ചെന്നൈ: ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് തടിയൂരി ഖുഷ്ബു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന പ്രസ്താവനയിലാണ് ഖുശ്ബു മാപ്പ് പറഞ്ഞത്.

ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന് ഖുഷ്ബു പറഞ്ഞു. ഖുശ്ബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്. 30 പൊലീസ് സ്റ്റേഷനുകളിലാണ് ഇവര്‍ക്കെതിരെ പരാതിയുണ്ടായിരുന്നത്.

‘ഒരു നിമിഷത്തെ വികാര വിക്ഷോഭത്താല്‍ തെറ്റായ വാക്കുകള്‍ ഉപയോഗിച്ചതില്‍ അതിയായി ഖേദിക്കുന്നു. എന്റെ വാക്കുകള്‍ വേദനിപ്പിച്ചവരോട് ക്ഷമാപണം നടത്തുന്നു. ബൈപോളാര്‍, വിഷാദം തുടങ്ങിയവയുള്ളവരെ നേരിട്ടറിയാം. അവരുടെ വികാരം മാനിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്, വിലമതിക്കുന്നുമുണ്ട്’ ഖുശ്ബു വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്നായിരുന്നു ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ഖുശ്ബു പറഞ്ഞത്.