ചെന്നൈ: ബിജെപിയിലേക്കുള്ള നടി ഖുഷ്ബുവിന്റെ ചേക്കേറ്റത്തിന് പിന്നാലെ ഏറ്റവും ചര്‍ച്ചയാകുന്നത് അവരുടെ മുന്‍കാല ട്വീറ്റുകളും നിലപാടുകളുമാണ്. ബിജെപിക്കും സംഘ്പരിവാറിനുമെതിരെ അവര്‍ നടത്തിയ രൂക്ഷമായ ട്വീറ്റുകള്‍ നിരവധി പേരാണ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഖുഷ്ബുവിന്റെ മുസ്‌ലിം അസ്തിത്വവുമായി ബന്ധപ്പെട്ടത്.

ഖുഷ്ബുവിന്റെ മുസ്‌ലിം പേരുമായി ബന്ധപ്പെട്ട് നിരവധി തവണ സംഘ് പരിവാര്‍ നടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. അതിന് ഒരിക്കല്‍ അവര്‍ മറുപടി നല്‍കിയത് ഇങ്ങനെയാണ്; ‘വിഡ്ഢികള്‍, എന്റെ മാതാപിതാക്കളാണ് എനിക്ക് പേരിട്ടത്. അതേ, ഞാന്‍ ഖാനാണ്, അതിലെന്താണ്?’ തനിക്കെതിരെ ട്രോളുകളുമായി വരുന്നവര്‍ 47 വര്‍ഷം പിന്നിലാണെന്നും അവര്‍ തുറന്നടിച്ചിരുന്നു.

‘ എന്റെ പേര് നഖാത് ഖാന്‍ ആണ് എന്നത്, ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തത്തിന് സമാനമായ എന്തോ പോലെയാണ് ഇക്കൂട്ടര്‍ അവതരിപ്പിക്കുന്നത്. എന്റെ അസ്തിത്വം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ബിജെപി കലഹിക്കുകയാണ്. എന്റെ പേര് നഖാത് ഖാന്‍ എന്നാണ്. ഇപ്പോള്‍ എന്റെ പേര് ഖുഷ്ബു സുന്ദര്‍ എന്നായതു കൊണ്ടാണ് ഞാനതു മറയ്ക്കാന്‍ ശ്രമിക്കുന്നത്. ബാലനടിയായിരിക്കെ ഏഴാം വയസ്സു മുതല്‍ എന്റെ പേര് ഖുഷ്ബു എന്നാണ്. വിഡ്ഢികള്‍ അതു തിരിച്ചറിയുന്നില്ല’ – എന്നും അവര്‍ ഒരു ഘട്ടത്തില്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. സംഘ് പരിവാര്‍ ആക്രമണം രൂക്ഷമായ വേളയില്‍ ആയിരുന്നു അവരുടെ വിശദീകരണം.

‘ എന്റെ പേരു തിരഞ്ഞ് ബിജെപി ജനങ്ങളുടെ സമയം മെനക്കെടുത്തേണ്ട. എന്റെ അസ്തിത്വം വളരെ ലളിതമാണ്. സിരകളില്‍ രക്തമോടുന്ന മനുഷ്യനാണ് ഞാന്‍. ബിജെപി അധികാരത്തില്‍ എത്തിയ ശേഷമാണ് നിങ്ങള്‍ ഹിന്ദുവാേേണാ മുസ്‌ലിമാണോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങുന്നത്. അതിനു മുമ്പ് ആരും എന്നോട് അങ്ങനെ ചോദിച്ചിട്ടില്ല. മുസ്‌ലിമായാണ് ജനിച്ചത്. ഞാനെന്റെ മതം മാറ്റിയിട്ടില്ല’ – ബിജെപിക്കെതിരെ അവര്‍ തുറന്നടിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ഖുഷ്ബു ബിജെപിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മണിക്കൂറുകള്‍ക്ക് അകമായിരുന്നു അവരുടെ ബിജെപി പ്രവേശം. അടുത്തിടെയായി തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകവുമായി അകന്നു കഴിയുകയായിരുന്നു അവര്‍. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുഷ്ബുവിന്റെ പാര്‍ട്ടി മാറ്റം.