കോഴിക്കോട്: അടിവാരത്തിനടുത്ത് സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് മരിച്ച 6 പേരുടേയും മൃതദേഹങ്ങള്‍ അസാധാരണ കേസ്സെന്ന നിലക്ക് ഇന്നലെ രാത്രിതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജീപ്പ് ഡ്രൈവര്‍ വടുവഞ്ചാല്‍ പ്രമോദ് (47), ജീപ്പ് യാത്രികരായ കരുവമ്പൊയില്‍ അബ്ദുറഹിമാന്‍ (60), ഭാര്യ സുബൈദ (57), മുഹമ്മദ് നിഷാന്‍ (8), ഫാത്തിമ റന (6), ജസ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഇതില്‍ ഫാത്തിമ ഹനയുടെ മൃതദേഹം പിതാവ് ശഫീഖ് ഇന്ന് കാലത്ത് ദമാമില്‍ നിന്നും എത്തുന്ന മുറക്ക് മോര്‍ച്ചറിയില്‍ നിന്ന് ഏറ്റുവാങ്ങും.

ഒരു മണിക്കൂര്‍ സമയംകൊണ്ട് പൂര്‍ത്തിയാക്കിയ പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ക്ക് ഡോ. പ്രസന്നന്‍, ഡോ. കൃഷ്ണകുമാര്‍, ഡോ. ഗോപകുമാര്‍, ഡോ. മുത്തുകുമാര്‍, ടെക്‌നീഷ്യന്മാരായ ചന്ദ്രബാബു, സുരേന്ദ്രന്‍, ഷാജിലാല്‍, അരവിന്ദന്‍, സഹായി രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി.

പരിക്കേറ്റ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചവര്‍ക്ക് സര്‍ജറിയിലെ ഡോ. ജയരാമന്‍, അസ്ഥിരോഗ വിഭാഗത്തിലെ നഷീദ് എന്നിവരുടെ നേതൃത്വത്തില്‍ അടയന്തിര ചികിത്സ ലഭ്യമാക്കി.

ഉച്ചക്ക് 3 മണിയോടെ വയനാട് റോഡ് വഴി തുരുതുരാ ആംബുലന്‍സുകള്‍ വന്നതുമുതല്‍ ആസ്പത്രിയിലേക്ക് ഫോണ്‍ വിളികളും ജനപ്രവാഹവും ആയിരുന്നു. മരിച്ച മൂന്ന് കുട്ടികളേയും പരിക്കേറ്റ രണ്ട് കുട്ടികളേയും ഐ.എം.സി.എച്ചിലാണ് എത്തിച്ചത്. മരിച്ചവരെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ എത്തുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഐ.എം.സി.എച്ച്.ആര്‍.എം.ഒ ഡോ. ശ്രീകുമാര്‍ സ്ഥലത്തെത്തി ധ്രുതഗതിയില്‍ ചികിത്സാ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആസ്പത്രിയും മോര്‍ച്ചറി പരിസരവും ജനനിബിഡമായിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തുന്നതിന് എസ്.ഐമാരായ കൃഷ്ണന്‍കുട്ടി താമരശ്ശേരി, അഭിലാഷ് (മുക്കം), ശ്രീനിവാസന്‍ (കോടഞ്ചേരി), കെ. പ്രജീഷ് കൊടുവള്ളി, യു. രാജന്‍ (തിരുവമ്പാടി), നേതൃത്വം നല്‍കി.

ആസ്പത്രിയിലും മോര്‍ച്ചറിയിലും ജില്ലാ കലക്ടര്‍ യു.വി ജോസ്, ഇ.കെ വിജയന്‍ എം.എല്‍.എ, കാരാട്ട് റസാഖ് എം.എല്‍.എ, ജില്ലാ ലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, സി.എച്ച് സെന്റര്‍ പ്രസിഡണ്ട് കെ.പി കോയ, ജനറല്‍ സെക്രട്ടറി എം.എ റസാക്ക് മാസ്റ്റര്‍, സെക്രട്ടറിമാരായ ഒ ഹുസയിന്‍, പി.എന്‍. കെ അഷ്‌റഫ്, കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍, വനിതാ ലീഗ് സെക്രട്ടറി സി.കെ ഖദീജ മുഹമ്മദ്, സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ജയദേവ് സന്ദര്‍ശിച്ചു. 4 പേരുടെ മൃതദേഹങ്ങള്‍ എം.എസ്.എസില്‍വെച്ച് കുളിപ്പിച്ച ശേഷമാണ് കരുവമ്പൊയിലിലേക്ക് കൊണ്ടുപോയത്. സി.എച്ച്. സെന്റര്‍ വളണ്ടിയര്‍മാരായ കാരന്തൂര് കാദര്‍ഹാജി, എം.പി ഖാദര്‍, ഗഫൂര്‍ പന്തീര്‍പാടം, മുനീര്‍ ഊര്‍ക്കടവ് തുടങ്ങിയവര്‍ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കി.