തിരുവനന്തപുരം: ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും ഭവനനിര്‍മാണം നടപ്പിലാക്കുമ്പോള്‍ ന്യൂനപക്ഷ വകുപ്പില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന 1290 ഗുണഭോക്താക്കളെ സര്‍ക്കാര്‍ വഞ്ചിച്ചു. ന്യൂനപക്ഷ വിധവകളുടെ ഭവനപദ്ധതി അവതാളത്തിലായ സാഹചര്യത്തില്‍ വകുപ്പ് സെക്രട്ടറി ഡയറക്ടറേറ്റിനോട് വിശദീകരണം തേടി. 11ന് തിരുവനന്തപുരത്ത് വകുപ്പുതല യോഗവും വിളിച്ചിട്ടുണ്ട്.
2016-17, 2017-18 വര്‍ഷങ്ങളില്‍ പദ്ധതി പ്രകാരം ഒരു വീടുേേപാലും പൂര്‍ത്തിയാക്കാനായില്ല. അഞ്ച് ജില്ലകളില്‍ പദ്ധതിയുടെ ആദ്യഗഡു തുക ഇനിയും വിതരണം ചെയ്തില്ല. എല്ലാ ഗുണഭോക്താക്കള്‍ക്കും ആനുകൂല്യം നല്‍കിവരുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ വാദം ഖണ്ഡിക്കുന്നതാണ് വകുപ്പില്‍ നിന്നുള്ള കണക്കുകള്‍. രണ്ടു ഗഡു നല്‍കിയത് 312 വീടുകള്‍ക്ക് മാത്രം. 410 വീടുകള്‍ക്ക് ആദ്യഗഡുവും നല്‍കിയിട്ടുണ്ട്. 568 വീടുകള്‍ ഇപ്പോഴും കടലാസിലാണ്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരവും തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ ഭവനപദ്ധതിളിലും അപേക്ഷ നല്‍കാതെ ന്യൂനപക്ഷ വകുപ്പിനെ വിശ്വസിച്ച് കാത്തിരുന്നവരാണ് ഇപ്പോള്‍ പെരുവഴിയിലായത്.
നിലവിലുള്ള അപേക്ഷകര്‍ക്ക് വീട് നല്‍കാനായില്ലെന്ന് മാത്രമല്ല, പുതിയ അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഈമാസം 31വരെ വീണ്ടും ഭവനപദ്ധതിക്ക് അപേക്ഷ സ്വീകരിക്കും. രണ്ട് ജില്ലകളില്‍ ഗുണഭോക്കളുടെ പട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല. രണ്ടു വര്‍ഷങ്ങളിലായി 2580 വീടുകളാണ് നിര്‍മിച്ചുനല്‍കേണ്ടത്. 64.50 കോടിയുടെ പദ്ധതിയാണ് സര്‍ക്കാരിന്റെ അനാസ്ഥ കാരണം ഇഴഞ്ഞുനീങ്ങുന്നത്. 2015-16ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പദ്ധതിയാണിത്. വീടുകളില്‍ 80 ശതമാനം മുസ്‌ലിം സമുദായത്തിലെ വിധവകള്‍ക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 2000 അപേക്ഷകര്‍ ഉള്‍പെടെ സംസ്ഥാനത്ത് ഒന്‍പതിനായിരം പേരാണ് പദ്ധതിക്കായി അപേക്ഷിച്ചത്.
അപേക്ഷകള്‍ തരംതിരിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലേക്ക് അയക്കുകയും മറുപടിയായി വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്ത ശേഷമാണ് ഗുണഭോക്തൃ പട്ടിക തയാറാക്കുന്നത്. ഭര്‍ത്താവ് മരിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ന്യൂനപക്ഷ സമുദായത്തിലെ വിധവകള്‍ക്ക് 2.5 ലക്ഷം രൂപ ഭവനിര്‍മാണത്തിന് അനുവദിക്കുന്ന പദ്ധതി മന്ത്രിയായിരിക്കെ മഞ്ഞളാംകുഴി അലിയാണ് ആദ്യമായി നടപ്പിലാക്കിയത്. പദ്ധതി നിര്‍വഹണത്തിന് ന്യൂനപക്ഷ വകുപ്പിനെയും കലക്ടറേറ്റുകളെയും അന്ന് സജ്ജമാക്കിയിരുന്നു. 2015-16ല്‍ 1290 വീടുകള്‍ സമയബന്ധിതമായി നിര്‍മിക്കുകയും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തന്നെ അവസാന ഗഡു തുക നല്‍കുകയും ചെയ്തിരുന്നു.
Be the first to write a comment.