ഭോപ്പാല്‍: മധ്യപ്രദേശിലെ ടി.വി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര്‍ എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മഹേന്ദ്ര എന്ന മോനു സെന്‍ എന്ന യുവാവ് അറസ്റ്റിലായി.

മധ്യപ്രദേശ് ഇന്‍ഡോറിലെ ബന്‍ഗംഗയില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പരിപാടി അവതരിപ്പിക്കുന്നതിന് അമേരിക്കയിലേക്കു പോകാനിരിക്കെ ചൊവ്വാഴ്ച വീട്ടുപരിസരത്തു വെച്ചാണ് ആക്രമണമുണ്ടായത്. ആസിഡ് തെറിച്ച് പെണ്‍കുട്ടിയുടെ മുഖത്തും കണ്ണിനും പൊള്ളലേറ്റു. നൃത്ത ക്ലാസില്‍ പെണ്‍കുട്ടിയുടെ സഹപാഠിയായിരുന്ന ഇയാള്‍ നിരവധി തവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു.

ഇത് നിരസിച്ചതിന്റെ പ്രതികാരമായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ആസിഡൊഴിച്ച ഉടനെ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കയ്യില്‍ ആസിഡുമായി പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ നില്‍ക്കുന്ന മോനു സെന്നിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.