കൊച്ചി: കൊച്ചിയില്‍ യുവനടിയെ പീഡിപ്പിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വനിതാ ജഡ്ജി വന്നേക്കും. കേസിന്റെ വിചാരണ നടത്താന്‍ തൃശൂര്‍, എറണാകുളം ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വനിതാ ജഡ്ജിമാരുടെ വിവരങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശം നല്‍കി. വിചാരണക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നും വിചാരണ തൃശൂര്‍ ജില്ലയിലാക്കണമെന്നും അഭ്യര്‍ത്ഥിച്ച് നടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

നേരത്തെ നടിയുടെ നിവേദനം രജിസ്ട്രാര്‍ക്ക് കൈമാറാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് രജിസ്ട്രാര്‍ വിഷയം ഫുള്‍കോര്‍ട്ടിന്റെ പരിഗണനക്കു വെച്ചെങ്കിലും ആവശ്യം നിരാകരിച്ചെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ വിചാരണ നടത്താനും ഫുള്‍കോര്‍ട്ട് നിര്‍ദ്ദേശിച്ചിരുന്നതായി സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഭരണപരമായ അധികാരം ഉപയോഗിച്ചാണ് ഫുള്‍കോര്‍ട്ട് തീരുമാനമെടുത്തതെന്നും കോടതിക്ക് നിയമപരമായ അധികാരം ഉപയോഗിച്ച് വിഷയം പരിഗണിക്കാന്‍ കഴിയുമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് വനിതാ ജഡ്ജിമാരുടെ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചത്.