കൊച്ചി: പ്രശസ്ത സിനിമാനടനും എം.പിയുമായ സുരേഷ് ഗോപി വ്യാജവാഹന രജിസ്‌ട്രേഷന്‍ കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആഡംബര കാര്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് എം.പി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

വരുന്ന വെള്ളിയാഴ്ച സുരോഷ് ഗോപിയുടെ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. എത്രയും വേഗം കേസില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്. പോണ്ടിച്ചേരിയില്‍ നടത്തിയ അന്വേഷണത്തില്‍ സുരേഷ് ഗോപിക്കെതിരെ നിരവധി തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാനാണ് സുരേഷ് ഗോപിയുടെ ശ്രമം.

ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം മുതല്‍ ഇരുപത് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പോണ്ടിച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. ഈ അവസരം ഉപയോഗിച്ചാണ് എം.പി ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനുള്ളില്‍ കേരളാ രജിസ്‌ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല.

പുതുച്ചേരിയില്‍ വ്യാജവിലാസത്തിലാണ് തന്റെ ഓഡികാര്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തത്. ഇന്ന് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷക്കൊപ്പം ഒരു വാടകച്ചീട്ട് സുരേഷ് ഗോപി സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 1995 മുതല്‍ പോണ്ടിച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തെന്നാണ് സുരേഷ് ഗോപിയുടെ വാദം. എന്നാല്‍, ഇന്ന് സമര്‍പ്പിച്ച രേഖകളിലുള്‍പ്പെട്ട മുദ്രപ്പത്രം 2012 ലേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.