കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മധ്യവയസ്‌കനായ ആദിവാസി മരിച്ചു. നിലമ്പൂര്‍ പൂക്കാട്ടുപാടം ചേലോട് കോളനിയിലെ കണ്ടനാണ് (50) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് അവശനിലയിലായ കണ്ടനെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ചികിത്സ നല്‍കിയില്ലെന്നും ആരോപണം ഉയരുന്നു.

നാലു മണിക്കൂറിലേറെയായി അത്യാഹിത വിഭാഗത്തില്‍ കിടത്തിയിരിക്കുന്ന മൃതദേഹം കൊണ്ടുപോകാന്‍ പോലും ആരും സഹായിക്കാനില്ലാതെ നിസഹായാവസ്ഥയിലാണ് കണ്ടന്റെ ഭാര്യ.

അട്ടപ്പാടി അഗളിയില്‍ മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടുമൊരു മരണവാര്‍ത്ത പുറത്ത് വരുന്നത്. മധുവിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയക്കകത്തും പുറത്തും നടന്ന് കൊണ്ടിരിക്കുന്നത്. ‘ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്നും കാട്ടില്‍ നിന്നും പിടികൂടിയ തന്നെ കള്ളനെന്ന് പറഞ്ഞാണ് നാട്ടുകാര്‍ അടിക്കുകയും ചവിട്ടുകയും ചെയ്തതെന്നും മരിക്കുന്നതിന് തൊട്ട് മുമ്പ് മധുനല്‍കിയ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ചിലര്‍ തന്റെ മൂക്കിലേക്കാണ് വെള്ളം ഒഴിച്ചതെന്നും’ മധുവിന്റെ മൊഴിയില്‍ പറയുന്നു. ഈ മൊഴി നല്‍കി അല്‍പ്പ സമയത്തിനകം തന്നെ മധു മരിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.