Connect with us

Culture

ആത്മാവില്‍ കുറിക്കുന്ന അക്ഷരചിത്രങ്ങള്‍

കലിഗ്രഫി കേവലമൊരു കലാരൂപമല്ല. അതിന് ഒരു ധ്യാനാത്മകതയുണ്ട്. ഈ അക്ഷരചിത്രണം വെറുമൊരു ചിത്രകലയല്ല, ആത്മാവിനാല്‍ പിന്തുടരേണ്ട ഒരു ധ്യാനകലയാണ്

Published

on

അലിഫ് ഷാഹ്

കലിഗ്രഫി കേവലമൊരു കലാരൂപമല്ല. അതിന് ഒരു ധ്യാനാത്മകതയുണ്ട്. ഈ അക്ഷരചിത്രണം വെറുമൊരു ചിത്രകലയല്ല, ആത്മാവിനാല്‍ പിന്തുടരേണ്ട ഒരു ധ്യാനകലയാണ്. ഒരു ഖലം എടുത്ത് വര്‍ണ്ണത്തില്‍ മുക്കി ‘അലിഫ്’ എന്നെഴുതാന്‍ തുടങ്ങുമ്പോള്‍ ആദിമധ്യാന്ത്യങ്ങളുടെ വചനപ്പൊരുള്‍ അവന്‍ ഒരു രേഖയിലേക്ക് ആവാഹിക്കുകയാണ്, കൈവിരലുകളുടെ സൂക്ഷ്മചലങ്ങളില്‍ അവ സൂഫിയുടെ നൃത്തച്ചുവടുകള്‍ പോലെ കാന്‍വാസില്‍ നിറയുകയാണ്. സൂഫികള്‍ ധ്യാനപാരമ്യത്തില്‍ ആത്മ വലയം ചെയ്യുന്നത് പോലെ ഉള്ളിലുള്ള ആശയം സ്വയം ഭ്രമണം കൈവരിക്കും. ആ തപ:ശുദ്ധിയില്‍ വെളിപാടുകളുടെ വിശുദ്ധിയുള്ള അക്ഷരങ്ങളുടെ ഉണ്മ അവനില്‍ നിറയും. അവ കാഴ്ചക്കാരന്റെ പ്രഥമദൃഷ്ടിക്കായി ഒരു സൂക്ഷ്മ ഭാവം കൈക്കൊള്ളും, അവയാണ് പകര്‍ത്തപ്പെട്ട ഒരു കലിഗ്രഫി. ഓരോ അക്ഷരങ്ങളുടെ രൂപങ്ങളും ഓരോ ജാലകങ്ങളാണ്. അവയിലൂടെ അകങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വെളിച്ചത്തിന്റെ കൈവഴികള്‍ അനുവാചകന് കണ്ടെത്താനാവണം.

കരീംഗ്രഫി

മലയാളികള്‍ക്ക് അത്ര സുപരിചിതമായ നാമമോ സങ്കേതമോ ആയിരുന്നില്ല അറബിക് കലിഗ്രഫി. എന്നാല്‍ ആ സങ്കേതത്തെ ഇത്രമേല്‍ ജനകീയകലയാക്കി മാറ്റിയതിനുപിന്നില്‍ കരീംഗ്രഫിക്ക് വലിയ പങ്കുണ്ട്. കലിഗ്രഫിയുടെ ക്ലാസിക് രീതിയും അതിന്റെ ജനകീയ വഴിയും ഒരു പോലെ വഴങ്ങുന്ന കരീം കക്കോവ് ആണ് കരീംഗ്രഫി എന്ന പേരില്‍ അറിയപ്പെടുന്നത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്യുന്ന കലിഗ്രാഫികളിലൂടെയാണ് കരീം ജനകീയനാകുന്നത്. കരീംഗ്രഫിക്കും മുമ്പേ മലയാളത്തില്‍ അറബിക് കലിഗ്രഫി എഴുതുന്ന പലരുമുണ്ടായിരുന്നു. ശേഷവും ഉണ്ടാകും. എന്നാല്‍ കലിഗ്രഫിയെ ജനകീയമാക്കിയതിലൂടെയാണ് കരീംഗ്രഫി വേറിട്ടുനില്‍ക്കുന്നത്.
അനുകരണീയമായ ആകര്‍ഷകത്വത്തിലൂടെ മലയാളികള്‍ കലിഗ്രഫിയെ ഏറ്റെടുക്കുവാന്‍ തുടങ്ങിയതിനുപിന്നില്‍ അതിന്റെ ജനകീയ സ്വഭാവം കൂടിയുണ്ടായിരുന്നു. ഉദാഹരണത്തിന് അനീതികള്‍ക്കെതിരെയുള്ള ഒരു അടയാളപ്പെടുത്തലായി ഒരു അക്ഷരരൂപം കലിഗ്രഫിയിലൂടെ രൂപപ്പെടുമ്പോള്‍ അത് ആളുകള്‍ ഏറ്റെടുക്കും. കലാരൂപം എന്നതിനേക്കാള്‍ അതിന്റെ രാഷ്ട്രീയം വര്‍ത്തമാനകാലപ്രസക്തി എന്നിവക്കൊപ്പമാണ് അതിന്റെ സാങ്കേതികത ചര്‍ച്ചയാവുന്നത്. കലിഗ്രഫി ജനകീയകലയായി മാറാന്‍ ഇത്തരം ഇടപെടലുകള്‍ നിമിത്തമായി മാറിയിട്ടുണ്ട്.

എന്നാല്‍ കേവലം അക്ഷരസൗന്ദര്യത്തിന്റെ വര്‍ത്തമാനപ്രസക്തിയുടെ ഉപകരണം മാത്രമായി കരീം അതിനെ ചുരുക്കിക്കെട്ടിയില്ല. കലിഗ്രഫിയുടെ ചരിത്രവും അതിന്റെ അന്താരാഷ്ട്രമാനങ്ങളും അതിന്റെ പാരമ്പര്യവഴികളുമന്വേഷിച്ചുള്ള യാത്രകളിലാണ് കരീംഗ്രഫി. ഇന്ന് കേരളത്തില്‍ നടക്കുന്ന അറബിക് കലിഗ്രഫി സംബന്ധമായ ഗവേഷണങ്ങള്‍ക്കും മറ്റുപഠനങ്ങള്‍ക്കും വഴിതേടിയിറങ്ങുന്നവര്‍ കരീം ഗ്രഫിയിലെത്താറുണ്ട്.
കലിഗ്രഫി ഒരു ചിത്രകലയല്ല. അതിനൊരു ആധ്യാത്മികതലമുണ്ട്, അതൊരു ദര്‍ശനമാണ്. ‘അല്‍ഹംദുലില്ലാഹ്’ എന്ന ഒരു അക്ഷരസഞ്ചയത്തെ പേപ്പറിലേക്ക് പകര്‍ത്തുമ്പോള്‍ അതൊരു സമര്‍പ്പണമാണ്. അതൊരു വാഴ്ത്താണ്, അതൊരു സുജൂദാണ്. പരമശക്തിക്കുമുന്നിലെ അവന്റെ വിധേയത്വമാണത്. ആ അക്ഷരസഞ്ചയം തീര്‍ക്കുന്ന വികാരപ്രപഞ്ചം തന്നെയാണ് അവനെ ആ വാക്കിനൊരു രൂപം പണിയാന്‍ പ്രാപ്തനാക്കുന്നത്.

ഒരു ചിത്രകാരന് അക്ഷരങ്ങള്‍ക്ക് രൂപം വരക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരു സാധകനേ അക്ഷരങ്ങള്‍ക്ക് ജീവന്‍ പകരാനാവൂ. അറബിക് കലിഗ്രഫിയുടെ ആത്മീയതയാണത്. ‘ബിസ്മില്ലാഹി’ എന്ന് എഴുതുമ്പോള്‍ കുറച്ച് അക്ഷരങ്ങളുടെ വടിവ് മാത്രമല്ല അതൊരു അക്ഷര ജാലകം കൂടിയാണ്. അദൃശ്യമായ ആത്മാവിലേക്കുള്ള സഞ്ചാരമാണത്. ‘അല്ലാഹ്’ എന്ന് എഴുതാന്‍ തുടങ്ങുമ്പോള്‍ അവന്‍ ഉള്ളിലൊരു അര്‍ശ് ഒരുക്കുകയാണ്. അതില്‍ ആസനസ്ഥനാവുകയാണ് ഒരു സത്യം. അതൊരു ചിത്രരൂപമല്ല. അതൊരു കുടിയിരുത്തലാണ്. അത് മുന്നിലുള്ള കാന്‍വാസിലല്ല. അവന്റെ ഹൃദയഭൂമികയില്‍ തന്നെയാണ്. ‘മുഹമ്മദ്’ എന്നെഴുതാന്‍ ഒരുമീമ് കുറിക്കുമ്പോള്‍ അതില്‍ ഒരു മനുഷ്യാവസ്ഥ നിറയുന്നുണ്ട്. മുഹമ്മദ് എന്ന് പൂര്‍ത്തിയാക്കുമ്പോഴേക്കും അവനൊരു ഹിജ്‌റ പോകുന്നുണ്ട്. ആകാശഭൂമികളാല്‍, ചരാചരങ്ങളാല്‍, മാലാഖമാരാല്‍ അനുഗൃഹീത ആത്മാവുകളാല്‍ വാഴ്ത്തപ്പെടുന്ന ശബ്ദത്തെയാണ് അവന്‍ കുറിക്കുന്നത്. ആ വിശുദ്ധി അവന്റെ ഉള്ളില്‍ നിറയും. അന്നേരം അവന്‍ കഅബ വിട്ട് യസ്‌രിബിലേക്ക് യാത്രയാവുന്നുണ്ട്. വാഴ്ത്തപ്പെട്ടവന്റെ വിശുദ്ധജീവിതം തന്നെയാണ് അവന്‍ ആ വാക്കുകളില്‍ കോറിയിടുന്നത്.

അക്ഷരചിത്രങ്ങള്‍ വരക്കാന്‍ ഗുരുവോ സാന്നിധ്യമോ വേണമെന്നില്ല. എന്നാല്‍ അക്ഷരങ്ങള്‍ക്ക് ആത്മാവ് കൈവരണമെങ്കില്‍ അക്ഷരങ്ങളുടെ വീടുവിട്ടിറങ്ങണം. ഗുരുസാന്നിധ്യങ്ങളെ തൊട്ടറിയണം. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്ന വെളിച്ചത്തിന്റെ ശേഷിപ്പുകളെ ഏറ്റുവാങ്ങാന്‍ മനസ്സൊരുക്കണം. കരീംഗ്രഫി തന്നെ തന്റെ ഗുരുമുഖത്തുനിന്നുള്ള പഠനത്തെ കുറിച്ച് പറയുന്നുണ്ട്. കലിഗ്രഫി പഠനത്തിന്റെ പുതിയ മേഖലകള്‍ ഗുരുമുഖത്തുനിന്ന് നേടാന്‍ തുര്‍ക്കിയില്‍ പോയ സമയത്തെ അനുഭവം. തന്റെ പ്രഥമ ഗുരുനാഥന്മാരായ മുഖ്താര്‍ ഉസ്താദ്, വഹീദുസമാന്‍ ഉസ്താദ് തുടങ്ങിയ ഗുരുക്കളിലൂടെയാണ് കലിഗ്രഫി ഗുരു സഖി അല്‍ ഹാശിമിയുടെ തുര്‍ക്കിയിലുള്ള ‘തുഗ്ര’ അക്കാദമിയില്‍ എത്തുന്നത്. തന്റെ കലിഗ്രഫി ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ അവരുടെ കൂടെ ചിലവഴിച്ച ആ ദിനങ്ങളെക്കുറിച്ച് കരിഗ്രഫി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
”ഒരു ഇന്ത്യക്കാരനായ എനിക്ക് ലഭിക്കുന്ന വലിയ ഒരു അനുഗ്രഹമായിരുന്നു ഉസ്താദിന്റെ വീട്ടില്‍ തന്നെ ഒരേ സമയം അതിഥിയും വിദ്യാര്‍ത്ഥിയുമായി താമസിക്കാന്‍ കഴിഞ്ഞു എന്നത്. ലോകത്ത് ഇന്ന് ‘നസ്ഖ്’ ‘തുലുത്’ ലിപി എഴുതുന്നതില്‍ ഏറ്റവും വലിയ കലിഗ്രാഫറില്‍ പെട്ട ഒരാളാണദ്ദേഹം. ആ ഒരു മഹത്വം കാരണം തന്നെയാണ് യമനില്‍ നിന്നെത്തിയ അദ്ദേഹത്തിന് തുര്‍ക്കി പൗരത്വം ലഭിക്കാനായതും.

കലിഗ്രഫി എന്നത് കേവലമൊരു പെര്‍ഫോമിംഗ് ആര്‍ട് മാത്രമല്ല എന്നറിയാമായിരുന്നെങ്കിലും അതൊരു രഹസ്യാത്മകമായ ആവിഷ്‌കാരത്തെ പൂര്‍ണ്ണത കൈവരുത്തിയ ശേഷമുള്ള പ്രസിദ്ധം ചെയ്യലാണ് എന്നത് ആ ഗുരുമുഖത്ത് നിന്നാണ് എനിക്ക് മനസ്സിലായത്. വേഗവരകളുടെ ഒഴുക്കല്ല കാലിഗ്രഫിയെന്നും അതൊരു സ്വാഭാവികമായ ആവിഷ്‌കാരമാണെന്നും അവിടുത്തെ ഉസ്താദുമാരുടെ രചനാരീതിയില്‍ നിന്നാണ് മനസ്സിലാക്കിയത്. അതിനൊരു ജൈവികമായ താളബോധമുണ്ട് എന്ന് ഞാന്‍ തൊട്ടറിഞ്ഞു.
അള്ളാഹു എന്നവാക്കിലെ ‘അലിഫ്’ എന്നെഴുതി തുടങ്ങുമ്പോള്‍ വരയ്ക്കുന്ന ലംബമായ രേഖ ആകാശഭൂമികള്‍ക്കിടയില്‍ പരസ്പരം നീളുന്ന ഒരു ചേര്‍ത്തുപിടിക്കലാണ്. ലാമിലൂടെ ഹുവിലേക്ക് സംക്രമിക്കുമ്പോള്‍ അത് പ്രപഞ്ചത്തിന്റെ ദിക്കുകളിലേക്ക് വികസിക്കുകയാണ്. ഇതുപോലെ ഓരോ അക്ഷരങ്ങളുടെയും ഒഴുക്കില്‍ അവയുടെ അര്‍ത്ഥതലങ്ങളിലൂടെയുള്ള സഞ്ചാരം നമ്മെ മറ്റൊരു ലോകത്തിലെത്തിക്കും. അതാണ് അക്ഷരങ്ങളുടെ ആത്മീയത.

ഇത്രകാലം ഞാന്‍ എന്റെ സാമൂഹിക രാഷ്ട്രീയ നിലപാടുകളുടെ ആവിഷ്‌കാര മാധ്യമായിട്ടാണ് എന്റെ കലയെ ഉപയോഗിച്ചിരുന്നതെങ്കില്‍ അതിനു പിന്നിലെ സൗന്ദര്യ ദര്‍ശനവും ആധ്യാത്മിക മാനവും പരമ്പരാഗത രീതിയുമെല്ലാം ഞാന്‍ തൊട്ടറിഞ്ഞത് ഈ ഗുരുമുഖങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള പഠനത്തിലൂടെയായിരുന്നു. അതൊരു തിരിച്ചറിവായിരുന്നു.
ഈ സന്ദര്‍ശന വേളയില്‍ എനിക്ക് തുര്‍ക്കിയിലെ ‘ചാമില്‍ജാ മസ്ജിദ്’ സന്ദര്‍ശിക്കാനായി. 63,000 ആളുകള്‍ക്ക് ഒരേസമയം നമസ്‌കരിക്കാനാവുന്ന ലോകത്തിലെ തന്നെ വലിയ പള്ളികളിലൊന്നാണ് ചാമില്‍ജാ. പുരാതന ഓട്ടോമന്‍ ശില്പ കലാസൗന്ദര്യം കൈവിടാതെ തന്നെ മനോഹരമായ ഇസ്ലാമിക് ആര്‍ട്ട് ഇല്ല്യൂമിനേഷനും തുലുത് കാലിഗ്രഫിയും ഇഴ ചേര്‍ന്ന് ആധുനികരീതിയില്‍ പണികഴിപ്പിച്ച ഒരു പള്ളിയാണ് ഇത്. അവിടെ മലയാളത്തിന്റെ സ്വന്തം ഫുന്നാനി ലിപിയില്‍ തീര്‍ത്ത ഒരു കലിഗ്രഫി സമ്മാനമായി നല്‍കാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുകയാണ്.
യാത്രകളാണ് ഉള്ളിലുള്ള കലയുടെ ലക്ഷ്യം നിര്‍വചിക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ചുറ്റുമുള്ള പരിമിത കാഴ്ചകളിലെ ഇടപെടലുകളില്‍ ഒതുങ്ങിപ്പോകുമായിരുന്ന വരകള്‍ക്ക് വിശാലമായ ലക്ഷ്യങ്ങളും സാധ്യതകളുമുണ്ടായി എന്നത് എനിക്ക് ഈ അന്വേഷണ യാത്രകളുടെ ഗുണഫലമാണ്.”

കലിഗ്രഫിയുടെ ചരിത്രവും രാഷ്ട്രീയവും

കലിഗ്രഫിയില്‍ മലബാറിന് മാത്രം അവകാശപ്പെടാനാവുന്ന ഒരു വേറിട്ട രീതിയുടെ ചരിത്രമുണ്ട്. ഇപ്പോള്‍ സുഹൃത്തുക്കളുമായൊന്നിച്ച് അതിനുപിറകിലെ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്താനുള്ള ബൃഹത്തായ ഒരു അന്വേഷണത്തിലാണ് കരീംഗ്രഫി. കഴിഞ്ഞ ദിവസം ‘ഖത് ഫുന്നാനി’ എന്ന മലബാറി അറബിക് എഴുത്തുരീതിയിലുള്ള ചില പകര്‍ത്തലുകള്‍ കരീം ഗ്രഫി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിനു ചുവടുപിടിച്ച് നിരവധി അന്വേഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും പല വിലപ്പെട്ട വിവരങ്ങള്‍ പരസ്പരം പങ്കുവെക്കാനും സാധ്യമായി എന്നാണു കരീംഗ്രഫി വ്യക്തമാക്കുന്നത്.
ഒരുകാലത്ത് മതിയായ വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു ജനതയെ അക്ഷരാഭ്യാസത്തിലേക്കും വേദഗ്രന്ഥ പാരായണത്തിലേക്കും പ്രവാചക പ്രണയ സങ്കീര്‍ത്തനങ്ങളിലേക്കും നയിച്ചത് ഈ അറബിക് എഴുത്തുരീതിയായിരുന്നു. മലപ്പുറം ജില്ലയിലെ കക്കാട് അബ്ദുല്ല മുസ്ലിയാര്‍ പൊന്നാനി ലിപി (ഖത്ത് ഫുന്നാനി) എഴുതുന്ന ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രമുഖനായ വ്യക്തിയാണ്. ഒരു കാലഘട്ടത്തിന്റെ മത ഭൗതിക ആത്മീയ മണ്ഡലത്തെ പരിപോഷിപ്പിക്കുകയും ദേശീയ സമരങ്ങളുടെ പോലും ചാലകശക്തിയായി വര്‍ത്തിക്കുകയും ചെയ്ത പൊന്നാനി എഴുത്തുരീതിയെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ

ലോക്ക്ഡൗണ്‍ കാലത്തെ കലിഗ്രഫി

കേരളത്തില്‍ അറബിക് കലിഗ്രഫിക്ക് പെട്ടെന്നൊരു ഉണര്‍വുവന്നത് ഈ ലോക്ക്ഡൗണ്‍ കാലത്താണ്. പെണ്‍കുട്ടികള്‍ വ്യാപരിക്കാറുള്ള ചിത്രത്തുന്നലുകളും ഹെന്ന ഡിസൈനുകളും ഈ സമയത്ത് കലിഗ്രഫിയുടെ വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. അറബിക് കലിഗ്രഫിയില്‍ അത്ര ക്ലാസിക് രീതിയിലല്ലെങ്കില്‍ കൂടി ചില വേറിട്ട തുടക്കങ്ങളുണ്ടായി. ഈ പെട്ടെന്നുണ്ടായ ഉണര്‍വിനോട് അനുബന്ധിച്ച് നടന്ന നിരവധി വെബിനാറുകളും ഓണ്‍ലൈന്‍ ക്ലാസുകളും സര്‍ഗ സാഹിത്യോത്സവങ്ങളുടെ വിധി നിര്‍ണയവുമൊക്കെയായി വിശ്രമമില്ലാതെ അനേകം സമയം കലിഗ്രഫിക്ക് വേണ്ടി ഈ ലോക്ക്ഡൗണില്‍ കരീംഗ്രഫി നീക്കിവെച്ചു.
പുതിയ പഠനങ്ങളും പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി കരീംഗ്രഫി മുന്നോട്ട് പോവുകയാണ്. അറിഞ്ഞതിനേക്കാള്‍ കൂടുതലാണ് അറിയാത്തതെന്ന ബോധ്യമാണ് വിശ്രമമില്ലാതെ ഈവഴിയില്‍ മുന്നോട്ട് നടക്കാനുള്ള ഊര്‍ജ്ജമെന്ന് കരീംഗ്രാഫി. വരയെഴുത്തിന്റെ സംസ്‌കാരം പുതുതലമുറയിലേക്ക് പകരാന്‍ ഇങ്ങനെയൊരാള്‍ നമുക്കിടയിലുണ്ട്, നമുക്ക് നേരെ ഒരു ഖലം നീട്ടി…

അബ്ദുൽ കരീം (കരീം ഗ്രഫി ‌)
സ്വദേശം: മലപ്പുറം ജില്ലയിലെ കക്കോവ്‌

പിതാവ്:‌ അബ്ദുറഹ്മാൻ (late)
മാതാവ്‌: സൈനബ (late)

ഇരുപതാം വയസ്സ്‌ മുതൽ പ്രവാസി
മൂന്ന് വർഷം മദീന മുനവറ (KSA)
എട്ട്‌ വർഷം ദുബൈ (UAE)
ഇപ്പോൾ പത്ത്‌ വർഷത്തോളമായി കുടുംബത്തോടൊപ്പം ദോഹ – ഖത്തറിൽ പ്രവാസം തുടരുന്നു.

LeoBurnett world wide എന്ന advertising companyൽ Designer & calligraphy Artist ആയി ജോലി ചെയ്ത്‌ വരുന്നു.

ഭാര്യ: ഫാസിജ സുലൈമാൻ
മക്കൾ: അഹ്മദ്‌ കാശിഫ്‌
ആയിഷ ഇശാൽ
മർയം മനാൽ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും നടക്കില്ല’: കെ.സി. വേണുഗോപാൽ

Published

on

കോഴിക്കോട്: സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്‍റെ മതേതര സമൂഹം കൂട്ടുനിൽക്കില്ല. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണെന്നും അതിന് രാഷ്ട്രീയത്തിന്‍റെ നിറം വേണ്ടെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ.സി. വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

Continue Reading

Culture

സ്ഥാനക്കയറ്റം നൽകുന്നില്ല; മിൽമ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം

: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്

Published

on

തിരുവനന്തപുരം: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്.തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സമരം ആരംഭിച്ചത്.

ഉയർന്ന തസ്തതികയിൽ ഉള്ളവർക്ക് മാത്രം സ്ഥാനക്കയറ്റം നൽകുന്നുവെന്നും നാലുവർഷമായി സാധാരണ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും ആരോപിച്ചാണ് തൊഴിലാളി സംഘടനകൾ സംയുക്ത സമരം ആരംഭിച്ചത്. തിരുവനന്തപുരം അമ്പലത്തറയിലും കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐഎൻടിയുസി, സിഐടിയു പ്രവർത്തകർ രാവിലെ ആറു മണി മുതൽ സമരം ആരംഭിച്ചു. നേരത്തെ മിൽമ ഭരിച്ച കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് പ്രതി ഭാസുരാംഗൻറെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി ആണ് ജീവനക്കാർക്കെതിരെ എല്ലാ അട്ടിമറികളും നടത്തിയതെന്ന ആരോപണമാണ് ഇവർ ഉയർത്തുന്നത്.

പാലുമായി പോകേണ്ട ലോറികൾ ജീവനക്കാർ തടഞ്ഞിരിക്കുകയാണ്. രാവിലെ ആറുമണിവരെ പാലുമായി ലോറികൾ പോയതുകൊണ്ട് രാവിലെ പാൽ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാൽ 11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പാൽ ക്ഷാമം നേരിട്ടുതുടങ്ങി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ മൂന്നു ജില്ലകളിലും പാൽ ക്ഷാമം രൂക്ഷമാകും. തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകൾ പിൻവലിച്ചുകൊണ്ട് പ്രശ്‌നപരിഹാരത്തിന് മാനേജ്മെന്റെ അടിയന്തരമായി ചർച്ച നടത്തണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവെക്കുന്നത്.

Continue Reading

award

എസ്.കെ. പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

Published

on

തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.”ഹൈന്ദവം’ എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്‍ഹമായത്.

മറ്റു പുരസ്‌കാരങ്ങള്‍: കഥ- അക്ബര്‍ ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്‍), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്‍പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്‍കുമാര്‍(അഭിലാഷ് മോഹന്‍ 8എ), നോവല്‍- ബി.എന്‍.റോയ് (കുര്യന്‍ കടവ്), ലേഖനം-കൃഷ്ണകുമാര്‍ കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്‍പ്പണം)

ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്‍ അജിത്തിനു നല്‍കുമെന്ന് സമിതി സെക്രട്ടറി രമേശന്‍ ദേവപ്രിയം, ജൂറി അംഗം സുജാ സൂസന്‍ ജോര്‍ജ്, പി.കെ.റാണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Continue Reading

Trending