ഡോ. സുബൈർ ഹുദവി ചേകനൂർ
കരയാതെ അത്രയും നേരം അവരുടെ മുന്നിൽ പിടിച്ചു നിന്നത് എങ്ങിനെ എന്നറിയില്ല. അവർ പോയതിന് ശേഷം റൂമിൽ പോയി ലൈറ്റിടാതെ കരയാനുളള മനസ്സിന്റെയും കണ്ണിന്റെയും പൂതി തീർത്തു.
സംഭവം ഇന്നലെ രാത്രിയാണ്. കിച്ചണിൽ ഒരു ഹെൽപറെ ആവശ്യമുണ്ടെന്ന് പലരോടും പറഞ്ഞ് വെച്ചിരുന്നു. തോണിയിൽ പുഴ കടന്നെത്തേണ്ട ബങ്കർ ദ്വാരിയിൽ നമ്മൾ സ്ഥാപിച്ച പ്രാഥമിക വിദ്യാലയത്തിന്റെ നടത്തിപ്പുകാരനും ‘ആക്ടിവിസ്റ്റും’ ‘യൂറ്റുബ് പത്രകാറും’ ഒക്കെയായ ഫൈസാൻ വിളിച്ചു പറഞ്ഞു, നല്ല പറ്റിയ ഒരാളെ പുഴ കടത്തി ടൗണിലേക്ക് വിട്ടിട്ടുണ്ട്, നല്ല ഉഷാർ പണിക്കാരനാണെന്ന്.
ഇരുൾ വീണതിന് ശേഷമാണ് ഫൈസാന്റെ മാമ മുഷ്താഖ് ഭായ് നാട്ടുകാരനായ വേറെ ഒരാളെയും കൂട്ടി പുതിയ പണിക്കാരനുമായി ഓഫീസിലെത്തിയത്. ഇതാ നിങ്ങൾക്ക് നല്ല ഒരു കക്ഷി എന്നദ്ദേഹം.
അവനെ ഒന്നേ നോക്കിയുള്ളൂ , എന്റെ ഹൃദയം പൊട്ടി. എന്റെ സുഹൈർ മോനേക്കാൾ പ്രായം കുറവ്, ഒരു പതിനാല് കാണും. അവന്റെ കണ്ണുകൾ നിറഞ്ഞു ചുവന്നിട്ടുണ്ട്.
എനിക്കാണെങ്കിൽ വാക്കുകൾ വരുന്നില്ല, ദേശ്യവും സങ്കടവും.
എനിക്കൊന്ന് ഇവനോട് ഒറ്റക്ക് സംസാരിക്കണം എന്ന് പറഞ്ഞ് അവനെ അപ്പുറത്തേക്ക് കൊണ്ടുപോയി. പുതിയ പണിക്കാരനെ ഇന്റർവ്യൂ ചെയ്യാനാകുമെന്ന് കരുതിയ മുഷ്താഖ് ഭായ് , അവൻ വേഗം പണി പഠിച്ചോളും നല്ല ഉഷാറാ എന്നൊക്കെ പറഞ് ശിഫാരിഷ് ഭാണ്ഡം തുറന്ന് വെച്ചു.
ചേർത്തിരുത്തി പേര് ചോദിച്ചു, ഷാദാബ്, തന്നെക്കാൾ ഇത്തിരി പ്രായക്കൂടുതലുളള ഇക്കാക്ക ലുദിയാനയിൽ പണിയെടുക്കുന്നു. ഉണ്ടായിരുന്ന ഭൂമി വിറ്റ് പെങ്ങളെ അടുത്ത ദിവസം കെട്ടിച്ചു. ഇരുത്തം പഠിക്കാൻ തുടങ്ങിയ ഒന്നാം വയസ്സിലെ ഒരു കാണാ ചിത്രം മാത്രമാണ് ഉപ്പ. മഴ പെയ്ത് നിറഞ്ഞൊഴുകിയ മഹാനന്ദയിൽ മീൻ പിടിക്കാൻ പോയ ഉപ്പ മരിച്ച രംഗത്തിന്റെ നാട്ടിൽ കൈമാറി വരുന്ന നരേഷൻ ശ്വാസം വിടാതെ അവൻ പറഞ്ഞു തീർത്തു.
നിനക്ക് പഠിക്കാനാണോ ജോലി ചെയ്യാനോ താൽപര്യം.
അൽപ നേരം നിറഞ്ഞ കണ്ണുകളിൽ ഭാരിച്ച ചിന്തകൾ,
എട്ടാം ക്ളാസ് പരീക്ഷ എഴുതി ജയിച്ചു , പഠിക്കാനാണിഷ്ടം, പക്ഷെ പഠിക്കാൻ കഴിയില്ല. ചാച്ചമാരുടെ പാടത്ത് പണിയെടുക്കുകയാണ്. ഇനി പഠിക്കണ്ട, തൊഴിലെടുത്തോളൂ, കടം വീടണെങ്കിൽ പണിയെടുക്കണം , എന്നാണ് സംരക്ഷിക്കേണ്ടവരുടെ ശാസനകൾ… അങ്ങിനെ നിസ്സാഹയത, ഉൾവേദനകൾ വാക്കുകളായി വീണു കൊണ്ടിരുന്നു …..
സൗകര്യപ്പെടുത്തിയാൽ പഠിക്കാൻ സന്നദ്ധനാണോ എന്ന ചോദ്യത്തിൽ അവനൊന്ന് വിടർന്നു , പിന്നെ, പുഴക്കപ്പുറത്തെ വേണ്ടപ്പെട്ടവരുടെ ‘തല്ലോടലുകൾ’ ഓർത്തിട്ടാകാം, വീണ്ടും വിഷണ്ണ ഭാവം.
തിരിച്ചു വന്ന് മുഷ്താഖ് ഭായിനോട് പറഞ്ഞു, ഇവന് ജോലി കൊടുക്കാൻ കഴിയില്ല , നിയമത്തിനും മനസ്സാക്ഷിക്കും എതിരാണ്, കുറ്റകരമാണ്… ഇവനെ പഠിപ്പിക്കണം , അവൻ പഠിക്കേണ്ട സമയമാണ്, പഠിക്കാൻ ആഗ്രഹവുമുണ്ട്.
അത് വെറുതെ പറയുകയായിരിക്കും എന്ന് അവർ.
അതെന്തായാലും അവനെ പഠിപ്പിക്കൽ നമ്മുടെ ബാധ്യതയാണ്, നിങ്ങൾ അവൻറെ രേഖകൾ ശരിയാക്കി തന്നാൽ മതി, പഠിപ്പിക്കേണ്ട കാര്യം ഞാനേറ്റു , WMO യുടെ ജമാൽക്കാനെ മനസ്സിൽ കരുതി ഞാൻ പറഞ്ഞു.
ചാച്ചമാർ സമ്മതിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും ശ്രമിക്കാം എന്നു പറഞ്ഞ് പോയിട്ടുണ്ട് അവർ.. നിങ്ങൾ ശരിയാക്കി തന്നില്ലെങ്കിൽ പടച്ചവനോട് മറുപടി പറയേണ്ടിവരുമെന്നഒരു ചെറിയ ഭീഷണിയും ദൈവഭയമുള്ള മുഷ്താഖ് ഭായിയുടെ മുന്നിൽ വെച്ചു.
ഒപ്പം വന്ന ആളുടെ മനസ്സും ഒന്ന് ആ വഴിക്ക് ഇളകിയിട്ടുണ്ട്. സത്യത്തിൽ ഒരു പാവം അനാഥ ബാലനെ ഒരു ജോലി കണ്ടെത്തി സഹായിക്കുക എന്ന ഒരു മഹത്കാര്യം ചെയ്യാൻ ഇറങ്ങിയതാണ് സേവന മനസ്സുളള അവർ.
അശരണരുടെ ദൈന്യം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അനാഥരെ ഭാരമായല്ല, ചോദിക്കാനാരുമില്ലാത്തവരായാണ് ഉപ്പയും ഉമ്മയും കഴിഞ്ഞാൽ പിന്നെ രക്ഷിതാക്കളാകേണ്ടവർ പോലും കാണുന്നത്. വന്നത് മുതൽ ആ വേദനകൾ കണ്ടു കൊണ്ടിരിക്കുന്നു. അപകട മരണങ്ങളും തമ്മിൽ തല്ല് കൊലകളും ഇട്ടേച്ചോടിപ്പോകലും വ്യാപകമായതിനാൽ അനാഥർക്കും വിധവകൾക്കും ഒരു കുറവുമില്ല …. ഇവിടെ വന്ന ഈ രണ്ട് കൊല്ലത്തിനിടയിൽ ഒത്തിരി പേരാണ് ജീവത സഹായവും പഠന സഹായവും തേടി വന്നത്. ആശ്വാസം നേടി ഇത്തരം ചില ജീവിതങ്ങൾ നമ്മുടെ നാട്ടിലെത്തിയപ്പോൾ നമ്മൾ എല്ലാം ചേർന്ന് കുന്തം കുടച്ചക്രവും എടുത്ത് ഓടിച്ചതല്ലേ – ഈ ഭീകരൻമാരെ ….
എത്രയും പെട്ടെന്ന് ഇവിടെ തന്നെ നല്ല സനാഥാലയങ്ങൾ തുറക്കാൻ കഴിയുമോ എന്ന അന്വേഷണത്തിലാണ്. മാതൃകാ സനാഥാലയങ്ങൾ നടത്തുന്ന WMO യും ന്റെ മുബാറക് ഭായിയുടെ മലപ്പുറം പടിഞ്ഞാറ്റു മുറിയിലെ ഫസ്ഫരിയും ഒക്കെ ഗൈഡ് ചെയ്യാം എന്ന് പറഞ്ഞ ഉറപ്പിൽ….
വേദനകളിൽ ആശ്വാസം തേടി നാട്ടിൽ വിളിക്കുമ്പോഴാണ് മെബൈലും ടാബും ഇന്റർനെറ്റും ഓൺലൈൻ ക്ളാസും എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും പഠിക്കാതിരിക്കാൻ ഉപായങ്ങൾ തേടുന്ന മക്കളെക്കുറിച്ച അവരുടെ ഉമ്മയുടെ പരാതി കേൾക്കുന്നത്.