crime

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവർക്ക് 18 വർഷം കഠിനതടവ്

By webdesk13

May 07, 2023

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ടാക്സി ഡ്രൈവറായ 39 വയസുകാരന് 18 വർഷം കഠിനതടവ്. ചാവക്കാട് അഞ്ചങ്ങാടി വലിയ പുരക്കൽ വീട്ടിൽ ഇസ്മായിലിനെയാണ് കുന്നംകുളം കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീമതി എസ്. ലിഷയാണ് ഇസ്മായിലിന് ശിക്ഷ വിധിച്ചത്.

18 വർഷത്തെ കഠിനതടവിന് പുറമേ 33000 രൂപ പിഴയായി അടയ്ക്കണം. 2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടിയെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറി ഫോണിൽ അശ്ലീല വീഡിയോ കാണിച്ചു പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്നായിരുന്നു കേസ്.

ചാവക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിചാരണഘട്ടത്തിൽ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ. എം അമൃതയും അഡ്വ. എം.എം സഫ്നയും ഹാജരായി.