സിനിമ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ ആരോപണവുമായി നടന്‍ സിദ്ദീഖ്. താരസംഘടനയായ ‘അമ്മ’യെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഡബ്ല്യുസിസിക്ക് ഉള്ളതെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദീഖ് പ്രതികരിച്ചു. കൊച്ചിയില്‍ എഎംഎംഎ അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സിദ്ദീഖിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപ് ഇങ്ങോട്ട് വിളിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നാണ് സിദ്ദീഖ് പറഞ്ഞത്. എന്നാല്‍ ദിലീപിന്റെ രാജി സംഘടന ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ‘അമ്മ’ ഇന്ന് വ്യക്തമാക്കി.

ഡബ്ല്യുസിസിക്കെതിരെ കടുത്ത ആരോപണങ്ങളാണ് എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്നത്. താരസംഘടനയിലെ അംഗങ്ങള്‍ കൂടിയായ ഡബ്ല്യുസിസിക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഇരുന്ന് ‘അമ്മ’ എന്നതിനു പകരം എഎംഎംഎ എന്നു ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

രാജിവെച്ച നടിമാരെ തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് ഒന്നും ആലോചിക്കുന്നില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ അപേക്ഷ നല്‍കി തിരിച്ചുവരാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘അമ്മ’ക്കുള്ളില്‍ ഇരുന്നു കൊണ്ട് ചോരകുടിച്ച് വളരാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നതെന്ന് നടന്‍ ബാബുരാജ് കുറ്റപ്പെടുത്തി.