കൊച്ചി: അവയവദാനത്തിനെതിരെ നടത്തിയ പ്രസ്താവനക്ക് മാപ്പു പറഞ്ഞ് സിനിമാതാരം ശ്രീനിവാസന്‍ രംഗത്ത്. തനിക്ക് ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

അവയവദാനത്തിനെതിരെ താന്‍ നടത്തിയ പ്രസ്താവന ഡോക്ടര്‍ ബിഎം ഹെഗ്‌ഡെയുടേതായിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങള്‍ അടര്‍ത്തി മാറ്റി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രസ്താവനക്ക് ക്ഷമാപണം നടത്തുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ പറയുമ്പോള്‍ തന്നെ അരാഷ്ട്രീയവാദിയെന്ന് വിളിക്കുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

അവയവദാനം നടത്തിയവരില്‍ ഇപ്പോള്‍ ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് ശ്രീനിവാസന്‍ ചോദിച്ചിരുന്നു. എന്നാല്‍ ശ്രീനിവാസന്റെ പ്രസ്താവനക്ക് മറുപടിയുമായി ഹൃദയദാനത്തിലൂടെ ജീവന്‍ തിരിച്ചുപിടിച്ച മാത്യു അച്ചാടന്‍ രംഗത്തെത്തിയിരുന്നു. ഇത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ക്ഷമാപണവുമായി ഇപ്പോള്‍ ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുന്നത്.