കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ നിശ്ചയിക്കുന്ന ഘട്ടത്തില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ കനത്ത വാദപ്രതിവാദം. അതിജീവിത നിരപരാധിയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയതെന്നും അതിന് മുഴുവന്‍ ഉത്തരവാദിത്വവും പ്രതികളുടേതാണെന്നും പ്രോസിക്യൂഷന്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ വാദിച്ചു. യഥാര്‍ത്ഥ കുറ്റവാളി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് മാതൃകയായിരിക്കണമെന്ന് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ വി. അജയ് കുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ”സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടത്?” എന്നായിരുന്നു പ്രോസിക്യൂഷനോട് കോടതിയുടെ ചോദ്യം. പ്രോസിക്യൂഷന്‍ വാദത്തിന് കൂടുതല്‍ സമയം തേടിയപ്പോഴാണ് കോടതിയുടെ പ്രതികരണം.
പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ കൂട്ടബലാത്സംഗത്തില്‍ കലാശിച്ച കൂട്ടത്തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയവരാണെന്നും അതിനാല്‍ എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നും പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കി.
അതേസമയം, പരമാവധി ശിക്ഷ നല്‍കാന്‍ സാഹചര്യമില്ലെന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വാദം. കുറ്റം അതിക്രൂര വിഭാഗത്തിലുള്ളതല്ലെന്നും ഇത് ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടതല്ലേ എന്നായിരുന്നു കോടതിയുടെ മറുപടി.
പ്രതികള്‍ക്കും കോടതിയില്‍ അവരുടെ വാദം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. വീട്ടില്‍ അമ്മ മാത്രമാണ്, കുറഞ്ഞ ശിക്ഷ നല്‍കണമെന്നു പള്‍സര്‍ സുനി അഭ്യര്‍ത്ഥിച്ചു. ഒന്നും ചെയ്തിട്ടില്ലെന്ന് മാര്‍ട്ടിന്‍ വാദിച്ചു. ഭാര്യയും രണ്ട് ചെറിയ കുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും മണികണ്ഠന്‍ ആവശ്യപ്പെട്ടു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് വിജീഷ് അഭ്യര്‍ത്ഥിച്ചു.