മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലെത്തുന്ന ആദ്യ ചിത്രമായ ‘ആദി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് അന്‍പത്തിയെട്ട് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന ട്രെയിലറാണ് ഇന്ന് പുറത്തിറങ്ങിയത്.
ആദിത്യ മോഹന്‍ എന്ന കേന്ദ്ര കഥാപാത്രമായാണ് ആദിയില്‍ പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. ഏറെ സസ്‌പെന്‍സുകളും ദുരൂഹതകള്‍ നിറച്ച ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ കഴിഞ്ഞ സിനിമകളെ പോലെതന്നെ പലതും ഒളിപ്പിച്ചു വെച്ച തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയത്. പല നിഗൂഢതകള്‍ അവശേഷിപ്പിച്ചാണ് ട്രെയിലര്‍ അവസാനിക്കുന്നതും.

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തുന്ന 9ാമത്തെ ചിത്രമാണ് ആദി. അനില്‍ ജോണ്‍സന്റെ പശ്ചാത്തലസംഗീതവും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം ട്രെയിലര്‍ ആകര്‍ഷണമാക്കുന്നു. അനില്‍ ജോണ്‍സണ്‍ തന്നെയാണ് ചിത്രത്തിനായി സംഗീതമൊരുക്കിയതും. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.