തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ വിവാദത്തില്‍ പ്രതികരണവുമായി ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി ലക്ഷ്മി. ഐ.എഫ്.എഫ്.കെയില്‍ പങ്കെടുപ്പിക്കാത്തതില്‍ ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് സുരഭി പറഞ്ഞു.

ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനായിരുന്നു താന്‍ മറുപടി നല്‍കിയതെന്ന് സുരഭി പറഞ്ഞു. പാസിനുവേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും തനിക്ക് കിട്ടിയില്ലെന്ന് അക്കാദമിയെ അറിയിച്ചിരുന്നു. പാസ് നല്‍കാമെന്ന് ഉറപ്പും ലഭിച്ചിരുന്നു. എന്നാല്‍ മേള തുടങ്ങിയിട്ടും തനിക്ക് പങ്കെടുക്കാന്‍ പാസ് ലഭിരുന്നില്ല. ഉദ്ഘാടന വേദിയില്‍ രജിഷ വിജയനെപ്പോലെയുള്ള നടിമാര്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നും തന്നെയാരും ക്ഷണിച്ചില്ലെന്നുമായിരുന്നു താന്‍ മറുപടി പറഞ്ഞതെന്നും വിവാദങ്ങളോട് സുരഭി പ്രതികരിച്ചു.

സമാപന ചടങ്ങിലേക്ക് കമല്‍ ക്ഷണിച്ചിട്ടുണ്ട്. പക്ഷേ വിദേശത്ത് മുന്‍കൂട്ടി തീരുമാനിച്ച പരിപാടി ഉള്ളതിനാല്‍ പങ്കെടുക്കാനാവില്ല. പതിനഞ്ചുദിവസം മുമ്പാണ് ക്ഷണമെങ്കില്‍ പങ്കെടുക്കുമായിരുന്നുവെന്നും സുരഭി പറഞ്ഞു. ഐ.എഫ്.എഫ്.കെയില്‍ ഇടം കിട്ടാത്തതുകൊണ്ടാണ് മിന്നാമിനുങ്ങ് മറ്റൊരു ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.