പ്രതിസന്ധികള്‍ നിങ്ങളെ കരുത്തരാക്കുമെന്നും അപ്പോള്‍ കീഴടങ്ങാതിരിക്കലാണ് നമ്മുടെ ശക്തിയെന്നും നടി ഭാവന. ഗാന്ധിജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ മഹത് വചനങ്ങള്‍ പങ്ക് വച്ചുകൊണ്ടാണ് ഭാവന രംഗത്തെത്തിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെയാണ് ഗാന്ധിജിയുടെ വാക്കുകള്‍ പങ്കുവെച്ചിട്ടുള്ളത്.

മലയാള ചലച്ചിത്ര മേഖലയില്‍ ഭാവന അത്ര സജീവം അല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി മലയാളികള്‍ക്ക് ഒപ്പം തന്നെയുണ്ട് ഭാവന. അതുകൊണ്ടുതന്നെ ഭാവന പങ്കിടുന്ന വിശേഷങ്ങള്‍ അത്രയും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

‘ശക്തി വിജയത്തില്‍ നിന്നും മാത്രം വരുന്നതല്ല. നിങ്ങള്‍ നേരിട്ട പ്രതിസന്ധികളും നിങ്ങളെ ശക്തനാക്കും. വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍, കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മള്‍ ശക്തരാകുന്നത്’, എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ആണ് ഭാവന കടം എടുത്തത്. വളരെ മനോഹരമായ വരികള്‍ എന്നാണ് ഭാവനയുടെ പുതിയ കുറിപ്പ് ഏറ്റെടുത്തുകൊണ്ട് ആരാധകര്‍ പറയുന്നത്.

നേരത്തേയും ഭാവന പങ്കുവച്ച ഒരു കുറിപ്പ് ഏറെ വൈറല്‍ ആയിരുന്നു. ‘നിങ്ങള്‍ മറ്റൊരാള്‍ക്ക് ചെയ്ത നാശം എന്താണെന്ന് നിങ്ങള്‍ക്കും അത് സംഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് കര്‍മ’ എന്നായിരുന്നു അന്ന് ഭാവന പങ്കുവച്ച കുറിപ്പ്. നിരവധി ആരാധകരും താരങ്ങളും ആണ് അന്ന് ഭാവന പങ്കിട്ട കുറിപ്പിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത്.