X

പൊലീസുകാരെ അടിമപ്പണി ചെയ്യിച്ചു; എഡിജിപി സുധേഷ്‌കുമാറിനെ മാറ്റി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നുവെന്നും അടിമപ്പണി എടുപ്പിക്കുന്നുവെന്നതുമായ ആരോപണങ്ങള്‍ക്കിടെ എഡിജിപി സുധേഷ്‌കുമാറിനെ മാറ്റി. സായുധ സേന ബറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്നാണ് നീക്കിയത്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ സായുധ സേന ബറ്റാലിയന്റെ പുതിയ മേധാവിയാകും.

സുധേഷ്‌കുമാറിന് പുതിയ പദവി നല്‍കേണ്ടതില്ലന്ന് നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് അദ്ദേഹത്തോട് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനു ശേഷം ബാക്കി നടപടികളെക്കുറിച്ച് അറിയിക്കുമെന്നാണ് വിവരം. സ്ഥാനമുപയോഗിച്ച് കൂടുതല്‍ പൊലീസുകാരെ അടിമപ്പണി ചെയ്യിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പുതിയ നിയമനം പൊലീസ് സേനക്കു പുറത്താവാനാണ് സാധ്യത.

എഡിജിപി സുധേഷ്‌കുമാറിന്റെ മകള്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ ഗവാസ്‌കറാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിന് പിന്നില്‍ അടിച്ചെന്നുമാണ് പരാതിയിലുള്ളത്.

മര്‍ദനത്തില്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവു പറ്റിയിട്ടുണ്ട്.
അതേസമയം, എഡിജിപിയുടെ വീട്ടില്‍ അടിമപ്പണി പതിവാണെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

ജീവനക്കാരെ വീട്ടുവേല ചെയ്യിക്കുന്നത് എഡിജിപിയുടെ അറിവോടെയാണ്. ഇതിന് തയാറാകാതിരുന്ന 12 ക്യാമ്പ് ഫോളോവര്‍മാരെ പിരിച്ചുവിട്ടു. ഭാര്യയും മകളും ബന്ധുക്കളും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നു. ഒരു ബന്ധു തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ക്ക് പോയത് സര്‍ക്കാര്‍ വാഹനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

chandrika: