കുന്ന തസ്‌ലീം അലി എന്ന വള വില്‍പ്പനക്കാരനെ തല്ലിയൊടിച്ചു. ഹിന്ദു ആധിപത്യമുള്ള പ്രദേശത്ത് വള വിറ്റതിനായിരുന്നു ഈ അക്രമം. മറ്റൊരു സംഭവത്തില്‍, ഒരു ഇ-റിക്ഷ ഡ്രൈവറെ തന്റെ ഇളയ മകളുടെ മുന്നിലിട്ട് ദയയില്ലാതെ മര്‍ദ്ദിച്ചു, ഈ സമയം, ആ പെണ്‍കുട്ടി അക്രമികളുടെ കാലുപിടിച്ച് കരഞ്ഞ് ദയ കാണിക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. അജ്മീറില്‍ തന്റെ രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം ഭിക്ഷ യാചിച്ച ഒരു മുസ്‌ലിമിനെ ആക്രമിക്കുകയും പാകിസ്താനില്‍ പോയി ഭിക്ഷ യാചിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതെല്ലാം ഫാസിസ്റ്റുകള്‍ അവരുടെ ധീരതയുടെ അടയാളമായാണ് കണക്കാക്കുന്നത്. അത്തരം സംഭവങ്ങളുടെ വീഡിയോകള്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും കാരണം ഇതാണ്. വിദ്വേഷം ജനിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ വെളിച്ചത്ത് വന്നവയാണ്. വാസ്തവത്തില്‍ പുറംലോകമറിയാത്ത ഇത്തരം സംഭവങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സാമ്പത്തികമായും സാമൂഹികമായും ദുര്‍ബലരായ മുസ്‌ലിംകള്‍ക്കെതിരായ ഇത്തരം ലജ്ജാകരമായ ആക്രമണങ്ങള്‍ സാധാരണമായിത്തീര്‍ന്നിരിക്കുന്നു എന്നതാണ് കാര്യം. ഈ സംഭവങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്നു. വിദ്വേഷം പടര്‍ത്തുന്ന യന്ത്രങ്ങള്‍ രാവും പകലും വിഷം പുറന്തള്ളുന്നു, ഇത് നൂറ്റാണ്ടുകള്‍കൊണ്ട് വികസിച്ച ഇതര സമൂഹ ബന്ധങ്ങള്‍ക്ക് മാരകമായ നാശമുണ്ടാക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പ്രചരിച്ച വര്‍ഗീയ ആഖ്യാനത്തിന്റെ ഫലമാണ് ഇത്തരം അക്രമങ്ങള്‍. ഈ ആഖ്യാനങ്ങളാകട്ടെ പരസ്പരം കെട്ടിച്ചമച്ചെടുത്തതുമാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഹിന്ദു വര്‍ഗീയത വളരെ ആക്രമണാത്മകവും മൂര്‍ച്ചയുള്ളതുമായി മാറിയിട്ടുണ്ട്. മുസ്‌ലിംകളെക്കുറിച്ച് കെട്ടുകഥകള്‍ പ്രചരിപ്പിക്കപ്പെടുന്നു. മുസ്‌ലിംകള്‍ വിദേശികളാണെന്നും മുസ്‌ലിം ഭരണാധികാരികള്‍ ക്രൂരതയുടെയും ഹൃദയശൂന്യതയുടെയും പര്യായങ്ങളാണെന്ന വാദവും ഇതില്‍ ഉള്‍പ്പെടുന്നു. ചില മുസ്‌ലിം ഭരണാധികാരികള്‍ നടത്തിയെന്ന് പ്രചരിപ്പിക്കുന്ന ക്രൂരമായ ചൂഷണങ്ങള്‍ അതിശയോക്തിപരമാണ്. ഒരു വലിയ വിഭാഗം മാധ്യമങ്ങള്‍ പൂര്‍ണമായും മുന്‍വിധികളായിമാറുകയും ഭരണകക്ഷിയെയും സര്‍ക്കാരിനെയും അതിന്റെ സങ്കുചിത വര്‍ഗീയ അജണ്ട മുന്നോട്ട്‌കൊണ്ടുപോകാന്‍ എല്ലാ വിധത്തിലും സഹായിക്കുകയും ചെയ്യുന്നു.

അത്തരം പ്രവണതകളുടെ എണ്ണമറ്റ ഉദാഹരണങ്ങള്‍ നല്‍കാന്‍ കഴിയും. ഏതാനും പതിറ്റാണ്ടുകള്‍ക്ക്മുമ്പ് പുറത്തിറങ്ങിയ ‘മുഗലേ ആസാം’ എന്ന ചിത്രത്തിനും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ജോധ അക്ബര്‍’ എന്ന ചിത്രത്തിനും എതിരായ പൊതുജനങ്ങളുടെ പ്രതികരണമാണ് ഈ നിരന്തരമായ പ്രചാരണം സാധാരണക്കാരുടെ ചിന്തയില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ ഒരു ഉദാഹരണം. ഇന്ത്യയില്‍ കൊറോണ പടരുന്നതിന് തബ്‌ലീഗ് ജമാഅത്തിനെ കുറ്റപ്പെടുത്തിയ നമ്മുടെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ എത്രത്തോളം പോകാന്‍ കഴിയും എന്നതിന്റെ തെളിവാണ്. മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ കണ്ണടച്ച് ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷം നിറയ്ക്കുന്നതുപോലെയാണ് അത്.

വിദ്വേഷം പരത്തുന്നതിന് മധ്യകാല ചരിത്രത്തെയായിരുന്നു മുമ്പ് വര്‍ഗീയ ശക്തികള്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിച്ച് മുസ്‌ലിംകളെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നു. വര്‍ഗീയ ഹിന്ദു സംഘടനകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ല എന്നത് മറ്റൊരു വിഷയമാണ്. വര്‍ഗീയ ശക്തികളുടെ സഹായത്തോടെയാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിഭജിച്ചത്. എന്നാല്‍ ഇപ്പോള്‍, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിനെയും മുസ്‌ലിംകളെ പ്രീണിപ്പിക്കാനും രാജ്യത്തിന്റെ വിഭജനത്തിനും കൂട്ടുനിന്നെന്നു കുറ്റപ്പെടുത്തുകയാണ് അവര്‍. വിദ്വേഷത്തിന്റെ കോട്ട കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, ഓഗസ്റ്റ് 14 ന് വിഭജന ഭീതി ദിനം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. വിഭജന സമയത്തും അതിനുശേഷവും ഉണ്ടായ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ത്യാഗം നാം ഓര്‍ക്കണമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ എന്താണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ രക്തച്ചൊരിച്ചിലും ഹിന്ദു അഭയാര്‍ഥികളുടെ ദുരിതങ്ങളും ഓര്‍മ്മിപ്പിച്ചുകൊണ്ട് വിവിധ ബി.ജെ.പി വക്താക്കള്‍ പത്രങ്ങളിലും മാസികകളിലും ലേഖനങ്ങള്‍ എഴുതുന്നു. എന്റെ കുടുംബവും വിഭജന ദുരന്തത്തിന്റെ ഇരയായിരുന്നു. പക്ഷേ, മുസ്‌ലിംകള്‍ക്ക് ഹിന്ദുക്കളെ കൂട്ടക്കൊല നടത്താനുള്ള അവസരമായി വിഭജനം അവതരിപ്പിക്കാനാണ് ഇവിടെ ശ്രമം. യാഥാര്‍ത്ഥ്യം അതിനേക്കാള്‍ വളരെ സങ്കീര്‍ണമാണ്. വിഭജനത്തില്‍ ഹിന്ദുക്കളും സിഖുകാരും മാത്രമല്ല ദുരിതം അനുഭവിച്ചത്. മുസ്‌ലിംകള്‍ക്കും കനത്തതോതില്‍ ജീവനും സ്വത്തും നഷ്ടമുണ്ടായി. ഈ ദുരന്തത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ രക്തക്കറ പുരണ്ടിരുന്നു. കലാപത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ അല്ലെങ്കില്‍ സ്വത്തും ഉപജീവന മാര്‍ഗവും നഷ്ടപ്പെടുകയോ ചെയ്തവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഉള്‍പ്പെടുന്നു.

ഈ വസ്തുത വിശദീകരിച്ച് കരണ്‍ ഥാപ്പര്‍ ഏഷ്യന്‍ ഏജ് ദിനപത്രത്തിന് ഒരു ലേഖനം എഴുതിയെങ്കിലും അത് പ്രസിദ്ധീകരിച്ചില്ല. സത്യ ഹിന്ദി ചാനലിലെ നീലുവ്യാസിന് നല്‍കിയ അഭിമുഖത്തില്‍ കരണ്‍ ഥാപ്പര്‍ തന്റെ ലേഖനത്തില്‍ ജമ്മുവിലെ മുസ്‌ലിം കൂട്ടക്കൊല ഹൈലൈറ്റ് ചെയ്തിട്ടുണ്ടെന്നും അത് ഹിന്ദുക്കളോടുള്ള അക്രമത്തേക്കാള്‍ ഭീകരമല്ലെന്നും വ്യക്തമാക്കിയിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുകയെന്ന അജണ്ടയുള്ളവര്‍, മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷം വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് വിഭജന സ്മാരക ദിനം സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ലഭ്യമായ പാഠപുസ്തകങ്ങളിലും മറ്റ് സാഹിത്യങ്ങളിലും വിഭജനകാലത്തെ ജമ്മുവിലെ കൂട്ടക്കൊലയെക്കുറിച്ച് പരാമര്‍ശമില്ല. ഈ കൂട്ടക്കൊലയ്ക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും സഹകരണവും ഉണ്ടായിരുന്നു, കൂട്ടക്കൊല നടത്തുന്നതില്‍ ഒരു വര്‍ഗീയ സംഘടന പ്രധാന പങ്ക് വഹിച്ചിരുന്നു. ബി.ജെ.പി വക്താക്കളും നേതാക്കളും ഇപ്പോള്‍ പറയുന്നത് കോണ്‍ഗ്രസ് മുസ്‌ലിംകളെ പ്രീണിപ്പിച്ചത് രാജ്യത്തിന്റെ വിഭജനത്തിന് കാരണമായി എന്നാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ തങ്ങളുടെ നായകനെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ പ്രചാരണം നടത്തുന്ന സര്‍ദാര്‍ പട്ടേല്‍ അക്കാലത്ത് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്നു എന്നത് അവര്‍ മറക്കുന്നു. മുസ്‌ലിം പ്രീണനത്തെ സംബന്ധിച്ചിടത്തോളം, 19 ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ വര്‍ഗീയ സംഘടനകള്‍ ഇതുതന്നെയാണ് പാടി നടക്കുന്നത്. മുസ്‌ലിംകള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗത്വം നല്‍കുന്നത് അവരുടെ പ്രീണനമാണെന്ന് പോലും ഈ ആളുകള്‍ പറഞ്ഞു. അന്നുമുതല്‍, കോണ്‍ഗ്രസ് മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് ഈ ആളുകള്‍ തുടര്‍ച്ചയായി അവകാശപ്പെടുന്നു. സങ്കുചിതവും വിനാശകരവുമായ ചിന്തയേക്കാള്‍ നാമിപ്പോള്‍ ഉയരേണ്ടതുണ്ട്. നാം ചെയ്യേണ്ടത് കാലങ്ങളായി തുടര്‍ന്നുപോരുന്ന നമ്മുടെ സംസ്‌കാരത്തിന്റെ മഹത്തായ സ്വഭാവം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും നശീകരണ സ്വഭാവം നിയന്ത്രിക്കേണ്ടതുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

പഞ്ചാബില്‍ വീണ്ടും ചോരപ്പുഴ ഒഴുകരുത്- എഡിറ്റോറിയല്‍

പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്.

Published

on

പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്. വിഭജനകാലത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയ മുറിവിനുശേഷം ഖലിസ്ഥാന്‍ വാദവുമായതോടെ ചോരപ്പുഴ ഒഴുകിയ നാളുകള്‍ക്കായിരുന്നു സംസ്ഥാനം സാക്ഷ്യംവഹിച്ചത്. തീവ്രവാദത്തെ ഒരുവിധം അടിച്ചമര്‍ത്തി സമ്പല്‍സമൃദ്ധിയിലേക്ക് നീങ്ങിയപ്പോഴാണ് മയക്കുമരുന്നിന്റെ രൂപത്തില്‍ മറ്റൊരു വിപത്ത് എത്തിയത്. പഞ്ചാബിന്റെ തെരുവോരങ്ങളില്‍ വീണ്ടും വിഘടനവാദികളുടെ ശബ്ദമുയരുന്ന കാഴ്ചയാണിപ്പോള്‍. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ‘വാരിസ് ദേ പഞ്ചാബി’ന്റെ നിലവിലെ തലവനെന്ന് അവകാശപ്പെട്ട് അമൃത്പാല്‍ സിങിന്റെ രംഗപ്രവേശം, അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമണം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഈയിടെയുണ്ടായ സ്‌ഫോടനങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ ഇതിലേക്കുള്ള വ്യക്തമായ സൂചനകളാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് അമൃത്‌സറിനടുത്ത് അജ്‌നാല പൊലീസ്‌സ്റ്റേഷന്‍ ആക്രമിച്ചപ്പോഴാണ് പഞ്ചാബിലെ ഖലിസ്ഥാന്‍ വാദത്തിന്റെ ശക്തി ലോകത്തിന് മനസ്സിലായത്. കൃപാണും കത്തിയും തോക്കുകളുമടക്കം കൈയില്‍ കിട്ടിയ മാരകായുധങ്ങളുമായി ഒരുകൂട്ടം പൊലീസ് സ്റ്റേഷന്‍ ലക്ഷ്യംവെച്ച് ഇരച്ചെത്തുകയായിരുന്നു. അമൃത്പാല്‍ സിങിന്റെ അടുത്ത അനുയായി ലവ്പ്രീത് എന്ന തൂഫാന്‍ സിങിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെയായിരുന്നു പൊലീസ് സ്റ്റേഷന്‍ ആക്രമണം. ജനം ഇളകിയതോടെ എണ്ണത്തില്‍ കുറവായ പൊലീസുകാര്‍ ആത്മരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. തൂഫാനെ മോചിപ്പിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കിയതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്. തന്നെ പിടികൂടാന്‍ പൊലീസ് തുനിയുന്നുണ്ടെന്ന വിവരം ചോര്‍ന്നുകിട്ടിയ അമൃത്പാലും സംഘവും മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. വാഹനവ്യൂഹത്തെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പൊലീസിനെ വെട്ടിച്ച് ഇയാള്‍കടന്നു.

1970-80കളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് അജ്‌നാല പൊലീസ്‌സ്റ്റേഷനില്‍ അരങ്ങേറിയത്. പഞ്ചാബിനെ ശരിക്കും വിറപ്പിക്കുകയാണ് അമൃത്പാല്‍ സിങ്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പരസ്യമായി പിന്താങ്ങി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു അടുത്തിടെ അമൃത്പാല്‍. വിഘടനവാദി നേതാവ് ഭിന്ദ്രന്‍വാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാലിനെ ‘ഭിന്ദ്രന്‍വാല രണ്ടാമന്‍’ എന്നാണ് അനുയായികള്‍ വിശേഷിപ്പിക്കുന്നത്. സിഖ് പുരോഹിതനും മതപ്രഭാഷകനുമായിരുന്ന ജര്‍നലി സിങ് ഭിന്ദ്രന്‍വാലയാണ് സ്വതന്ത്ര പരമാധികാര പഞ്ചാബെന്ന ആവശ്യവുമായി ഖലിസ്ഥാന്‍ വാദത്തിന് വിത്തുവിതച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ അമൃത്പാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസിന് കണ്ടെത്താനായിട്ടുണ്ട്. ഒപ്പം പ്രത്യേക യൂനിഫോമുകളും ജാക്കറ്റുകളും കണ്ടെത്തുകയുണ്ടായി. ഇയാള്‍ രൂപവത്കരിക്കുന്ന പ്രത്യേക സൈന്യത്തിനായി കരുതിവെച്ചിരുന്നതാണ് യൂണിഫോം എന്നാണ് സൂചന. ഒരു തീവ്ര സിഖ് മതപ്രഭാഷകന്റെ കാറില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിലും വെടിക്കോപ്പുകളിലും ‘എ.കെ.എഫ്’ എന്ന് അടയാളപ്പെടുത്തിയിരുന്നു എന്നതും സുരക്ഷാഏജന്‍സികളെ ഞെട്ടിച്ചിട്ടുണ്ട്. ഭിന്ദ്രന്‍ വാലയെപ്പോലെ അതിരൂക്ഷമാണ് അമൃത്പാലിന്റെ വാക്കുകളും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെയുമൊക്കെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ തടയാന്‍ ശ്രമിച്ചാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ ഗതി നേരിടേണ്ടിവരുമെന്നാണ് അമിത്ഷായെ അമൃത്പാല്‍ അടുത്തിടെ ഭീഷണിപ്പെടുത്തിയത്. അമിത്ഷായെ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുരുതരാവസ്ഥ കേന്ദ്രത്തിന് ബോധ്യപ്പെട്ടത്. അതോടെയാണ് എന്‍.ഐ.എ അടക്കം അന്വേഷണ ഏജന്‍സികള്‍ ഇയാളിലേക്ക് എത്തുന്നത്. കഴിഞ്ഞദിവസം ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഖലിസ്ഥാന്‍ വാദികള്‍ അക്രമം നടത്തുകയും ദേശീയപതാകയെ അപമാനിക്കുകയും ചെയ്ത സംഭവവുമുണ്ടായി. ഖലിസ്ഥാന്‍ പതാകയും അമൃത്പാല്‍ സിങിന്റെ ചിത്രമുള്ള പോസ്റ്ററുകളുമായാണ് അക്രമികള്‍ ഹൈക്കമ്മിഷന്‍ ഓഫീസിനുമുന്നിലെത്തിയത്. ഒരാള്‍ ഓഫീസിനുമുകളിലേക്ക് വലിഞ്ഞുകയറി കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ ദേശീയപതാകയുടെ കെട്ടഴിച്ചു. ബാക്കിയുള്ളവര്‍ താഴെനിന്ന് അതില്‍ തൂങ്ങി വലിച്ചിടുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഒരു സംഘം ഖലിസ്ഥാന്‍വാദികള്‍ ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു.
ഖലിസ്ഥാന്‍ വാദം വീണ്ടും തലപൊക്കിയതില്‍ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകക്ഷികള്‍ക്ക് പങ്കുണ്ടെന്നത് വസ്തുതയാണ്. കേന്ദ്രത്തിന്റെ ഹിന്ദുത്വ അജണ്ടകളിലും സാമൂഹിക മാധ്യമങ്ങളില്‍ സിഖുകാര്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തിലും സിഖ് സമൂഹം കടുത്ത അസംതൃപ്തരാണ്. സിഖുകാര്‍ക്കെതിരെ വംശഹത്യാ ആഹ്വാനങ്ങള്‍ വരെ വന്നിരുന്നു സാമൂഹിക മാധ്യമങ്ങളില്‍. ഇതെല്ലാം ഉയര്‍ത്തിയ വൈകാരികാന്തരീക്ഷത്തെ അമൃത്പാല്‍സിങ് അനുകൂലമാക്കിയെടുക്കുകയായിരുന്നു. 2022ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം സിഖ് മതത്തെ അവഹേളിച്ചവരെ പിടികൂടി ശിക്ഷിക്കും എന്നായിരുന്നു. സിഖ് മതവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ അവരെ അധികാരത്തിലെത്താന്‍ സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവികാസങ്ങളില്‍നിന്ന് ഭരണകക്ഷികള്‍ക്ക് കൈകഴുകാനാവില്ല.

പഞ്ചാബിനു വേണ്ടത് സമാധാനമാണ്. അവിടെ വിഘടനവാദം ഇല്ലാതാക്കേണ്ടതുണ്ട്. പൊലീസിന്റെയോ പട്ടാളത്തിന്റെയോ നടപടികള്‍കൊണ്ടുമാത്രം അവസാനിപ്പിക്കാവുന്ന ഒന്നല്ല അത്. പ്രതികാര നടപടികള്‍ ഒന്നിനും പരിഹാരമല്ല. വഴിതെറ്റിപ്പോയ യുവാക്കളെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. വിഘടനവാദത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് അവരെ ബോധവത്കരിക്കണം. ഇനിയും ചോരപ്പുഴ ഒഴുകാന്‍ പഞ്ചാബിനെന്നല്ല, രാജ്യത്തെ ഒരു സംസ്ഥാനത്തിനും ശേഷിയില്ല.

Continue Reading

Environment

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ഇന്ന് ലോക ജലദിനം

ഈ വർഷം, ലോക ജലദിനം ജല,ശുചിത്വ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Published

on

എല്ലാ വർഷവും മാർച്ച് 22 നാണു ലോക ജലദിനം ആചരിക്കുന്നത് ജലത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും അത് സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത്. ആഗോള ജലപ്രതിസന്ധിയിലേക്കും ശുദ്ധജല സ്രോതസ്സുകൾ സുസ്ഥിരമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കും ശ്രദ്ധ കൊണ്ടുവരാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

ഈ വർഷം, ലോക ജലദിനം ജല,ശുചിത്വ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക  എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

1992-ൽ റിയോ ഡി ജനീറോയിൽ നടന്ന പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഐക്യരാഷ്ട്ര സമ്മേളനത്തിലാണ് ലോക ജലദിനം ആചരിക്കാനുള്ള ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ആ വർഷം ഒരു പ്രമേയം അംഗീകരിക്കുകയും എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിക്കാൻ പ്രഖ്യാപിക്കുകയും ചെയ്തു. ലോക ജലദിനം, ജജലത്തിന്റെ മൂല്യം തിരിച്ചറിയാനും അതിന്റെ സംരക്ഷണത്തിന് സംഭാവന നൽകാനും നമ്മെ ഓർമപ്പെടുത്തുന്നു.

ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, ആരോഗ്യം, പട്ടിണി, ലിംഗസമത്വം, ജോലി, വിദ്യാഭ്യാസം, വ്യവസായം, സമാധാനം തുടങ്ങിയ വിവിധ ആഗോള പ്രശ്നങ്ങളുടെ പുരോഗതിയെ ജലചക്രം മുഴുവനായും പ്രവർത്തനരഹിതമാക്കുന്നു. 2030 ഓടെ കുടിവെള്ളം, ശുചിത്വം, എന്നിവയിലേക്കുള്ള സാർവത്രിക പ്രവേശനം ഉറപ്പാക്കുക എന്നതാണ് ലക്‌ഷ്യം.

ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്കൈ ജലസംരക്ഷണത്തിന് സർക്കാരുകൾക്ക് നാലിരട്ടി വേഗത്തിൽ പ്രവർത്തിക്കേണ്ടിവരുമെന്നാണ്. ഇന്ന്, കോടിക്കണക്കിന് ആളുകൾക്ക്, ബിസിനസ്സുകൾ, ഫാമുകൾ, ഫാക്ടറികൾ, ഹെൽത്ത് കെയർ സെന്ററുകൾ എന്നിവയ്ക്ക് ഇപ്പോഴും സുരക്ഷിതമായ വെള്ളവും ടോയ്‌ലറ്റും ലഭ്യമല്ല. ഈ ആഗോള പ്രശ്‌നം മുന്നിൽ കൊണ്ടുവരികയും അത് പരിഹരിക്കാൻ ആളുകളെ അണിനിരത്തുകയും ചെയ്യുക എന്നതാണ് ലോക ജലദിനം ലക്ഷ്യമിടുന്നത്.

 

Continue Reading

columns

ദേവികുളത്തേറ്റ തിരിച്ചടി-എഡിറ്റോറിയല്‍

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

Published

on

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. അതിലുപരി സംവരണ മാനദണ്ഡങ്ങളെ ദുര്‍വ്യയം ചെയ്യുന്നവര്‍ക്ക് താക്കീതുകൂടിയാണ് വിധി. സി.പി.എം എം.എല്‍.എ എ. രാജയുടെ വിജയം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് ഹൈക്കോടതി പുറത്തിറക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹരജിയിലാണ് വിധി. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ. രാജ അര്‍ഹനല്ലെന്ന് കോടതി കണ്ടെത്തി. സംവരണ സീറ്റായ ദേവികുളത്തായിരുന്നു എ. രാജ മത്സരിച്ചത്. രാജ കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടയാളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന് പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാനുള്ള യോഗ്യതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സി.പി.എമ്മിനു പുതിയ തലവേദനയാകും സൃഷ്ടിക്കുക. പ്രതിസന്ധികളില്‍നിന്നു പ്രതിസന്ധികളിലേക്കു നീങ്ങുന്ന സി.പി.എമ്മിനു ഒരു എം.എല്‍.എ അയോഗ്യനാകുന്നു എന്നതുതന്നെ വലിയ ക്ഷീണമാണ്. ദീര്‍ഘകാലം എം.എല്‍.എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സി.പി.എം രാജയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനും എം.എം മണിയും തമ്മില്‍ വാക്‌പോര് രൂക്ഷമായിരുന്നു. രാജയെ സ്ഥാനാര്‍ഥിയാക്കിയതിനുപിന്നാലെ സി.പി.എം ജില്ലാ നേതൃത്വവുമായി രാജേന്ദ്രന്‍ ഇടഞ്ഞിരുന്നു. അതൃപ്തി പ്രകടിപ്പിച്ച രാജേന്ദ്രന്‍, തിരഞ്ഞെടുപ്പില്‍ രാജയെ േതാല്‍പിക്കാന്‍ നീക്കം നടത്തിയെന്നു പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആരോപണമുയര്‍ന്നിരുന്നു. അതു ശരിവച്ച് എം.എം മണി എം.എല്‍.എ രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മില്‍ കനത്ത വാക്‌പോരാണു നടന്നത്. രാജേന്ദ്രനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്കു സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ചലനങ്ങള്‍ക്കാകും ഇനിയുള്ള നാളുകള്‍ സാക്ഷ്യം വഹിക്കുക. അതു പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണേണ്ടിവരും.

സംവരണ മാനദണ്ഡങ്ങളെ ബാധിക്കുന്ന സുപ്രധാന വിധിയാണ് രാജയുടെ കാര്യത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ചത്. ഹിന്ദു സംവരണ വിഭാഗങ്ങളില്‍ ജനിച്ച നിരവധി പേര്‍ മതം മാറി പരിവര്‍ത്തിത ക്രൈസ്തവരായി ജീവിക്കുന്നുണ്ട്. ഇവര്‍ കൈവശംവെക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹിന്ദുവിന്റെതും സംവരണ ആനുകൂല്യങ്ങള്‍ ഉള്ളതുമാണ്. ക്രൈസ്തവ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സംവരണ പട്ടികയില്‍നിന്നും പുറത്താകും. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ജീവിക്കുന്നവരെങ്കിലും ജാതിയില്‍ ഹിന്ദു സംവരണ പട്ടികയിലാകും ഇത്തരക്കാര്‍. അതുകൊണ്ട്തന്നെ ജോലിയും ഗ്രാന്റുകളും മറ്റുള്ള ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. ക്രൈസ്തവ മതത്തിലേക്ക് മാറിയവരില്‍ മിക്കവരും ജാതി സര്‍ട്ടിഫിക്കറ്റ് മാറ്റിയിട്ടില്ല. ദലിത് ക്രൈസ്തവരായാല്‍ സംവരണ ആനുകൂല്യത്തിന്റെ ഫലം പറ്റാന്‍ കഴിയില്ല എന്നതിനാലാണത്. ഈ രീതിയില്‍ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഉപയോഗിക്കുന്ന ഒട്ടനവധി പേരുണ്ട്. ഹൈക്കോടതി വിധി വന്നതോടെ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ തുടരുന്ന ഇത്തരക്കാര്‍ ആശങ്കയിലാണ്. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടമാകുമോ എന്ന ഭീതിയാണ് ഇവരെ അലട്ടുന്നത്. ഏതെങ്കിലും കേസ് കോടതിയില്‍ എത്തുകയാണെങ്കില്‍ സംവരണംകൊണ്ട് ലഭിച്ച ആനുകൂല്യങ്ങള്‍ തിരികെ നല്‍കേണ്ടിവരും. സംവരണം വഴി ലഭിച്ച സര്‍ക്കാര്‍ ജോലി വരെ നഷ്ടമാവുകയും ചെയ്യും.

പട്ടികജാതിക്കാരോട് സി.പി.എം കാണിച്ച വഞ്ചനയാണ് ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം ഗൗരവമര്‍ഹിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി മത്സരിച്ച സി.പി.എം ജനങ്ങളോട് മാപ്പ് പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സി.പി.എമ്മും എ.രാജയും തീരുമാനിച്ചിരിക്കുന്നത്. അപ്പീല്‍ പരിഗണിക്കപ്പെട്ടിട്ടില്ലെങ്കില്‍ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. എല്ലാ നിലയിലും പരാജയമായ പിണറായി സര്‍ക്കാറിന് തിരിച്ചടി കൊടുക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരിക്കക്കും ഉപതിരഞ്ഞെടുപ്പ്. തുടര്‍ഭരണത്തില്‍ അഹങ്കാരം മൂത്ത സര്‍ക്കാര്‍ ജനങ്ങളെ പാടേ മറന്നാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാരുടെ ധൂര്‍ത്തില്‍ സാമ്പത്തികാടിത്തറ പാടേ തകര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ബജറ്റില്‍ അത് വ്യക്തമായതാണ്. ഇന്ധന വിലയില്‍ രണ്ട് രൂപയുടെ സെസ് ഏര്‍പ്പെടുത്തിയത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകും. പാവപ്പെട്ടവരെ ഒരു നിലക്കും ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍. ഇടതുസര്‍ക്കാറിനൊരു ഷോക്ട്രീറ്റ്‌മെന്റ് നല്‍കേണ്ടത് ആത്യാവശ്യമാണ്. ഉപതിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി മാറണം.

Continue Reading

Trending