തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും വ്യക്തമാക്കി. തങ്ങളുടെ ആലോചനയില്‍ പോലും തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചിന്തകളില്ല. ഇരുവര്‍ക്കും ഇപ്പോള്‍ ആവശ്യത്തിന് സിനിമകളുണ്ടെന്നും തത്കാലം തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നുമാണ് വിശദീകരണമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ സിനിമാ രംഗത്ത് നിന്നും ചിലര്‍ സ്ഥാനാര്‍ത്ഥികള്‍ ആയപ്പോള്‍ താരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ ഇത്തണവ പ്രചാരണ രംഗത്ത് പോലും ഇറങ്ങേണ്ടെന്നാണ് ഇരുവരുടെയും തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതും വിവിധ ബ്ലോഗ് പോസ്റ്റുകളും ഇത്തവണ തിരുവനന്തപുരത്ത് നിന്നും ലോക്സഭയിലേക്ക് ബി.ജെ.പി ടിക്കറ്റില്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടി. മമ്മൂട്ടി എല്‍.ഡി.എഫിന് വേണ്ടി എറണാകുളത്ത് നിന്നും മത്സരിക്കുമെന്നും നിരവധി വാര്‍ത്തകള്‍ പ്രചരിച്ചു. പാര്‍ട്ടി ചാനലിന്റെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള നല്ല ബന്ധമാണ് ഇതിന് കാരണമായി പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങള്‍ തന്നെ ഒടുവില്‍ വിശദീകരണവുമായി രംഗത്തെത്തി.

ഇവരെക്കൂടാതെ ആഷിക് അബു, റിമകല്ലിങ്കല്‍ തുടങ്ങിയവരുടെ പേരിലും പ്രചാരണമുണ്ട്.