കൊച്ചി: യുവനടിയെ കാറില്‍ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ നടന്‍ ദിലീപ് രേഖാമൂലം പരാതി നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കു മുമ്പാകെയാണ് പരാതി സമര്‍പ്പിച്ചത്. കേസിലേക്ക് നിരപരാധിയായ തന്നെ വലിച്ചിഴക്കുന്നതില്‍ ദുഃഖമുണ്ടെന്ന് ദിലീപ് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളെ തനിക്കെതിരെ ഉയരുന്ന വ്യാജ പ്രചാരണങ്ങളും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് നടന്‍ പറഞ്ഞു. ആലുവയിലെ വീട്ടിലെത്തി പ്രമുഖ നടനെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത വന്നതു മുതല്‍ താനാണ് ചോദ്യം ചെയ്യപ്പെട്ട നടനെന്ന പ്രചാരണമാണ് നടക്കുന്നത്. ഇത് തെറ്റാണ്. തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ദിലീപ് പ്രതികരിച്ചു. തന്റെ വീട്ടില്‍ ഒരു പൊലീസുകാരനും മഫ്തിയിലോ അല്ലാതെയോ ആയി വന്നിട്ടില്ല. ഫോണില്‍ പോലും ഇതേക്കുറിച്ച് തന്നോട് ആരാഞ്ഞിട്ടില്ലെന്നും ദിലീപ് പറഞ്ഞു.