മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി മൂന്നു മരണം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. മണിമൂളി സി.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മൂന്നു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. നാട്ടുകാര്‍ക്കും നിസാര പരിക്കുകള്‍ ഏറ്റതായാണ് വിവരം. വഴിക്കടവിനു സമീപം മണിമൂഴി ബസ് സ്റ്റോപ്പിനു സമീപത്താണ് അപകടമുണ്ടായത്.

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു. ബൈക്ക് യാത്രികന്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ എടക്കരയിലെയും നിലമ്പൂരിലെയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം എടക്കര ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.