തിരുവനന്തപുരം: ബിജെപിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി സുരേഷ് ഗോപി. ബിജെപി സ്ഥാനാര്‍ത്ഥികളല്ലാത്ത സ്ഥാനാര്‍ത്ഥികളെ മലിനം എന്നാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്.

‘അത്രക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍. അവരെ സ്ഥാനാര്‍ത്ഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍ ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും. ഈ 31 പേരെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലുള്ള ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം’, എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകള്‍.

2015ലെ തെരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്നുകൂടിയത്. അവരുടെ നടു ഒടിക്കാന്‍ ശ്രമിച്ചു. തിരിച്ച് ഒടിച്ചില്ല. പക്ഷെ ഒടിച്ചവന്മാറുടെയെല്ലാം നടു ഒടിഞ്ഞ് കിടക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടറിയേറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ്. കോരളത്തിലെ ജനങ്ങള്‍ക്കുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാണ്. തെരഞ്ഞെടുപ്പ് രംഗത്ത് കാണിക്കാറുള്ള സാമാന്യ മര്യാദപോലും മറന്നുകൊണ്ടാണ് സുരേഷ് ഗോപി പ്രസംഗിച്ചതെന്നാണ് വിമര്‍ശനം.