മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. രാജ്യത്ത് അഭിപ്രായം പറയുന്നവരുടെയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെയും ജീവന്‍ അപകടത്തിലാണെന്ന് സെയ്ഫ് പറഞ്ഞു. ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്ത് വിമര്‍ശനമുന്നയിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. അത് മറിക്കടക്കാന്‍ നോക്കിയാല്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം. രാജ്യത്ത് അഭിപ്രായസ്വാതന്ത്യം ഇല്ലാതായിരിക്കുകയാണ്. ശബ്ദമുയര്‍ത്തുന്നവരെ എന്നെന്നേക്കുമായി നിശബ്ദരാക്കുന്നതാണ് നിരന്തരം കാണുന്നത്. ഇതരമതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ പ്രണയിച്ചാല്‍ പോലും നിങ്ങള്‍ കൊല്ലപ്പെട്ടെക്കാമെന്നും ഇങ്ങനൈയാക്കെയാണ് കാര്യങ്ങളിപ്പോള്‍ എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ പുതിയ സീരിസായ സേക്ക്രട്ട് ഗെയിംസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും സെയ്ഫ് പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ ഉയരുകയാണെങ്കില്‍ ചിലപ്പോള്‍ സീരിസ്സിന്റെ സംപ്രേക്ഷണം നിര്‍ത്തിവെക്കേണ്ടി വരുമെന്നും അദ്ദേഹം ആശങ്കപ്രകടിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പരമ്പരക്കെതിരെ രംഗത്തെത്തിയിരുന്നു.